Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 090 (Abiding in Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

1. ക്രിസ്തുവില്‍ വസിക്കുന്നത് ഏറെ ഫലമുളവാക്കുന്നു (യോഹന്നാന്‍ 15:1-8)


യോഹന്നാന്‍ 15:1-2
1ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും, എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. 2എന്നില്‍ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു.

തിരുവത്താഴത്തിനുശേഷം, യേശു ശിഷ്യന്മാരുമൊത്തു നഗരവാതിലുകള്‍ കടന്നു കിദ്രോന്‍ താഴ്വരയിലെ മുന്തിരിത്തോട്ടങ്ങളിലൂടെ ഒലീവുമലയിലേക്കു പോയി. അവര്‍ പോകുന്ന വഴിയില്‍, ശിഷ്യന്മാര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ അര്‍ത്ഥവും അവരുടെ സ്നേഹത്തിന്റെ ഉദ്ദേശ്യവും യേശു വീണ്ടും വ്യക്തമാക്കിക്കൊടുത്തു. മുന്തിരിത്തോട്ടത്തിലൂടെ പോയപ്പോഴാണു മുന്തിരിവള്ളിയുടെ ഉദാഹരണം യേശു ഉപയോഗിച്ചത്.

ലോകമെമ്പാടും മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയ തോട്ടക്കാരനായിട്ടാണു യേശു ദൈവത്തെ വിവരിച്ചത്. ഇവയില്‍ ഒരെണ്ണം പഴയനിയമ ജനതയാണ്. സങ്കീര്‍ത്തനം 80:8-16, യെശയ്യാവ് 5:1-7 എന്നിവയില്‍ നാം അതു വായിക്കുന്നു. നല്ല ഫലം പുറപ്പെടുവിക്കാത്ത ഈ മുന്തിരിവള്ളിയില്‍ ദൈവം പ്രസാദിച്ചില്ല. അങ്ങനെ ദൈവം പുതിയൊരു തൈ നട്ടു - ആത്മാവില്‍നിന്നു ജനിച്ച സ്വന്തപുത്രന്‍. യഥാര്‍ത്ഥ മുന്തിരിവള്ളിയാകേണ്ടതിനും, പുതിയതരത്തിലുള്ള പുതിയ നല്ല തലമുറയെ ഉളവാക്കേണ്ടതിനും, അതു സമൃദ്ധിയായ ആത്മീയഫലം ഉല്പാദിപ്പിക്കേണ്ടതിനുമായിരുന്നു അങ്ങനെചെയ്തത്. മനുഷ്യവര്‍ഗ്ഗത്തില്‍ പരിശുദ്ധാത്മാവിന്റെ ഫലമാണ് ആത്മീയമൂല്യങ്ങളുടെ വിലയേറിയ ഫലമെന്നാണു യേശു ശിഷ്യന്മാര്‍ക്കു ചൂണ്ടിക്കാട്ടിയത്. മനുഷ്യന്റെ പഠിപ്പിക്കലുകള്‍ വഞ്ചിക്കുന്നവയാണെന്ന് അവനറിഞ്ഞിരുന്നു. മനുഷ്യനില്‍ വസിക്കുന്ന മൃഗസ്വഭാവം, ആരെങ്കിലും അതിനെ ഉണര്‍ത്താന്‍ കാത്തിരിക്കുകയാണ് - മറ്റുള്ളവരെ ചവിട്ടിമെതിച്ചു വിഴുങ്ങുന്നതിനുവേണ്ടി. യേശുവിന്റെ ഉപദേശത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ അവന്‍ പറഞ്ഞ കാര്യം, ദൈവത്തിനു സ്വീകാര്യമായ ഫലം പുറപ്പെടുവിക്കുന്നത് അവന്‍ മാത്രമാണെന്നും, സമാധാനമുണ്ടാക്കുന്നവനും സഭ പണിയുന്നവനും അവനാണ്.

ഈ ഉപമയുടെ മോശമായ തലങ്ങള്‍ യേശു ആദ്യമേ കാണിച്ചുകൊടുത്തു. അതായത്, സ്നേഹത്തിന്റെ സ്പന്ദനത്തിനനുകൂലമായി പ്രതികരിക്കാത്ത വ്യക്തി, അഥവാ ആത്മീയഫലം പുറപ്പെടുവിക്കാത്ത വ്യക്തിയെയും മുന്തിരിവള്ളിയില്‍നിന്നുള്ള മധുരരസം തന്നിലേക്ക് ഒഴുകുന്നതു നിരസിക്കുന്ന വ്യക്തിയെയും ദൈവം മുന്തിരിവള്ളിയില്‍നിന്നു ഛേദിച്ചുകളയും. സുവിശേഷത്തിന്റെ ഫലം ദൈവം നിങ്ങളില്‍ കണ്ടില്ലെങ്കില്‍, ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങള്‍ സ്വാധീനമായും ഫലമായും നിങ്ങളില്‍ കാണുന്നില്ലെങ്കില്‍, പുത്രന്റെ മുന്തിരിവള്ളിയില്‍നിന്ന് അവന്‍ നിങ്ങളെ ഛേദിച്ചുകളയും.

എന്നാലും, പരിശുദ്ധാത്മാവിന്റെ രസം അവന്‍ കണ്ടയുടനെ, വളര്‍ച്ചയുടെ അടയാളങ്ങള്‍ മുന്തിരിവള്ളിയിലെ കൊമ്പെന്നപോലെ അവന്‍ നിങ്ങളില്‍ സ്ഥാപിക്കും. അത് ഇലയിലേക്കു വന്നു ഫലം നല്‍കും. പ്രയോജന മില്ലാത്ത ഭാഗങ്ങള്‍ തോട്ടക്കാരന്‍ മുറിച്ചുകളയും. അങ്ങനെ നിങ്ങള്‍ക്ക് ഏറെ ഫലം നല്‍കാന്‍ കഴിയും. ഇതു നിങ്ങളുടെ ഫലമല്ല, മറിച്ചു നിങ്ങളിലുള്ള ക്രിസ്തുവിന്റെ ഫലമാണ്. നാം പ്രയോജനമില്ലാത്ത ദാസന്മാരാണ്, അവനാണ് എല്ലാമെല്ലാം. എല്ലാ ശരത്ക്കാലത്തും മുന്തിരിവള്ളിയുടെ കൊമ്പുകള്‍ ചെത്തണമെന്നതു നിങ്ങള്‍ക്കറിയാമോ? അടുത്ത വര്‍ഷം മതിയായ ഫലം പുറപ്പെടുവിക്കേണ്ടതിനുവേണ്ടിയാണത്. മനുഷ്യന്റെ പരാജയങ്ങളെല്ലാം ദൈവവും ചെത്തിക്കളയുന്നു. അങ്ങനെ നിങ്ങളുടെ മെരുക്കമില്ലായ്മ അവസാനിച്ചു നിങ്ങള്‍ പാപത്തിനു മരിക്കും. നിങ്ങളിലുള്ള ക്രിസ്തുവിന്റെ ജീവന്‍ പക്വതയാര്‍ജ്ജിക്കും. നിങ്ങളില്‍നിന്നു നിങ്ങളെ രക്ഷിക്കാന്‍ നാഥനു പല പദ്ധതികളുണ്ട്. സംഭവങ്ങള്‍, പരാജയങ്ങള്‍, വ്യാധികള്‍ എന്നിവ നിങ്ങളെ ആക്രമിച്ചു പരാജിതനാക്കും. നിങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ കര്‍ത്താവില്‍ ജീവിക്കുക; അവന്റെ ശക്തിമൂലം നിങ്ങളൊരു സ്നേഹിക്കുന്ന വ്യക്തിയായിത്തീരും.

യോഹന്നാന്‍ 15:3-4
3ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു. 4എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്ക്കാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴിയുകയില്ല.

യേശു നിങ്ങളുടെമേല്‍ ആശ്വാസം പകരുന്നു. നമ്മുടെ പാപങ്ങളും സ്വാഭാവികമായ ന്യൂനതകളും നിമിത്തം ദൈവം നമ്മെ ഛേദിച്ചുകളയുകയില്ല. പ്രാഥമികമായി സമൂലമായ ഒരു ശുദ്ധീകരണമാണു യേശു നമുക്കോരോരുത്തര്‍ക്കും നല്‍കുന്നത്, നാം വിശ്വസിച്ചപ്പോള്‍ ഇതു നമുക്കു ലഭിച്ചു. "ഞങ്ങളുടെ ആചാരങ്ങളും പ്രാര്‍ത്ഥനാരീതികളുംകൊണ്ടു ഭാവിയില്‍ ഞങ്ങള്‍ ശുദ്ധീകരിക്കപ്പെടു"മെന്നു പറയരുത്. ഭാഗികമായി അവന്‍ നമ്മളെ ശുദ്ധീകരിച്ചു; എന്നെന്നേക്കുമായി നമുക്കു പാപക്ഷമ നല്‍കി ക്രൂശിന്മേല്‍ നമ്മെ വിമോചിപ്പിച്ചവന്‍ അവനാണ്. ശുദ്ധീകരണത്തിനായുള്ള ശക്തി സുവിശേഷം നല്‍കുന്നു. അതിനാല്‍ നമ്മുടെ പ്രയത്നങ്ങളോ കഷ്ടപ്പാടുകളോ പക്വതയോ അല്ല നമ്മെ ശുദ്ധീകരിക്കുന്നത്, മറിച്ചു ദൈവവചനം മാത്രമാണ്. ആദിയില്‍ ഒരു വാക്കുകൊണ്ടു സ്രഷ്ടാവു ലോകത്തെ രൂപപ്പെടുത്തിയതുപോലെ, നാം അവന്റെ വചനം ശ്രദ്ധിച്ചാല്‍ ക്രിസ്തു നമ്മില്‍ ശുദ്ധീകരണം നടത്തുന്നു. സ്നാനമോ, കര്‍ത്താവിന്റെ അത്താഴമോ അല്ല നമ്മെ ശുദ്ധീകരിക്കുന്നത്, മറിച്ചു യേശുവിന്റെ വചനത്തിലുള്ള നമ്മുടെ വിശ്വാസവും ആഴമായി അതു ധ്യാനിക്കുന്നതുമാണ്. ബൈബിളിന്റെ കുറച്ചു ഭാഗമെങ്കിലും ദിവസവും വായിക്കുക; ഒരു നിശ്ചിതസമയം തുടര്‍ച്ചയായി വായിക്കുക. അതില്ലെങ്കില്‍, ആത്മീയപോഷണമില്ലാതെ നിങ്ങള്‍ വീണുപോകും.

നമ്മുടെ വളര്‍ച്ചയ്ക്കും ഫലം നല്‍കലിനും ആധാരമായ ഒരു പദത്തിലാണു യേശു ശ്രദ്ധ കേന്ദ്രീകരിച്ചത് - വസിക്കുക. ഈ അദ്ധ്യായത്തില്‍ 10 തവണ ഈ പദം കാണുന്നുണ്ട്. ഇതിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട് - നാം അവനില്‍ വസിക്കുന്നു, അവന്‍ നമ്മില്‍ വസിക്കുന്നു. ആ വസിക്കലില്‍ നമ്മെ വിശുദ്ധരാക്കി; അവന്റെ ശക്തിയും രസവും നമ്മിലൂടെ ഒഴുകുന്നു. നാം അവനില്‍ വസിക്കേണ്ടതിന് എല്ലാം അവനില്‍നിന്നാണു തുടങ്ങുന്നത്. അവനില്‍നിന്നു നാം പിരിഞ്ഞാല്‍, അവന്റെ സ്നേഹശക്തിയുടെ ഒഴുക്കു നമ്മില്‍ നിലയ്ക്കും. ഒരു നിമിഷത്തേക്ക് ഒരു ശാഖ ഒടിഞ്ഞുപോയാല്‍ അത് ഉണങ്ങിപ്പോകും. ഉണങ്ങിയും മരിച്ചുമിരിക്കുന്ന ഒരു സഭയുടെ ചിത്രം എത്ര വൃത്തികെട്ടതാണ്. വിശ്വാസികള്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥന നാം അവനില്‍ വസിക്കാനായി അപേക്ഷിക്കുന്നതാണ്. അതിനാല്‍ കര്‍ത്താവിനു നമ്മില്‍ നിരന്തരമായി പ്രവര്‍ത്തിക്കാന്‍ കഴിയും - വളര്‍ച്ചയ്ക്കും ഫലത്തിനും പ്രവൃത്തിക്കുമായും, അവന്റെ നാമത്തില്‍ നമ്മെ രാപ്പകല്‍ സൂക്ഷിക്കുന്നതിനായും. വസിക്കുന്നതു നമ്മുടെ കഴിവൊന്നുമല്ല, അതു പരിശുദ്ധാത്മാവിന്റെ കൃപയാണ്. ആര്‍ക്കും സ്വന്തമായി ക്രിസ്തുവില്‍ വസിക്കാനാവില്ല, എന്നാല്‍ ഈ വരത്തിനായി നമുക്ക് അവനു നന്ദി പറയുകയും, ഇതില്‍ നമ്മെ കാക്കാന്‍ അവനോട് അപേക്ഷിക്കുകയും ചെയ്യാന്‍ കഴിയും. അങ്ങനെ മറ്റുള്ളവരും വസിക്കട്ടെ.

പ്രാര്‍ത്ഥന: യേശുനാഥാ, ഞങ്ങളുടെ ഭൂമിയില്‍ ദൈവത്തിന്റെ വിശുദ്ധ മുന്തിരിവള്ളിയാണു നീ. നിന്നില്‍നിന്നാണ് എല്ലാ നല്ല മൂല്യങ്ങളും ഞങ്ങള്‍ക്കു ലഭിക്കുന്നത്. ഞങ്ങളുടെ ഹൃദയം എല്ലാ തിന്മയുടെയും ഉറവിടമാണ്. സുവിശേഷംമൂലം നീ ഞങ്ങളെ ശുദ്ധീകരിച്ചതിനായി ഞങ്ങള്‍ നിനക്കു നന്ദി കരേറ്റുന്നു. നിന്റെ നാമത്തില്‍ ഞങ്ങളെ സൂക്ഷിക്കണമേ, അങ്ങനെ നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി നിരന്തരമായി സ്നേഹത്തിന്റെ ഫലം ഉളവാക്കട്ടെ. നിന്നെക്കൂടാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. തങ്ങള്‍ക്കായിട്ടു ജീവിക്കാതെ, നിന്നില്‍ വസിക്കാനുള്ള ഞങ്ങളുടെ സഹോദരന്മാരുടെ നിശ്ചയത്തെ, അവരുടെ ബലഹീനതയില്‍ ശക്തീകരിക്കണമേ.

ചോദ്യം:

  1. യേശു യഥാര്‍ത്ഥ മുന്തിരിവള്ളിയായിത്തീരുന്നത് എങ്ങനെ?

www.Waters-of-Life.net

Page last modified on May 14, 2012, at 10:38 AM | powered by PmWiki (pmwiki-2.3.3)