Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 030 (Jesus leads his disciples to see the ready harvest)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?
4. യേശു ശമര്യയില്‍ (യോഹന്നാന്‍ 4:1-42)

b) കൊയ്ത്തിനു തയ്യാറായിരിക്കുന്ന വിളവുനിലത്തെ കാണുന്നതിനു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 4:27-38)


യോഹന്നാന്‍ 4:27-30
27ഇതിനിടയില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവന്‍ സ്ത്രീയോടു സംസാരിക്കയാല്‍ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോട് എന്തു സംസാരിക്കുന്നു എന്ന് ആരും ചോദിച്ചില്ല. 28അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തില്‍ ചെന്നു ജനങ്ങളോട്: 29ഞാന്‍ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണുവിന്‍; അവന്‍ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. 30അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട് അവന്റെയടുക്കല്‍ വന്നു.

ചര്‍ച്ച പുരോഗമിക്കുമ്പോള്‍, ശിഷ്യന്മാര്‍ പട്ടണത്തില്‍നിന്നു ഭക്ഷണം വാങ്ങി വന്നു. പുറജാതിക്കാരിയും പാപിനിയുമായ ഒരു സ്ത്രീയോടൊപ്പം യേശുവിനെക്കണ്ട അവര്‍ ആശ്ചര്യഭരിതരായി. ആത്മാവിന്റെ സാന്നിദ്ധ്യം അനുഭവിച്ച അവരാരുംതന്നെ സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല. ക്രിസ്തു പ്രകടമാക്കിയ ദൈവികമായ ആശ്ചര്യം അവര്‍ ശ്രദ്ധിച്ചു. ക്രിസ്തുവിനെ നോക്കിയ ആ സ്ത്രീയുടെ മുഖത്തിനുണ്ടായ ഭാവമാറ്റവും അവന്റെ വചനങ്ങള്‍ അവള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നതുമാണ് കാരണം. രക്ഷകനെ അറിഞ്ഞതിലുള്ള സന്തോഷം അവളെ കീഴടക്കി.

ഒഴിഞ്ഞ പാത്രവും വെച്ചിട്ട് അവള്‍ പോയി. യേശു ആവശ്യപ്പെട്ട ഒരു പാത്രം വെള്ളം അവള്‍ നല്‍കിയില്ല, എന്നാല്‍ പാപക്ഷമയാല്‍ അവള്‍ അവളുടെ ദാഹം ശമിപ്പിച്ചു. അനേകര്‍ക്ക് അവള്‍ ജീവജലത്തിന്റെ ഉറവയായി മാറി. ഗ്രാമത്തിലേക്ക് ഓടിച്ചെന്ന അവള്‍ ജനത്തോടു സംസാരിക്കുകയും അവര്‍ക്കു ക്രിസ്തുവിനെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരിക്കല്‍ അശ്ളീല സംഭാഷണം നടത്തിയിരുന്ന അവളുടെ വായ്, ഇപ്പോള്‍ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്ന ശുദ്ധജലത്തിന്റെ ഉറവിടമായി. തന്റെ പാപങ്ങള്‍ രക്ഷകന്‍ വെളിപ്പെടുത്തിയത് എങ്ങനെയെന്നു സാക്ഷീകരിച്ചുകൊണ്ട് അവള്‍ ജനത്തെ ക്രിസ്തുവിലേക്കു കൊണ്ടുവന്നു. ഈ ഏറ്റുപറച്ചിലില്‍നിന്ന്, എന്തോ അസാധാരണസംഭവം നടന്നതായി ഗ്രാമവാസികള്‍ ഊഹിച്ചു: ഈ സ്ത്രീയില്‍ നടന്ന ദൈവപ്രവൃത്തിയായിരുന്നു അത്. അവളുടെ രഹസ്യമറിയാന്‍ അവരാഗ്രഹിച്ചു. അങ്ങനെ അവര്‍ യേശുവും ശിഷ്യന്മാരും വിശ്രമിച്ചുകൊണ്ടിരുന്ന കിണറിനടുത്തേക്ക് ഓടി.

ക്രിസ്തുവിനെ അനുഗമിക്കുന്നവരില്‍ ക്രിസ്തു പ്രവര്‍ത്തിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിന്റെ ഒരു മാതൃകാചിത്രമാണിത്. ക്രിസ്തു നമ്മെ രക്ഷിക്കാനാണു വന്നതെന്നു നാമും നമ്മുടെ സ്നേഹിതരോടും അയല്‍ക്കാരോടും പറയും. അപ്പോള്‍, പരിശുദ്ധാത്മാവു നല്‍കുന്ന ജീവനുള്ള വെള്ളത്തിനായുള്ള ഒരാഗ്രഹം അവരിലുയരും. നിങ്ങള്‍ അനേകര്‍ക്കു ജീവന്റെ ഉറവയായി മാറിയിട്ടുണ്ടോ? ഇല്ലെങ്കില്‍, നിങ്ങളുടെ പാപം യേശുവിനോട് ഏറ്റുപറയുക, അവനായി നിങ്ങളുടെ ജീവിതം വിധേയപ്പെടുത്തുക, അങ്ങനെ അവന്‍ നിങ്ങളെ വിശുദ്ധീകരിക്കുകയും നിങ്ങള്‍ അനേകര്‍ക്ക് ഒരനുഗ്രഹമായിത്തീരുകയും ചെയ്യും - വ്യഭിചാരിണിയായിരുന്നവള്‍ അവളുടെ ചുറ്റുപാടുമുള്ളവരോടു പ്രസംഗിച്ചതുപോലെ.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, എന്നെ അന്വേഷിച്ചതിനും അറിഞ്ഞതിനും നന്ദി കരേറ്റുന്നു. ശമര്യയിലെ ഈ പാപിനിയായവളെക്കാള്‍ ഞാന്‍ നല്ലതല്ല. എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. സത്യത്തിനായുള്ള എന്റെ ദാഹം ശമിപ്പിക്കാന്‍ ദൈവത്തിന്റെ ദാനം എനിക്കു നല്‍കണമേ. എന്റെ ജീവിത ത്തെ ശുദ്ധീകരിക്കണമേ. സ്വര്‍ഗ്ഗീയപിതാവിനെ കാണാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ. ഞാന്‍ പ്രയോജനപ്പെടുന്നതിനും, നിന്റെ കൃപയാല്‍ എന്റെ ജീവിതം ഒരു ആരാധനയായിത്തീരുന്നതിനും നിന്റെ പരിശുദ്ധാത്മാവിനാല്‍ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. അനേകരെ രക്ഷിച്ചു നിന്നിലേക്ക് അടുപ്പിക്കണമേ. നിന്റെയടുക്കലേക്കു വരുന്നവരെ നീ തള്ളിക്കളയുകയില്ലല്ലോ.

ചോദ്യം:

  1. ജീവനുള്ള വെള്ളത്താല്‍ എങ്ങനെയാണു നമ്മെ നനയ്ക്കാനാവുക?

www.Waters-of-Life.net

Page last modified on May 10, 2012, at 09:42 AM | powered by PmWiki (pmwiki-2.3.3)