Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 107 (Jesus questioned before Annas and Peter's threefold denial)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)

2. ഹന്നാവിന്റെ മുന്നില്‍ യേശുവിനെ ചോദ്യം ചെയ്യുന്നു, പത്രോസ് മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നു (യോഹന്നാന്‍ 18:15-21)


യോഹന്നാന്‍ 18:12-14
12പട്ടാളവും സഹസ്രാധിപനും യഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി 13ഒന്നാമതു ഹന്നാവിന്റെ അടുക്കല്‍ കൊണ്ടുപോയി; അവന്‍ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായിയപ്പന്‍ ആയിരുന്നു. 14കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നതു നന്നെന്നു യഹൂദന്മാരോട് ആലോചന പറഞ്ഞവന്‍ തന്നെ.’

യഹൂദന്മാര്‍ മാത്രമല്ല യേശുവിനെ അറസ്റ് ചെയ്തത്, അതേ ഉദ്ദേശ്യത്തോടെ പടയാളികളുമായി വന്ന റോമന്‍ ഉദ്യോഗസ്ഥനും യേശുവിനെ അറസ്റ് ചെയ്തു. മരണത്തിനും ഭൂതങ്ങള്‍ക്കും മേല്‍ കര്‍ത്തൃത്വമുള്ളവന്‍, കൊടുങ്കാറ്റിനെ ശാന്തമാക്കിയവന്‍, രോഗികളെ സൌഖ്യമാക്കിയവന്‍, പാപം ക്ഷമിച്ചവന്‍ - ക്രിസ്തു - ബന്ധനങ്ങളൊക്കെ സൌമ്യതയോടെ സഹിച്ചു. സ്വതന്ത്രനായിരുന്നവന്‍ ബന്ധനസ്ഥനായിത്തീര്‍ന്നു. കര്‍ത്താവായവന്‍ വിലങ്ങും ചങ്ങലയും ധരിച്ചവനായി. അതിനു നമ്മളാണു കാരണക്കാര്‍ - നമ്മുടെ പാപങ്ങള്‍. അവന്റെ താഴ്മയുടെ ഒരു ചുവടുകൂടി താഴെനിന്നു ക്രൂശിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് അവന്റെ വിലങ്ങുകള്‍ വിരല്‍ ചൂണ്ടുന്നത്.

ബി.സി. 15-6 വരെയുള്ള കാലയളവിലെ മഹാപുരോഹിതനായിരുന്നു ഹന്നാവ്. നിയമപരമായി, ജീവിതകാലം മുഴുവന്‍ ഹന്നാവായിരുന്നു ആ സ്ഥാനത്തിരിക്കേണ്ടുന്നയാള്‍. പക്ഷേ, റോം അദ്ദേഹത്തെ നിഷ്ക്കാസനം ചെയ്തു. ക്രമേണ, ഹന്നാവിന്റെ മരുമകനും, വഞ്ചകനുമായ കയ്യഫാ വെന്ന നിയമജ്ഞനെ - കുറുക്കന്‍ - അവര്‍ തിരഞ്ഞെടുത്തു. ന്യായപ്രമാണ ത്തിന്റെ ആവശ്യങ്ങളും അതുപോലെതന്നെ റോമിന്റെ ആവശ്യങ്ങളും നിറവേറ്റാനുള്ള കഴിവ് കയ്യഫാവിനുണ്ടായിരുന്നു. തന്ത്രശാലിയായ കയ്യഫാവ് കുപ്രസിദ്ധിയാര്‍ജ്ജിച്ച വഞ്ചകനായിരുന്നു. ഈ സാത്താന്റെ പ്രവാചകന്‍, യേശുവിന്റെ മരണത്തെക്കുറിച്ചു കുടിലമായ ഒരു പ്രവചനം നടത്തി. യഹൂദജാതിയുടെ (രാഷ്ട്രത്തിന്റെ) അതിജീവനത്തിനുവേണ്ടിയായിരുന്നു ആ പ്രവചനം. പിന്നീടുണ്ടായ വിചാരണ കുറ്റാരോപിതനെ ശിക്ഷയ്ക്കു വിധിക്കാനായി കെട്ടിച്ചമച്ചുണ്ടാക്കിയ നാടകീയമായ ഒരു ദുരന്തമായിരുന്നു. പേരിനു നീതി കാണിക്കാന്‍ മനഃസാക്ഷിക്കുത്ത് അനുഭവപ്പെട്ടവര്‍ക്ക്, വിചാരണ നന്നായിരുന്നുവെന്നും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന മതിപ്പുണ്ടായി.

മറ്റുള്ള സുവിശേഷങ്ങളിലെപ്പോലെ, ഈ രണ്ടു വിചാരണയുടെ ചുറ്റുപാടുകള്‍ യോഹന്നാന്‍ രേഖപ്പെടുത്തുന്നില്ല. എന്നാല്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ പ്രധാനിയായ ഹന്നാവിന്റെ മുമ്പിലെ വിചാരണയിലെ ചോദ്യം ചെയ്യലിനു യോഹന്നാന്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. അപ്പോഴും ഹന്നാവായിരുന്നു നാട്ടിലെ സംഭവവികാസങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. പ്രാരംഭ ചോദ്യം ചെയ്യല്‍, (ബഹുമാനസൂചകമായി) ഹന്നാവിനു കൈമാറാന്‍ കയ്യഫാവ് നിര്‍ദ്ദേശിച്ചു.

യോഹന്നാന്‍ 18:15-18
15ശിമോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യന്‍ മഹാപുരോഹിതനു പരിചയമുള്ളവന്‍ ആകയാല്‍ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. 16പത്രോസ് വാതില്ക്കല്‍ പുറത്തു നില്ക്കുമ്പോള്‍, മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യന്‍ പുറത്തുവന്നു വാതില്‍കാവല്‍ക്കാരിയോടു പറഞ്ഞു പത്രോസിനെ അകത്തുകയറ്റി. 17വാതില്‍ കാക്കുന്ന ബാല്യക്കാരി പത്രോസിനോട്: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരില്‍ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്ന് അവന്‍ പറഞ്ഞു. 18അന്നു കുളിര്‍ ആയിരുന്നതുകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രോസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.

യോഹന്നാനും പത്രോസും രാത്രിയില്‍ അകലം വിട്ടു യേശുവിനെ അനുഗമിച്ചു. യോഹന്നാന്‍ മഹാപുരോഹിതനു പരിചയക്കാരനായിരിക്കെ, പുരോഹിതന്മാരുടെ നടുമുറ്റത്ത് അവനു പ്രവേശിക്കാന്‍ കഴിഞ്ഞു. കാവല്‍ക്കാര്‍ ആ കവാടം കാത്തുകൊണ്ടിരുന്നതിനാല്‍ പത്രോസിന് അകത്തുകടക്കാന്‍ കഴിഞ്ഞില്ല.

രാത്രിയില്‍ പുറത്തു വാതില്‍ക്കല്‍ നില്‍ക്കുന്ന പത്രോസിന്റെ ആശങ്ക യോഹന്നാനു മനസ്സിലായി. പത്രോസിനെ സഹായിക്കുന്നതിനായി, യോഹന്നാന്‍ വാതില്‍കാവല്‍ക്കാരിയോടു പത്രോസിനുവേണ്ടി സംസാരിച്ചു. പൂര്‍ണ്ണമായി ബോദ്ധ്യം വരാഞ്ഞ ആ കാവല്‍ക്കാരി പത്രോസിനെ ചോദ്യം ചെയ്തു: "നീയും ആ മനുഷ്യന്റെ ശിഷ്യന്മാരിലൊരുവനല്ലേ?" പത്രോസിന്റെ മറുപടി: "ഞാനല്ല." ഒന്നുമറിയാത്തവനെപ്പോലെയും ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലാത്തവനെപ്പോലെയും അവന്‍ പെരുമാറി. അന്നു തണുപ്പുണ്ടായിരുന്നതിനാല്‍, ഇതിനുശേഷം അവന്‍ തീ കാഞ്ഞുകൊണ്ടുനിന്നു.

യോഹന്നാന്‍ 18:19-24
19മഹാപുരോഹിതന്‍ യേശുവിനോട് അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. 20അതിനു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. 21നീ എന്നോടു ചോദിക്കുന്നതെന്ത്? ഞാന്‍ സംസാരിച്ചത് എന്തെന്നു കേട്ടവരോടു ചോദിക്കുക, ഞാന്‍ പറഞ്ഞത് അവര്‍ അറിയുന്നുവെന്ന് ഉത്തരം പറഞ്ഞു. 22അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍: മഹാപുരോഹിതനോട് ഇങ്ങനെയാണോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്ത് ഒന്നടിച്ചു. 23യേശു അവനോട്: ഞാന്‍ ദോഷമായി സംസാരിച്ചുവെങ്കില്‍ തെളിവു കൊടുക്കുക; അല്ലെങ്കില്‍ എന്നെ തല്ലുന്നതെന്ത് എന്നു പറഞ്ഞു. 24ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കല്‍ അയച്ചു.

പ്രാഥമികമായ അന്വേഷണം യേശുവിന്റെ കുറ്റത്തെക്കുറിച്ചുള്ളതല്ലായിരുന്നു, മറിച്ച് അവന്റെ വ്യക്തിത്വം, അവകാശവാദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. അവന്റെ ശിഷ്യന്മാരെക്കുറിച്ചും ഉപദേശരീതിയെക്കുറിച്ചും ചോദിച്ചു. അക്കാലത്ത് ഒരുപാടു രഹസ്യസംഘങ്ങളുണ്ടായിരുന്നു. അവന്റെ അനുയായികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അപകടത്തിന്റെ നീക്കമുണ്ടോ, അങ്ങനെയവര്‍ വിപ്ളവകാരികളായിത്തീരുമോ എന്നറിയാനായിരുന്നു അന്വേഷണക്കാര്‍ക്കു തിടുക്കം.

അത്തരമൊരു സംഘത്തിന്റെ സാദ്ധ്യത യേശു നിഷേധിച്ചു. പള്ളികളിലും ദൈവാലയത്തിലും പകല്‍സമയത്ത് അവന്‍ പരസ്യമായി സംസാരിച്ചതാണെന്ന് അവര്‍ക്കറിയാമായിരുന്നു. അവിടെയൊക്കെ അനേകര്‍ അതു കേള്‍ക്കാനുണ്ടായിരുന്നു. അവനെ അറിയണമെന്ന സത്യസന്ധമായ ആഗ്രഹം നേതാക്കന്മാര്‍ക്കുണ്ടായിരുന്നെങ്കില്‍, അവന്‍ ഉപദേശിക്കുന്ന സ്ഥലങ്ങളില്‍ പോയി കാര്യങ്ങള്‍ വിശദമായി കേട്ടറിയാമായിരുന്നു. അവന്റെ വിളിയെക്കുറിച്ചും അവര്‍ക്കു ഗ്രഹിക്കാമായിരുന്നു. ഈ നിലയിലാണു വൃദ്ധനായ മഹാപുരോഹിതനോടു ഭയരഹിതമായി യേശു പ്രതികരിച്ചത്. പെട്ടെന്ന്, മഹാപുരോഹിതന്റെ പ്രീതി സമ്പാദിക്കാനായി ഒരു സേവകന്‍ യേശുവിനെ അടിച്ചു. യേശു തിരിച്ചടിക്കുകയോ കോപിക്കുകയോ ചെയ്തില്ല. അപ്പോള്‍ത്തന്നെ കുറ്റത്തിന്റെ ഗൌരവം അവന്‍ കുറച്ചുമില്ല, അടിച്ചതിനു കാരണം ബോധിപ്പിക്കാന്‍ അവന്‍ ആ സേവകനെ വെല്ലുവിളിക്കുകയാണുണ്ടായത്. യേശു നിരപരാധിയായിരിക്കെ, ആ സേവകന്‍ മാപ്പുചോദിച്ച് അനുതപിക്കേണ്ടതായിരുന്നു.

ഈ വെല്ലുവിളി പരോക്ഷമായി ഹന്നാവിനോടായിരുന്നു, അദ്ദേഹമാണല്ലോ സേവകന്റെ പെരുമാറ്റത്തിന് ഉത്തരവാദി; അദ്ദേഹമാണ് ആ അപരാധത്തിന് അനുമതി നല്കിയത്. നീതിയില്ലാതെ ഒരാളെ അടിക്കുന്നതിനും, നിരപരാധികളെ അനുയായികളെക്കൊണ്ടു ഭീഷണിപ്പെടുത്തുന്നതിനുമെതിരെ ഇത്തരം ആരോപണങ്ങള്‍ ഇന്ന് ഉന്നയിക്കാറുണ്ട്. ചെറിയ കാര്യങ്ങള്‍ ചെയ്യുന്നവരുടെ കണക്കു നോക്കാന്‍ നമ്മുടെ കര്‍ത്താവിന് ഇഷ്ടമാണ്: "ഈ ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തത്, എനിക്കു ചെയ്തതാണ്."

ഈ ഭീഷണികള്‍ക്കു വഴങ്ങാതെ, ഒരു ന്യായാധിപനെപ്പോലെ സത്യത്തെക്കുറിച്ചും ന്യായത്തെക്കുറിച്ചും ഹന്നാവിനോടു ചോദിച്ചു. പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍, മരുമകനായ കയ്യഫാവിന്റെ അടുക്കലേക്കു ഹന്നാവ് യേശുവിനെ അയച്ചു; കയ്യഫാവു കുടിലബുദ്ധിയായിരുന്നു.

യോഹന്നാന്‍ 18:25-27
25ശിമോന്‍ പത്രോസ് തീ കാഞ്ഞുനില്‍ക്കുമ്പോള്‍: നീയും അവന്റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലയോ എന്നു ചിലര്‍ അവനോടു ചോദിച്ചു; അല്ല എന്ന് അവന്‍ മറുത്തുപറഞ്ഞു. 26മഹാപുരോഹിതന്റെ ദാസന്മാരില്‍വെച്ചു പത്രോസ് കാതറുത്തവന്റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍, ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു. 27പത്രോസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.

ശിഷ്യന്മാരെക്കുറിച്ചു കയ്യഫാവ് യേശുവിനോടു ചോദ്യം ചെയ്തു. രണ്ടു ശിഷ്യന്മാര്‍ അവനോടൊപ്പം ആസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ യേശുവിന്റെ അനുയായികളാണു തങ്ങളെന്ന് അവര്‍ സമ്മതിച്ചില്ല. തീജ്വാലയുടെ വെളിച്ചത്തില്‍ പത്രോസിനെ ഒരു പരദേശിയെപ്പോലെ കണ്ടു, യേശുവുമായി അവനുള്ള ബന്ധത്തെക്കുറിച്ചു സേവകന്മാര്‍ക്കു സംശയമുണ്ടായി. വീണ്ടും "അല്ല, അല്ല" എന്നു പത്രോസ് മറുപടി നല്കി.

സംശയിച്ചവരില്‍ ഒരാളാണ് അത്തരമൊരു ആരോപണമുന്നയിച്ചത്. അങ്ങനെ എല്ലാവരും അവനെ തുറിച്ചുനോക്കിയപ്പോള്‍ അവന്‍ ആകെ പരവശനായി, പ്രത്യേകിച്ചു "ഞാന്‍ നിന്നെ തോട്ടത്തില്‍വെച്ചു കണ്ടിരുന്നല്ലോ"യെന്ന് അവരിലൊരാള്‍ പറഞ്ഞപ്പോള്‍. അപകടം അടുത്തുവന്നു, പത്രോസ് കാതറുത്തവന്റെ ബന്ധുവാണു സംസാരിച്ചത്. പത്രോസ് ശപിച്ചതിന്റെയോ, യേശുവിനെ തള്ളിപ്പറഞ്ഞതിന്റെയോ, വിശദാംശങ്ങള്‍ യോഹന്നാന്‍ നല്കുന്നില്ല. പക്ഷേ, പത്രോസിന്റെ ഭീരുത്വം പൂണ്ട പെരുമാറ്റം, ഒരു അപ്പോസ്തലപ്രമുഖനു ചേര്‍ന്നതല്ലെന്നു അവന്‍ സാക്ഷ്യപ്പെടുത്തുന്നു.

കോഴി കൂകിയതു ന്യായവിധിയുടെ കാഹളനാദംപോലെ പത്രോസിന്റെ കാതുകളില്‍ മുഴങ്ങി. മരണംവരെ അനുഗമിക്കാന്‍ തയ്യാറായ ഒരൊറ്റ ശിഷ്യനെയും യേശു കണ്ടില്ല. എല്ലാവരും ഓടിപ്പോവുകയോ പാപം ചെയ്യുകയോ കള്ളം പറയുകയോ, യേശുവിനെ തള്ളിപ്പറയുകയോ ചെയ്തു. പത്രോസിന്റെ കരച്ചിലിനെക്കുറിച്ചോ അനുതാപ(മാനസാന്തരം)ത്തെക്കുറിച്ചോ യോഹന്നാന്‍ മിണ്ടുന്നില്ല. എന്നാല്‍ നമ്മുടെ നാഥനെ തള്ളിപ്പറയുന്നതിന്റെ ദോഷം അവന്‍ അടിവരയിട്ടു പറയുന്നുണ്ട്. പത്രോസിനെ ഉണര്‍ത്താന്‍ മൂന്നു തവണയാണു കോഴി കൂവിയത്. ഓരോ തവണ നാം കള്ളം പറയുമ്പോഴും, നമ്മുടെ കര്‍ത്താവിനെ ഏറ്റുപറയാന്‍ ഭയപ്പെടുമ്പോഴും ദൈവം ഒരു കോഴിയെ നമുക്കു കൂവുന്നതിനായി നല്‍കാറുണ്ട്. സത്യത്തിന്റെ ആത്മാവു നമ്മുടെ മേല്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നു. ഫലപ്രദമായ ഒരു നാവിനും, നേരുള്ള ഒരു ഹൃദയത്തിനും, നല്ലൊരു മനസ്സിനുമായി നമുക്കു ദൈവത്തോട് അപേക്ഷിക്കാം.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, നീ സത്യവും സഹിഷ്ണുതയും മഹത്വവുമായതിനാല്‍ ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു. എല്ലാത്തരത്തിലുള്ള വ്യാജങ്ങളും അതിശയോക്തികളും ഞങ്ങളോടു ക്ഷമിക്കണമേ. മനുഷ്യവര്‍ഗ്ഗത്തിന്റെ ബന്ധനങ്ങള്‍ നീ വഹിച്ചു, നിന്റെ ആത്മാവിനാല്‍ ഞങ്ങളെ ബന്ധിപ്പിക്കണമേ, അങ്ങനെ ഞങ്ങളുടെ നാവുകള്‍ ഇനിമേല്‍ കള്ളം പറയാതിരിക്കുമല്ലോ. നിന്റെ സത്യത്തില്‍ ഞങ്ങളെ ഉറപ്പിക്കുകയും, നിന്റെ നാമത്തില്‍ എളിമയോടും ജ്ഞാനത്തോടും നിശ്ചയത്തോടും സാക്ഷിക്കുന്നതിനു ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ.

ചോദ്യം:

  1. ഹന്നാവിന്റെ മുന്നിലെ ചോദ്യംചെയ്യല്‍ വേളയില്‍ യേശുവും പത്രോസും തമ്മിലുള്ള ബന്ധം എന്തായിരുന്നു?

www.Waters-of-Life.net

Page last modified on May 14, 2012, at 12:47 PM | powered by PmWiki (pmwiki-2.3.3)