Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 039 (The reason for unbelief)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
A - യെരൂശലേമിലേക്കുള്ള രണ്ടാമത്തെ യാത്ര (യോഹന്നാന്‍ 5:1-47) - യേശുവും യഹൂദന്മാരും തമ്മിലുള്ള ശത്രുത്വം പൊട്ടിപ്പുറപ്പെടുന്നു

5. അവിശ്വാസത്തിനുള്ള കാരണം (യോഹന്നാന്‍ 5:41-47)


യോഹന്നാന്‍ 5:41-44
41ഞാന്‍ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. 42എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ദൈവസ്നേഹം ഇല്ല എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു. 43ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു; എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ നിങ്ങള്‍ കൈക്കൊള്ളും. 44തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കല്‍നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?

യേശുവിന്റെ ശത്രുക്കളുടെ ആയുധങ്ങള്‍ അവന്‍ തകര്‍ത്തുകളയുകയും, അവരുടെ ഹൃദയത്തിന്റെ അവസ്ഥയും അവരുടെ ഭാവിവിധിയും അവന്‍ അവര്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്തു. അവരുടെ ദുഷ്ടസ്വഭാവത്തിന് ആധാരമായ മനോഭാവത്തെ അവന്‍ ചൂണ്ടിക്കാട്ടി.

അവന്റെ ദൌത്യത്തെക്കുറിച്ച് അവനു ബോദ്ധ്യമുണ്ടായിരുന്നതിനാല്‍ ജനത്തിന്റെയോ അവരുടെ നേതാക്കന്മാരുടെയോ കൈയടി അവന് ആവശ്യമില്ലായിരുന്നു. ആ ബോദ്ധ്യം അവന്റെ ശുശ്രൂഷയുടെ വ്യക്തമായ ഫലങ്ങളില്‍ അടങ്ങിയിരുന്നില്ല. അവനെ മാനിച്ചിരുന്നെങ്കില്‍, ആ മാനം അവന്‍ പിതാവിനു കൈമാറുമായിരുന്നു. തന്നോടു പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ ആദ്യം പിതാവിനോടു പ്രാര്‍ത്ഥിക്കാനാണ് അവന്‍ പഠിപ്പിച്ചത്. "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം പരിശുദ്ധമാകണമേ, നിന്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ" എന്നു പറയാന്‍ അവന്‍ ശിഷ്യന്മാരെ പഠിപ്പിച്ചു. മാനവും മഹത്വവും തേടുന്ന മനോഭാവങ്ങളെല്ലാം യേശു സ്വയം ത്യജിച്ചു. അവന്റെ പിതാവിന്റെ മഹത്വമായിരുന്നു അവന്റെ ലക്ഷ്യം. ദൈവത്തിന്റെ നീതി ക്കായുള്ള എരിവ് അവനെ തിന്നുകളഞ്ഞു.

സൃഷ്ടി, വീണ്ടെടുപ്പ്, പൂര്‍ണ്ണത എന്നിവയില്‍ പ്രചോദനമാണു ദൈവസ്നേഹം. വിശുദ്ധ ത്രിത്വത്തിന്റെ സത്തയാണത്. ന്യായപ്രമാണത്തിന്റെ നിറവേറലും പൂര്‍ണ്ണതയുടെ ബന്ധങ്ങളും ഈ സ്നേഹത്തിന്റെ ഗുണവിശേഷങ്ങളാണ്. ഇതുള്ളവര്‍ തങ്ങള്‍ക്കുവേണ്ടി ജീവിക്കുകയോ തങ്ങളെത്തന്നെ മാനിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, സ്വയം ത്യജിച്ചു മറ്റുള്ളവരെ മാനിക്കുകയും സേവിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്കുള്ളതെല്ലാം അവര്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. സ്നേഹം ഒരിക്കലും ഉതിര്‍ന്നുപോകുന്നില്ല (never fails).

സ്വയമായി ആരും ദൈവത്തെ സ്നേഹിക്കുന്നില്ല. പക്ഷേ, പാപത്തിന്റെ മാലിന്യത്തിന്റെ വേദനയാല്‍, ക്രിസ്തുവിലെ ദൈവസ്നേഹത്തില്‍ മാനസാന്തരപ്പെട്ടു വിശ്വസിക്കുന്ന വ്യക്തി, പൌലോസ് പറഞ്ഞതുപോലെ പറയും, ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ അവന്റെ പരിശുദ്ധാത്മാവിനാല്‍ പകര്‍ന്നിരിക്കുന്നുവെന്ന്. ഈ സ്നേഹം ത്യാഗം, താഴ്മ, സഹിഷ്ണുത എന്നിവയില്‍ പ്രകടമാകുന്നു. ദൈവാത്മാവിനു ഹൃദയത്തെ തുറന്നുകൊടുക്കുന്നവരൊക്കെ വിശുദ്ധ ത്രിത്വത്തെയും സര്‍വ്വജനത്തെയും സ്നേഹിക്കും. എന്നാല്‍ തന്നെത്താന്‍ പ്രശംസിക്കുന്നവനും, സ്വയം നല്ലവനാണെന്നു കരുതുകയും ചെയ്യുന്നയാള്‍ ശരിയായ അനുതാപമുള്ളവനല്ല - അയാള്‍ ദൈവാത്മാവിന്റെ എതിരാളിയാണ്. സ്വാര്‍ത്ഥനായ അയാള്‍ പുതുക്കത്തിനായി വാഞ്ഛിക്കുകയോ ഒരു രക്ഷകനെ തനിക്ക് ആവശ്യമുണ്ടെന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കുകയോ ചെയ്യാതെ ഹൃദയം കഠിനമാക്കുന്നവനാണ്. ഒരു അജ്ഞാത ദൈവമായിട്ടല്ല ക്രിസ്തു വന്നത്; ദൈവത്തിന്റെ സ്നേഹവും കരുണയും വെളിപ്പെടുത്താന്‍ പിതാവിന്റെ നാമത്തില്‍ അവന്‍ വന്നു. ക്രിസ്തുവിനെ തിരസ്ക്കരിക്കുന്നവരെല്ലാം ദൈവസ്നേഹത്തിനെതിരെ അവരുടെ മനസ്സു കൊട്ടിയടച്ചിരിക്കുന്നുവെന്നു തെളിയിക്കുന്നു. കാരണം, അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചു, തന്മൂലം, വെളിച്ചത്തില്‍നിന്നു ജനിച്ചവരെ അവര്‍ വെറുക്കുന്നു.

എതിര്‍ക്രിസ്തുവിന്റെ (അിശേഇവൃശ) പ്രത്യക്ഷതയെക്കുറിച്ചു ക്രിസ്തു തന്റെ ശത്രുക്കളെ അറിയിച്ചു. അവന്‍ എല്ലാ സ്വേച്ഛാകാംക്ഷികളെയും അഹങ്കാരികളെയും കൂട്ടിച്ചേര്‍ത്ത്, ദൈവസ്നേഹത്തിനെതിരായി മത്സരിപ്പിക്കും. അവന്‍ ക്രിസ്തുവിനെ അനുകരിച്ച് അത്ഭുതങ്ങള്‍ ചെയ്യും.

ശരിയായ മാനസാന്തരത്തെക്കാള്‍ ജല്പനങ്ങളെയാണു പലരും വിശ്വസിക്കുന്നത്. അവര്‍ തങ്ങളെത്തന്നെ നല്ലവരെന്നും കരുത്തരെന്നും ബുദ്ധിശാലികളെന്നും കണക്കാക്കുന്നു! പരിശുദ്ധനായവന്റെ മുന്നില്‍ അവര്‍ നടുങ്ങുകയോ, അവന്‍ മാത്രമാണു നല്ലവനെന്നു ഗ്രഹിക്കുകയോ ചെയ്യുന്നില്ല. അവിശ്വാസത്തിനു കാരണം സ്വയനീതിയാണ്, ഈ തെറ്റായ മനോഭാവത്തിനു കാരണം നിഗളവുമാണ്.

ദൈവത്തെയും സ്വന്തം ആത്മാവിനെയും അറിയുന്ന വ്യക്തി തകരുകയും സ്വന്തപാപം ഏറ്റുപറയുകയും ചെയ്യും. എല്ലാ മാനവും മഹത്വവും അവന്‍ തള്ളിക്കളയും പിതാവിനും പുത്രനും സദാ മഹത്വം കൊടുക്കുകയും ചെയ്യും. രക്ഷിക്കുന്ന കൃപയെ അവന്‍ വലുതായിക്കാണുന്നു. പാപക്ഷമ ലഭിച്ച പാപികളാണെന്നും വഞ്ചനയില്‍നിന്നു വിടുതല്‍ കിട്ടിയവരാണെന്നും വിശ്വസിക്കുന്നു. കാരണം, നാം ആരാണെന്നും ദൈവം ആരാണെന്നും നമുക്കറിയാം. സ്നേഹം സുഹൃത്തിനോടു സത്യം സംസാരിക്കുന്നു; അഹങ്കാരി തന്നെയും മറ്റുള്ളവരെയും വഞ്ചിക്കുന്നു, നമ്മെ എളിമപ്പെടുത്തുന്ന ദൈവാത്മാവില്‍നിന്ന് അകന്നുപോകുന്നു.

യോഹന്നാന്‍ 5:45-47
45ഞാന്‍ പിതാവിന്റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തുമെന്നു നിങ്ങള്‍ക്കു തോന്നരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ട്; നിങ്ങള്‍ പ്രത്യാശവെച്ചിരിക്കുന്ന മോശെ തന്നെ. 46നിങ്ങള്‍ മോശെയെ വിശ്വസിച്ചുവെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. 47എന്നാല്‍ അവന്റെ എഴുത്തു നിങ്ങള്‍ വിശ്വസിക്കുന്നില്ലായെങ്കില്‍ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?

നിയമജ്ഞരുടെ അഹങ്കാരം ഇല്ലാതാക്കിക്കൊണ്ടു ക്രിസ്തു മുന്നോട്ടുപോയി. അവന്‍ പറഞ്ഞു, "ദൈവത്തിനു മുന്നില്‍ നിങ്ങളെ കുറ്റം ചുമത്തുന്നവനല്ല ഞാന്‍. മോശെതന്നെ നിങ്ങളെ കുറ്റം ചുമത്തും. ഉടമ്പടിയുടെ പ്രമാണം അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു, അതു നിങ്ങളെ കുറ്റം വിധിക്കുന്നു. നിങ്ങള്‍ക്കു സ്നേഹമില്ല, ന്യായപ്രമാണത്തിന്റെ പേരില്‍ നിങ്ങളെന്നെ കൊല്ലാനാഗ്രഹിക്കുന്നു. ദൈവത്തില്‍നിന്നകന്ന നിങ്ങള്‍ അന്ധകാരത്തില്‍ അലഞ്ഞുതിരിയുന്നു. ശബ്ബത്തില്‍ ഞാന്‍ രോഗിയെ സൌഖ്യമാക്കി, ആ ദൈവപ്രവൃത്തി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല; നിങ്ങള്‍ എന്നെ ദ്വേഷിക്കുന്നു. ഞാന്‍ ദൈവസ്നേഹത്തിന്റെ മാനുഷാവതാരമാണ്. ഇതെല്ലാം മശീഹിന്റെ പ്രവൃത്തികളാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ ആത്മാവു മത്സരിക്കുന്നതും കഠിനവുമാണ്. ദൈവം നിങ്ങള്‍ക്കു ന്യായപ്രമാണം നല്‍കിയതു മരിക്കാനല്ല, ജീവിക്കാനാണ്. നിങ്ങള്‍ മാനസാന്തരപ്പെടേണ്ടവരായിരുന്നെങ്കില്‍, ഒരു രക്ഷകനുവേണ്ടി നിങ്ങള്‍ വാഞ്ഛിക്കുമായിരുന്നു. ന്യായപ്രമാണവും പ്രവാചകന്മാരും വരാനിരിക്കുന്നവന്റെ വെറും ആരംഭമായിരുന്നു. ന്യായപ്രമാണത്തിന്റെ അധികാരം നിങ്ങള്‍ വളച്ചൊടിച്ചു, നിങ്ങളുടെ ഇഷ്ടത്തിനു നിങ്ങള്‍ ദൈവകല്പനകളെ വിധിച്ചു. പ്രവചനം നിങ്ങള്‍ക്കു ഗ്രഹിക്കാനായില്ല. യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതില്‍നിന്നു നിങ്ങളുടെ ദുഷ്ടാത്മാക്കള്‍ നിങ്ങളെ തടഞ്ഞു. അങ്ങനെ നിങ്ങള്‍ അജ്ഞരും ബധിരരുമായിത്തുടര്‍ന്നു, ദൈവാത്മാവിനോടു മറുത്തുനിന്നു. നിങ്ങളുടെ കടുംപിടിത്തം മൂലം ദൈവവചനം നിങ്ങള്‍ വിശ്വസിക്കുന്നില്ല."

ചോദ്യം:

  1. എന്തുകൊണ്ടാണു മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ യേശു സ്വന്തമായി മഹത്വം സ്വീകരിക്കാഞ്ഞത്?

ക്വിസ് - 2

പ്രിയ വായനക്കാരാ, വായനക്കാരീ,
ഈ 19 ചോദ്യങ്ങളില്‍ 17 എണ്ണത്തിന്റെ ശരിയുത്തരം ഞങ്ങള്‍ക്കയച്ചുതരിക. ഈ പഠനപരമ്പരയുടെ ബാക്കിഭാഗം ഞങ്ങള്‍ നിങ്ങള്‍ക്കയച്ചുതരാം.

  1. യേശു ദൈവാലയം സന്ദര്‍ശിച്ചിട്ട് അതില്‍നിന്നു കച്ചവടക്കാരെ പുറത്താക്കിയത് എന്തുകൊണ്ട്?
  2. നിക്കോദേമോസിന്റെ ഭക്തിയും യേശുവിന്റെ ലക്ഷ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?
  3. വിശ്വാസികളിലെ വീണ്ടും ജനനത്തിന്റെ അടയാളങ്ങള്‍ എന്തെല്ലാമാണ്?
  4. മരുഭൂമിയിലെ പിച്ചളസര്‍പ്പത്തിനു ക്രിസ്തു സാദൃശ്യമായിരിക്കുന്നത് എങ്ങനെ?
  5. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കു ന്യായവിധിയില്ലാത്തത് എന്തുകൊണ്ട്?
  6. ക്രിസ്തു മണവാളനായിരിക്കുന്നത് ഏതു നിലയിലാണ്?
  7. എങ്ങനെയാണു നാം നിത്യജീവന്‍ പ്രാപിക്കുന്നത്?
  8. യേശു നമുക്കു നല്‍കുന്ന ദാനം എന്താണ്? അതിന്റെ ഗുണഗണങ്ങള്‍ എന്തെല്ലാമാണ്?
  9. സത്യാരാധനയെ തടയുന്നതെന്താണ്, അതിനെ വാസ്തവമായി ഫലിപ്പിക്കുന്നതെന്താണ്?
  10. ജീവജലംകൊണ്ട് എങ്ങനെയാണു നമ്മെ നനയ്ക്കാന്‍ കഴിയുക?
  11. യേശുവിനുവേണ്ടി പ്രയോജനകരമായ കൊയ്ത്തുകാരായിത്തീരുന്നത് എങ്ങനെ?
  12. രാജഭൃത്യന്‍ കടന്നുപോയ വിശ്വാസത്തിന്റെ വളര്‍ച്ചാഘട്ടങ്ങള്‍ ഏതെല്ലാമാണ്?
  13. ബേഥെസ്ദാകുളക്കരയിലെ രോഗിയെ യേശു സൌഖ്യമാക്കിയതെങ്ങനെ?
  14. യേശുവിനെ യഹൂദന്മാര്‍ ഉപദ്രവിച്ചത് എന്തുകൊണ്ട്?
  15. ദൈവം തന്റെ പുത്രനോടൊപ്പം എങ്ങനെ, എന്തിനു പ്രവര്‍ത്തിക്കുന്നു?
  16. പിതാവു ക്രിസ്തുവിന് ഏല്പിച്ച രണ്ടു പ്രധാന ജോലികള്‍ ഏതെല്ലാം?
  17. യേശു നമുക്കു വിശദീകരിച്ചു തന്നതുപോലെ പിതാവും പുത്രനും തമ്മിലുള്ള ബന്ധം എന്താണ്?
  18. നാലു സാക്ഷികള്‍ ഏതെല്ലാം, എന്തിനാണ് അവര്‍ സാക്ഷ്യം പറയുന്നത്?
  19. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ യേശു സ്വയമായി മഹത്വം സ്വീകരിക്കാഞ്ഞത് എന്തുകൊണ്ട്?

ഉത്തരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും മേല്‍വിലാസവും വ്യക്തമായെഴുതി താഴെപ്പറയുന്ന മേല്‍വിലാസത്തിലേക്ക് അയച്ചുതരിക:

Waters of Life
P.O.Box 600 513
70305 Stuttgart
Germany

Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net

www.Waters-of-Life.net

Page last modified on May 10, 2012, at 11:10 AM | powered by PmWiki (pmwiki-2.3.3)