Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 012 (The Sanhedrin questions the Baptist)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

1. സന്‍ഹെദ്രിന്‍ സംഘം സ്നാപകനെ ചോദ്യം ചെയ്യുന്നു (യോഹന്നാന്‍ 1:19-28)


യോഹന്നാന്‍ 1:22-24
22അവര്‍ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറ യേണ്ടതിന്, നീ നിന്നെക്കുറിച്ചുതന്നെ എന്തു പറയുന്നു എന്നു ചോദിച്ചു. 23അതിന് അവന്‍: യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെ: കര്‍ത്താവിന്റെ വഴി നേരേ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു. 24അയയ്ക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു.

മൂര്‍ച്ചയുള്ള അമ്പുകളെയ്യുന്നതുപോലെയായിരുന്നു സ്നാപകനോട് അവര്‍ ചോദ്യങ്ങള്‍ ചോദിച്ചത്. ഈ ചോദ്യങ്ങള്‍ ദുരുപദേശങ്ങളോടു ബന്ധപ്പെട്ടവയായിരുന്നു. മശീഹയുടെ യഥാര്‍ത്ഥ വരവിനുമുമ്പ് അവ ആവിര്‍ഭവിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മശീഹയെന്നോ ഏലീയാ വെന്നോ, മോശെ മുന്‍കൂട്ടിപ്പറഞ്ഞ പ്രവാചകനാണെന്നോ ഉള്ളതെല്ലാം യോഹന്നാന്‍ നിഷേധിച്ചശേഷം, അവരുടെ വീക്ഷണത്തില്‍ അവന്റെ പ്രാധാന്യവും അപകടവും അവനു നഷ്ടമായി. എന്നിട്ടും അവന്‍ ആരാണെന്നറിയാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു, ആരാണവനെ ഈ സന്ദേശമേല്പിച്ചത് എന്നറിയാനുമുള്ള സമ്മര്‍ദ്ദം അവരുന്നയിച്ചു. അവന്റെ സാഹചര്യം നന്നായി മനസ്സിലാക്കാതെ സന്‍ഹെദ്രിന്‍ സംഘത്തിലേക്കു മടങ്ങുകയില്ലെന്നായിരുന്നു അവരുടെ ലക്ഷ്യം.

യെശയ്യാപ്രവചനവുമായി ആ ചോദ്യത്തിനു കാര്യമൊന്നുമില്ല (യെശയ്യാവ് 40:3). എന്നാല്‍ ഈ വാക്യത്തിലേക്കാണ് ആത്മാവ് സ്നാപകനെ നയിച്ചത്. മരുഭൂമിയില്‍ വിളിച്ചുപറയുന്നവനായിട്ടാണ് അവന്‍ തന്നെത്താന്‍ വിശേഷിപ്പിച്ചത് - കര്‍ത്താവിന്റെ വഴിയൊരുക്കുന്നവന്‍. തിരുവെഴുത്തില്‍നിന്നുള്ള സൂചനകള്‍ അവന്‍ അവര്‍ക്കു നല്‍കിയില്ലായിരുന്നെങ്കില്‍, തന്നെത്താന്‍ അധികാരപ്പെടുത്തിയതിനും സ്വന്ത വെളിപ്പാടുണ്ടാക്കിയതിനും അവനെ അവര്‍ കുറ്റപ്പെടുത്തുമായിരുന്നു. പിന്നെ ദൈവദൂഷണത്തിന് അവര്‍ അവനെ കുറ്റം ചുമത്തിയേനെ. അതിനാല്‍ യോഹന്നാന്‍ തന്നെത്താന്‍ എളിമപ്പെടുത്തി, പഴയനിയമത്തിലെ ഏറ്റവും താഴെയുള്ള സ്ഥാനമെടുത്ത്, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമല്ലാതെ താന്‍ മറ്റൊന്നുമല്ലായെന്ന് അവന്‍ പറഞ്ഞു.

ലോകത്തിലെ മരുഭൂമിയിലാണു നാമെല്ലാം ജീവിക്കുന്നത്. കുഴപ്പവും ശൂന്യതയുമാണു നമുക്കു ചുറ്റുമുള്ളത്. എന്നാല്‍ ഒരു സഹായിയെ നല്‍കാതെ നമ്മുടെ പാവം ലോകത്തെയും ദുഷ്ടജനത്തെയും ദൈവം വിട്ടുകളയുന്നില്ല. മനുഷ്യരാശിയെ രക്ഷിക്കാന്‍ അവന്‍ വരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്കുള്ള ഈ നീക്കം മഹാകൃപയാണ്. നാം അര്‍ഹിക്കുന്നതുപോലെ പരിശുദ്ധനായ ദൈവം നമ്മെ നശിപ്പിക്കുന്നില്ല. മറിച്ച്, നഷ്ടപ്പെട്ടുപോയ നമ്മെ തെരഞ്ഞ് അന്വേഷിക്കുന്നു. നമ്മുടെ മനസ്സിനു ഗ്രഹിക്കാവുന്നതിനെക്കാള്‍ വലുതാണ് അവന്റെ സ്നേഹം. മരുഭൂമിയെ മലര്‍വാടിയാക്കിമാറ്റുന്നതും ഉള്‍പ്പെടുന്നതാണ് അവന്റെ ആത്യന്തികമായ രക്ഷ.

പരിശുദ്ധാത്മാവുമൂലം സ്നാപകന്‍ മനസ്സിലാക്കിയ കാര്യം, ക്രിസ്തു ലോകത്തിലേക്കു വരുന്നു എന്നതാണ്. അങ്ങനെ അവന്‍ ജനത്തെ വിളിക്കാന്‍ തുടങ്ങി - ബോധമുള്ളവരായി, വന്നുകൊണ്ടിരിക്കുന്നവനെ സ്വീകരിക്കാനൊരുങ്ങുകയെന്നായിരുന്നു ആ വിളി. ക്രിസ്തുവിന്റെ വഴിയൊരുക്കാനുള്ള അവന്റെ തീക്ഷ്ണത അവനെ മരുഭൂമിയില്‍ വിളിച്ചുപറയുന്ന ശബ്ദമാക്കി മാറ്റി. അവന്‍ തന്നെത്താന്‍ ഒരു പ്രവാചകനെന്നോ ദൂതനെന്നോ വിളിക്കാതെ ഒരു ശബ്ദം മാത്രമെന്നു വിളിച്ചു. എന്നാല്‍ ഈ ശബ്ദം ദൈവം അധികാരപ്പെടുത്തിയതായിരുന്നു. ആ ശബ്ദം മനഃസാക്ഷിയെ അതിന്റെ പാപങ്ങളോടൊപ്പം ഉറങ്ങാന്‍ വിട്ടില്ല.

ഈ ശബ്ദം എന്താണു പറഞ്ഞത്? അവന്റെ സന്ദേശത്തിന്റെ സാരം ഇതായിരുന്നു: എഴുന്നേല്‍ക്കുക, ദൈവരാജ്യം നിങ്ങളുടെമേലാണെന്നു ഗ്രഹിക്കുക! ജീവിതം ക്രമീകരിക്കുക! വിശുദ്ധനായ ദൈവം നിങ്ങളെ ന്യായം വിധിക്കും! ഓരോ കള്ളം, മോഷണം, തന്ത്രം, അകൃത്യം എന്നിവയ്ക്കു നിങ്ങള്‍ ദൈവത്തിനു കണക്കുകൊടുക്കണം. അവന്‍ നിങ്ങളെ നരകാഗ്നികൊണ്ടു ശിക്ഷിക്കും. നിങ്ങളുടെ പാപങ്ങള്‍ ദൈവം അറിയാതിരിക്കുന്നില്ല. എല്ലാ ദുഷ്ടന്മാരും അവരുടെ പാപങ്ങളോടുകൂടെ അവന്റെ മുമ്പാകെ പ്രത്യക്ഷപ്പെടും. നല്ലവനാണെന്നു തോന്നുന്ന വ്യക്തിയും ദുഷ്ടനെക്കാള്‍ മികച്ചവനല്ല, ദൈവത്തിന്റെ മുമ്പില്‍ കുറ്റമില്ലാത്തവരായി ആരുമില്ലല്ലോ.

സ്നാപകന്റെ ഈ കര്‍ക്കശമായ ആവശ്യം ആത്മപരിശോധനയിലേക്കും സ്വന്തം അധാര്‍മ്മികതയെക്കുറിച്ചുള്ള അറിവിലേക്കും, അഹങ്കാരത്തിന്റെ തകര്‍ച്ചയിലേക്കും മനസ്സിന്റെ മാറ്റത്തിലേക്കുമാണു നയിക്കുന്നത്. സഹോദരാ, സഹോദരീ, താങ്കള്‍ നല്ലയാളും സ്വീകാര്യമായ വ്യക്തിയുമാണെന്നാണോ കരുതുന്നത്? സത്യസന്ധതയോടെ താങ്കളുടെ കുറ്റം സമ്മതിക്കുക! തീരെച്ചെറിയ രീതിയിലെങ്കിലും നിങ്ങള്‍ ആരെയെങ്കിലും ചതിച്ചിട്ടുണ്ടെങ്കില്‍, പെട്ടെന്നുതന്നെ അതിന്റെ ശരിയായ ഉടമസ്ഥനു തിരിച്ചേല്പിക്കുക. നിങ്ങളുടെ നിഗളത്തെ മരിപ്പിച്ചിട്ട്, ദൈവത്തിനായി ജീവിക്കുക. വളഞ്ഞ സ്വഭാവം നേരേയാക്കുക. തെറ്റു ചെയ്തതുകൊണ്ടു മുട്ടിപ്പായിവിനയപ്പെട്ടു താഴുക.

ആ സംഘാംഗങ്ങള്‍ പലരും പരീശന്മാരായിരുന്നു. സ്നാപകന്റെ ധൈര്യം കണ്ടു പരിഭ്രാന്തിപിടിച്ചവരായിരുന്നു അവര്‍. നീതിമാന്മാരും ഭക്തരും നല്ലവരും, ന്യായപ്രമാണം ശരിയായി പാലിക്കുന്നവരുമാണു തങ്ങളെന്നായിരുന്നു അവരുടെ അവകാശവാദം. എന്നാല്‍ അവര്‍ അവരെത്തന്നെ വഞ്ചിക്കുന്നവരായിരുന്നു. ഭക്തരാണെന്നുള്ള നാട്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അകമേ അവര്‍ മോശക്കാരായിരുന്നു. അകക്കണ്ണുകളിലൂടെ വൃത്തികെട്ട ചിത്രങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്ന അവരുടെ ഹൃദയത്തില്‍, പാമ്പിന്‍കൂടുപോലെ പ്രതികാരചിന്തകള്‍ നിറഞ്ഞിരുന്നു.

അവരുടെ ഉറച്ച മുഖങ്ങള്‍, അവരെ ശാസിക്കുന്നതില്‍നിന്നു യോഹന്നാനെ പേടിപ്പിച്ചു മാറ്റാതെ, നാമെല്ലാം ദൈവത്തിലേക്കു മടങ്ങണമെന്നും, കര്‍ത്താവിനു വഴിയൊരുക്കുന്നവരാകണമെന്നും ഓര്‍മ്മിപ്പിക്കുന്നതില്‍നിന്നു യോഹന്നാനെ ഭയപ്പെടുത്തി അകറ്റിയില്ല.

പ്രാര്‍ത്ഥന: കര്‍ത്താവേ, നീ എന്റെ ഹൃദയത്തെ അറിയുന്നു. എന്റെ ഭൂതകാലവും പാപങ്ങളും നിനക്കറിയാം. എന്റെ രഹസ്യവും പരസ്യവുമായ അതിക്രമങ്ങളെച്ചൊല്ലി ഞാന്‍ ലജ്ജിക്കുന്നു. എന്റെ ദോഷപ്രവൃത്തികളെല്ലാം ഞാന്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കുന്നു. നിന്റെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ. മറ്റുള്ളവരെ ചതിച്ചു നേടിയതൊക്കെ തിരിച്ചുകൊടു ക്കാനും, ഞാന്‍ വേദനിപ്പിച്ച ഓരോരുത്തരോടും ക്ഷമ ചോദിക്കുവാനും എന്നെ സഹായിക്കണമേ. എന്റെ അഹങ്കാരത്തെ തകര്‍ക്കണമേ, നിന്റെ കൃപയാല്‍ എന്റെ പാപങ്ങളില്‍നിന്നെല്ലാം എന്നെ ശുദ്ധീകരിക്കണമേ, കരുണാവാരിധേ!

ചോദ്യം:

  1. കര്‍ത്താവിന്റെ വഴിയൊരുക്കാന്‍ എങ്ങനെയാണു സ്നാപകന്‍ ആളുകളെ വിളിച്ചത്?

www.Waters-of-Life.net

Page last modified on May 09, 2012, at 10:40 AM | powered by PmWiki (pmwiki-2.3.3)