Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 023 (Need for a new birth)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?
2. യേശു നിക്കോദേമോസുമായി സംസാരിക്കുന്നു (യോഹന്നാന്‍ 2:23-3:21)

b) പുതുജനനത്തിന്റെ ആവശ്യം (യോഹന്നാന്‍ 3:1-13)


യോഹന്നാന്‍ 3:6-8
6ജഡത്താല്‍ (ശരീരം) ജനിച്ചതു ജഡം (ശരീരം) ആകുന്നു; ആത്മാവിനാല്‍ ജനിച്ചത് ആത്മാവാകുന്നു. 7നിങ്ങള്‍ പുതുതായി ജനിക്കണം എന്നു ഞാന്‍ നിന്നോടു പറയുകയാല്‍ ആശ്ചര്യപ്പെടരുത്. 8കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നുവെന്നും എവിടേക്കു പോകുന്നുവെന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവനെല്ലാം അതുപോലെയാകുന്നു എന്ന് ഉത്തരം പറഞ്ഞു.

എല്ലാവരിലും സമൂലമായ മാറ്റമുണ്ടാകേണ്ടത് ആവശ്യമാണെന്നു നിക്കോദേമോസിനോടു യേശു പറഞ്ഞു. ജഡവും (ശരീരം) ആത്മാവും തമ്മിലുള്ള വ്യത്യാസംപോലെതന്നെ വലുതാണ് ആ രൂപാന്തരം. വീഴ്ചപറ്റി ദൈവത്തില്‍നിന്ന് അന്യമായിപ്പോയ മനുഷ്യപ്രകൃതത്തെയാണു പുതിയനിയമത്തില്‍ 'ജഡം' എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്. അതു നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതു ശരീരത്തെ മാത്രമല്ല ഉദ്ദേശിക്കുന്നത്, മറിച്ചു മത്സരികളായവരുടെ മനസ്സിനെയും ആത്മാവിനെയുമാണു കുറിക്കുന്നത്. യേശു ചൂണ്ടിക്കാണിച്ചതുപോലെ, "ദുശ്ചിന്തകള്‍ പുറപ്പെടുവിക്കുന്ന ഹൃദയം" - തികച്ചും തെറ്റിപ്പോയ സ്ഥിതിവിശേഷമാണിത്. ദൈവരാജ്യപ്രവേശനം ആരുംതന്നെ അര്‍ഹിക്കുന്നില്ല. മനുഷ്യന്‍ ജന്മനാ ദുഷ്ടനാണ്, ദുഷ്ടതയുടെ ഉറവിടവുമാണ്.

"ആത്മാവ്" പരിശുദ്ധാത്മാവാണ്. ദൈവത്തിന്റെ സ്വയവും നിറഞ്ഞ സത്യവും, പരിശുദ്ധി, സത്യം, സ്നേഹം എന്നിവയുമാണത്. ദൈവം ദുഷ്ടനെ തുച്ഛീകരിക്കുന്നില്ല, മറിച്ച് "ജഡത്തിന്റെ" പ്രമാണത്തെ ക്രിസ്തുവില്‍ ജയിച്ചിരിക്കുകയാണ്. രണ്ടാം ജനനത്തിന്റെ ഉദ്ദേശ്യത്തെയാണ് ഇതു കാണിക്കുന്നത്. നമ്മിലുള്ള ആത്മാവു ജഡികമോഹങ്ങളെ നശിപ്പിക്കുന്നു. അങ്ങനെ നമ്മുടെ വിളിക്കനുസൃതമായി നാം ജീവിക്കും. താങ്കള്‍ വീണ്ടും ജനിച്ചയാളാണോ, ജഡത്തിന്റെ സ്വേച്ഛാധിപത്യത്തില്‍നിന്നു സ്വാതന്ത്യ്രം പ്രാപിച്ചിട്ടുണ്ടോ?

മൂന്നാമത്തെ സന്ദര്‍ഭത്തില്‍ യേശു നിക്കോദേമോസിനോടു സൌമ്യമായി സംസാരിച്ചു, "അബ്രാഹാമിന്റെ സന്തതികളായ നീയും നിന്റെ സംഘാംഗങ്ങളുമെല്ലാം പുതുതായി ജനിച്ചേ തീരൂ." ഇതൊരു കടപ്പാടാണ്, പവിത്രമായ ഒരു ധര്‍മ്മമാണ്. സഹോദരാ, സഹോദരീ, ക്രിസ്തു പറഞ്ഞ ഈ "തീര്‍ച്ചയായും" (must) എന്ന പദം അടിയന്തരപ്രാധാന്യമുള്ളതാണ്. സമൂലമായ ഒരു പുതുക്കം കൂടാതെ താങ്കള്‍ക്കു ദൈവത്തെ അറിയാന്‍ കഴിയില്ല, ഒരിക്കലും ദൈവരാജ്യത്തില്‍ പ്രവേശിക്കാനും സാദ്ധ്യമല്ല.

കാറ്റിന്റെ ഇരമ്പല്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? കാറ്റുണ്ടാകുന്നതുപോലെയാണു വീണ്ടും ജനിക്കുന്നത്. ശൂന്യതയില്‍ വരുന്ന കാറ്റ് അവിടേക്കുതന്നെ പോകുന്നു. ഇതുപോലെ ദൈവമക്കള്‍ ഉയരത്തില്‍നിന്നു ജനിക്കുന്നവരും അവരു പിതാവിലേക്കു മടങ്ങിപ്പോകുകയും ചെയ്യുന്നവരാണ്. കാറ്റിന്റെ ശബ്ദമാണു കാറ്റുണ്ടെന്നു സൂചിപ്പിക്കുന്നത്.

വീണ്ടും ജനിച്ചവരിലുള്ള വ്യക്തമായ ശബ്ദം, അവരിലൂടെ സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദമാണ്. മനുഷ്യമനസ്സുകളില്‍നിന്നുളവാകുന്ന സ്വാഭാവികശബ്ദമല്ല നമ്മുടേത്. ഈ ലോകത്തിന് അപ്പുറത്തുനിന്നാണു പരിശുദ്ധാത്മാവു വരുന്നത് - അതു വിശ്വാസിയില്‍ ദൈവശക്തിയുടെ ശബ്ദമെന്ന നിലയിലാണ്. അവന്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇറങ്ങിയിട്ടുണ്ടോ?

യോഹന്നാന്‍ 3:9-13
9നിക്കോദേമോസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. 10യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ? 11ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നതു പ്രസ്താവിക്കുകയും കണ്ടതു സാക്ഷീകരിക്കുകയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ കൈക്കൊള്ളുന്നില്ലതാനും. 12ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, സ്വര്‍ഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല്‍ എങ്ങനെ വിശ്വ സിക്കും? 13സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നവനായി, സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന വനായ മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍ കയറീട്ടില്ല.

ക്രിസ്തുവിന്റെ വിശദീകരണത്തില്‍, നിക്കോദേമോസിനു പരിശുദ്ധാത്മാവിന്റെ തഴുകല്‍ അനുഭവപ്പെട്ടു. ദൈവപുത്രന്റെ ആകര്‍ഷണം അദ്ദേഹത്തിന്റെ ഹൃദയത്തിലറിഞ്ഞു. എന്നാല്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കാനോ, സത്യത്തിന്റെ ആഴങ്ങള്‍ പിടിച്ചെടുക്കാനോ അദ്ദേഹത്തിന്റെ മനസ്സിനു കഴിഞ്ഞില്ല. "അത്തരം ജനനം നടക്കുന്നത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ"യെന്ന് അവന്‍ പിറുപിറുത്തു. പരാജയം സമ്മതിച്ചുള്ള ഒരു ഏറ്റുപറച്ചിലായിരുന്നു അത്. യേശു പിന്നെയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി, "അതെ, നീയൊരു ബഹുമാന്യനായ ഉപദേഷ്ടാവാണ്. ഞാനുമായി സംസാരിക്കാന്‍ തുനിയാതെ, എന്നെക്കാള്‍ ഉയര്‍ന്നവരും യോഗ്യരുമെന്നു മറ്റുള്ളവര്‍ കരുതിയപ്പോള്‍ നീ എന്റെയടുക്കല്‍ വന്നു. നീ അവരെക്കാള്‍ ശ്രേഷ്ഠനാണ്; എന്നാലും, പരിശുദ്ധാത്മാവിന്റെ ഉദ്ദേശ്യങ്ങള്‍ എന്തൊക്കെയാണെന്നു നിനക്കുപോലും അറിഞ്ഞുകൂടാ. ന്യായപ്രമാണം പാലിക്കാനുള്ള നിങ്ങളുടെ പ്രയത്നങ്ങളും ആരാധനയും അര്‍പ്പണങ്ങളുമെല്ലാം വ്യര്‍ത്ഥമാണ്. ദൈവരാജ്യത്തിന്റെ ലളിതമായ പ്രമാണങ്ങള്‍ നിനക്കറിഞ്ഞുകൂടാ."

മൂന്നാമതായി യേശു സംസാരിച്ചതു നിര്‍ണ്ണായകമായിരുന്നു, "ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു." ഇങ്ങനെ പറയുമ്പോഴൊക്കെ ഒരു പുതിയ വെളിപ്പാട് യേശു അറിയിക്കാറുണ്ട്. നമ്മുടെ മനസ്സിനു ഗ്രഹിക്കാന്‍ താമസമായതുകൊണ്ടാണ് ഈ ശൈലി ഉപയോഗിക്കുന്നത്.

നിക്കോദേമോസിന്റെ പഠനത്തിലെ പുതിയ ഘട്ടം എന്തായിരുന്നു? ഏകവചനമായ 'ഞാന്‍' എന്നതില്‍നിന്നു ബഹുവചനമായ "നാം/ഞങ്ങള്‍" എന്നതിലേക്കു ക്രിസ്തു മാറി. ആത്മാവിന്റെ ശബ്ദത്തോടു ക്രിസ്തു തന്നെത്തന്നെ ബന്ധിപ്പിക്കുകയാണ്. ദൈവത്തോടുകൂടെയിരിക്കുന്നവനും അവന്റെ വചനം ജഡമായി അവതരിച്ചതുമാണു ക്രിസ്തു. എല്ലാവരും അംഗീകരിക്കാത്ത ഒരു സത്യമാണു ക്രിസ്തു പഠിപ്പിക്കുന്നത്. ആത്മാവുമായുള്ള കൂട്ടായ്മയില്‍ അവന്‍ നിരീക്ഷിക്കുന്ന കാര്യങ്ങളാണ് അവന്‍ സാക്ഷീകരിക്കുന്നത്. അങ്ങനെ ഈ സാക്ഷ്യം നാം അംഗീകരിക്കുകയും അതു വിശ്വസിക്കുകയും ചെയ്യുന്നു.

എല്ലാവരെക്കാളും നന്നായി അവനറിഞ്ഞതെന്താണ്? അവന്‍ ദൈവത്തെ അറിയുകയും അവനെ പിതാവെന്നു വിളിക്കുകയും ചെയ്തു. ആത്മാവില്ലാത്ത നേതാക്കന്മാരുടെ മുന്‍വിധിയുള്ള മനസ്സില്‍ ഈ മര്‍മ്മമൊന്നും കയറിയില്ല. ക്രിസ്തു പിതാവില്‍നിന്നു വന്നു, പിതാവിലേക്കു മടങ്ങി; സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി, സ്വര്‍ഗ്ഗത്തിലേക്കു കരേറി. യേശുവില്‍ ദൈവത്തിന്റെ ആത്മാവു ശരീരമായ(ളഹലവെ)പ്പോള്‍, ദൈവവും മനുഷ്യനും തമ്മിലുള്ള വേര്‍പാടിന് അവസാനമായി, ആ പിളര്‍പ്പിനെ ജയിക്കുകയും ചെയ്തു. നിത്യനായവന്‍ ഇനിമേല്‍ ദൂരെയിരിക്കുന്നവനും ഭയപ്പെടേണ്ടുന്നവനുമല്ല, മറിച്ച് അടുത്തിരിക്കുന്നവനും ആര്‍ദ്രതയുള്ളവനുമാണ്. ദൈവത്തിന്റെ സത്യത്തോടുള്ള ഈ സാക്ഷ്യം മനുഷ്യന്‍ ഗ്രഹിക്കാത്തതു കഷ്ടമാണ്. ആത്മാവില്‍നിന്നു ജനിച്ചവനും പിതാവും തമ്മിലുള്ള ഐക്യം അവര്‍ ഗ്രഹിച്ചില്ല; വിശ്വസിക്കാന്‍ അവര്‍ വിസമ്മതിക്കുന്നതുകൊണ്ടോ, അവരുടെ പാപാവസ്ഥ ഏറ്റുപറയാത്തതുകൊണ്ടോ ആയിരിക്കാം അത്. വീണ്ടും ജനനത്തിന്റെ ആവശ്യം ഗ്രഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അവര്‍ നല്ലവരും മതിയായ ബുദ്ധിയുള്ളവരുമാണെന്നു ചിന്തിച്ചു തന്നെത്താന്‍ വഞ്ചിക്കപ്പെട്ടുപോയി. പരിശുദ്ധത്രിത്വത്തിന്റെ ഐക്യതയെന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിലേക്കു സ്വയംപര്യാപ്തത അവരെ നയിക്കുകയില്ലെന്ന് അവര്‍ അറിയണമായിരുന്നു.

പ്രാര്‍ത്ഥന: പിതാപുത്രപരിശുദ്ധാത്മാവേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. നീ ഞങ്ങളെ സ്നേഹിച്ച്, ഞങ്ങളെ പുതുക്കി ഞങ്ങളെ നിന്റെ സത്യത്തിന്റെ മക്കളാക്കിത്തീര്‍ത്തല്ലോ. ഞങ്ങളുടെ രാഷ്ട്രത്തിന്മേല്‍ നിന്റെ സത്യാത്മാവു വീശട്ടെ, അങ്ങനെ അനേകര്‍ രക്ഷിക്കപ്പെടട്ടെ, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയുംകുറിച്ചുള്ള സാക്ഷ്യം എമ്പാടും പരക്കട്ടെ, അനേകര്‍ വീണ്ടും ജനിക്കുന്നതിനുവേണ്ടി അതു ഞങ്ങളുടെ ഭാഷയില്‍ വ്യക്തമാക്കട്ടെ.

ചോദ്യം:

  1. വിശ്വാസികളില്‍ വീണ്ടും ജനനത്തിനുള്ള അടയാളങ്ങളെന്തെല്ലാം?

www.Waters-of-Life.net

Page last modified on May 09, 2012, at 12:45 PM | powered by PmWiki (pmwiki-2.3.3)