Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 040 (Feeding the five thousand)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
B - യേശു ജീവന്റെ അപ്പം (യോഹന്നാന്‍ 6:1-71)

1. അയ്യായിരം പേര്‍ക്ക് ആഹാരം നല്‍കുന്നു (യോഹന്നാന്‍ 6:1-13)


രോഗസൌഖ്യത്തിലൂടെയും, ദൈവസ്നേഹവും നിയമജ്ഞരും തമ്മിലുള്ള വിടവു കാണിച്ചുകൊടുക്കുന്നതിലൂടെയും യേശു തന്റെ ദൈവത്വം ശബ്ബത്തില്‍ യെരൂശലേമില്‍വെച്ചു വെളിപ്പെടുത്തി. അവര്‍ അവനെ വെറുത്തു. പരിശുദ്ധാത്മാവ് അവനെ വടക്കോട്ടു ഗലീലയിലേക്കു നയിച്ചു. അവിടെ അവനും അവന്റെ എതിരാളികളും തമ്മില്‍ നിര്‍ണ്ണായകമായ ഒരു ഇടവേളയുണ്ടായി. വടക്കുള്ളവര്‍ അവന്‍ പോയിടത്തെല്ലാം അപ്പോഴും പിന്‍തുടര്‍ന്നു.

യോഹന്നാന്‍ 6:1-4
1അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരയ്ക്കു പോയി. 2അവന്‍ രോഗികളില്‍ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു. 3യേശു മലയില്‍ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു. 4യഹൂദന്മാരുടെ പെസഹാപെരുന്നാള്‍ അടുത്തിരുന്നു.

യെരൂശലേമില്‍വച്ചു യേശു നിയമജ്ഞരെ ശാസിച്ചതുമുതല്‍, അവര്‍ അവനെതിരായി കരുക്കള്‍ നീക്കുകയും അവനെ നിരീക്ഷിക്കുകയും ചെയ്തുപോന്നു. എന്നാല്‍ അവന്റെ നാഴിക ഇതുവരെ വന്നിട്ടില്ലാത്തതിനാല്‍, അവന്‍ സന്‍ഹെദ്രിന്‍ സംഘത്തിന്റെ വിചാരണയില്‍നിന്നു വിട്ടുമാറി ഗലീലയ്ക്കു മടങ്ങി. ആദ്യത്തെ മൂന്ന് സുവിശേഷങ്ങളില്‍ നാം വായിക്കുന്നതുപോലെ, അവന്‍ അവിടെ പല അത്ഭുതങ്ങള്‍ ചെയ്തു. അവനവിടെ എത്തുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ വലിയ ബഹളമുണ്ടായി. എന്നാല്‍ യേശുവിന് അതില്‍ യാതൊരു ആശങ്കയുമില്ലായിരുന്നു. യെരൂശലേമില്‍ അവന്‍ നേരിട്ടതുപോലെയുള്ള ആക്ഷേപം ഗ്രാമങ്ങളിലും അനുഭവിക്കേണ്ടിവരുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവന്‍ യോര്‍ദ്ദാനു കിഴക്കുള്ള ഗോലാനിലേക്കു പിന്‍വാങ്ങി - അവിടെ ശിഷ്യന്മാരോടുകൂടി വേറിട്ടിരിക്കാമല്ലോ. എന്നാലും, വചനത്തിനു ദാഹിക്കുന്ന ജനം അവനെ പിന്‍തുടര്‍ന്നു, അവര്‍ക്കവന്റെ അത്ഭുതങ്ങള്‍ അനുഭവിക്കണം. അവന്‍ മരിക്കേണ്ടുന്ന സമയം വന്നിട്ടില്ലാത്തതിനാല്‍, ആ വര്‍ഷത്തെ പെസഹയ്ക്ക് അവന്‍ യെരൂശലേമിലേക്കു മടങ്ങിയില്ല. അവനു ചുറ്റുമുള്ള ജനക്കൂട്ടത്തോടൊപ്പം, അവന്‍ പെസഹയ്ക്കു പകരമുള്ള ഉത്സവം ആഘോഷിച്ചു. അതു രക്ഷകനും അവന്റെ വിശുദ്ധന്മാരും ചേര്‍ന്നുള്ള സ്വര്‍ഗ്ഗീയവിരുന്നിന്റെ മഹാസന്തോഷം ചൂണ്ടിക്കാട്ടുന്നതായിരുന്നു.

യോഹന്നാന്‍ 6:5-13
5യേശു വലിയൊരു പുരുഷാരം തന്റെയടുക്കല്‍ വരുന്നതു കണ്ടിട്ടു ഫിലിപ്പോസിനോട്: ഇവര്‍ക്കു തിന്നുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങുമെന്നു ചോദിച്ചു. 6ഇത് അവനെ പരീക്ഷിക്കാനത്രേ ചോദിച്ചത്; താന്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്ന് അവന്‍ അറിഞ്ഞിരുന്നു. 7ഫിലിപ്പോസ് അവനോട്: ഓരോരു ത്തന് അല്പാല്പം ലഭിക്കേണ്ടതിന് ഇരുന്നൂറു പണത്തിന് അപ്പം മതിയാകയില്ല എന്ന് ഉത്തരം പറഞ്ഞു. 8ശിഷ്യന്മാരില്‍ ഒരുത്തനായി ശിമോന്‍ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് അവനോട്: 9ഇവിടെ ഒരു ബാലനുണ്ട്; അവന്റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്ര പേര്‍ക്ക് അത് എന്തുള്ളൂ എന്നു പറഞ്ഞു. 10ആളുകളെ ഇരുത്തുവിന്‍ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാര്‍ ഇരുന്നു. 11പിന്നെ യേശു അപ്പമെടുത്തു വാഴ്ത്തി, ഇരുന്നവര്‍ക്കു പങ്കിട്ടുകൊടുത്തു; അങ്ങനെതന്നെ മീനും വേണ്ടുന്നേടത്തോളം കൊടുത്തു. 12അവര്‍ക്കു തൃപ്തിയായശേഷം അവന്‍ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിക്കുവിന്‍ എന്നു പറഞ്ഞു. 13അഞ്ചു യവത്തപ്പത്തില്‍ തിന്നു ശേഷിപ്പിച്ച കഷണം അവര്‍ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

ജനക്കൂട്ടം വരുന്നതു കണ്ടപ്പോള്‍, യേശു സ്വര്‍ഗ്ഗീയപിതാവിങ്കലേക്കു കണ്ണുകളുയര്‍ത്തി അവനു മാനവും മഹത്വവും നല്‍കി, വിശക്കുന്നവരെ കരുതുന്നതിനായി ദൈവത്തിനു സമര്‍പ്പിച്ചു. ഇതോടെ അത്ഭുതം ആരംഭിച്ചു. ഹൃദയങ്ങളുടെ മൂടുപടം നീക്കുന്ന ജോലി പിതാവു പുത്രനു നല്‍കി.

ആദ്യമായി, ശിഷ്യന്മാരുടെ വിശ്വാസം വളരുന്നുണ്ടോ, അതോ അവര്‍ അപ്പോഴും ഭൌതികചിന്താഗതികള്‍ക്ക് അടിപ്പെട്ടിരിക്കുകയാണോയെന്നു പരീക്ഷിക്കുന്നതിനാണ് ആഹാരത്തിന്റെ കാര്യം ഫിലിപ്പോസിനോടു യേശു ചോദിച്ചത്. നമുക്ക് അപ്പക്കടകളെക്കുറിച്ചു ചിന്തിക്കാം, എന്നാല്‍ യേശു ചിന്തിച്ചത് അവന്റെ പിതാവിനെക്കുറിച്ചാണ്. നമ്മള്‍ ചിന്തിക്കുന്നതു പണത്തിന്റെ കാര്യങ്ങളും ഉയര്‍ന്ന ജീവിതച്ചെലവുമാണ്. എന്നാല്‍ യേശു ചിന്തിച്ചതു ദിവ്യനായ സഹായിയെക്കുറിച്ചാണ്. പണത്തെ നോക്കുന്നവരൊക്കെ ദൈവിക സാദ്ധ്യതകള്‍ കാണുന്നതില്‍ പരാജയപ്പെടുന്നു. ശിഷ്യന്മാരുടെ കണക്കുകൂട്ടല്‍ ന്യായമായിരുന്നു: അവിടെയെങ്ങും അപ്പക്കടകളോ മാവുപൊടിക്കുന്ന മില്ലുകളോ ഇല്ല, അപ്പമുണ്ടാക്കാന്‍ നേരവുമില്ല. എന്നാല്‍ ദീര്‍ഘനേരമായി വചനം കേട്ടശേഷം വിശക്കുന്ന ജനം അവിടെയുണ്ടായിരുന്നു.

പെട്ടെന്ന്, അഞ്ചപ്പവും രണ്ടു മീനും കൈവശം വച്ചിരിക്കുന്ന ബാലനെ ശ്രദ്ധിച്ച അന്ത്രയോസില്‍ ആത്മാവു പ്രവര്‍ത്തിച്ചു. അവന്‍ ബാലനെ വിളിച്ചു, "നിന്റെ കൈയിലുള്ള അപ്പവും മീനും തന്നാട്ടെ." ആ ആഹാരം ഒന്നിനും തികയില്ലെന്ന് അന്ത്രയോസിന് അറിയാമായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത ശിഷ്യന്മാരെ അവരുടെ തോല്‍വി മനസ്സിലാക്കുന്നതിലേക്കു യേശു നയിച്ചു. അവര്‍ക്കു ദൈവഹിതവും യേശു എന്തു ചെയ്യാന്‍ പോകുന്നുവെന്നും അറിയില്ലായിരുന്നു.

അവിടെയുണ്ടായിരുന്നവരെ പന്തിപന്തിയായി ഇരുത്താന്‍ യേശു ശിഷ്യന്മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഒരു വലിയ വിരുന്നിലെന്നപോലെ ജനമിരുന്നു.

ജനക്കൂട്ടത്തില്‍ വിശ്വാസം പൊട്ടിമുളയ്ക്കുന്നതിന്റെ അടയാളമെന്നവണ്ണം പച്ചപ്പുല്ല് അവിടെ നിറഞ്ഞിരുന്നു. സ്ത്രീകളോടും കുട്ടികളോടുംകൂടെ അയ്യായിരം പുരുഷന്മാരെന്നു പറയുന്നത് ഒരു വലിയ സംഖ്യയാണ്. അവരില്‍ മിക്കവരും അതിനുമുമ്പു യേശുവിനെയോ അവന്റെ പ്രവൃത്തികളോ കണ്ടവരല്ല. എന്നാല്‍ അവന്റെ വാക്ക് അവര്‍ അനുസരിച്ചു.

ശാന്തമായി യേശു ഈ അപ്പങ്ങള്‍ എടുത്ത്, അവന്റെ സൃഷ്ടിപരമായ ശക്തി ഈ വേളയില്‍ പ്രകടിപ്പിക്കാന്‍ തീരുമാനിച്ചു. ഈ അഞ്ച് അപ്പത്തിനായി പിതാവിനു നന്ദിയര്‍പ്പിച്ചു. ഈ ചെറിയ അളവിനെ ദൈവം അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കുമെന്ന് അവന്‍ വിശ്വസിച്ചു. കുറച്ച് അപ്പത്തിനായുള്ള നന്ദിയര്‍പ്പിച്ചതും പിതാവിനെ മാനിച്ചതുമായിരുന്നു ഈ അത്ഭുതത്തിന്റെ രഹസ്യം. ദൈവം താങ്കള്‍ക്കു നല്‍കുന്ന ചെറിയ അളവു താങ്കള്‍ കൃതജ്ഞതയോടെ സ്വീകരിക്കുന്നുണ്ടോ? അതോ അതു വാങ്ങിയിട്ടു നിങ്ങള്‍ പരാതിപ്പെടുകയാണോ? അല്പമേയുള്ള കാര്യങ്ങള്‍ സ്നേഹിതരുമായി നിങ്ങള്‍ പങ്കുവയ്ക്കാറുണ്ടോ? യേശു നിസ്വാര്‍ത്ഥനായിരുന്നു; ദൈവത്തിന്റെ സ്നേഹം അവനില്‍ വസിച്ചിരുന്നു. അവന്‍ പിതാവിനെ മാനിക്കുകയും, ദൈവാനുഗ്രഹം എല്ലാവര്‍ക്കുമായി വിതരണം ചെയ്യുകയും ചെയ്തു.

നാലു സുവിശേഷങ്ങളിലും ഈ അത്ഭുതം വിശേഷണമൊന്നുമില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു മറ്റാരുമല്ല, ക്രിസ്തുവിന്റെ അടുത്തിരുന്നവരും അതിനു സാക്ഷ്യം വഹിച്ചവരും അവന്‍ അപ്പം നുറുക്കി അവസാനമില്ലാത്തതുപോലെ കൊടുത്തതു ശ്രദ്ധിച്ചവരുമാണ് എഴുതിയത്. ഓരോരുത്തരും ആവശ്യമുള്ളത്ര എടുത്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നാണ് അവര്‍ ഇതു വിതരണം ചെയ്തത്. ഇതു കൃപയുടെ ഒരടയാളമാണ്. പാപക്ഷമയും അളവുകൂടാതെ ആത്മാവിനെ ദൈവം നല്‍കുന്നതും. ഇഷ്ടമുള്ളതു നിങ്ങള്‍ എടുക്കുക; നിങ്ങള്‍ക്കു വിശ്വസിക്കാവുന്നിടത്തോളം വിശ്വസിക്കുക. മറ്റുള്ളവര്‍ക്ക് അനുഗ്രഹം പകര്‍ന്നുകൊടുക്കുക. നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടതുപോലെ അവരെ അനുഗ്രഹിക്കുക, അങ്ങനെ മറ്റുള്ളവര്‍ക്കു നിങ്ങള്‍ അനുഗ്രഹത്തിന്റെ ഒരു ഉറവിടമായിത്തീരും.

കാനായില്‍ യേശു വെള്ളം വീഞ്ഞാക്കി മാറ്റി. ഗോലാനില്‍ അഞ്ചപ്പംകൊണ്ട് അയ്യായിരം പേര്‍ക്കു തൃപ്തി വരുത്തി. അത്ഭുതമെന്നു പറയട്ടെ, അത്രയും പേര്‍ ഭക്ഷിച്ചതിനുശേഷം മിച്ചം വന്നത് ആരംഭത്തിലുണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടിയായിരുന്നു! മിച്ചം വന്നതു പന്ത്രണ്ടു കൊട്ട നിറ ച്ചെടുത്തു, ഒന്നും നഷ്ടപ്പെടുത്തരുതെന്നു യേശു കല്പിച്ചിരുന്നു. ഇന്നു മിച്ചം വരുന്ന ഭക്ഷണം കുപ്പത്തൊട്ടികളില്‍ എറിഞ്ഞുകളയുന്നതു ലജ്ജാകരമാണ് - പട്ടിണിമൂലം ആയിരങ്ങള്‍ ഓരോ മണിക്കൂറിലും മരിക്കുന്നുവെന്നറിഞ്ഞിട്ടും. നിങ്ങള്‍ക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നിങ്ങളുടെ അവഗണനകൊണ്ടു പാഴാകരുത്. മറിച്ചു കൃപയുടെ കഷണങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ക്കു സംഭരിക്കാന്‍ കഴിയുന്നതിനെക്കാളധികം ദൈവത്തിന്റെ ദാനം നിങ്ങള്‍ നേടും.

തന്റെ കൈകളില്‍നിന്നു യേശു എടുത്ത ആ അപ്പവും മീനും വര്‍ദ്ധിക്കുന്നതു കണ്ട ആ ബാലന്റെ മനോഭാവം ഒന്നു കണ്ടുനോക്കുക. അത്ഭുതംകൊണ്ട് അവന്റെ കണ്ണു തള്ളിക്കാണും. ഈ അത്ഭുതം അവന്‍ ഒരിക്കലും മറക്കുകയില്ല.

പ്രാര്‍ത്ഥന: ഓ, യേശുവേ, അങ്ങയുടെ സഹിഷ്ണുതയ്ക്കും സ്നേഹത്തിനു മായി നന്ദി. ഞങ്ങളുടെ അവിശ്വാസം ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങളുടെ കഷ്ടതയില്‍ നിന്നിലേക്കു തിരിയാനും, ഞങ്ങളുടെ കഴിവുകളില്‍ ആശ്രയിക്കാതെ നിന്റെ സമ്പത്തില്‍ ആശ്രയിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. നീ ഞങ്ങള്‍ക്കു ദാനം ചെയ്ത ആത്മീയസമ്പത്തിനായി നിനക്കു നന്ദി, ഞങ്ങളുടെ അല്പമായ ഭൌതികസമ്പത്തിനായും നന്ദി. ഞങ്ങളുടെ എളിയ സമ്പത്തിന്റെ നാളില്‍ നീ ഞങ്ങളെ അനുഗ്രഹിക്കും, ഒന്നും പാഴാക്കാതിരിക്കാനും ഞങ്ങളുടെ ദാനങ്ങള്‍ അവഗണിക്കാതിരിക്കാനും നീ ഞങ്ങളെ സഹായിക്കും.

ചോദ്യം:

  1. അയ്യായിരം പേര്‍ക്ക് ആഹാരം കൊടുത്തതിന്റെ രഹസ്യമെന്താണ്?

www.Waters-of-Life.net

Page last modified on May 10, 2012, at 11:16 AM | powered by PmWiki (pmwiki-2.3.3)