Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 079 (The Father glorified amid the tumult)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
A - വിശുദ്ധവാരത്തിന് ഒരു മുഖവുര (യോഹന്നാന്‍ 11:55 - 12:50)

4. മുഴക്കത്തിന്റെ മദ്ധ്യേ പിതാവു മഹത്വപ്പെടുന്നു (യോഹന്നാന്‍ 12:27-36)


യോഹന്നാന്‍ 12:27-28
27ഇപ്പോള്‍ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയില്‍നിന്ന് എന്നെ രക്ഷിക്കണമേ; എങ്കിലും ഇതു നിമിത്തം ഞാന്‍ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. 28പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന്: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.

യേശുവിന്റെ സത്തയുടെ ആഴത്തില്‍ അവന്‍ കഷ്ടതയനുഭവിച്ചു. അവന്‍ ജീവന്റെ പ്രഭുവാണ്, എന്നാല്‍ മരണം അവനെ വിഴുങ്ങുവോളം അവന്‍ തന്നെത്താന്‍ താഴ്ത്തി. അവന്‍ കര്‍ത്താധികര്‍ത്താവായിരുന്നിട്ടും, മരണത്തിന്റെ അധികാരിയായ പിശാചിന്റെ കഴിവുകളെല്ലാം ഉപയോഗിച്ചു തന്നെ പീഡിപ്പിക്കാന്‍ അവന്‍ അനുവാദം നല്‍കി. നമ്മുടെ പാപം യേശു വഹിച്ചതു മനസ്സോടെയാണ് - നമുക്കു പകരമായി ദൈവക്രോധത്തിന്റെ ജ്വാലയില്‍ എരിയുന്നതിനുവേണ്ടി. നിത്യത മുതല്‍ അവന്‍ പിതാവിനോടൊപ്പമുള്ള പുത്രനാണ്. നമ്മുടെ രക്ഷയ്ക്കായി അവന്റെ പിതാവ് അവനെ കൈവിട്ടു. അങ്ങനെ കൃപയില്‍ നാം അവനുമായി ഒരുമിക്കുമല്ലോ. പിതാവിന്റെയും പുത്രന്റെയും വേദനയും വ്യഥയും പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. നമ്മുടെ വിമോചനത്തിനായുള്ള ത്രിത്വത്തിന്റെ ഐക്യം വേദനയിലായിരുന്നു.

ഈ ഞെരിക്കുന്ന സമ്മര്‍ദ്ദം താങ്ങാന്‍ ക്രിസ്തുവിന്റെ ശരീരത്തിനു കഴിഞ്ഞില്ല. അവന്‍ നിലവിളിച്ചു, "പിതാവേ, ഈ നാഴികയില്‍നിന്ന് എന്നെ രക്ഷിക്കണമേ." അപ്പോള്‍ അവന്റെ ഹൃദയത്തില്‍നിന്ന് ആത്മാവിന്റെ പ്രതികരണം അവന്‍ വ്യക്തമായി കേട്ടു: "ഈ സമയത്തിനായിട്ടാണു നീ ജനിച്ചത്. ഈ നാഴിക നിത്യതയുടെ ലക്ഷ്യമാണ്. പിതാവിനോടുകൂടെയുള്ള സകല സൃഷ്ടികളും ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ് - മനുഷ്യരാശി ദൈവവുമായി അനുരഞ്ജിക്കുന്ന (നിരക്കുന്ന) നിമിഷം, സൃഷ്ടി സ്രഷ്ടാവുമായി നിരക്കുന്ന നിമിഷം. ഈ ഘട്ടത്തിലാണു രക്ഷാപദ്ധതി പൂര്‍ത്തീകരിക്കാറ്."

ഈ സമയത്തു യേശു വിളിച്ചുപറഞ്ഞു, "പിതാവേ, നിന്റെ നാമം മഹത്വീകരിക്കപ്പെടണമേ!" മനുഷ്യശരീരത്തിന്റെ ശബ്ദത്തിനു പുത്രന്‍ ചെവി കൊടുക്കുകയില്ല. പരിശുദ്ധാത്മാവിനോടു ചേര്‍ന്ന് അവന്‍ പ്രാര്‍ത്ഥിച്ചു,"നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ. അങ്ങനെ, നീ ഭയങ്കരനായ, അകലെയിരിക്കുന്ന, കരുതാത്ത ഒരു ദൈവമല്ല, മറിച്ചു സ്നേഹിക്കുന്ന പിതാവും ദുഷ്ടരും നശിക്കുന്നവരുമായവരെ രക്ഷിക്കുന്നതിനു തന്നെത്താന്‍ പുത്രനില്‍ നല്‍കിയവനാണ്."

സ്വന്തപുത്രന്റെ അപേക്ഷയ്ക്കു മറുപടി നല്‍കുന്നതിനു ദൈവം വൈമുഖ്യം കാട്ടിയില്ല. അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു മറുപടി നല്‍കി, "എന്റെ നാമത്തെ ഞാന്‍ നിന്നില്‍ മഹിമപ്പെടുത്തിയിരിക്കുന്നു. നീ എന്റെ അനുസരണമുള്ള, എളിമയുള്ള പുത്രനാണ്. നിന്നെ കാണുന്നവര്‍ എന്നെ കാണുന്നു. നീ എനിക്കു പ്രിയപ്പെട്ടവനാണ്, നിന്നില്‍ എനിക്കു പ്രസാദമുണ്ട്. ക്രൂശു വഹിക്കുന്ന നിന്നിലൊഴികെഎനിക്കു മറ്റൊരാനന്ദമില്ല. നിന്റെ പ്രതിപകരമരണ(vicarious death)ത്തില്‍, ജീവിതദുരന്തങ്ങളുടെ കൊടുങ്കാറ്റുകള്‍ക്കിടയിലെ എന്റെ മഹത്വത്തിന്റെ സാരാംശം ഞാന്‍ വെളിപ്പെടുത്തും. മഹത്വത്തിന്റെയും യഥാര്‍ത്ഥ വിശുദ്ധിയുടെയും അര്‍ത്ഥം നീ വെളിപ്പെടുത്തും. അതു സ്നേഹത്തെക്കാളും ത്യാഗത്തെക്കാളും താഴെയുള്ളതും അനര്‍ഹര്‍ക്കും കഠിനഹൃദയര്‍ക്കും സ്വയം വഴങ്ങുന്നതുമല്ല."

സ്വര്‍ഗ്ഗീയശബ്ദം തുടര്‍മാനമായി പ്രതിദ്ധ്വനിച്ചു, "നീ കല്ലറയില്‍നിന്ന് എഴുന്നേറ്റ് എന്റെയടുത്തേക്ക് ആരോഹണം ചെയ്യുമ്പോള്‍, മഹത്വത്തില്‍ എന്നോടുകൂടെ ഇരിക്കുമ്പോള്‍, നിന്റെ സ്നേഹിതരുടെമേല്‍ എന്റെ ആത്മാവിനെ പകരുമ്പോള്‍ ഞാന്‍ ഇനിയും എന്റെ നാമം മഹത്വപ്പെടുത്തും. പരിശുദ്ധാത്മാവിലൂടെ അസംഖ്യം മക്കള്‍ വീണ്ടും ജനിക്കുമ്പോള്‍ പിതാവെന്ന എന്റെ നാമം മഹിമപ്പെടും. അവരുടെ നിലനില്പ് എന്നെ മാനിക്കുന്നു; അവരുടെ മൂല്യം നിറഞ്ഞ പെരുമാറ്റം എന്നെ വിശുദ്ധീകരിക്കുന്നു. ദൈവമക്കളുടെ ജനനത്തിനു കാരണം നീ ക്രൂശില്‍ മരിച്ചതാണ്. സഭയുടെ വിജയത്തിന് ഉറപ്പുനല്‍കുന്നതു മഹത്വത്തില്‍ നീ മദ്ധ്യസ്ഥത വഹിക്കുന്നതാണ്. നിന്നില്‍ മാത്രമാണു പിതാവ് അന്തമില്ലാതെ മഹത്വീകരിക്കപ്പെടുന്നത്."

യോഹന്നാന്‍ 12:29-33
29അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍: ഒരു ദൈവദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു. 30അതിനു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തമത്രേ ഉണ്ടായത്. 31ഇപ്പോള്‍ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. 32ഞാനോ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്ക് ആകര്‍ഷിക്കും എന്ന് ഉത്തരം പറഞ്ഞു. 33ഇതു താന്‍ മരിക്കാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.

ദൈവവുമായിട്ടുള്ള യേശുവിന്റെ സംഭാഷണത്തെക്കുറിച്ചു യേശുവിനു ചുറ്റുമുള്ള ജനക്കൂട്ടം ബോധവാന്മാരായില്ല, അവര്‍ കരുതിയത് അത് ഇടിമുഴക്കമാണെന്നാണ്. ദൈവം സ്നേഹമാണെന്നു വേര്‍തിരിച്ചറിയാനോ ശ്രദ്ധിക്കാനോ അവര്‍ക്കു കഴിഞ്ഞില്ല, അവന്റെ ആര്‍ദ്രമായ ശബ്ദമോ, പുത്രനിലെ ദൈവത്തിന്റെ വെളിപ്പാടിനാല്‍ ലോകത്തിന്റെ ന്യായവിധിക്കു തുടക്കമായെന്ന യാഥാര്‍ത്ഥ്യമോ ഗ്രഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

ക്രിസ്തുവിനെ ക്രൂശില്‍ ഉയര്‍ത്തിയതും അവന്റെ മരണത്താല്‍ നമുക്കു ജീവന്‍ നല്‍കിയതുമുതല്‍ സാത്താന് അവന്റെ ദാസന്മാരിലുള്ള അവകാശം നഷ്ടമായി. പിതാവിന്റെ ഹിതത്തിനു പുത്രന്‍ കീഴടങ്ങിയതിലൂടെ ദുഷ്ടന്റെ ശക്തി ക്ഷയിച്ചു. ലോകം മുഴുവന്‍ പിശാചിന്റെ സാമ്രാജ്യത്തിലായതിനാല്‍, പിശാചിനെ യേശു വിളിച്ചത് ഈ ലോകത്തിന്റെ പ്രഭു എന്നാണ്. ഈ വേദനയുടെയും കയ്പിന്റെയും നടുവില്‍ യേശു യാഥാര്‍ത്ഥ്യത്തില്‍ ശങ്കിക്കാതെ, തന്റെ നീതി എന്ന വാള്‍കൊണ്ടു സാത്താനെ മാരകമായി പ്രഹരിച്ചു. യേശുവിന്റെ നാമത്തില്‍ ഇപ്പോള്‍ നാം സ്വതന്ത്രരായ മക്കളാണ്.

അവന്റെ ക്രൂശിനോടു നമ്മെ അടുപ്പിച്ചിരിക്കുന്നു. ഭൂമിയില്‍വെച്ചോ കിടക്കയില്‍വെച്ചോ യേശു മരിക്കരുതെന്നുള്ള അങ്ങേയറ്റം വെറുപ്പാണു സാത്താന്‍ കാട്ടിയത്. ലജ്ജാകരമായ ക്രൂശില്‍ മരിക്കാന്‍വേണ്ടി അവനെ ഉയര്‍ത്തി. എന്നാല്‍ മോശെയുടെ കാലത്തു വിശ്വാസികളുടെ ശിക്ഷ അവസാനിപ്പിക്കാന്‍ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തെപ്പോലെ, സകല ന്യായവിധിയും ക്രിസ്തുവിന്റെ ചുമലില്‍ ക്രൂശ് ചുമത്തുന്നു. ക്രൂശിക്കപ്പെട്ടവനെ നോക്കുന്നവരെ ദൈവം ശിക്ഷ വിധിക്കുന്നില്ല. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം നമ്മെ അവനോടുകൂടെ ക്രൂശിക്കുകയും അവന്റെ മരണത്തില്‍ നമ്മെ ഒരുമിപ്പിക്കുകയും ചെയ്യുന്നു. നാം പാപത്തിനു മരിച്ചു നീതിക്കു ജീവിക്കുന്നു.

ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം, അവന്റെ ശക്തിയോടും മഹത്വത്തോടും നമ്മെ യോജിപ്പിക്കുന്നു. വിശുദ്ധിയില്‍ അവന്‍ പാപത്തെയും മരണത്തെയും ജയിച്ചതുപോലെ അവന്‍ നമ്മെ അവന്റെ പിന്നിലേക്ക് അടുപ്പിക്കുകയും അവന്റെ മഹത്വത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. അവനില്‍ വിശ്വസിക്കുന്നവരാരും ഒരിക്കലും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കും.

യോഹന്നാന്‍ 12:34
34പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രന്‍ ആര് എന്നു ചോദിച്ചു.

യുക്തിസഹവും വ്യക്തവുമായ തെളിവിനായി യഹൂദന്മാര്‍ യേശുവിന്റെമേല്‍ നിര്‍ബ്ബന്ധിച്ചു ചോദിച്ചു. അങ്ങനെയായാല്‍ അവന്റെ യാഥാര്‍ത്ഥ്യം അന്വേഷണം കൂടാതെ അവര്‍ക്കു വിശ്വസിക്കാമല്ലോ. ദാനീയേല്‍ 7-ാം അദ്ധ്യായത്തിന്റെ ദൈവശാസ്ത്രപരമായ വ്യാഖ്യാനം അവര്‍ക്കറിയാമായിരുന്നു. അവിടെ മശീഹയുടെ നാമം മനുഷ്യപുത്രന്‍ എന്നും സര്‍വ്വലോകത്തിന്റെയും ന്യായാധിപതിയെന്നുമാണ്. എന്നാല്‍ അവര്‍ അപ്പോഴും ദൈവികപുത്രത്വത്തെക്കുറിച്ചുള്ള അവകാശവാദം അവനില്‍നിന്നു കേള്‍ക്കാനാഗ്രഹിച്ചു. അവര്‍ ഇങ്ങനെ ചെയ്തതു വിശ്വസിക്കാനൊന്നുമല്ല, അവന്റെ അവകാശവാദം ഉപരിപ്ളവമായൊന്നു സമ്മതിക്കാന്‍വേണ്ടിയാണ്. അവരില്‍ ചിലര്‍ ശത്രുക്കളായിരുന്നു. താന്‍ മനുഷ്യപുത്രനാണെന്ന് അവന്‍ വിശദീകരിച്ചു പറഞ്ഞാല്‍ ദൈവദൂഷണക്കുറ്റം ചുമത്തി അവനെ കുടുക്കാമെന്നായിരുന്നു അവരുടെ ആഗ്രഹം. ആ അന്വേഷകര്‍ക്കു യുക്തിപരമായ നിലകളിലല്ല യേശു തന്നെത്തന്നെ വെളിപ്പെടുത്തിയത്. മറിച്ചു പരിശുദ്ധാത്മാവിനോടു പ്രതികരിച്ചുകൊണ്ട്, ദൈവപുത്രനാണു മനുഷ്യപുത്രനെന്ന് ഏറ്റുപറയുന്ന ലളിതവിശ്വാസികള്‍ക്കാണ് അവന്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. യുക്തിസഹമായ പ്രകടനത്തിനു മുമ്പുതന്നെ വിശ്വസിക്കുന്നവരാണ് അവര്‍.

യോഹന്നാന്‍ 12:35
35അതിനു യേശു അവരോട്: ഇനി കുറെക്കാലംമാത്രം വെളിച്ചം നിങ്ങളുടെയിടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്ളുവിന്‍. ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നുവെന്ന് അറിയുന്നില്ലല്ലോ.

യേശു ലോകത്തിന്റെ വെളിച്ചമാണ്. വെളിച്ചത്തെ സ്വീകരിക്കുന്നതിനു വിശദമായ വിവരണമൊന്നും വേണ്ട. അതു ബോദ്ധ്യമാണ്. കാരണം, സാധാരണക്കാര്‍ക്കു വെളിച്ചം കാണാനും അതിനെ ഇരുളില്‍നിന്നു വേര്‍തിരിച്ചറിയാനും കഴിയും. പകല്‍ ഉള്ളിടത്തോളം ഒരാള്‍ക്കു നടന്നോ ഓടിയോ യാത്ര ചെയ്യാം. രാത്രിയില്‍ നടക്കാനാവില്ല. സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ജോലി ചെയ്യാനും സജീവമായിരിക്കാനുമുള്ള സമയമാണ്. യേശു യഹൂദന്മാരോടു പറഞ്ഞത്, വേണമെങ്കില്‍ വെളിച്ചത്തിന്റെ ലോകത്തില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അല്പസമയംകൂടെ ശേഷിച്ചിരിക്കുന്നു. ആ സമയത്തിനു തീരുമാനം, സമര്‍പ്പണം, ഉറപ്പ് എന്നിവ ആവശ്യമുണ്ട്.

എന്നാലും, വെളിച്ചത്തെ നിരസിക്കുന്നവന്‍ ഇരുട്ടില്‍ കഴിയുന്നവനും അവന്റെ വഴി അറിയാത്തവനുമാണ്. ഇതു യേശു യഹൂദന്മാരോടു മുന്‍കൂട്ടി അറിയിച്ചതാണ്. അതായത്, അവര്‍ വഴിയോ ലക്ഷ്യമോ പ്രത്യാശയോ ഇല്ലാതെ ഇരുട്ടില്‍ അലയും. ഈ ഇരുട്ടിനെ നമുക്കു ചുറ്റുമുള്ള ഭൌമിക ഇരുട്ടുമായി കുഴങ്ങിപ്പോകരുത്. ഇതു മനുഷ്യനിലുള്ള ദുരാത്മാവ് ഉളവാക്കുന്ന ആന്തരിക ഇരുട്ടാണ്. ഇങ്ങനെയുള്ള വ്യക്തി ജീവിതകാലം മുഴുവന്‍ ഇരുട്ടിലായിരിക്കും. ക്രിസ്തുവിനു വഴങ്ങാത്ത വ്യക്തിയെ ഇരുട്ടു പിടിച്ചടക്കുന്നു. നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നുണ്ടോ, എന്തുകൊണ്ടാണു ചില "ക്രിസ്തീയ രാഷ്ട്രങ്ങള്‍ ഇരുട്ടിന്റെ ഉറവിടങ്ങളായി ലോകത്തിലുള്ളതെന്ന്? "ക്രിസ്ത്യാനിയായി ജനിച്ച ആരും അവരുടെ ജീവിതം ക്രിസ്തുവിനു വിധേയപ്പെടുത്തുന്നില്ല. വീണ്ടും ജനിച്ച കുറച്ചു ക്രിസ്ത്യാനികളുണ്ട്. വെളിച്ചത്തിന്റെ ലോകത്തില്‍ പ്രവേശിക്കാത്ത ആരെയും ഇരുട്ടു കീഴടക്കുന്നു. നിങ്ങളുടെ മാതാപിതാക്കളില്‍നിന്നു യാന്ത്രികമായി സുവിശേഷത്തിന്റെ അനുഗ്രഹങ്ങള്‍ അവകാശമാക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇതു സ്വീകരിക്കേണ്ടതും, ഇതിനോടു പ്രതികരിക്കേണ്ടതും, ക്രിസ്തുവിനു വിധേയപ്പെടേണ്ടതും നിങ്ങളാണ്.

യോഹന്നാന്‍ 12:36
36നിങ്ങള്‍ വെളിച്ചത്തിന്റെ മക്കള്‍ ആകേണ്ടതിനു വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തില്‍ വിശ്വസിക്കുവിന്‍ എന്നു പറഞ്ഞു.

ക്രിസ്തുവുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങള്‍ക്കു സമൂലമായി മാറ്റമുണ്ടാക്കും. ആണവരശ്മികളെക്കാള്‍ ശക്തിയേറിയ ദൈവതേജസ്സിന്റെ കിരണങ്ങള്‍ സുവിശേഷം നിങ്ങളില്‍ ചൊരിയും. ആണവകിരണങ്ങള്‍ നാശമുണ്ടാക്കുമ്പോള്‍, ക്രിസ്തുവിന്റെ കിരണങ്ങള്‍ നമ്മില്‍ നിത്യജീവന്‍ ഉളവാക്കുന്നു. അങ്ങനെ ആ വിശ്വാസി വെളിച്ചത്തിന്റെ സന്തതിയും, അനേകര്‍ക്കു വെളിച്ചഗോ പുര (lighthouse)വുമായിത്തീരുന്നു. സത്യവും പരിശുദ്ധിയും സ്നേഹവുംകൊണ്ടു നിറഞ്ഞ ക്രിസ്തുവിന്റെ ആശ്ളേഷണത്തിന്റെ വിശാലതയില്‍ നിങ്ങള്‍ പ്രവേശിച്ചിട്ടുണ്ടോ? നിങ്ങളുടെ ഇരുട്ടില്‍നിന്നു യേശുവിന്റെ ആശ്ചര്യകരമായ വെളിച്ചത്തിലേക്കു പ്രവേശിക്കാനും വിശുദ്ധരായിരിക്കാനുമായി അവന്‍ നിങ്ങളെ വിളിക്കുന്നു.

യെരൂശലേമിലേക്കു പ്രവേശിക്കുന്നതിനു മുമ്പായി ഈ പ്രസംഗം കഴിച്ചശേഷം, റോമാക്കാരെയോ ഹെരോദാവിനെയോ ബലപ്രയോഗംകൊണ്ട് ആക്രമിക്കുമെന്ന ശക്തിയല്ല അവന്‍ ഉദ്ദേശിച്ചത്. അവന്റെ യുദ്ധം കഴിഞ്ഞു, ലോകത്തിന്റെ ന്യായവിധി അടുത്തുവന്നു കഴിഞ്ഞു. വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; വിശ്വാസികള്‍ രക്ഷ പ്രാപിക്കുകയും അവിശ്വാസികള്‍ നശിച്ചുപോകുകയും ചെയ്യും. സ്വര്‍ഗ്ഗനരകങ്ങള്‍ തമ്മിലുള്ള സംഘട്ടനം അതിന്റെ പരമകാഷ്ഠയിലെത്തി. ദൈവം ആരെയും നിര്‍ബ്ബന്ധിച്ചു വിശ്വസിപ്പിക്കുന്നില്ല. നിങ്ങള്‍ വെളിച്ചത്തിന്റെ ഒരു മകന്‍/മകള്‍ ആയിട്ടുണ്ടോ, അതോ ഇരുട്ടിന്റെ അടിമയായിത്തുടരുകയാണോ?

പ്രാര്‍ത്ഥന: യേശുനാഥാ, ലോകത്തിന്റെ വെളിച്ചമായി നിന്നെത്തന്നെ നീ വെളിപ്പെടുത്തിയതിനായി നിനക്കു നന്ദി. നിന്റെ കരുണയുടെ പ്രകാശകിരണങ്ങളിലേക്കു ഞങ്ങളെ അടുപ്പിക്കണമേ, ഞങ്ങളെ കരുണയുള്ളവരാക്കണമേ. പണം, അധികാരം, ലൌകികവിജയങ്ങള്‍ എന്നിവയില്‍നിന്നു ഞങ്ങളുടെ നോട്ടം വഴിതിരിച്ചുവിടണമേ. അങ്ങനെ നിന്നെ പ്രായോഗികമായി ഞങ്ങള്‍ അനുഗമിക്കാനും നിന്റെ വെളിച്ചത്തിന്റെ മക്കളായി വസിക്കാനും ഇടവരുമല്ലോ.

ചോദ്യം:

  1. നാം വെളിച്ചത്തിന്റെ മക്കളായിത്തീരുകയെന്നാല്‍ അര്‍ത്ഥം എന്താണ്?

www.Waters-of-Life.net

Page last modified on May 11, 2012, at 12:45 PM | powered by PmWiki (pmwiki-2.3.3)