Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 013 (The Sanhedrin questions the Baptist)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

1. സന്‍ഹെദ്രിന്‍ സംഘം സ്നാപകനെ ചോദ്യം ചെയ്യുന്നു (യോഹന്നാന്‍ 1:19-28)


യോഹന്നാന്‍ 1:25-28
25എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനുമല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്ന് അവര്‍ ചോദിച്ചു. 26അതിനു യോഹന്നാന്‍: ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെയിടയില്‍ നില്‍ക്കുന്നുണ്ട്; 27എന്റെ പിന്നാലെ വരുന്നവന്‍ തന്നെ; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല എന്ന് ഉത്തരം പറഞ്ഞു. 28ഇതു യോര്‍ദ്ദാനക്കരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു.

ശുദ്ധീകരണം, അംഗശുദ്ധി, ഒരുതരം സ്നാനം എന്നിവയെക്കുറിച്ചു ന്യായപ്രമാണത്തില്‍നിന്നു യഹൂദന്മാര്‍ പഠിച്ചിരുന്നു. അംഗശുദ്ധിയെന്നതു ദുര്‍ന്നടപ്പിന്റെ അശുദ്ധി നീക്കുന്നതായിരുന്നു. അതേസമയം യഹൂദന്മാരല്ലാത്തവര്‍ക്കുവേണ്ടിയുള്ളതായിരുന്നു സ്നാനം. കാരണം, ജാതികളെ അശുദ്ധരെന്നായിരുന്നു യഹൂദന്മാര്‍ ഗണിച്ചിരുന്നത്. ഏതായാലും, സ്നാനമേല്‍ക്കുന്നതു താഴ്മയുടെയും ദൈവജനത്തോടു ചേരുന്നതിന്റെയും അടയാളമായിരുന്നു.

യെരൂശലേമില്‍നിന്നുള്ള സംഘാംഗങ്ങള്‍ കുഴങ്ങിയത് എന്തുകൊണ്ടാണെന്ന് ഇതു വിശദീകരിക്കുന്നു. "വിശ്വാസികളെ നീ എന്തിനാണു മാനസാന്തരപ്പെടാന്‍ വിളിക്കുന്നത്? അവര്‍ പരിച്ഛേദനയേറ്റവരും ഉടമ്പടിയില്‍ ഉറച്ചവരുമല്ലേ? ഞങ്ങള്‍ക്കു വിശുദ്ധിയില്ലെന്നും, ഞങ്ങള്‍ ദൈവക്രോധത്തിന്റെ ഇരകളാണെന്നുമാണോ നീ കരുതുന്നത്? നമ്മുടെ ജാതിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാരല്ലേ ഞങ്ങള്‍?''

"ഭക്തന്മാര്‍ക്കു'' യോഹന്നാന്റെ സ്നാനം ഒരിടര്‍ച്ചക്കല്ലായിരുന്നു. അതു ജനക്കൂട്ടത്തെ രണ്ടു വിഭാഗമാക്കി. ഒന്നാമത്തെ വിഭാഗം, മാനസാന്തരസ്നാനത്താല്‍ ശുദ്ധീകരണം പ്രാപിച്ചവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടരെന്ന നിലയില്‍, ക്രിസ്തുവിനെ എതിരേല്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നു. രണ്ടാമത്തെ കൂട്ടര്‍ സ്നാനം തിരസ്കരിച്ചവരാണ്. ക്രിസ്തുവിനെ കാണുന്നതിനു തങ്ങള്‍ യോഗ്യരാണെന്നായിരുന്നു അവരുടെ വിചാരം. രാഷ്ട്രീയവും മതപരവുമായ എല്ലാറ്റിനും അവസാനമായിരിക്കും അവന്റെ വരവെന്ന് അവര്‍ ഊഹിച്ചു.

ഒരുപക്ഷേ, സുവിശേഷകനായ യോഹന്നാന്‍ തന്നെ ഈ ഔദ്യോഗികസംഘത്തില്‍ ഉണ്ടായിരുന്നുകാണും. അവിടത്തെ ചര്‍ച്ച അവനെ ആഴമായി സ്പര്‍ശിച്ചും കാണും. പ്രത്യേകിച്ച്, സ്നാപകനോട് അവരുന്നയിച്ച ചോദ്യങ്ങള്‍ - ആ ചോദ്യങ്ങള്‍കൊണ്ടുതന്നെ അവന്‍ ക്രിസ്തുവോ, ഏലീ യാവോ, വാഗ്ദത്തപ്രവാചകനോ അല്ലെന്ന നിഗമനത്തില്‍ അവരെത്തിച്ചേര്‍ന്നു. അവനൊന്നുമല്ലെന്ന വെളിപ്പെടുത്തലോടെ അവരവനെ അവജ്ഞയോടെ കണ്ടു.

എന്തു ചെയ്യണമെന്നറിയാമായിരുന്ന സ്നാപകന്‍, തന്നെത്താന്‍ താഴ്ത്തിക്കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു, "ശരിയാണ്, എനിക്കു പ്രാധാന്യമൊന്നുമില്ല. ഞാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നതേയുള്ളൂ, അതില്‍ മന്ത്രമോ ശക്തിയോ ഒന്നുമില്ല. ഞാന്‍ ചെയ്യുന്നതെല്ലാം പ്രതീകമാണ്, വരുവാനുള്ളവനെ ചൂണ്ടിക്കാണിക്കുന്നതാണ്."

ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ച സ്നാപകന്‍, ആ നേതാക്കന്മാരുടെ സംഘത്തോടും ജനക്കൂട്ടത്തോടും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: "നിങ്ങള്‍ അന്ധന്മാരാണ്. നിങ്ങളുടെയിടയില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ സംഭവം നിങ്ങള്‍ കാണുന്നില്ല. എന്നെ നിങ്ങള്‍ പരിശോധിക്കുക, ഒരു എളിയ മനുഷ്യന്‍. എന്നാല്‍ നോക്കൂ, ക്രിസ്തു വന്നുകഴിഞ്ഞു. അനുതപിക്കുന്ന ഇവരുടെയിടയില്‍ ക്രിസ്തു നില്‍ക്കുന്നുണ്ട്. യോഹന്നാന്‍ സ്നാപകനെന്ന എനിക്കു യാതൊന്നും ചെയ്യാന്‍ കഴിയില്ല. എനിക്കൊരു കാര്യമേ നിറവേറ്റാനുള്ളൂ. ഞാനൊരു ശബ്ദമാണ്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന കര്‍ത്താവിനെക്കുറിച്ചു പരിശുദ്ധാത്മാവ് എന്നെ അറിയിച്ചിട്ടുണ്ട്. അവനിവിടെയുണ്ട്. ഇന്നാണു രക്ഷാദിവസം. വേഗം മാനസാന്തരപ്പെടുക, അവസാനനിമിഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നു.''

ഈ അറിയിപ്പുകേട്ട ജനക്കൂട്ടം സ്തബ്ധരായിപ്പോയി. ക്രിസ്തുവിനെ എതിരേല്‍ക്കാന്‍ അവര്‍ ഒരുക്കമായി. പക്ഷേ, അവന്‍ നേരത്തെ തന്നെ വന്നുകഴിഞ്ഞു, അവന്‍ വരുന്നത് അവര്‍ ശ്രദ്ധിച്ചുമില്ല, അവനെ അവര്‍ കണ്ടതുമില്ല. സ്തബ്ധരായിപ്പോയ അവര്‍ കുഴങ്ങിയിട്ടു പരസ്പരം നോക്കി.

പിന്നെ സ്നാപകന്‍ ക്രിസ്തുവിനെക്കുറിച്ചുള്ള തന്റെ പ്രസിദ്ധമായ പ്രസ്താവം നടത്തി. സുവിശേഷമെഴുതിയ ആള്‍ വാക്യം 15 ല്‍ പരോക്ഷ മായി അതു സൂചിപ്പിച്ചിട്ടുണ്ട്. അതിനെക്കാള്‍ വിശദമായതാണ് ഇത്, "എനിക്കു പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പേ ഉണ്ടായിരുന്നവനാണ്." ക്രിസ്തുവിന്റെ നിത്യതയും, അതേസമയം മനുഷ്യരുടെയിടയിലെ അവന്റെ സാന്നിദ്ധ്യവുമാണു സ്നാപകന്‍ വെളിപ്പെടുത്തിയത്. പുറമേ ക്രിസ്തു അവരുടെയിടയിലെ സാധാരണ മനുഷ്യജീവിയാണ്. അംഗീകാരമോ, ആദരമോ, ആഡംബര വസ്ത്രമോ, ജ്വലിക്കുന്ന കണ്ണുകളോ ഒന്നുമില്ലാത്തവനാണ്. മറ്റുള്ള എല്ലാവരെയുംപോലെതന്നെയായിരുന്നു അവന്‍, വ്യത്യസ്തത യൊന്നുമേയില്ല. എന്നാല്‍ അവന്റെ യഥാര്‍ത്ഥ പ്രകൃതത്തില്‍ അവന്‍ മറ്റുള്ളവരില്‍നിന്നു തികച്ചും വ്യത്യസ്തനാണ്: കാലങ്ങള്‍ക്കും മുമ്പേയുള്ളവന്‍, സ്വര്‍ഗ്ഗീയനും ദിവ്യനുമായവന്‍ - അവരുടെയിടയില്‍ ലാളിത്യത്തോടെ നില്‍ക്കുന്നു!

ക്രിസ്തുവിന്റെ ദാസനായിരിക്കാനുള്ള സ്വന്തം അയോഗ്യത സ്നാപകന്‍ ഏറ്റുപറഞ്ഞു. അന്നത്തെ രീതിയനുസരിച്ച്, അതിഥികളെ വീട്ടിലേക്കു സ്വീകരിക്കുമ്പോള്‍, ഒരു വേലക്കാരന്‍ അവരുടെ കാലുകള്‍ കഴുകും. ജനക്കൂട്ടത്തിലേക്കു വരുന്ന യേശുവിനെക്കണ്ടിട്ട്, യേശുവിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതപോലും തനിക്കില്ലെന്നു സ്നാപകന്‍ കരുതുകയാണ്.

ഈ വാക്കുകള്‍ ജനക്കൂട്ടത്തെ ഇളക്കി. അവര്‍ അന്യോന്യം ചോദിച്ചു: "ആരാണ് ഈ അപരിചിതന്‍? കര്‍ത്താവിനു സാധാരണക്കാരനായിരിക്കാന്‍ കഴിയുമോ? ഇവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയില്ലെന്ന് ഈ ശ്രേഷ്ഠനായ സ്നാപകന്‍ പറയുന്നതെന്തുകൊണ്ടാണ്?" ഇതുകേട്ട യെരൂശലേമില്‍നിന്നുള്ള സംഘാംഗങ്ങള്‍ ഇങ്ങനെ പറഞ്ഞുകാണും, "ഈ വൃത്തികെട്ട സ്നാപകന്‍ ഒരു തന്ത്രശാലിയാണ്." അങ്ങനെയവര്‍ പോയി. സ്നാപകന്റെ അനുയായികളില്‍ ചിലരും അതുപോലെ ചെയ്തു. ക്രിസ്തു പ്രത്യക്ഷപ്പെടുന്നതു തലസ്ഥാനമായ യെരൂശലേമില്‍ വലിയ പ്രഭയോടെയായിരിക്കും - മരുഭൂമിയില്‍ ഒരു സാധാരണക്കാരനെപ്പോലെയല്ല. അങ്ങനെ, ദൈവത്തിന്റെ ക്രിസ്തുവിനെ സന്ധിക്കാനുള്ള അപൂര്‍വ്വാവസരം അവര്‍ നഷ്ടമാക്കിക്കളഞ്ഞു.

യോര്‍ദ്ദാന്റെ കിഴക്കന്‍ തീരങ്ങളിലാണ് ഈ സംഭവങ്ങള്‍ നടന്നത്. സന്‍ഹെദ്രിന്‍ സംഘത്തിന്റെ അധികാരപരിധിക്കപ്പുറത്ത്, ഹെരോദാ അന്തിപ്പാസിന്റെ ഭരണത്തിന്‍ കീഴിലുള്ള സ്ഥലമായിരുന്നു അവിടം. സ്നാപകനെ പിടികൂടി, യെരൂശലേമില്‍ വിസ്തരിക്കുന്നതിനു കൊണ്ടുപോകാന്‍ ഇതുകൊണ്ടുതന്നെ സംഘാംഗങ്ങള്‍ക്കു കഴിഞ്ഞില്ല.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, ഞങ്ങളുടെയടുത്തേക്കു വന്നതിനു നന്ദി. നീ യഥാര്‍ത്ഥ മനുഷ്യനും നിത്യദൈവവുമാണ്. ഞങ്ങളുടെ അടുത്തേക്കു വന്നതിനു ഞങ്ങള്‍ നിന്നെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ശാരീരികമായി നീ നിന്നെത്തന്നെ എളിമപ്പെടുത്തിയതിനാല്‍, സ്നാപകനല്ലാതെ മറ്റാര്‍ക്കും നിന്നെ തിരിച്ചറിയാനായില്ല. നീ സൌമ്യതയും താഴ്മയുമുള്ളവനാണ്. നിന്നെപ്പോലെ എളിമയുള്ളവനാകുന്നതിനും, നിന്റെ പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്താല്‍ നിന്നെ അനുഗമിക്കുന്നതിനും ഞങ്ങളെ പഠിപ്പിക്കണമേ.

ചോദ്യം:

  1. സന്‍ഹെദ്രിന്‍ സംഘാംഗങ്ങള്‍ക്കു മുന്നില്‍, യേശുവിനെക്കുറിച്ചു സ്നാപകന്‍ പറഞ്ഞ സാക്ഷ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്താണ്?

www.Waters-of-Life.net

Page last modified on May 09, 2012, at 11:28 AM | powered by PmWiki (pmwiki-2.3.3)