Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 029 (Jesus leads the adulteress to repentance)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?
4. യേശു ശമര്യയില്‍ (യോഹന്നാന്‍ 4:1-42)

a) യേശു വ്യഭിചാരിണിയെ മാനസാന്തരത്തിലേക്കു നയിക്കുന്നു (യോഹന്നാന്‍ 4:1-26)


യോഹന്നാന്‍ 4:16-24
16യേശു അവളോട്: പോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു. 17എനിക്കു ഭര്‍ത്താവില്ലായെന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരി. 18അഞ്ചു ഭര്‍ത്താക്കന്മാര്‍ നിനക്കുണ്ടായിരുന്നു; ഇപ്പോള്‍ ഉള്ളവനോ ഭര്‍ത്താവല്ല; നീ പറഞ്ഞതു സത്യം തന്നെ എന്നു യേശു പറഞ്ഞു. 19സ്ത്രീ അവനോട്: യജമാനനേ, നീ പ്രവാചകന്‍ എന്നു ഞാന്‍ കാണുന്നു. 20ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിലാകുന്നുവെന്നു നിങ്ങള്‍ പറയുന്നു എന്നു പറഞ്ഞു. 21യേശു അവളോടു പറഞ്ഞത്: സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്കുക; നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലുമല്ല, യെരൂശലേമിലുമല്ല എന്നുള്ള നാഴിക വരുന്നു. 22നിങ്ങള്‍ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യഹൂദന്മാരുടെയിടയില്‍നിന്നല്ലോ വരുന്നത്. 23സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു; തന്നെ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നു പിതാവ് ഇച്ഛിക്കുന്നു. 24ദൈവം ആത്മാവാകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം.

ജീവന്റെ ജലത്തിനായുള്ള ദാഹം ആ സ്ത്രീയില്‍ ഉണര്‍ത്തിയതിനും, ദൈവദാനത്തിനായുള്ള ആഗ്രഹം അവള്‍ക്കു ദാനം ചെയ്തതിനുംശേഷം, ആ ദാനം സ്വീകരിക്കുന്നതില്‍നിന്ന് അവളെ തടയുന്നത് എന്താണെന്നു യേശു അവള്‍ക്കു കാണിച്ചുകൊടുത്തു - അവളുടെ പാപം. "നീയൊരു വ്യഭിചാരിണിയാണെ"ന്നു കര്‍ക്കശമായി യേശു പറഞ്ഞില്ല. മറിച്ച് അവളുടെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരാന്‍ സൌമ്യമായി അവളോടു പറയുകയാണ്. ഈ ആവശ്യം അവളില്‍ വേദനയുളവാക്കി. എല്ലാ സ്ത്രീകളെയുംപോലെ ഒരു ഭര്‍ത്താവിന്റെ കരുതലും സംരക്ഷണവും അവള്‍ കാംക്ഷിച്ചു. പക്ഷേ അവള്‍ ഏകാകിയും അവമതിക്കപ്പെട്ടവളുമായിരുന്നു. അവളുടെ അപമാനം യേശുവിന്റെ മുന്നില്‍ വെളിപ്പെടാന്‍ അവള്‍ക്കു താല്പര്യമില്ലായിരുന്നു. അതുകൊണ്ട്, "എനിക്കു ഭര്‍ത്താവില്ലാ''യെന്നു പറഞ്ഞുകൊണ്ട് അവള്‍ തന്നെത്തന്നെ പൊതിഞ്ഞു.

അവളുടെ ആ അവകാശവാദം ശരിയാണെന്നു യേശു ഉറപ്പിച്ചുപറഞ്ഞു. അവനു സകല രഹസ്യങ്ങളും അറിയാം. അവള്‍ തിരസ്ക്കരിക്കപ്പെട്ടവളും ഏകാകിയുമാണെന്നും, മോഹത്തിലൂടെ സ്നേഹം തേടുന്നവളും ഒരു പാപത്തില്‍നിന്നു മറ്റൊരു പാപത്തിലേക്കു വീഴുന്നവളുമാണെന്നും യേശുവി നറിയാമായിരുന്നു.

ഓരോ വ്യഭിചാരകര്‍മ്മവും ഒരു അത്യാഹിതമാണ്, അതു മനഃസാക്ഷിയെ ക്ളേശിപ്പിക്കുകയും നമ്മുടെ ആന്തരിക വിചാരങ്ങളെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നു - പ്രത്യേകിച്ച് അതു സ്ത്രീകളില്‍ ശ്രദ്ധേയമാണ്. ഇങ്ങനെയൊരു പിളര്‍പ്പുണ്ടായിട്ടും ആ സ്ത്രീ അവളുടെ ഭര്‍ത്താവിനായി കാംക്ഷിക്കുകയും, പുനഃസമാഗമത്തിനും മനസ്സിലാക്കുന്നതിനുമുള്ള ആകാംക്ഷയുള്ളവളായിരുന്നു.

യേശു ഒരു സാധാരണക്കാരനല്ലെന്ന് ഇപ്പോള്‍ അവള്‍ക്കു മനസ്സിലായി; അവന്റേത് ഒരു പ്രവാചകന്റെ ഉള്‍ക്കാഴ്ചയായിരുന്നു. ദൈവത്തിനു മാത്രമേ അവളെ സഹായിക്കാനാവൂ എന്ന് ഉള്ളിന്റെയുള്ളില്‍ അവളറിഞ്ഞു. എന്നാല്‍ ദൈവത്തെ എവിടെയാണു കണ്ടെത്താനാവുക? എന്താണു മുഖാന്തരം? പ്രാര്‍ത്ഥനയും അനുഷ്ഠാനങ്ങളും അവള്‍ക്ക് അന്യമായിത്തീര്‍ന്നിരിക്കുന്നു. അവള്‍ ഏതെങ്കിലും മതചടങ്ങുകളില്‍ പങ്കെടുത്തിട്ടു വര്‍ഷങ്ങളായി. എന്നിട്ടും അവള്‍ വിടുതലും ദൈവികസമാധാനവും കാംക്ഷിച്ചു.

ശുദ്ധീകരണത്തിനായുള്ള ആഗ്രഹം അവളില്‍ ഉണര്‍ത്തിയശേഷം, ആരാധനാസ്ഥലത്തിനു പ്രാധാന്യമില്ലായെന്ന സത്യത്തിലേക്കു യേശു അവളെ നയിച്ചു - ആരാധ്യപുരുഷനാണു പ്രാധാന്യമര്‍ഹിക്കുന്നത്. ദൈവമാണു സ്വര്‍ഗ്ഗീയ പിതാവെന്നു അവനറിയിച്ചു. ദൈവത്തെ അറിയുന്നതിന്റെ സാരാംശത്തില്‍ അവന്‍ അവളില്‍ അവന്റെ രക്ഷ പകര്‍ന്നു. "പിതാവ്" എന്ന പ്രധാന പദം അവന്‍ മൂന്നു തവണ ഉപയോഗിക്കുന്നുണ്ട്. ബുദ്ധിയോ ഭക്തിയോ അല്ല ദൈവത്തെ അറിയാനിടയാക്കുന്നത്, മറിച്ചു ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ്.

ദേവന്മാരൊന്നും 'പിതാവ്' എന്ന പേരിനര്‍ഹരല്ലെന്നു യേശു വ്യക്തമാക്കി. ശമര്യക്കാര്‍ വിവിധ ദൈവങ്ങളെ പൂജിച്ചിരുന്നു. അതേസമയം, ചരിത്രത്തില്‍ തന്നെത്താന്‍ വെളിപ്പെടുത്തിയ കര്‍ത്താവിനെ യഹൂദന്മാര്‍ക്ക് അറിയാമായിരുന്നു. ലോകരക്ഷകന്‍ ദാവീദുഗൃഹത്തില്‍ അവതരിക്കുമെന്നു കര്‍ത്താവു (ദൈവം) വാഗ്ദത്തം ചെയ്തിട്ടുമുണ്ടായിരുന്നു.

വേദപുസ്തകവിശ്വാസം ലോകവ്യാപകമായിത്തീരേണ്ടതായിരുന്നു. അന്നുമുതലാണു പ്രത്യേക ദൈവാലയത്തിന്റെ ബന്ധത്തില്‍നിന്നു ദൈവാരാധന സ്വതന്ത്രമായത്. വിശ്വാസികള്‍ ദൈവാലയമായി, പരിശുദ്ധാത്മാവ് അവരില്‍ അധിവാസം ചെയ്തു. അവരുടെ ജീവിതം മുഴുവന്‍ ദൈവതേജസ്സിന്റെ ആരാധനയായിത്തീരുകയായിരുന്നു. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് അവരുടെ വ്യത്യസ്തതയായിത്തീരേണ്ടിയിരുന്നു - അവന്റെ വിശാലമായ സ്നേഹത്തിലാണല്ലോ അവര്‍ പ്രവേശിച്ചത്. നേരുള്ളതും, സത്യസന്ധവും, ദൈവശക്തിയില്‍ ശുദ്ധവുമായ ജീവിതം അവര്‍ തിരഞ്ഞെടുത്തു. അവരുടെ സ്വര്‍ഗ്ഗീയപിതാവ് അവരെ പുതുതാക്കി. ഹൃദയംഗമമായ അവരുടെ ആരാധന സ്തുതി നിറഞ്ഞതായിരുന്നു. ദൈവമക്കള്‍ ദൈവത്തെ നന്ദിയോടും ഭക്തിയോടുംകൂടി, "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ''യെന്ന് ഇടമുറിയാതെ സംബോധന ചെയ്യുമ്പോള്‍ ദൈവം പ്രസാദിക്കുന്നു.

ദൈവം ആത്മാവാകുന്നു, ഒരു വിഗ്രഹമോ പ്രേതമോ അല്ല. അവനാണു നമ്മുടെ പിതാവ്, നമുക്കവന്റെ ആത്മാവിനെ അറിയാം. അവനോടടുക്കാനുള്ള നമ്മുടെ ബലഹീനതയും കഴിവില്ലായ്മയും അവനറിയുന്നുണ്ട്. പുത്രനില്‍ അവന്‍ നമ്മുടെയടുത്തേക്കു വന്നു, അവന്റെ ആത്മാവിനെ നാം പ്രാപിക്കേണ്ടതിനായി അവന്റെ യാഗത്താല്‍ അവന്‍ നമ്മെ ശുദ്ധീകരിച്ചു. ഒരുപാടു മക്കള്‍ വേണമെന്നാണു ദൈവം ആഗ്രഹിക്കുന്നത്; അവന്റെ മക്കള്‍ക്കു മാത്രമേ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയര്‍പ്പിക്കാന്‍ കഴിയൂ. പിതാവിന്റെ ആത്മാവുകൊണ്ടും സത്യംകൊണ്ടും കൃപകൊണ്ടും നമ്മെ നിറയ്ക്കാനായി നാം പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവന്റെ സ്നേഹത്തോടുള്ള പ്രതികരണമായി നമ്മുടെ ജീവിതം മാറുമല്ലോ.

ദൈവത്തെ യഥായോഗ്യം ആരാധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. അതിനാല്‍ യേശു നമുക്ക് ആത്മാവിനെ ദാനമായി നല്കി. അവനില്‍ നാം വിശ്വസ്തരായ അപേക്ഷകരും, സന്തോഷമുള്ള സേവകരും, ധൈര്യമുള്ള സാക്ഷികളുമായിത്തീരുന്നു. പിന്നെ നമ്മുടെ ജീവിതം നമ്മുടെ സ്നേഹമുള്ള പിതാവിന്റെ ഒരു ആരാധനയായിരിക്കും - അതു ക്രിസ്തുവിന്റെ ക്രൂശില്‍നിന്നൊഴുകുന്ന ആത്മാവിന്റെ ശക്തിയിലാണ്.

സത്യാരാധന സ്ഥാപിക്കുന്നതിനാണു ക്രിസ്തു ദൈവാലയം ശുദ്ധീകരിച്ചത്. പാപിനിയായ സ്ത്രീക്കു പിതാവു ക്രിസ്തുവില്‍ വെളിപ്പെട്ടു. അവളുടെ പാപം അവള്‍ സമ്മതിക്കുകയും ജീവനുള്ള വെള്ളത്തിനായി അവള്‍ ദാഹിക്കുകയും ചെയ്തു, യേശു അവള്‍ക്കു കൃപ നല്‍കി.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങളുടെ ഹൃദയത്തില്‍നിന്നു നിന്നെ മാനിക്കണമെന്നും, ഞങ്ങളുടെ നടപ്പു ശുദ്ധീകരിക്കണമെന്നും, നിന്റെ കൃപയെ ഞങ്ങള്‍ സ്തുതിക്കണമെന്നുമാണല്ലോ നീ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ആരാധനയെ ശുദ്ധീകരിക്കണമേ. നിന്റെ പുത്രനെ അനുഗമിക്കുകയും, നിന്നെ സദാ മഹത്വീകരിക്കുകയും ചെയ്യുന്ന ദാസന്മാരായി ഞങ്ങളെ മാറ്റണമേ. സുവിശേഷത്തില്‍നിന്നൊഴുകുന്ന നിന്റെ വചനത്തോട് എപ്പോഴും പ്രതികരിക്കാന്‍, പ്രാര്‍ത്ഥനയുടെ ആത്മാവുകൊണ്ടു ഞങ്ങളെ നിറയ്ക്കണമേ.

ചോദ്യം:

  1. സത്യാരാധനയെ തടയുന്നതെന്ത്, അതിനെ യഥാര്‍ത്ഥമായി ഫലിപ്പിക്കുന്നതെന്ത്?

യോഹന്നാന്‍ 4:25-26
25സ്ത്രീ അവനോട്: മശീഹ - എന്നുവച്ചാല്‍ ക്രിസ്തു - വരുന്നു എന്നു ഞാനറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. 26യേശു അവളോട്: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെ മശീഹ എന്നു പറഞ്ഞു.

യേശുവിന്റെ സ്നേഹം നിറഞ്ഞ വാക്കുകളുടെ ശക്തിയും സത്യവും അനുഭവപ്പെട്ട ആ സ്ത്രീ, അവന്‍ അവള്‍ക്കു നല്കിയ വാഗ്ദത്തത്തിന്റെ നിറവേറല്‍ കാണാനാഗ്രഹിച്ചു. ക്രിസ്തുവിന്റെ വരാന്‍പോകുന്ന പ്രത്യക്ഷതയെക്കുറിച്ചുള്ള പ്രവചനം അവളോര്‍ത്തു. അവളുടെ പ്രത്യാശ അവന്റെ നാമത്തില്‍ വയ്ക്കുകയും, അവനു മാത്രമേ സത്യാരാധനയെന്തെന്ന് അവളെ അറിയിക്കാന്‍ കഴിയൂ എന്ന് അവള്‍ വിശ്വസിക്കുകയും ചെയ്തു.

ഈ സ്ത്രീയുടെ മുന്നിലല്ലാതെ മുമ്പൊരിക്കലും തന്നെത്തന്നെ യേശു ഇത്ര വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ലായെന്നതു ശ്രദ്ധേയമാണ്. ദൈവമയച്ചവനും, അവര്‍ കാത്തിരിക്കുന്നവനും, പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞവനും അവനാണ്. "ഞാന്‍ തന്നെയാണു മനുഷ്യര്‍ക്കുള്ള ദൈവദാനം; ദൈവവചനം മനുഷ്യനായി അവതരിച്ചവനും എല്ലാവര്‍ക്കുമായി ഒരുക്കിയ രക്ഷയും ഞാനാണ്."

മശീഹയെന്നതു രാജാധിരാജാവ്, പ്രവാചകന്മാരില്‍ പ്രധാനി, മഹാപുരോഹിതന്‍ എന്നീ സൂചനകളും നല്‍കുന്നുണ്ടെന്നു കാണാന്‍ ഈ സ്ത്രീക്കു കഴിഞ്ഞില്ല. ഉയിര്‍ത്തെഴുന്നേല്പ്, ഭൂമിയില്‍ സമാധാനം പരക്കുക എന്നിവയാണ് അവന്റെ വരവുമായി ബന്ധപ്പെട്ടതെന്ന് അവള്‍ കേട്ടുകാണും. ഈ നാമവുമായി ബന്ധപ്പെട്ടു യഹൂദന്റെ രാഷ്ട്രീയസ്വപ്നങ്ങളെപ്പറ്റിയും അവള്‍ കേട്ടിരിക്കാം. എന്നാല്‍ അവള്‍ക്ക് ആകെ ആവശ്യമായിരുന്നത് അവളെ പാപത്തില്‍നിന്നു വീണ്ടെടുക്കുന്ന ഒരു രക്ഷകനായിരുന്നു. ക്രിസ്തുവിന് അതു ചെയ്യാന്‍ കഴിയുമെന്ന് അവള്‍ വിശ്വസിച്ചു.

ഇവിടെ യേശു പറഞ്ഞു, "നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെ മശീഹ." സ്വര്‍ഗ്ഗത്തിന്റെ പദ്ധതികളും പ്രവാചകന്മാരുടെ വാഗ്ദത്തങ്ങളും ഈ പറച്ചിലില്‍ സന്ധിക്കുന്നു - "ഞാന്‍ തന്നെ". വെറുമൊരു മനുഷ്യന് ഇങ്ങനെ അവകാശപ്പെടാന്‍ കഴിയില്ല. എതിര്‍ക്രിസ്തു വരേണ്ടതുണ്ട്, അവന്‍ അത്തരം അവകാശവാദം വ്യാജമായി ഉന്നയിക്കും. എന്നാല്‍ മനുഷ്യാവതാരം ചെയ്ത സ്നേഹമാകുന്ന ക്രിസ്തു, അറിവില്ലാത്ത ഒരു പാപിയെയും ചെറുതായി കാണുകയില്ല. മറിച്ചു ശമര്യയിലെ ഒരു അന്യസ്ത്രീയുടെമേലും അവന്‍ കരുണ കാണിക്കും. അവന്‍ ന്യായവിധിയല്ല, കരുണയാണ്.

www.Waters-of-Life.net

Page last modified on May 10, 2012, at 09:39 AM | powered by PmWiki (pmwiki-2.3.3)