Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 127 (Miraculous catch of fishes; Peter confirmed in the service of the flock)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
5. ഗലീല കടല്‍ത്തീരത്തു യേശു പ്രത്യക്ഷപ്പെടുന്നു (യോഹന്നാന്‍ 21:1-25)

a) അത്ഭുതകരമായ മീന്‍പിടിത്തം (യോഹന്നാന്‍ 21:1-14)


യോഹന്നാന്‍ 21:7-8
7യേശു സ്നേഹിച്ച ശിഷ്യന്‍ പത്രോസിനോട്: അതു കര്‍ത്താവാകുന്നു എന്നു പറഞ്ഞു; കര്‍ത്താവാകുന്നുവെന്നു ശിമോന്‍ പത്രോസ് കേട്ടിട്ട്, താന്‍ നഗ്നനായതിനാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി. 8ശേഷം ശിഷ്യന്മാര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴച്ചുംകൊണ്ടു ചെറിയ പടകില്‍ വന്നു.

ഈ വലിയ മീന്‍പിടിത്തം യാദൃച്ഛികമല്ലെന്നു സുവിശേഷകനായ യോഹന്നാന്‍ തിരിച്ചറിഞ്ഞു. വഞ്ചിയിലിരുന്ന യോഹന്നാന്, കരയില്‍ നില്‍ക്കുന്നയാള്‍ യേശു അല്ലാതെ മറ്റാരുമല്ലെന്നു മനസ്സിലായി. യോഹന്നാന്‍ യേശുവിന്റെ പേരു പറയാതെ, ആദരവോടെ പറയുകയാണ്, "അതു കര്‍ത്താവാകുന്നു!"

മീന്‍പിടിത്തത്തിലൂടെ രണ്ടാമത്തെ പ്രാവശ്യം ഒരു സുപ്രധാനപാഠം യേശു പഠിപ്പിക്കുകയായിരുന്നുവെന്ന് ഓര്‍ത്ത പത്രോസ് അന്ധാളിച്ചുപോയി. നഗ്നനായി കര്‍ത്താവിനെ സമീപിക്കാനുള്ള വൈമുഖ്യം നിമിത്തം അവന്‍ വസ്ത്രമെടുത്തു ധരിച്ചു. വെള്ളത്തിലേക്കു ചാടിയ അവന്‍ കര്‍ത്താവിന്റെ അടുത്തേക്കു നീന്തി. ഇങ്ങനെ അവന്‍ വള്ളം, സ്നേഹിതര്‍, ഇപ്പോള്‍ പിടിച്ച മീന്‍ എന്നിവയൊക്കെ വിട്ടിട്ടാണു പോയത്. അവന്റെ ഹൃദയത്തില്‍ യേശുവിനു മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂ. ആയതിനാല്‍ അവന്‍ ബാക്കിയെല്ലാം മറന്നുപോയി.

യോഹന്നാന്റെ സ്നേഹം പത്രോസിന്റേതുപോലെ നിഷ്ക്കളങ്കമായ സ്നേഹമായിരുന്നിട്ടും, യോഹന്നാന്‍ വള്ളത്തില്‍ത്തന്നെയിരുന്നു. അങ്ങനെ ഈ യുവാവ്, തന്റെ മറ്റു സ്നേഹിതരോടൊപ്പം, ഏകദേശം 100 മീറ്റര്‍ അകലെയുള്ള കരയിലേക്കു തുഴഞ്ഞു. വലിച്ചുകയറ്റിയ ആ വലിയ മീന്‍കൂട്ടം നോക്കാനായി അവരെല്ലാം താമസിയാതെ കരയിലെത്തി.

യോഹന്നാന്‍ 21:9-11
9കരയ്ക്കിറങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല്‍ മീന്‍ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. 10യേശു അവരോട്: ഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. 11ശിമോന്‍ പത്രോസ് കയറി നൂറ്റമ്പത്തിമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരയ്ക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.

കരയ്ക്കു കയറിയ ശിഷ്യന്മാര്‍ കണ്ടതു തീക്കനലിന്മേല്‍ വെച്ചിരിക്കുന്ന മീനായിരുന്നു. ആ മീനും അപ്പവും തീക്കനലും എവിടെനിന്നാണ്? നൂറു മീറ്റര്‍ അകലെനിന്നാണ് അവന്‍ അവരെ വിളിച്ചത്; അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു. കരയിലെത്തിയപ്പോള്‍, തീയില്‍ ചുട്ട മീന്‍ കണ്ടു, ഭക്ഷിക്കാന്‍ അവന്‍ അവരെ നിര്‍ബ്ബന്ധിച്ചു. അവന്‍ ഒരേ സമയം കര്‍ത്താവും ആതിഥേയനുമാണ്. ആഹാരമൊരുക്കുന്നതില്‍ ഒരു പങ്ക് അവന്‍ ദയയോടെ അവര്‍ക്കു നല്‍കി. അവന്റെ വേലയിലും ഫലത്തിലും പങ്കാളികളാകാന്‍ അവന്‍ നമ്മെ അനുവദിക്കുന്നു. അവന്റെ വാക്കുകള്‍ ശിഷ്യന്മാര്‍ അനുസരിച്ചില്ലായിരുന്നെങ്കില്‍ അവര്‍ ഒന്നും പിടിക്കുകയില്ലായിരുന്നു. എന്നാലിതാ, ഇവിടെ അവന്‍ അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നു. ഭൌമികമായ ആഹാരം ആവശ്യമില്ലാത്ത കര്‍ത്താവ്, അവന്റെ വാത്സല്യം അവര്‍ അനുഭവിച്ചറിയേണ്ടതിന്, കുനിഞ്ഞ് അവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ആശ്ചര്യകരമെന്നേ പറയേണ്ടൂ.

153 മീന്‍ എന്നത്, അക്കാലത്ത് അറിയപ്പെട്ടിരുന്ന തരത്തിലുള്ള മത്സ്യങ്ങളെന്നാണ് ഒരു പൌരാണിക വ്യാഖ്യാനം. "ഒരേ തരത്തിലുള്ള മനുഷ്യരെ മാത്രം പിടിക്കരുത്, എല്ലാ ജാതികളില്‍നിന്നും പിടിച്ചുകൊണ്ടുവരണം" എന്നിങ്ങനെ യേശു പറയുന്നതുപോലെ തോന്നി. ദൈവത്തിന്റെ ജീവനി ലേക്കു പ്രവേശിക്കാന്‍ എല്ലാവര്‍ക്കും ക്ഷണമുണ്ട്. സമ്മര്‍ദ്ദംകൊണ്ടു വല കീറാഞ്ഞതുപോലെ, സഭ പൊട്ടുകയോ, പരിശുദ്ധാത്മാവിന്റെ ഐക്യത നഷ്ടപ്പെടുകയോ ഇല്ല - ചില അംഗങ്ങള്‍ സ്നേഹശൂന്യരും സ്വാര്‍ത്ഥരുമായാലും. സത്യസഭ അവന്റെ സ്വന്തവും പ്രധാനപ്പെട്ടതുമായിരിക്കും.

യോഹന്നാന്‍ 21:12-14
12യേശു അവരോട്: വന്നു പ്രാതല്‍ കഴിച്ചുകൊള്ളുവിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്നറിഞ്ഞിട്ടും ശിഷ്യന്മാരില്‍ ഒരുത്തനും: നീ ആരെന്ന് അവനോടു ചോദിക്കാന്‍ തുനിഞ്ഞില്ല. 13യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; മീനും അങ്ങനെതന്നെ. 14യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി.

യേശുവിന്റെ സ്നേഹത്തിന്റെ തീക്കു ചുറ്റുമായി ശിഷ്യന്മാരെ കൂട്ടിവരുത്തി. ഈ അപരിചിതന്‍ യേശുവാണെന്ന് എല്ലാവരും അറിഞ്ഞിരിക്കെ, ആരുമൊന്നും സംസാരിക്കാന്‍ ധൈര്യപ്പെട്ടില്ല. അവനെ ആശ്ളേഷിക്കാന്‍ അവര്‍ വാഞ്ഛിച്ചിരുന്നു, പക്ഷേ ഭയവും ശങ്കയും അവരെ പിന്തിരിപ്പിച്ചു. നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട്, ഭക്ഷണം പങ്കിട്ടുകൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ അനുഗ്രഹിച്ചു. അങ്ങനെ അവന്‍ അവരോടു ക്ഷമിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. ശിഷ്യന്മാരെല്ലാം നിരന്തരമായി ജീവി ക്കുന്നത് അവന്റെ പാപക്ഷമയിലാണ്. ആ ഉടമ്പടിയോടുള്ള അവിശ്വസ്തത അവരെ നശിപ്പിക്കും. അവര്‍ വിശ്വസിക്കാനും പ്രത്യാശിക്കാനും സാവധാനതയുള്ളവരായിരുന്നു. അവരെ ശാസിക്കാതെ, അവന്റെ അത്ഭുതകരമായ പോഷണംകൊണ്ട് അവന്‍ അവരെ ബലപ്പെടുത്തി. അങ്ങനെ, നിങ്ങളുടെ പാപവും ഹൃദയത്തിന്റെ സാവധാനതയുമുണ്ടായിട്ടും, ദൈവവും യേശുവും നിങ്ങളോടാവശ്യപ്പെടുന്നത് ഈ സുവാര്‍ത്ത പങ്കുവെയ്ക്കണമെന്നാണ്. പുനരുത്ഥാനത്തിനുശേഷം യേശു അത്ഭുതങ്ങള്‍ ചെയ്തത് ഈ മാതൃകയനുസരിച്ചാണ്.


b) ആട്ടിന്‍കൂട്ടത്തെ പാലിക്കുന്ന സേവനത്തില്‍ പത്രോസിനെ ഉറപ്പിക്കുന്നു (യോഹന്നാന്‍ 21:15-19)


യോഹന്നാന്‍ 21:15
15അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രോസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവന്‍: ഉവ്വു കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് അവന്‍ അവനോടു പറഞ്ഞു.

യേശുവിന്റെ സമാധാനവാക്കുകള്‍കൊണ്ട്, പത്രോസിന്റെ തള്ളിപ്പറച്ചിലും മറ്റു ശിഷ്യന്മാരുടെ പാപങ്ങളും യേശു ക്ഷമിച്ചു. പക്ഷേ, പത്രോസിന്റെ തള്ളിപ്പറച്ചിലിനു പ്രത്യേക കരുതല്‍ ആവശ്യമായിരുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവിന്റെ മനസ്സലിവ് ആ വാക്കുകളില്‍ കാണാം. ആ തള്ളിപ്പറച്ചിലിനെക്കുറിച്ച് ഒരു വാക്കുപോലും പറയാത്ത കര്‍ത്താവ്, ആത്മപരിശോധനയ്ക്കും സ്വയം യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിനുമുള്ള അവസരം നല്‍കുകയായിരുന്നു. പഴയ വഴികളിലേക്കു തിരിഞ്ഞുപോയതു നിമിത്തം, പത്രോസിന്റെ ആദ്യത്തെ പേരു തന്നെയാണു കര്‍ത്താവു വിളിക്കുന്നത്.

ഇതുപോലെ, യേശു ഇന്നു നിങ്ങളോടും ചോദിക്കുന്നത്, "നീ എന്നെ സ്നേഹിക്കുന്നുണ്ടോ, എന്റെ വാക്കുകള്‍ നീ പാലിക്കുകയും എന്റെ വാഗ്ദത്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്തിട്ടുണ്ടോ? എന്റെ സാരാംശം ഗ്രഹിച്ച് അടുത്തു വന്നിട്ടുണ്ടോ? എന്റെ നിരയില്‍ (സ്ഥാനത്ത്) നീ ചേരുകയും, നിന്റെ സമ്പത്ത്, സമയം, ബലം എന്നിവയൊക്കെ എനിക്കുവേണ്ടി നീ ഉപേക്ഷിച്ചുവോ? നിന്റെ ചിന്തകള്‍ എപ്പോഴും എന്നെക്കുറിച്ചും, നീ എന്നോടൊപ്പമുള്ള ഒരാളായും തീര്‍ന്നിട്ടുണ്ടോ? നിന്റെ ജീവിതംകൊണ്ട് എന്നെ നീ മാനിക്കുന്നുണ്ടോ?"

യേശു പത്രോസിനോടു ചോദിച്ചു: "നീ ഇവരെക്കാളധികം എന്നെ സ്നേഹിക്കുന്നുവോ?" പത്രോസിന്റെ മറുപടി ഇങ്ങനെയല്ലായിരുന്നു: "ഇല്ല, കര്‍ത്താവേ, ഞാന്‍ ബാക്കിയുള്ളവരെക്കാള്‍ നല്ലവനല്ല; ഞാന്‍ നിന്നെ തള്ളിപ്പറഞ്ഞവനാണ്." അപ്പോഴും ആത്മവിശ്വാസത്തോടെ "ഉവ്വ്" എന്നാണു പത്രോസ് പറഞ്ഞത്. എന്നാല്‍ വാത്സല്യത്തിന്റെ ഗ്രീക്കുപദംകൊണ്ട് അവന്റെ സ്നേഹം പരിമിതപ്പെടുത്തുകയായിരുന്നു. അതു പരിശുദ്ധാത്മാവില്‍നിന്നും ഉറച്ച വിശ്വാസത്തില്‍നിന്നും ഉറവെടുക്കുന്ന ദിവ്യസ്നേഹമല്ലായിരുന്നു.

പത്രോസിന്റെ ബലഹീനവിശ്വാസത്തെ ശാസിക്കാതെ, യേശുവിന്റെ അനുയായികളെ കരുതുന്നതിലൂടെ പത്രോസിന്റെ സ്നേഹം ഉറപ്പിക്കാന്‍ യേശു അവനെ നിര്‍ബ്ബന്ധിച്ചു. തന്റെ കുഞ്ഞാടുകളെ വിശ്വാസത്തില്‍ കരുതാന്‍, ഇടറിപ്പോയ ആ ശിഷ്യനെ യേശു നിയോഗിച്ചു. ദൈവത്തിന്റെ കുഞ്ഞാട്, കുഞ്ഞാടുകളെ സ്വന്തമായി വാങ്ങിയതാണ്. അത്തരം ആട്ടിന്‍ കൂട്ടത്തെ ശുശ്രൂഷിക്കാന്‍, അവരെ വഹിക്കാന്‍, ക്ഷമയോടെ അവരെ നയിക്കാന്‍, അവര്‍ പക്വത പ്രാപിക്കുന്നതു കാത്തിരിക്കാന്‍ നീ തയ്യാറാണോ? അതോ അവര്‍ക്കു സഹിക്കാവുന്നതിനെക്കാള്‍ കൂടുതലാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? അതോ അവരെ കടിച്ചുകീറുന്നതിനായി നീ ആട്ടിന്‍ കൂട്ടത്തെ തനിയെ വിട്ടിട്ടുപോയോ? വിശ്വാസത്തില്‍ ചെറുപ്പമായിരിക്കുന്നവരെ പരിപാലിക്കാനാണു യേശു പത്രോസിനോട് ആദ്യം ആവശ്യപ്പെട്ടത്.

യോഹന്നാന്‍ 21:16
16രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവന്‍: ഉവ്വ്, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്കുകയെന്ന് അവന്‍ (യേശു) അവനോടു പറഞ്ഞു.

"'ഞാന്‍ നിന്നെ സ്നേഹിക്കുന്നു'വെന്നു നീ തിടുക്കപ്പെട്ടു മറുപടി പറഞ്ഞതല്ലേ? മാനുഷികവും അപൂര്‍ണ്ണവുമായതല്ലേ നിന്റെ സ്നേഹം? നിന്റെ സ്നേഹം വൈകാരികമാണോ, അതോ നിഷ്ക്കളങ്കമായ നന്മയില്‍നിന്നുള്ളതാണോ?" എന്നു പറയുന്നതുപോലെ, യേശു ലാഘവമായി പത്രോസിനോടു പറഞ്ഞുവിട്ടില്ല.

ഈ ചോദ്യം പത്രോസിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു, അവന്‍ താഴ്മയോടെ പറഞ്ഞു, "കര്‍ത്താവേ, നിനക്ക് എല്ലാമറിയാം, എന്റെ കഴിവുകളും പരിമിതികളും നിനക്കറിയാം. എന്റെ സ്നേഹം നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. ഞാന്‍ സത്യമായി നിന്നെ സ്നേഹിക്കുന്നു, എന്റെ ജീവിതം നിനക്കുവേണ്ടി വിധേയപ്പെടുത്താന്‍ ഞാനൊരുക്കമാണ്. ഞാന്‍ തോറ്റുപോയി, ഇനിയും ഞാന്‍ തോല്ക്കും. എന്നാല്‍ നിന്റെ സ്നേഹം എന്നില്‍ അന്തമില്ലാത്ത സ്നേഹമാണു ജ്വലിപ്പിച്ചത്."

പത്രോസിന്റെ അവകാശവാദമൊന്നും നിഷേധിക്കാതെതന്നെ യേശു പറഞ്ഞു, "നീ എന്നെ സ്നേഹിക്കുന്നതുപോലെ, എന്റെ സഭയെ സ്നേഹിക്കുക. അവരുടെ ഇടയപരിപാലനം അത്രയെളുപ്പമല്ല. അവരില്‍ പലരും വഴങ്ങാത്തവരും പിന്മാറ്റക്കാരുമാണ്, ഓരോരുത്തനും താന്താന്റെ വഴിക്കു പോകുന്നു. എന്റെ ആടുകളെ നിന്റെ തോളില്‍ ചുമന്നു ക്ഷീണിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? നിനക്കാണ് അവരെക്കുറിച്ചുള്ള ഉത്തരവാദിത്വം."

യോഹന്നാന്‍ 21:17
17മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോയെന്നു മൂന്നാമതും ചോദിക്കുകയാല്‍ പത്രോസ് ദുഃഖിച്ചു: കര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടെന്നും നീ അറിയുന്നുവെന്ന് അവനോടു പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക.

പത്രോസ് യേശുവിനെ മൂന്നു തവണ തള്ളിപ്പറഞ്ഞു, അങ്ങനെ അവന്റെ ഹൃദയവാതില്ക്കല്‍ യേശു മൂന്നു തവണ മുട്ടി - അവന്റെ സ്നേഹത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍. പത്രോസ് തന്നില്‍ത്തന്നെ കണ്ടെത്തേണ്ടിയിരുന്ന, പരിശുദ്ധാത്മാവില്‍നിന്നുള്ള ദൈവസ്നേഹത്തിന്റെ ആവശ്യകതയാണു യേശു ഊന്നിപ്പറഞ്ഞത്: പെന്തെക്കോസ്തുനാളില്‍ പരിശുദ്ധാത്മാവ് അവന്റെമേല്‍ ഇറങ്ങുന്നതുവരെ അവന് അതു ലഭിച്ചില്ല. യേശു തുടര്‍ന്നും ആരാഞ്ഞു: "മറ്റേതൊരു മാനുഷികബന്ധത്തെക്കാളധികം നീ എന്നോടു ബന്ധപ്പെട്ടിട്ടുണ്ടോ, ലോകത്തിന്റെ രക്ഷയ്ക്കായി നിന്റെ ജീവന്‍ അര്‍പ്പിക്കുന്നിടത്തോളം?" മൂന്നാം പ്രാവശ്യം പത്രോസ് ഉത്തരം നല്‍കിയതു ദുഃഖിച്ചും ലജ്ജിച്ചുമായിരുന്നു, കര്‍ത്താവിനു പത്രോസിന്റെ ഹൃദയത്തിലെ കാര്യം അറിയാമെന്നതും അവന്‍ കൂട്ടിച്ചേര്‍ത്തു.

പത്രോസ് മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറയുമെന്ന കര്‍ത്താവിന്റെ മുന്നറിയിപ്പും, കര്‍ത്താവിനു സകലതും അറിയാമെന്നതും ശരിയായിരുന്നെന്നു പത്രോസ് സമ്മതിക്കുകയായിരുന്നു. അതിനാല്‍, മനുഷ്യന്റെ അന്തരംഗം അറിയാവുന്ന സത്യദൈവമെന്നു യേശുവിനെ പത്രോസ് വിളിച്ചു. ആടുകളെ പാലിക്കുന്ന ജോലിയാണു പത്രോസിനെ കര്‍ത്താവേല്പിച്ചത്.

ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തെ പാലിക്കുന്ന ഒരിടയനാണോ താങ്കള്‍? ചെന്നായ്ക്കളും ദുഷ്ടാത്മാക്കളും സമീപിക്കുന്നതു താങ്കള്‍ കാണുന്നുണ്ടോ? ഓര്‍ക്കുക, നാമെല്ലാവരും പാപികളാണ്, ക്രൂശിന്റെ മൂല്യമല്ലാതെ, ദൈവജനത്തിന്റെ ഇടയനായിരിക്കുന്ന മാനത്തിനു നമ്മള്‍ യോഗ്യരല്ല. ആടുകള്‍ക്ക് ആവശ്യമുള്ളതിനെക്കാള്‍ പാപക്ഷമ ആവശ്യമായിരിക്കുന്നത് ഇടയന്മാര്‍ക്കാണെന്നതിനു സംശയമില്ല; പലപ്പോഴും അവര്‍ തങ്ങളുടെ പ്രധാന ഉത്തരവാദിത്വം അവഗണിക്കുന്നു.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നീ വലിയ ഇടയനാണ്. ഞാന്‍ അര്‍ഹിക്കാത്ത ഇടയശുശ്രൂഷയ്ക്കായി നീ എന്നെ വിളിച്ചു. നിന്നെ അനുഗമിക്കുന്ന ഞാന്‍ ഇടറിപ്പോകുന്നവനാണ്. നിന്റെ ആര്‍ദ്രകരുണയുടെ ആടുകളെ നീ എന്നെ ഏല്പിച്ചിരിക്കുകയാണല്ലോ. അവരെ ഞാന്‍ നിനക്കു സമര്‍പ്പിക്കുന്നു, അവരെ പാലിക്കണമേ, നിത്യജീവന്‍ അവര്‍ക്കു നല്‍കി, നിന്റെ കരങ്ങളില്‍ അവരെ സൂക്ഷിക്കണമേ; അങ്ങനെയായാല്‍ ആരും അവരെ പിടിച്ചുപറിക്കുകയില്ലല്ലോ. അവരെ ശുദ്ധീകരിക്കുകയും, ഞങ്ങള്‍ക്കു ക്ഷമ, താഴ്മ, വിശ്വാസം, ആശ്രയം, പ്രത്യാശ എന്നിവ നല്‍കി നിന്റെ സ്നേഹത്തില്‍ ഞങ്ങളെ ഉറപ്പിക്കണമേ. നീ എന്നെ കൈവിടാതെ, അന്ത്യത്തോളം സ്നേഹിക്കുമല്ലോ.

ചോദ്യം:

  1. യേശുവിന്റെയും പത്രോസിന്റെയും സംഭാഷണത്തില്‍ നിങ്ങളെ സ്പര്‍ശിച്ചതെന്ത്?

www.Waters-of-Life.net

Page last modified on May 16, 2012, at 12:05 PM | powered by PmWiki (pmwiki-2.3.3)