Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 128 (Peter confirmed in the service of the flock)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
5. ഗലീല കടല്‍ത്തീരത്തു യേശു പ്രത്യക്ഷപ്പെടുന്നു (യോഹന്നാന്‍ 21:1-25)

b) ആട്ടിന്‍കൂട്ടത്തെ പാലിക്കുന്ന സേവനത്തില്‍ പത്രോസിനെ ഉറപ്പിക്കുന്നു (യോഹന്നാന്‍ 21:15-19)


യോഹന്നാന്‍ 21:18-19
18ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: നീ യൌവനക്കാരനായിരുന്നപ്പോള്‍ നീ തന്നെ അരകെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്റെ അരകെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യുമെന്നു പറഞ്ഞു. 19അതിനാല്‍ അവന്‍ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ട്: എന്നെ അനുഗമിക്കുകയെന്ന് അവനോടു പറഞ്ഞു.

പത്രോസിന്റെ ഹൃദയം തീക്ഷ്ണവും, അതേസമയം വൈകാരികവുമാണെന്നു യേശു മനസ്സിലാക്കി. ക്രിസ്തുവില്‍ വിശ്വസിക്കുന്ന അവസരത്തില്‍, ഈ വീണ്ടുവിചാരമില്ലാത്ത അനുഭവം യുവാക്കളില്‍ നാം കാണാറുണ്ട്. പരിശുദ്ധാത്മാവിനെ അനുഭവിച്ചാലുടനെ, മറ്റുള്ളവരെ രക്ഷയിലേക്കു നയിക്കാന്‍ അവര്‍ തിടുക്കം കാട്ടുന്നു. പക്ഷേ, മിക്കപ്പോഴും അവര്‍ വെറും മാനുഷികമായ ഉത്സാഹംകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, സൌമ്യവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായ സഹകരണവുമുള്ള യേശുവിന്റെ മാര്‍ഗ്ഗദര്‍ശനത്തിലല്ല.

എന്നാലും,പത്രോസ് അവന്റെ ആത്മവിശ്വാസത്തിലും ആത്മീയ പക്വതയിലും വളരുമെന്നും, കര്‍ത്താവിനു വിധേയപ്പെട്ടു സ്നേഹത്തില്‍ ബദ്ധനായി, ക്രിസ്തുവിന്റെ ആഗ്രഹം മാത്രം ആഗ്രഹിക്കുന്ന ഒരാളാകുമെന്നു യേശു പ്രവചിച്ചു.

പത്രോസ് യെരൂശലേമില്‍ താമസിച്ചു, ജാതികളുടെ അടുക്കല്‍ പോയില്ല. മര്‍ദ്ദനമേറ്റ അവന്‍ നിരവധി പ്രാവശ്യം കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. ഒരു സന്ദര്‍ഭത്തില്‍ കര്‍ത്താവിന്റെ ദൂതന്‍ അവനെ മോചിപ്പിക്കുകയും ചെയ്തു. പരിശുദ്ധാത്മാവ് അവനെ ഒരു റോമന്‍ ശതാധിപനായ കൊര്‍ന്നല്യോസിന്റെ വീട്ടിലേക്കു നയിച്ചു. പരിശുദ്ധാത്മാവ് ജാതികളുടെമേലും അധിവസിക്കുമെന്ന് അവിടെ വെച്ച് അവന്‍ മനസ്സിലാക്കി. മുമ്പ് അവരെ അശുദ്ധരായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. സുവിശേഷത്തിലെ ഈ കാല്‍വെയ്പോടെ, സാര്‍വ്വലൌകികസുവിശേഷീകരണത്തിന്റെ വാതില്‍ അവന്‍ തുറന്നു.

ഹെരോദാവിന്റെ തടവറയില്‍നിന്നു മോചിതനായശേഷം, പുതുതായി സ്ഥാപിതമായ സഭകളിലേക്കു പത്രോസ് പോയി, പ്രത്യേകിച്ചു പൌലോസിനെ കാരാഗൃഹത്തിലാക്കിയശേഷം. ഇങ്ങനെ, പ്രമുഖനായ അപ്പോസ്തലന്‍, വിജാതീയ ക്രിസ്ത്യാനികളെ സന്ദര്‍ശിച്ചു, പിതാവിനെപ്പോലെ അവനവരെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കി. നീറോയുടെ പീഡനകാലത്ത് അവന്‍ മരിച്ചുവെന്നാണു പാരമ്പര്യം പറയുന്നത്. കര്‍ത്താവിനെപ്പോലെ ക്രൂശിക്കപ്പെടാനുള്ള യോഗ്യത തനിക്കില്ലെന്നു കരുതി, തന്നെ തലകീഴായി ക്രൂശിക്കാന്‍ അവന്‍ യാചിച്ചു. സ്വന്തം മരണത്തിലൂടെ പത്രോസ് യേശുവിനെ മഹിമപ്പെടുത്തുമെന്നു യേശു മുന്‍കൂട്ടിപ്പറഞ്ഞിരുന്നു.

മുമ്പു പത്രോസ് പറഞ്ഞത്, കര്‍ത്താവിനുവേണ്ടി ജീവന്‍ വെയ്ക്കാന്‍ താനൊരുക്കമാണെന്നാണ്. യേശുവിന്റെ മറുപടി, "നിനക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ കഴിയില്ല, പക്ഷേ ഒടുക്കം നീ അനുഗമിക്കും" (യോഹന്നാന്‍ 13:36). തന്നോടും പിതാവിനോടും അതുപോലെതന്നെ പരിശുദ്ധാത്മാവിനോടും യേശു ശിഷ്യന്മാരെ സഹവസിപ്പിച്ചു. മഹത്വത്തിനു മുമ്പുള്ള തന്റെ കഷ്ടതകളിലും മരണത്തിലും യേശു അവരെ പങ്കാളികളാക്കി. സുവിശേഷത്തിലെ മഹത്വമെന്നതിനു പ്രഭയെന്നോ മാനമെന്നോ ഉള്ള അര്‍ത്ഥമില്ല, മറിച്ചു നമ്മെ സ്നേഹിക്കുന്നവനുവേണ്ടിയുള്ള കഷ്ടതയും ക്രൂശുമാണ്. പത്രോസിനു സ്വന്തനിലയില്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍ കഴിഞ്ഞില്ല. പക്ഷേ ക്രിസ്തുവിന്റെ രക്തം അവനെ ശുദ്ധീകരിക്കുകയും ആത്മാവിന്റെ ശക്തി അവനെ വിശുദ്ധീകരിക്കുകയും ചെയ്തു. അങ്ങനെയവന്‍ തന്നെത്താന്‍ ത്യജിച്ചു തന്റെ കര്‍ത്താവിനായി ജീവിക്കുകയും, കര്‍ത്താവിനെ മഹത്വപ്പെടുത്താന്‍ മരിക്കുകയും ചെയ്തു.

അപ്പോള്‍, ക്രിസ്തു പത്രോസിന് ഒരു പടയാളിക്കുള്ള നിര്‍ദ്ദേശം നല്‍കി, "എന്നെ അനുഗമിക്കുക!" ജീവിതത്തിലും മരണത്തിലും നാം അവനെ അങ്ങേയറ്റം വരെ അനുഗമിക്കുമ്പോള്‍, നാം സ്നേഹത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും, കരുണാസമ്പന്നനായ പിതാവിന്റെ നാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യും.

പ്രാര്‍ത്ഥന: യേശുനാഥാ, പത്രോസ് നിന്നെ തള്ളിപ്പറഞ്ഞെങ്കിലും, നീ അവനെ തള്ളിക്കളയാതെ, ജീവിതത്തിലും മരണത്തിലും പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്താനായി വിളിച്ചതിനു നന്ദി. ഞങ്ങളുടെ ഇഷ്ടമൊക്കെ പൂര്‍ണ്ണമായി നിന്റെ ഹിതത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വിധേയപ്പെടുത്താന്‍, നിന്റെ കല്പനകള്‍ പാലിക്കാന്‍, ശത്രുക്കളെ സ്നേഹിക്കാന്‍, അവസാനംവരെ അനുസരണമുള്ള വിശ്വാസംമൂലം നിന്നെ മഹിമപ്പെടുത്താന്‍ ഞങ്ങളുടെ ജീവിതത്തെ കഴുകണമേ. അങ്ങനെ ഞങ്ങളുടെ ജീവിതം നിന്റെ കൃപയ്ക്കു സ്തുതിയായിത്തീരട്ടെ.

ചോദ്യം:

  1. പത്രോസ് എങ്ങനെയാണു ദൈവത്തെ മഹത്വപ്പെടുത്തിയത്?

www.Waters-of-Life.net

Page last modified on May 16, 2012, at 12:11 PM | powered by PmWiki (pmwiki-2.3.3)