Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 014 (Testimonies of the Baptist to Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

2. ക്രിസ്തുവിനെക്കുറിച്ചുള്ള സ്നാപകന്റെ കൂടുതല്‍ ശ്രദ്ധേയമായ സാക്ഷ്യങ്ങള്‍ (യോഹന്നാന്‍ 1:29-34)


യോഹന്നാന്‍ 1:29-30
29പിറ്റെന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നത് അവന്‍ കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. 30എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നെ.

സംഘാംഗങ്ങള്‍ യെരൂശലേമിലേക്കു മടങ്ങിയപ്പോള്‍, സ്നാപകനെക്കുറിച്ചുള്ള അവജ്ഞയും അവരിലുണ്ടായിരുന്നു. ആ സമയംവരെ സ്നാപകന്‍ വിശ്വസിച്ചിരുന്നതു ക്രിസ്തു തന്റെ ജനത്തെ ശുദ്ധീകരിക്കുന്ന ഒരു നവീകരണക്കാരനായിരിക്കുമെന്നാണ് - ഗോതമ്പില്‍നിന്നു പതിരു നീക്കുന്നവനെപ്പോലെ; ഫലമില്ലാത്ത വൃക്ഷങ്ങള്‍ക്കെല്ലാം കോടാലി വയ്ക്കുന്ന കോപിഷ്ഠനായ ഒരു കര്‍ത്താവെന്ന ധാരണ. ഇങ്ങനെ, ക്രിസ്തുവിന്റെ വരവിനു മുന്നോടിയായി ക്രോധദിവസം വരും. "മശീഹ നമ്മുടെയിടയില്‍ ഉണ്ട്'' എന്ന് അവന്‍ പറഞ്ഞപ്പോള്‍, മനംമടുത്ത ശിഷ്യന്മാര്‍ പിന്നെ പാപത്തില്‍ ജീവിക്കാന്‍ തുടങ്ങി. മുന്നറിയിപ്പില്ലാതെ, ഇടിനാദംപോലെയായിരിക്കും ന്യായവിധിയെന്നാണ് അവര്‍ കരുതിയത്.

മുപ്പതു വയസ്സുള്ള, യുവാവായ ക്രിസ്തു സ്നാപകന്റെയടുക്കലേക്കു വന്നു ശാന്തമായി സ്നാനപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഈ എളിമ സ്നാപകനെ നടുക്കി; തന്റെ പാപം ക്ഷമിക്കേണ്ടുന്നവനും തന്നെ സ്നാനപ്പെടുത്തേണ്ടുന്നവനും യേശുവാണെന്നായിരുന്നു സ്നാപകന്‍ പറഞ്ഞത്. എന്നാലും, സകല നീതിയും നിറവേറേണ്ടതിന്, തന്നെ സ്നാനപ്പെടുത്താന്‍ യേശു യോഹന്നാന്‍ സ്നാപകനെ നിര്‍ബ്ബന്ധിച്ചു.

അപ്പോഴാണു യോഹന്നാനു കാര്യം മനസ്സിലായത്. പരിശുദ്ധനായവന്‍ വന്നതു മനുഷ്യവര്‍ഗ്ഗത്തെ നശിപ്പിക്കാനല്ല, മറിച്ച് അവരുടെ പാപങ്ങള്‍ വഹിക്കുന്നതിനുവേണ്ടിയായിരുന്നു. മനുഷ്യവര്‍ഗ്ഗത്തിന്റെ ഒരു പ്രതിനിധിയായിട്ടാണ് അവന്‍ സ്നാനമേറ്റത്. കര്‍ത്താവിന്റെ വരവു നിറവേറുന്നതു കോപത്തിലല്ല, മറിച്ചു നിരപ്പിലും ക്ഷമയിലുമാണ്. പഴയ ഉടമ്പടിയുടെ വക്കില്‍ അവന്‍ നിന്നപ്പോള്‍, ദൈവസ്നേഹത്തിലെ പുതിയ ഉടമ്പടിയുടെ ആഴം സ്നാപകനു ബോദ്ധ്യമായി. ഈ വലിയ മാറ്റം അവനില്‍ വിപ്ളവകരമായ ധാരണകളുളവാക്കി.

പിറ്റേന്നു യേശു വന്നപ്പോള്‍, യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ ചൂണ്ടിപ്പറഞ്ഞു, "കണ്ടു മനസ്സിലാക്കുവിന്‍, കണ്ണുകള്‍ തുറക്കുവിന്‍, അതാണവന്‍!" ഇടിനാദമോ ദൂതന്മാരുടെ സഞ്ചയമോ അവിടെയില്ലായിരുന്നു. പകരം, അനുഭവിച്ചറിയുന്നതിനായി എല്ലാവര്‍ക്കും വചനം പകരുകയായിരുന്നു. ദീര്‍ഘനാളുകളായി കാത്തിരുന്ന, കര്‍ത്താവ്, ലോകത്തിന്റെ പ്രത്യാശ ഈ ചെറുപ്പക്കാരനാണ്.

ക്രിസ്തുവിനെക്കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളോട്, തനിക്കു ചുറ്റുമുള്ള ഈ ജനക്കൂട്ടത്തെ ചേര്‍ത്തുനിര്‍ത്താന്‍ യോഹന്നാന്‍ സ്നാപകന്‍ താത്പര്യപ്പെട്ടില്ല - രാഷ്ട്രീയവിജയാഘോഷവും സൈനികതന്ത്രവുമായിരുന്നു ആ ധാരണയുടെ അടിത്തറ. ഇതു ദൈവത്തിന്റെ കുഞ്ഞാടാണ്, കാത്തി രുന്ന യഹൂദാസിംഹമല്ല, ശക്തനും വിജയിയുമല്ല, മറിച്ചു സൌമ്യതയും താഴ്മയുമുള്ളവനാണ്.

ആത്മാവില്‍ നിറഞ്ഞ യോഹന്നാന്‍ വിളിച്ചുപറഞ്ഞു, "ഈ യേശു ലോകത്തിന്റെ പാപം വഹിക്കുന്നവനാണ്. ദൈവത്തിന്റെ കുഞ്ഞാടായി തിരഞ്ഞെടുക്കപ്പെട്ടവനാണ്, പൌരാണിക യാഗകര്‍മ്മങ്ങളുടെ പ്രതീകമാണ്. എല്ലാവര്‍ക്കും പകരമായിരിക്കാന്‍ യോഗ്യനാണ്. അവന്റെ സ്നേഹം ശക്തവും ഫലപ്രദവുമാണ്. പരിശുദ്ധനായ അവന്‍ എല്ലാവരുടെയും പാപം വഹിക്കുമ്പോഴും പരിശുദ്ധന്‍ തന്നെയാണ്." പാപമില്ലാത്തവന്‍ ക്രിസ്തുവില്‍ ദൈവത്തിന്റെ നീതിയാകേണ്ടതിനു നമുക്കുവേണ്ടി പാപമായിത്തീര്‍ന്നു.

സ്നാപകന്റെ സാക്ഷ്യം സുവിശേഷത്തിലെ കൊടുമുടിയാണ്, വേദപുസ്തകത്തിന്റെ കേന്ദ്രബിന്ദുവാണ്. നമുക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ കഷ്ടപ്പാടായിരുന്നു ക്രിസ്തുവിന്റെ മഹത്വമെന്ന ബോധം സ്നാപകനുണ്ടായിരുന്നു. ക്രിസ്തുവിന്റെ രക്ഷ സാര്‍വ്വലൌകികമാണ്, വര്‍ണ്ണവര്‍ഗ്ഗഭേദം കൂടാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. ധനികനെയും ദരിദ്രനെയും, യുവാവിനെയും വൃദ്ധനെയും, സുന്ദരനെയും വിരൂപനെയും അതു കൈക്കൊള്ളുന്നു - ഇന്നും നാളെയും. അവന്റെ മരണം സകല പാപത്തിനും പരിഹാരമാണ്. അവന്റെ പാപപരിഹാരം സമ്പൂര്‍ണ്ണമാണ്.

കുഞ്ഞാടെന്ന നിലയിലുള്ള അവന്റെ വരവിന്റെ ആദ്യദിനം മുതല്‍ തിന്മയുടെ പ്രത്യാഘാതങ്ങള്‍ അവന്‍ അനുഭവിച്ചു. എന്നാല്‍ നീചനെ പുറംതള്ളുകയോ നിഗളിയെ തുച്ഛീകരിക്കുകയോ ചെയ്യാതെ അവരെ അവന്‍ സ്നേഹിച്ചു. അവരുടെ ബന്ധനത്തിന്റെ ദൈര്‍ഘ്യം അവനറിയാമായിരുന്നു, അവര്‍ക്കായി മരിക്കാന്‍ അവനൊരുക്കവുമായിരുന്നു.

സ്നാപകന്‍ തന്റെ കേള്‍വിക്കാരോടു പ്രഖ്യാപിച്ചത്, ദൈവത്തിന്റെ കുഞ്ഞാടു ദൈവക്രോധം അവരില്‍നിന്നു നീക്കിക്കളഞ്ഞുവെന്നാണ്. അവര്‍ക്കു പകരമായി മരിക്കേണ്ടുന്ന കുഞ്ഞാട് അവനാണ്. അവിടെയുണ്ടായിരുന്നവര്‍, എങ്ങനെയാണ് ഒരാള്‍ എല്ലാവരുടെയും പാപത്തിന്റെ ശിക്ഷ വഹിക്കുന്നതെന്ന് അത്ഭുതപ്പെട്ടു കാണും. യോഹന്നാന്റെ വാക്കുകള്‍ അവരുടെ കണ്ണുകള്‍ തുറന്നു. എന്നാലും, കുരിശ് അവര്‍ക്കത്ര വ്യക്തമായില്ല. ക്രിസ്തുവില്‍ ദൈവത്തിന്റെ പദ്ധതി നിറവേറ്റുന്നതിനുള്ള ഒരപൂര്‍വ്വ സംഭവം.

ഈ രക്ഷ പൂര്‍ത്തിയാക്കാനാണു യേശു വന്നതെന്നു സ്നാപകന്‍ ആവര്‍ത്തിക്കുകയാണ്. കാരണം, അവനാണു നിത്യനായ കര്‍ത്താവ്. "അവന്‍ എന്നിലും വലിയവന്‍, എനിക്കുമുമ്പേ ഉണ്ടായിരുന്നവന്‍." ക്രിസ്തുവിന്റെ മഹത്വം വലുതായിരുന്നു. എന്നാല്‍ കുരിശില്‍ അവന്‍ കാണിച്ച സ്നേഹം അവന്റെ തേജസ്സിന്റെ കേന്ദ്രബിന്ദുവിന്റെ വെളിപ്പെടുത്തലായിരുന്നു. സുവിശേഷകന്‍ ഏറ്റുപറയുകയാണ്, "ഞങ്ങള്‍ അവന്റെ തേജസ്സു കണ്ടു; കഷ്ടമനുഭവിച്ച അവന്‍ കുരിശില്‍ തൂങ്ങിക്കിടന്നു - ഇങ്ങനെ നമ്മെ സ്വതന്ത്രരാക്കുന്ന സ്നേഹത്തിന്റെ അളവ് അവന്‍ വെളിപ്പെടുത്തി."

പ്രാര്‍ത്ഥന: ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ പരിശുദ്ധ കുഞ്ഞാടേ, ഞങ്ങളോടു കരുണയുണ്ടാകണമേ. നിത്യനായ ദൈവപുത്രാ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെക്കുറിച്ചു ലജ്ജിക്കാത്ത, താഴ്മയുള്ള നസ്രായനേ, ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു, നീ ഞങ്ങളെ സ്നേഹിച്ചു നിന്റെ ക്രൂശില്‍ ഞങ്ങളെ തികഞ്ഞവരാക്കിയല്ലോ. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു, നിനക്കു നന്ദിയര്‍പ്പിക്കുന്നു. നീയൊരു ന്യായാധിപനായിട്ടല്ല, മറിച്ച് ഒരു കുഞ്ഞാടായിട്ടാണല്ലോ വന്നത്. ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ദേശത്തെ സകലരുടെയും പാപങ്ങള്‍ നീ ചുമന്നൊഴിച്ചല്ലോ. അവരെ നീ വിടുവിച്ചുവെന്ന് അവരോടു പറയാനുള്ള ജ്ഞാനം ഞങ്ങള്‍ക്കു നല്‍കണമേ.

ചോദ്യം:

  1. "ദൈവത്തിന്റെ കുഞ്ഞാടി"ന്റെ അര്‍ത്ഥമെന്താണ്?

www.Waters-of-Life.net

Page last modified on May 09, 2012, at 11:27 AM | powered by PmWiki (pmwiki-2.3.3)