Previous Lesson -- Next Lesson
യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി
d) ക്രിസ്തുവിനെ തിരസ്കരിക്കുന്നതു ന്യായവിധി യിലേക്കു നയിക്കുന്നു (യോഹന്നാന്‍ 3:17-21)
യോഹന്നാന്‍ 3:17-21
17ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിക്കാനല്ല, ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ. 18അവനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു. 19ന്യായവിധിയെന്നതോ, വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതാകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചതു തന്നെ. 20തിന്മ പ്രവര്‍ത്തിക്കുന്നവനെല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിക്കാന്‍ വെളിച്ചത്തിലേക്കു വരുന്നതുമില്ല. 21സത്യം പ്രവര്‍ത്തിക്കുന്നവന്‍ തന്റെ പ്രവൃത്തി ദൈവത്തില്‍ ചെയ്തിരിക്കുകയാല്‍ അതു വെളിപ്പെടേണ്ടതിനു വെളിച്ചത്തിലേക്കു വരുന്നു.
മശീഹ, അവന്റെ ജാതിയിലെ (nation) രോഗബാധിതമായ വൃക്ഷങ്ങളെ മുറിച്ചുകളയുന്ന ന്യായവിധിയെപ്പറ്റിയാണു യോഹന്നാന്‍ സ്നാപകന്‍ പ്രസംഗിച്ചത്. എന്നാല്‍ യേശു നിക്കോദേമോസിനോടു പറഞ്ഞത് അവന്‍ തീകൊണ്ടു കത്തിക്കുന്നതിനല്ല, മറിച്ചു രക്ഷിക്കുന്നതിനാണു വന്നത്. നമ്മുടെ രക്ഷകന്‍ കരുണ നിറഞ്ഞവനാണ്. പ്രായശ്ചിത്തപാപപരിഹാരത്തിന്റെ രഹസ്യം മനസ്സിലാക്കിയ സ്നാപകന്‍, യേശുവിനെ വിളിച്ചതു ലോകത്തിന്റെ പാപം ചുമന്നൊഴിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെന്നായിരുന്നു.
ദൈവസ്നേഹത്തില്‍ ദൈവം തന്റെ പുത്രനെ അയച്ചതു യഹൂദന്മാര്‍ക്കു മാത്രമായിട്ടല്ല, മറിച്ചു മുഴുലോകത്തിനുംവേണ്ടിയായിരുന്നു. "ലോകം'' എന്ന പദം മൂന്നു പ്രാവശ്യം വാ. 17 ല്‍ കാണുന്നുണ്ട്. ജാതികളെ (യഹൂദേതരരെ) നായ്ക്കളായി പരിഗണിച്ചിരുന്ന യഹൂദന്മാര്‍ക്ക് ഇതൊരു ആഘാതമായിരുന്നു. പക്ഷേ അബ്രാഹാമിന്റെ സന്തതിയെപ്പോലെതന്നെ ദൈവം ജാതികളെയും സ്നേഹിച്ചു. എല്ലാവരും ന്യായവിധിക്ക് അര്‍ഹരാണ്. എന്നാല്‍ യേശു വന്നതു ലോകത്തെ കുറ്റം വിധിക്കാനല്ല, രക്ഷിക്കുന്നതിനാണ്. മനുഷ്യരാശിയുടെമേലുള്ള ദൈവത്തിന്റെ ന്യായവിധി വഹിക്കാന്‍, മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ അവന്‍ ക്രൂശില്‍ ഉയര്‍ത്തപ്പെട്ടു - അതായിരുന്നു തുടക്കം. ദൈവസ്നേഹം വര്‍ഗ്ഗീയമല്ല, അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്.
ഉള്ളില്‍ തറയ്ക്കുന്ന ഒരു പ്രസ്താവമാണ് അടുത്തത്: "പുത്രനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല." ഇങ്ങനെ ന്യായവിധിദിവസത്തെക്കുറിച്ചുള്ള എല്ലാ ഭയത്തെയും പുറത്താക്കിക്കളഞ്ഞു. അങ്ങനെ നാം അര്‍ഹിക്കുന്ന മരണത്തില്‍നിന്ന്, ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ വിടുവിക്കുന്നു. യേശുവില്‍ വിശ്വസിച്ചാല്‍ താങ്കള്‍ ന്യായവിധിയില്‍നിന്നു സ്വതന്ത്രനായി.
ക്രിസ്തുവിന്റെ രക്ഷ തള്ളിക്കളയുന്നവര്‍ കരുതുന്നത് അവര്‍ക്കത് ആവശ്യമില്ലായെന്നാണ്. അവര്‍ അന്ധരും, മൂഢരും, ദൈവദത്തമായ കൃപയില്‍നിന്ന് അകന്നവരുമാണ്. ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കാത്തവര്‍, പരിശുദ്ധാത്മാവിന്റെ പ്രകാശകിരണങ്ങളെ പുറത്താക്കുന്നു. ക്രിസ്തുവിന്റെ മരണത്തെ ദുഷിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നവന്‍, ദൈവത്തിനെതിരായി മത്സരിക്കുകയും ന്യായവിധി സ്വയം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. നമ്മുടെ പ്രവൃത്തികളെല്ലാം അപര്യാപ്തമാണ്, നാം ദൈവ തേജസ്സു നഷ്ടപ്പെടുത്തിയവരുമാണ്.
എന്തുകൊണ്ടാണു ചിലര്‍ രക്ഷ നിരസിക്കുന്നതെന്നു യേശു വിശദീകരിക്കുന്നു: അവര്‍ ദൈവത്തിന്റെ നീതിയെക്കാളധികം പാപത്തെ സ്നേഹിക്കുകയും, ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവില്‍നിന്ന് അകലുകയും ചെയ്യുന്നു. അങ്ങനെ അവര്‍ തങ്ങളുടെ പാപത്തോടു പറ്റിച്ചേരുന്നു. ക്രിസ്തു നമ്മുടെ ഹൃദയമറിയുന്നു, നമ്മുടെ ക്രൂരചിന്തകളുടെ മൂലകാരണവും അവനറിയാം. മനുഷ്യന്റെ പ്രവൃത്തികളെല്ലാം തിന്മയാണ്. ആരും നല്ലവരല്ല. ബാല്യം മുതല്‍ക്കേ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദുഷ്ടത നിറഞ്ഞവയാണ്. ഇക്കാര്യങ്ങളൊക്കെ നിക്കോദേമോസിനെ ആഴമായി സ്പര്‍ശിച്ചു. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ അഹംഭാവം ഇല്ലാതാക്കാനും അനുതാപത്തിലേക്ക് അദ്ദേഹത്തെ നയിക്കാനും ക്രിസ്തു സ്നേഹപൂര്‍വ്വം ഇവ മുഖവുരയായിപ്പറഞ്ഞു.
ക്രിസ്തുവില്‍ വിശ്വസിക്കാത്തവനും, തിന്മയെ സ്നേഹിച്ചു നന്മയെ ദ്വേഷിക്കുന്നവനും തന്റെ പാപത്തോടു പറ്റിച്ചേരുന്നു. മിക്കവരും കപടഭക്തരാണ്, ഭക്തിയുടെ പുഞ്ചിരിക്കു കീഴില്‍ പാപങ്ങള്‍ മറച്ചുവയ്ക്കുന്നവരാണ്. അറിയാതെയോ മനഃപൂര്‍വ്വമായോ അവര്‍ ക്രിസ്തുവിനെ വെറുക്കുന്നു. നിങ്ങളുടെ പാപങ്ങള്‍ യേശുവിനോട് ഏറ്റുപറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കു വീണ്ടും ജനിക്കാന്‍ കഴിയില്ല. ദൈവവെളിച്ചത്തിലേക്കു ഹൃദയം തുറക്കൂ, നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും; ദൈവകുഞ്ഞാടിലുള്ള വിശ്വാസം നിങ്ങളെ ശുദ്ധീകരിക്കുന്നു. അതുകൊണ്ടു നിങ്ങളെത്തന്നെ എളിമപ്പെടുത്തി നിങ്ങളുടെ കുറ്റം സമ്മതിക്കുക, ക്രിസ്തുവില്‍ വിശ്വസിക്കുക, നിങ്ങള്‍ എന്നേക്കും ജീവിക്കും.
വിശ്വാസം പ്രാവര്‍ത്തികമാക്കുന്നതിന്റെ അര്‍ത്ഥം ശരിചെയ്യുകയെന്നതാണ്. ദൈവത്തിന്റെ സത്യം അംഗീകരിക്കാനുള്ള ഈ സന്നദ്ധതയാണു നമ്മുടെ പുതുജനനത്തിന്റെ ലക്ഷണം. വെറും ബൌദ്ധികമായല്ലാതെ, സമ്പൂര്‍ണ്ണമായി ക്രിസ്തുവിന്റെ സത്യത്തിലേക്കു പ്രവേശിക്കുന്നവര്‍ ആരായാലും, ധാര്‍മ്മികമായി രൂപാന്തരം പ്രാപിക്കുന്നവരാണ്. കള്ളം പറയുന്നവര്‍ സത്യം പറയാന്‍ തുടങ്ങുന്നു, വക്രതയുള്ളവര്‍ നേരേയാകുന്നു, അവിശ്വസ്തര്‍ വിശ്വസ്തരാകുന്നു. അങ്ങനെ വീണ്ടും ജനിച്ചവര്‍ മുമ്പു നല്ലവരല്ലായിരുന്നു. ഇപ്പോള്‍ അവരുടെ കുറവുകള്‍ സമ്മതിച്ചവരാണ്. വിശ്വസ്തനായ ദൈവം അവര്‍ക്കു മാപ്പു നല്‍കി അവരില്‍ ശുദ്ധീകരണം ആരംഭിച്ചു. അവന്‍ അവര്‍ക്കു അവന്റെ ആത്മാവിന്റെ നല്ല പ്രവൃത്തികള്‍ ചെയ്യാനുള്ള സ്നേഹത്തിന്റെ ശക്തി നല്‍കി. സമാധാനത്തിന്റെ പ്രവൃത്തികള്‍ നേടാന്‍, ക്രിസ്തു മൂലം ദൈവം വിശ്വാസികളില്‍ പ്രവര്‍ത്തിക്കുന്നു.
സല്‍പ്രവൃത്തികളെ നാം നിഷേധിക്കുന്നില്ല. എന്നാല്‍ ഇവ നമ്മില്‍നിന്നല്ല, ദൈവത്തില്‍നിന്നാണു വരുന്നത്. നമുക്കതില്‍ പ്രശംസിക്കാനൊന്നുമില്ല; അത് അവന്റെ കൃപയാലാണ്. ഇതിനര്‍ത്ഥം നാം സ്വയനീതിയില്‍നിന്നു വേര്‍പെട്ടവരാണെന്നാണ് - അതിന്റെ അടിസ്ഥാനം ആത്മപ്രശംസയുടെ പ്രവൃത്തികളാണ്. ക്രിസ്തുവിന്റെ രക്തത്തില്‍ ആശ്രയിച്ചുള്ള കൃപയുടെ നീതിക്കു നമ്മള്‍ മനസ്സു തുറന്നു വീണ്ടും ജനിച്ചവരും ക്രിസ്തുവില്‍ വസിക്കുന്നവരുമായ എല്ലാവരും ദൈവത്തെ പ്രസാദിപ്പിക്കുന്നു. അവരുടെ ജീവിതം അവനുള്ള ഒരു നന്ദിയര്‍പ്പണമായിത്തീര്‍ന്നു.
പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, ലോകത്തിന്റെ ന്യായവിധി വഹിച്ചതിനു നന്ദി. വിശ്വാസത്താല്‍ നീയുമായി ബന്ധം സ്ഥാപിച്ചതിനാല്‍, ഞങ്ങള്‍ക്കു ന്യായവിധിയില്ലാത്തതുകൊണ്ടു ഞങ്ങള്‍ നിന്നെ വണങ്ങുന്നു. ഞങ്ങളുടെ പാപങ്ങള്‍ നിന്റെ മുമ്പില്‍ ഞങ്ങള്‍ ഏറ്റുപറയുന്നു; പാപത്തിന്റെ നിര്‍ബന്ധത്തില്‍നിന്നു ഞങ്ങളെ ശുദ്ധീകരിക്കണമേ. ആത്മാവിന്റെ ഫലങ്ങള്‍ ഞങ്ങളില്‍ ഉളവാക്കണമേ. അങ്ങനെ സ്വര്‍ഗ്ഗീയപിതാവിന്റെ ആരാധന ഞങ്ങളുടെ ജീവിതത്തില്‍ വെളിപ്പെടുമല്ലോ.
ചോദ്യം:
- വിശ്വാസികള്‍ക്കു ന്യായവിധി നേരിടാത്തത് എന്തുകൊണ്ട്?