Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 024 (The cross)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?
2. യേശു നിക്കോദേമോസുമായി സംസാരിക്കുന്നു (യോഹന്നാന്‍ 2:23-3:21)

c) ക്രൂശ്, വീണ്ടും ജനനത്തിന്റെ ഹേതു (യോഹന്നാന്‍ 3:14-16)


യോഹന്നാന്‍ 3:14-16
14മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു. 15അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിനു തന്നെ. 16തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏതൊരാളും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുന്നിടത്തോളം ലോകത്തെ അത്രയ്ക്കു സ്നേഹിച്ചു.

യേശു നിക്കോദേമോസിനെ തുടര്‍ന്നും ഉപദേശിച്ചു. യഥാര്‍ത്ഥ അനുതാപം, മനസിന്റെ മാറ്റം, മനുഷ്യരാശിക്കുവേണ്ടി പ്രായശ്ചിത്തമരണം വരിച്ച ക്രിസ്തുവിലുള്ള വിശ്വാസം എന്നിവ കൂടാതെ ആത്മീയജനനം പൂര്‍ണ്ണമാകുന്നില്ല. യേശു നിക്കോദേമോസിന് ഈ പ്രമാണങ്ങള്‍ വ്യക്തമാക്കിയതു യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു സംഭവം പരാമര്‍ശിച്ചുകൊണ്ടാണ്.

സീനായ് മരുഭൂമിയിലൂടെ സഞ്ചരിച്ചവര്‍ ദൈവത്തിനെതിരായി പിറുപിറുത്തു, അവന്റെ മാര്‍ഗ്ഗദര്‍ശനത്തോടു മത്സരിച്ചു (സംഖ്യാപുസ്തകം 21:4-9). തത്ഫലമായി, അവരെ കടിക്കുന്നതിനു ദൈവം അഗ്നിസര്‍പ്പങ്ങളെ അയച്ച് അവരുടെ മെരുക്കമില്ലായ്മയെ ശിക്ഷിച്ചു; അതിന്റെ ഫലമായി ഏറെയാളുകള്‍ മരിച്ചുപോയി.

അപ്പോഴാണു ചിലര്‍ തങ്ങളുടെ പാപമെന്തെന്നു മനസ്സിലാക്കിയത്, ദൈവക്രോധം വിട്ടുമാറുന്നതിന്, ദൈവവുമായി മദ്ധ്യസ്ഥത ചെയ്യാന്‍ അവര്‍ മോശെയോടു യാചിച്ചു. ദൈവന്യായവിധിയുടെ പ്രതീകമായി ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം മോശെയോടു കല്പിച്ചു. മോശെ ഇത് ഉയര്‍ത്തിയപ്പോള്‍ ദൈവക്രോധം ശമിച്ചുവെന്നതിന്റെ തെളിവായി. ഈ അടയാളത്തെ നോക്കുകയും, ദൈവകൃപയില്‍ വിശ്വസിക്കുകയും ചെയ്തവരൊക്കെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുകയും സര്‍പ്പവിഷത്തില്‍നിന്നുള്ള സൌഖ്യം പ്രാപിക്കുകയും ചെയ്തു.

ഹവ്വയുടെ പ്രലോഭനം മുതല്‍, സര്‍പ്പം തിന്മയുടെ പ്രതീകമായിത്തീര്‍ന്നു. യേശു വന്നപ്പോള്‍ അവന്‍ മനുഷ്യരാശിയുടെ പാപം വഹിച്ചു. അങ്ങനെ ഒരു പാപവും നമുക്കു പാപമായിത്തീര്‍ന്നില്ലായെന്ന് അവനറിഞ്ഞു. മരുഭൂമിയിലുയര്‍ത്തിയ, വിഷമില്ലാത്ത പിച്ചളസര്‍പ്പംപോലെയാണു യേശു, നമ്മുടെ പാപം വഹിക്കുമ്പോഴും അവന്‍ പാപമറിയാത്തവനായിരുന്നു.

തേജോരൂപിയായിട്ടല്ല ദൈവപുത്രന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത്, മറിച്ചു മനുഷ്യപുത്രനെന്ന നിലയില്‍ താഴ്മയോടെയാണ്. മുറിവുകളും വേദനയും സഹിച്ചു, ന്യായപ്രമാണത്തിന്റെ ശാപം വഹിച്ചു. മനുഷ്യരൂപത്തില്‍ നമുക്കു പകരമായി മരിക്കാന്‍ അവനു കഴിഞ്ഞു. 'മനുഷ്യപുത്രന്‍' അവനുതന്നെ വ്യത്യസ്തതയുടെ ഒരടയാളമായി. ദൈവക്രോധം നീങ്ങിപ്പോയതിന്റെ പ്രതീകമായി സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, ക്രൂശിക്കപ്പെട്ട ക്രിസ്തുവും ദൈവക്രോധം ശമിച്ചതിന്റെ പ്രതീകമായി മാറുന്നു. അവന്റെ മരണത്തിലൂടെ നാം സ്വതന്ത്രരാകേണ്ടതിനു നമ്മുടെ പാപമെല്ലാം അവന്റെമേല്‍ വെച്ചു.

മരുഭൂമിയില്‍ ഉയര്‍ത്തപ്പെട്ട സര്‍പ്പത്തെ ആരു നോക്കി, ദൈവവാഗ്ദത്തത്തില്‍ വിശ്വസിക്കുന്ന ആരായാലും, സര്‍പ്പവിഷത്തില്‍നിന്നുള്ള സൌഖ്യം പ്രാപിച്ചു. കൃപയുടെ ഈ അടയാളത്തിലുള്ള വിശ്വാസം, വിശ്വസിക്കുന്നവര്‍ക്കു ജീവദായകയും രക്ഷയുമായിരുന്നു. ക്രൂശിലേക്കു നോക്കുകയും ക്രൂശിനോടു പറ്റിച്ചേരുകയും ചെയ്യുന്നതാരായാലും അവര്‍ക്കു നിത്യജീവന്‍ ലഭിക്കുന്നു. പൌലോസ് എഴുതുന്നു, "ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു." അവന്റെ മരണം എന്റേതാണ്, അവന്റെ ജീവനും അങ്ങനെതന്നെയാണ്. ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ ആരായാലും അവര്‍ നീതീകരിക്കപ്പെട്ടിരിക്കുകയാണ്, അവര്‍ അവനോടുകൂടെ എന്നേക്കും ജീവിക്കുകയും ചെയ്യും. ഈ ബന്ധം നമുക്കു നല്‍കുന്നത് അവന്റെ പുനരുത്ഥാനത്തിന്റെ കൂട്ടായ്മയുമാണ്.

ശിക്ഷവിധിക്കപ്പെട്ടവരായ നമ്മള്‍, രക്ഷയ്ക്കായി യേശുവിന്റെ ക്രൂശിലേക്കു നോക്കണം. അവന്‍ നമ്മില്‍ ഒരു പുതുജനനം ഉളവാക്കുന്നു. ക്രൂശിക്കപ്പെട്ടവന്‍ മൂലമല്ലാതെ മറ്റൊരു മാര്‍ഗ്ഗം ദൈവത്തിലേക്കില്ല. അതുകൊണ്ടാണ് ഈ രണ്ടു പ്രമാണങ്ങളെ സാത്താന്‍ രാപകല്‍ തീവ്രമായി ആക്രമിക്കുന്നത്: ദൈവിക പുത്രത്വവും ക്രൂശീകരണവുമാണവ. പക്ഷേ, ലോകത്തിന്റെ രക്ഷ നിലനില്‍ക്കുന്നത് ഇവയുടെ മേലാണ്.

ദൈവം സ്നേഹമാണ്; അവന്റെ കരുണ സമുദ്രംപോലെയാണ്. ദൈവമില്ലാത്ത നമ്മുടെ ലോകത്തെ, അവന്‍ സ്നേഹിച്ചതിനാല്‍ തള്ളിക്കളഞ്ഞില്ല, മറിച്ചു തുടര്‍ന്നും നമ്മെ സ്നേഹിക്കുന്നു. പാപികളായ മത്സരികളെ തള്ളിക്കളയാതെ അവന്‍ കരുണ കാട്ടി. അവന്റെ പുത്രന്റെ യാഗം, നമ്മുടെ രക്ഷയുടെ നീതീകരണത്തിനായുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റി, പുത്രനിലല്ലാതെ മറ്റാരിലും രക്ഷയില്ല.

സഹോദരാ, സഹോദരീ, ഒരു സുഹൃത്തിനുവേണ്ടി ആയിരം രൂപ നിങ്ങള്‍ ത്യജിക്കുമോ? അയാള്‍ക്കു പകരം താങ്കള്‍ ജയിലിലേക്കു പോകുമോ? പകരം മരിക്കാന്‍ തുനിയുമോ? അയാളെ സ്നേഹിക്കുന്നെങ്കില്‍ അങ്ങനെ ചെയ്തേക്കാം. പക്ഷേ അയാള്‍ താങ്കളുടെ ശത്രുവാണെങ്കില്‍ ഒരിക്കലും താങ്കളങ്ങനെ ചെയ്യുകില്ല. കുറ്റവാളികളെ രക്ഷിക്കുന്നതിനായി സ്വന്തപുത്രനെ ബലിയര്‍പ്പിച്ച ദൈവസ്നേഹത്തിന്റെ ശ്രേഷ്ഠതയാണ് ഇതു കാണിക്കുന്നത്.

ലോകത്തിന്റെ രക്ഷ ക്രിസ്തു ക്രൂശില്‍ നിറവേറ്റി. നമുക്കെല്ലാവര്‍ക്കും യേശുവിന്റെ ബലി ആവശ്യമാണ്. സംസ്കാരമുള്ളവരും അല്ലാത്തവരും, മര്യാദക്കാരും പരുക്കന്മാരും, ധനികരും ദരിദ്രരും, മൂല്യമുള്ളവരും ഇല്ലാത്തവരും എന്നുതുടങ്ങി ആരും തന്നെ നീതിമാന്മാരല്ല. ലോകത്തെ പിതാവിനോടു ക്രിസ്തു അനുരഞ്ജിപ്പിച്ചു.

ക്രൂശിക്കപ്പെട്ടവനില്‍ വിശ്വസിച്ചവരൊഴികെ മറ്റുള്ളവരാരുംതന്നെ ഈ സത്യം ഗ്രഹിച്ചിട്ടില്ലെന്നതു കഷ്ടമാണ്. രക്ഷകനുമായുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ ബന്ധമാണു നിങ്ങളുടെ രക്ഷ നിശ്ചയിക്കുന്നത്. വിശ്വാസം കൂടാതെ നിങ്ങള്‍ തുടര്‍ന്നും ദൈവക്രോധത്തിന്‍കീഴിലായിരിക്കും. ദൈവത്തിന്റെ പരിശുദ്ധിയുടെ വെളിച്ചത്തില്‍ നിങ്ങളുടെ പ്രവൃത്തികള്‍ സത്യസന്ധമല്ലാത്തവയും വൃത്തികെട്ടവയുമാണ്. ന്യായപ്രമാണം പാലിക്കുന്ന, ഉപദേഷ്ടാവായ നിക്കോദേമോസ് ഈ വാക്കുകള്‍ കേള്‍ക്കേണ്ടിയിരുന്നു, അത് അവനെ സ്തബ്ധനാക്കി.

ക്രൂശിന്റെ രക്ഷ ആരൊക്കെ സ്വീകരിക്കുമോ, നിന്ദ്യമായ മരത്തില്‍ തൂക്കപ്പെട്ട (ഉയര്‍ത്തപ്പെട്ട) പുത്രനില്‍ ആരൊക്കെ വിശ്വസിക്കുമോ, അവര്‍ ജീവിക്കുകയും ദൈവവുമായി അകലാതിരിക്കുകയും ചെയ്യും. യേശു നല്‍കിയ ക്ഷമയ്ക്കായി താങ്കള്‍ അവനു നന്ദി പറഞ്ഞിട്ടുണ്ടോ? അവനായി താങ്കളുടെ ജീവിതം സമര്‍പ്പിച്ചിട്ടുണ്ടോ?

ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ആരായാലും ജീവിക്കും; ക്രിസ്തുവില്‍ വസിക്കുന്നവര്‍ ആരുംതന്നെ ഒരിക്കലും മരിക്കുകയില്ല. ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ ആരായാലും അവര്‍ക്കു നിത്യജീവനുണ്ട്. പരിശുദ്ധാത്മാവിന്റെ അധിവാസം വിശ്വാസം നമുക്ക് ഉറപ്പു നല്‍കുന്നു. 14-16 വരെയുള്ള വാക്യങ്ങളുടെ അര്‍ത്ഥത്തിന്റെ ആഴം നിങ്ങള്‍ ഗ്രഹിച്ചാല്‍, അതില്‍നിന്നു തന്നെ സുവിശേഷത്തിന്റെ സാരം നിങ്ങള്‍ക്കു കണ്ടെത്താം.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയ പിതാവേ, നിന്റെ അനന്തമായ സ്നേഹത്തിനായി ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. ഞങ്ങള്‍ക്കു പകരമായി മരിക്കാന്‍ നീ നിന്റെ ഏകപുത്രനെ തന്നുവല്ലോ. അവന്‍ ഞങ്ങളുടെ പാപങ്ങളും ശിക്ഷയും വഹിച്ച്, ഞങ്ങളെ നിന്റെ ക്രോധത്തില്‍നിന്നു വിടുവിച്ചു. ഞങ്ങള്‍ ക്രൂശിലേക്കു നോക്കുന്നു, ആശ്രയിക്കുന്നു, സ്തുതിക്കുന്നു, നന്ദി കരേറ്റുന്നു. ഞങ്ങളുടെ പാപങ്ങള്‍ നീ ക്ഷമിച്ച്, ലോകത്തെ നിന്നോട് അനുരഞ്ജിപ്പിച്ചു. ഈ സന്ദേശം മറ്റുള്ളവരെ അറിയിക്കാന്‍ ഞങ്ങളെ സഹായിച്ചാലും. അങ്ങനെയവര്‍ ഞങ്ങളുടെ വചനമായ യേശുക്രിസ്തുവിലൂടെ നിത്യജീവന്‍ പ്രാപിക്കട്ടെ.

ചോദ്യം:

  1. എങ്ങനെയാണു മരുഭൂമിയിലെ പിച്ചളസര്‍പ്പത്തോടു ക്രിസ്തു സാദൃശ്യമാകുന്നത്?

www.Waters-of-Life.net

Page last modified on May 09, 2012, at 12:54 PM | powered by PmWiki (pmwiki-2.3.3)