Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 100 (Christ's peace in us defeats the world's afflictions)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
E - യേശുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥന (യോഹന്നാന്‍ 17:1-26)

1. മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് ആമുഖം


സുവിശേഷവും പ്രവൃത്തിയുംകൊണ്ടാണു യേശു മനുഷ്യവര്‍ഗ്ഗത്തെ സേവിച്ചത്;’ മുടന്തരെ സൌഖ്യമാക്കി, വിശന്നവര്‍ക്ക് ആഹാരം നല്‍കി, കുരുടനു കാഴ്ച കൊടുത്തു, മരിച്ചവരെ ഉയിര്‍പ്പിച്ചു. വിദ്വേഷത്തിന്റെയും മരണത്തിന്റെയും മദ്ധ്യത്തില്‍ ദൈവമഹത്വത്തിന്റെ വെളിപ്പാടായിരുന്നു അവന്റെ സ്നേഹം.

അവന്റെ ശുശ്രൂഷയുടെ ആരംഭത്തില്‍, ജനസമൂഹം അവന്റെയടുത്തേക്കു തിങ്ങിക്കൂടി. യഹൂദമതസമിതി (മതഭ്രാന്തന്മാരുടെയും കപട ഭക്തരുടെയും കൂട്ടം) അവരുടെ മതത്തിന്റെയും നിയമവാദത്തിന്റെയും അടിത്തറയിളകുന്നതു കണ്ടപ്പോള്‍, പള്ളിവിലക്കും വധഭീഷണിയും അവര്‍ യേശുവിനും അനുയായികള്‍ക്കും നേരെ പ്രയോഗിച്ചു. ജനക്കൂട്ടത്തിന്റെ ഉത്സാഹം ക്ഷയിക്കുകയും അവര്‍ യേശുവിനെ വിട്ടുപോകുകയും ചെയ്തു. അതിനുശേഷം യേശുവിനും അവന്റെ വിശ്വസ്തരായ അനുയായികള്‍ക്കും ഉപദ്രവമുണ്ടായി. എന്നാല്‍ അവന്‍ എല്ലാവരെയും സ്നേഹിക്കുന്നതു തുടര്‍ന്നു.

ഒടുവില്‍ പന്ത്രണ്ടുപേരില്‍ ഒരാളെ മതസമിതി പിടികൂടി; ഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ അവന്‍ തയ്യാറായി. അതേസമയം അപ്പോസ്തലന്മാരുടെ വേലയ്ക്കായുള്ള ഉടമ്പടിയുടെ അത്താഴവേളയില്‍ യേശു സ്വയമായി ഒരുങ്ങുകയായിരുന്നു. അവന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍, പിതാവുമായുള്ള ഐക്യതയും ദൈവസ്നേഹത്തിന്റെ കൂട്ടായ്മയില്‍ ആത്മാവ് അവരെ സ്ഥാപിക്കുന്നത് എങ്ങനെയെന്നും അവരെ അറിയിക്കുകയും (പീഡനം വരുന്നുണ്ടെങ്കിലും) ചെയ്തു.

എന്നാല്‍ കര്‍ത്താവിന്റെ മനോഭാവം ഗ്രഹിക്കുന്നതില്‍ ശിഷ്യന്മാര്‍ പരാജയപ്പെട്ടു. കാരണം, പരിശുദ്ധാത്മാവിനെ ആ സമയംവരെ അവരുടെ ഉള്ളില്‍ പകര്‍ന്നിട്ടില്ലല്ലോ. അങ്ങനെ യേശു പിതാവിന്റെ അടുക്കലേക്കു നേരിട്ടു ചെല്ലുകയും, തന്നെയും തന്റെ അനുയായികളെയും ഈ മഹാപുരോഹിതപ്രാര്‍ത്ഥനയില്‍ പിതാവിന്റെ കരങ്ങളില്‍ ഏല്പിക്കുകയും ചെയ്തു. ആ അപ്പോസ്തലന്മാരുടെ സാക്ഷ്യത്തിലൂടെ തന്നില്‍ വിശ്വസിക്കുന്നവരെക്കുറിച്ചും അവന്‍ സൂചിപ്പിച്ചു.

അദ്ധ്യായം 17 ല്‍ ക്രിസ്തുവിന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവപുത്രന്‍ പിതാവുമായി സംസാരിച്ച രീതിയിലേക്കുള്ള ഒരു നിസ്തുല്യമായ ഉള്‍ക്കാഴ്ച അതു നമുക്കു നല്‍കുന്നു. മാത്രമല്ല, പരിശുദ്ധ ത്രിത്വത്തിലെ വ്യക്തിത്വങ്ങള്‍ തമ്മിലുള്ള സ്നേഹത്തിലേക്കും അതു ചുഴിഞ്ഞിറങ്ങുന്നു. പ്രാര്‍ത്ഥനയുടെ ആത്മാവിനാണ് ഇവിടെ പ്രാമുഖ്യം. ഈ അദ്ധ്യായത്തിലേക്ക് ആഴത്തില്‍ ഇറങ്ങുന്നവര്‍ ദൈവാലയത്തിലേക്കു പ്രവേശിക്കുകയാണ്, അവിടെ ആരാധനയുടെയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെയും പ്രവാഹമാണ്.


2. പിതാവിന്റെ മഹത്വത്തിനായുള്ള പ്രാര്‍ത്ഥന (യോഹന്നാന്‍ 17:1-5)


യോഹന്നാന്‍ 17:1
1ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗ്ഗത്തിലേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രന്‍ നിന്നെ മഹത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്വപ്പെടുത്തണമേ.

താന്‍ പിതാവിനോടുകൂടെയുള്ളവനാണെന്നു ക്രിസ്തു ശിഷ്യന്മാരെ അറിയിച്ചു. അവന്‍ പിതാവിലും പിതാവ് അവനിലുമാണ്. അവനെ കാണുന്നവരൊക്കെ പിതാവിനെ കണ്ടിരിക്കുന്നു. എന്നാല്‍ മനസ്സില്‍ തറയ്ക്കുന്ന ഈ വെളിപ്പാടു ഗ്രഹിക്കാന്‍ ശിഷ്യന്മാര്‍ക്കു കഴിഞ്ഞില്ല. ശരീരത്തിലെ ദൈവസാന്നിദ്ധ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ സന്ദേഹിച്ചു. ബലഹീനരും അജ്ഞരുമായ തന്റെ ശിഷ്യന്മാരെ പ്രകാശിപ്പിക്കുന്നതിനും, ദിവ്യവും വിശുദ്ധവുമായ സ്നേഹത്തിന്റെ കൂട്ടായ്മയില്‍ അവരെ സൂക്ഷിക്കുന്നതിനും ദൈവത്തിന്റെ കരുതലില്‍ യേശു അവരെ ഏല്പിച്ചു.

സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തിയതിലൂടെ യേശു ശിഷ്യന്മാരെ അത്ഭുതപ്പെടുത്തി. സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഒരു പിതാവിനോട് എങ്ങനെയാണ് അവനു പ്രാര്‍ത്ഥിക്കാന്‍ കഴിയുക? അതേസമയത്തുതന്നെ പിതാവ് അവനിലും അവന്‍ പിതാവിലുമാണല്ലോ? ഇത് അവരെ ബൌദ്ധികമായ ചിന്താക്കുഴപ്പത്തിലാക്കി. ഈ രണ്ട് ആശയങ്ങളും സാധുവാണെന്നു നമുക്കറിയാം: പിതാവും പുത്രനും തമ്മിലുള്ള തികഞ്ഞ ഐക്യത, അപ്പോള്‍ത്തന്നെ ഓരോ വ്യക്തിത്വത്തിനും സ്വയംഭരണാധികാരമുണ്ട്. നമ്മുടെ മനസ്സിനെക്കാള്‍ ദൈവം ശക്തനാണ്, രണ്ടു ചിന്താഗതികളും യുക്തിസഹമാണെന്നു പരിശുദ്ധാത്മാവും നമ്മെ ഉപദേശിക്കുന്നു. ഈ ബോധം വൈഷമ്യമുളവാക്കുന്നെങ്കില്‍, നിങ്ങളെ പ്രകാശിപ്പിക്കാന്‍ ദൈവത്തോടപേക്ഷിക്കുക. കാരണം, പരിശുദ്ധാത്മാവിന്റെ സഹായംകൂടാതെ പിതാവിനെയും പുത്രനെയും പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.

ഈ പ്രാര്‍ത്ഥനയില്‍ യേശു ദൈവത്തെ വിളിച്ചതു പിതാവ് എന്നാണ്. കാരണം, ദൈവം വെറുമൊരു പരിശുദ്ധകര്‍ത്താവും കഠിനനായ ന്യായാധിപനുമല്ല. മറിച്ച് അവന്റെ കരുണാര്‍ദ്രമായ സ്നേഹം മറ്റു ഗുണഗണങ്ങളെയെല്ലാം മൂടുന്നതാണ്. ദൈവം വിശുദ്ധസ്നേഹമുള്ളവനും കരുണയുള്ള സത്യവുമാണ്. ദൈവം സ്നേഹധനനായ പിതാവാണെന്ന ധാരണ യേശു പരിശുദ്ധാത്മാവില്‍ ജനിച്ചപ്പോഴാണ് - ദൈവപുത്രനായി - ഉയര്‍ന്നത്. അവന്‍ നിത്യമായി ദൈവത്തോടുകൂടെയാണു ജീവിച്ചത്. എന്നാല്‍ പരിശുദ്ധനായവന്റെ മക്കളെന്ന നിലയില്‍ നമ്മെ വിടുവിക്കാന്‍ (വീണ്ടെടുക്കാന്‍) അവന്‍ ശരീരം ധരിച്ചു. ദൈവത്തിന്റെ നാമമായ പിതാവെന്ന വെളിപ്പാട്, യേശു ലോകത്തിനു നല്‍കിയ സന്ദേശത്തിന്റെ കാതലാണ്. ഈ ദൈവ പ്രചോദിതമായ സത്യംമൂലം ന്യായവിധിയുടെ ഭയത്തില്‍നിന്നു യേശു നമ്മെ സ്വതന്ത്രരാക്കി - ന്യായാധിപതി നമ്മുടെ പിതാവും അതിന് ഉറപ്പു നല്‍കുന്നയാള്‍ നമ്മുടെ കടമെല്ലാം വീട്ടിയ സഹോദരനുമാണല്ലോ. യേശു പല തവണ പറഞ്ഞിട്ടുള്ള പിതാവിന്റെ നാമം നിങ്ങള്‍ ഉള്‍ക്കൊള്ളുകയും ആ അറിവിനനുസരിച്ചു ജീവിക്കുകയും ചെയ്താല്‍, സുവിശേഷസന്ദേശം നിങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു.

ലോകത്തിന്റെ പരമപ്രധാനമായ മണിക്കൂര്‍ വന്നുകഴിഞ്ഞുവെന്നു പിതാവിന്റെ മുമ്പാകെ ക്രിസ്തു അംഗീകരിച്ചു - ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനത്തിന്റെ മണിക്കൂര്‍. മനുഷ്യരാശിയും ദൂതന്മാരും മതങ്ങളും തത്ത്വചിന്തകളുമെല്ലാം ഈ സമയത്തിനായി അറിയാതെ കാത്തിരുന്നു. അതു വന്നുകഴിഞ്ഞു. ദൈവത്തിന്റെ കുഞ്ഞാടെന്ന നിലയില്‍ ലോകത്തിന്റെ കുറ്റം ക്രിസ്തു എടുത്തുയര്‍ത്തി. ദൈവക്രോധാഗ്നിയുടെ ജ്വാലയില്‍ ഒറ്റയ്ക്കു മരിക്കാന്‍ അവന്‍ സന്നദ്ധനായിരുന്നു. ഈ നിര്‍ണ്ണായകനിമിഷങ്ങളില്‍, ഒരു സംഘം ദൈവാലയച്ചേവകരുമൊത്തു യേശുവിനെ അറസ്റ് ചെയ്യിക്കാന്‍ ഒറ്റുകാരന്‍ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. സൌമ്യതയും കരുത്തുമുള്ളവന്‍ യാതൊരു സംരക്ഷണവുമില്ലാതെ മരിക്കാന്‍ തയ്യാറാവുകയായിരുന്നു.

യോഹന്നാന്‍ 17:2
2നീ അവനു നല്‍കീട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്‍കിയിരിക്കുന്നുവല്ലോ.

"മഹത്വ"മെന്നു പറഞ്ഞാല്‍ പ്രഭയും പ്രകാശവുമാണെന്നാണ് അനേകരും കരുതുന്നത്. യേശു പറഞ്ഞത്, അവന്റെ ത്യാഗപരമായ സ്നേഹമാണു മഹത്വത്തിന്റെ സത്തയും അവന്റെ ദൈവത്വത്തിന്റെ കാമ്പുമെന്നാണ്. ക്രൂശിലെ മണിക്കൂറുകളില്‍ ആ സ്നേഹത്തില്‍ അവനെ സൂക്ഷിക്കുന്നതിന് അവന്‍ പിതാവിനോടപേക്ഷിച്ചു. വേദനയുടെയും ഭയത്തിന്റെയും കൊടുങ്കാറ്റുകളായിരുന്നല്ലോ ക്രൂശ്. അങ്ങനെ ക്രൂശിക്കപ്പെട്ടവനില്‍ ദിവ്യസ്നേഹത്തിന്റെ രശ്മികള്‍ തികവോടെ ശോഭിക്കും. മത്സരികള്‍ക്കും കുറ്റവാളികള്‍ക്കുംവേണ്ടി തന്നെത്താന്‍ ബലിയര്‍പ്പിക്കാന്‍ പുത്രന്‍ ഒരുക്കമായിരുന്നു. അങ്ങനെ അവന്റെ മരണത്താല്‍ അവര്‍ നീതീകരിക്കപ്പെടും. ഇതാണു പുത്രന്റെ മഹത്വത്തിന്റെ കാതല്‍.

അവന്‍ തനിക്കുവേണ്ടിയല്ല, മറിച്ചു പിതാവിന്റെ മഹത്വത്തിനായിട്ടാണു മരിക്കുന്നതെന്നും, മറ്റാര്‍ക്കും ഏറ്റെടുക്കാനാവാത്ത ഒരു മാനദണ്ഡമാണു താന്‍ എടുക്കുന്നതെന്നും അവന്‍ പറയാതിരുന്നില്ല. ക്രൂശില്‍ അവന്‍ പിതാവിനെ മഹത്വപ്പെടുത്തുകയും ദൈവവുമായി മനുഷ്യനെ അനുരഞ്ജിപ്പിക്കുകയും ചെയ്തു. പാപത്തിനു ക്ഷമ കിട്ടിയപ്പോള്‍ ദൈവസ്നേഹത്തിന്റെ പ്രദര്‍ശനമായി, എല്ലാവരെയും ദത്തെടുപ്പിലേക്കു ക്ഷണിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെമേല്‍ പരിശുദ്ധാത്മാവിനെ പകര്‍ന്നു. അതിനാല്‍ വിശുദ്ധിയില്‍ ജീവിക്കുന്നതിലൂടെ മക്കള്‍ക്കു പിതാവിനെ മഹത്വപ്പെടുത്താന്‍ കഴിയും. അനേക മക്കളുടെ പിതാവായിത്തീരുക എന്നതിനെക്കാള്‍ പിതാവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്ന ശ്രേഷ്ഠമായൊരു അടയാളം വേറെയില്ല. അങ്ങനെ സത്യാത്മാവിനാല്‍ അനേകം മക്കള്‍ ജനിക്കുന്നതുമൂലമുള്ള സ്നേഹത്തിന്റെ വീണ്ടെടുപ്പിന്റെ പൂര്‍ത്തീകരണത്തിനായി യേശു പിതാവിന്റെ നാമത്തെ സ്തുതിച്ചുകൊണ്ട് അപേക്ഷിച്ചു.

പിതാവു നല്‍കിയ ദൈവികമായ അവകാശം പുത്രന്‍ സംക്ഷേപിച്ചു. അതായത്,സ്ത്രീയില്‍നിന്നു ജനിച്ചവരുടെമേലെല്ലാമുള്ള സര്‍വ്വാധികാരം. ക്രിസ്തുവാണു സത്യദൈവം, സ്രഷ്ടാവും വിമോചകനും അവനാണ്. നാം അവന്റെയും അവന്‍ നമ്മുടെയും സത്യമായ പ്രത്യാശയാണ്. അവന്റെ അധികാരം അവന്‍ പ്രാപിച്ചതു ന്യായവിധിക്കോ നശിപ്പിക്കുന്നതിനോ അല്ല, മറിച്ചു രക്ഷിക്കുന്നതിനും വഴികാട്ടുന്നതിനുമാണ്. ക്രിസ്തുവിന്റെ വരവിന്റെ ഉദ്ദേശ്യമെന്നത്, അവനില്‍ വിശ്വസിക്കുന്നവര്‍ നിത്യജീവന്‍ പ്രാപിക്കണമെന്നാണ്. മരണത്തിന് ഇനിമേല്‍ അവരില്‍ അധികാരമൊന്നുമില്ല. ക്രൂശില്‍, മനുഷ്യന്റെ പാപങ്ങള്‍ യേശു ക്ഷമിച്ചു; കുറച്ചുപേര്‍ മാത്രമേ ഈ രക്ഷടുടെ ആഹ്വാനത്തോടു പ്രതികരിച്ചുള്ളൂ എങ്കില്‍പ്പോലും. പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടവരും, ക്രിസ്തുവിന്റെ രക്ഷിക്കുന്ന മഹത്വത്തില്‍ തുടരുന്നവരുമാണ്. അവരിലാണു ദിവ്യാത്മാവു വസിക്കുന്നത്. അവരുടെ പുതിയ നിലനില്പു നമ്മുടെ കാലഘട്ടത്തിലെ അത്ഭുതമാണ്, അതു പിതാവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നു.

യോഹന്നാന്‍ 17:3
3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവന്‍ ആകുന്നു.

യേശു ദൈവത്തെക്കുറിച്ചു പറഞ്ഞതിനെ പരിശുദ്ധാത്മാവു സ്ഥിരീകരിക്കുന്നു. അവന്‍ ക്രിസ്തുവിന്റെയും നമ്മുടെയും പിതാവാണ്. ഈ ദൈവികരഹസ്യത്തെക്കുറിച്ചു ബോധവാന്മാരായവര്‍ക്കും അവനില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവന്‍ ഉണ്ട്. യേശുക്രിസ്തുവെന്ന വ്യക്തിയെക്കൂടാതെ ദൈവത്തെ അറിയാനുള്ള മാര്‍ഗ്ഗമൊന്നുമില്ല. പിതാവിന്റെ പിതൃത്വം (Fatherhood) പുത്രനില്‍ കാണുന്നവരും അവനില്‍ വിശ്വസിക്കുന്നവരും, അവന്റെ വിശുദ്ധ പുത്രത്വത്തിലേക്കു മാറുന്നു. ക്രിസ്തുവിന്റെ അരുളപ്പാടുകളിലുള്ള ഗഹനമായ ഉള്‍ക്കാഴ്ച വെറും അറിവല്ല, ആത്മീയജീവനും വളര്‍ച്ചയുമാണ്. ദൈവം ഓരോ വിശ്വാസിയിലും അവന്റെ സ്വരൂപം പുനഃസ്ഥാപിക്കുന്നു. ഈ ദിവ്യസ്വരൂപത്തിന്റെ പ്രാധാന്യമെന്താണ്? പരിശുദ്ധാത്മാവു ദൈവമക്കളില്‍ കൊണ്ടുവരുന്ന സ്നേഹം, സത്യം, സത്യസന്ധത എന്നിവയാണ് അവ. ഇതു പിതാവിനെ മഹിമപ്പെടുത്തുന്നതുമാണ്, അതിനാലാണ് അവന്റെ മൂല്യങ്ങള്‍ പ്രകടമാകുന്നത്.

ക്രിസ്തുവിനെ ദൈവം ലോകത്തിലേക്ക് അയച്ചു. ആത്മാവില്‍നിന്നു ജനിച്ച, ക്രൂശിക്കപ്പെടുകയും ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തവനെക്കൂടാതെ ദൈവത്തെ അറിയാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനുഷ്യര്‍ ഗ്രഹിക്കും. ദൈവിക അപ്പോസ്തലനാണു (അയയ്ക്കപ്പെട്ടവന്‍) പുത്രന്‍, സ്നേഹത്തിനും വിശുദ്ധിക്കുമൊപ്പം അവനില്‍ സകല അധികാരവുമുണ്ട്. സത്യദൈവത്തെ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ദൈവത്തിന്റെ വ്യക്തിത്വമായ യേശുവിന്റെ ജീവിതം പഠിക്കുക. മശീഹയെന്ന നിലയില്‍ അവന്‍ രാജാധിരാജാവും പുരോഹിതനുമാണ്, തികഞ്ഞ പ്രവാചകനും ദൈവവചനം അവതരിച്ചതുമാണ്.

യോഹന്നാന്‍ 17:4-5
4ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്യാന്‍ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു. 5ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തണമേ.

യേശുവിന്റെ ഭൌമികപ്രയാണത്തില്‍ അവന്‍ നിരന്തരമായി പിതാവിനെ ധ്യാനിച്ചു, അവനു സാക്ഷ്യം വഹിച്ചു, അവന്റെ പ്രവൃത്തികള്‍ ചെയ്തു. പിതാവിനെ മഹത്വപ്പെടുത്താന്‍ അവന്‍ തന്നെത്തന്നെ ത്യജിച്ചു. പിതാവില്‍നിന്നു കേട്ടത് അവന്‍ നമുക്കു കൈമാറി. അവന്റെ ജീവിതം മുഴുവന്‍ പിതാവിനെ മഹത്വപ്പെടുത്തി, അവന്റെ പ്രാര്‍ത്ഥനകള്‍ക്കു മറുപടി ലഭിക്കുമെന്ന് അവനറിയാമായിരുന്നു. പിതാവു പൂര്‍ത്തിയാക്കാന്‍ ഏല്പിച്ച വീണ്ടെടുപ്പിന്റെ വേല അവന്‍ ക്രൂശില്‍ നിറവേറ്റി. പിതാവാണ് എല്ലാക്കാര്യങ്ങളും നിറവേറ്റുന്നതെന്നത് അവന്‍ അംഗീകരിച്ചു. യേശു തന്നെത്താന്‍ ശൂന്യനാക്കുകയും യാതൊരു മഹത്വവും എടുക്കാതിരിക്കുകയും ചെയ്തിരിക്കെ, നിത്യതയുടെ മഹത്വത്തിന്റെ പ്രശസ്തി അവന്‍ അര്‍ഹിക്കുന്നു. ഇങ്ങനെ നിത്യത മുതല്‍ അവന്‍ മഹത്വവാനാണെന്ന് അവന്‍ സാക്ഷീകരിച്ചു. അവന്‍ ദൈവത്തില്‍നിന്നുള്ള ദൈവമാണ്, വെളിച്ചത്തില്‍നിന്നുള്ള വെളിച്ചമാണ്, സൃഷ്ടിയല്ല, ജാതനാണ് എന്നും അവന്‍ സാക്ഷ്യപ്പെടുത്തി. അവന്റെ ഉദ്ദേശ്യങ്ങളൊക്കെ നിറവേറ്റിയ ശേഷം പിതാവിന്റെ അടുക്കലേക്കു മടങ്ങാന്‍ അവന്‍ കൊതിച്ചു. അവന്‍ സ്വര്‍ഗ്ഗത്തിലെത്തിയപ്പോള്‍ ദൂതഗണങ്ങള്‍ അവനെ മഹത്വപ്പെടുത്തി: "അറുക്കപ്പെട്ട കുഞ്ഞാടേ, ശക്തി, ധനം, ജ്ഞാനം, അധികാരം, മാനം, മഹത്വം, സ്തുതി എന്നിവ സ്വീകരിക്കാന്‍ നീ യോഗ്യന്‍."

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നിന്റെ നാമം പരിശുദ്ധമാകണമേ. നിന്റെ പുത്രന്‍ നടപ്പിലും പ്രാര്‍ത്ഥനയിലും ബലിയിലും നിന്നെ മഹത്വപ്പെടുത്തി. നിന്നെ നോക്കാനുള്ള അര്‍ഹത ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ അതിക്രമങ്ങള്‍ ക്ഷമിച്ചതിനു നിനക്കു നന്ദി. ക്രിസ്തു ഞങ്ങള്‍ക്കുവേണ്ടി മരിക്കുകയും നീ ഞങ്ങളെ നിന്റെ മക്കളാക്കുകയും ചെയ്തുവല്ലോ. പരിശുദ്ധാത്മാവിനെ എന്റെ ഹൃദയത്തിലേക്കു പകരുന്നതിലൂടെ നിത്യജീവനിലേക്ക് എന്നെ കൊണ്ടുപോകുന്നതിനായി നിനക്കു നന്ദി. എപ്പോഴും നിന്നെ മഹത്വപ്പെടുത്താനും ഞങ്ങളെത്തന്നെ മഹത്വപ്പെടുത്താതിരിക്കാനും ഞങ്ങളെ സഹായിക്കണമേ. പരസ്പരം സ്നേഹിക്കുന്നതിനുള്ള നിന്റെ പുത്രന്റെ കല്പനയനുസരിക്കാനും ഞങ്ങളെ സഹായിക്കണമേ. അങ്ങനെ നിന്റെ പിതൃത്വത്തിന്റെ പ്രവൃത്തികള്‍ മറ്റുള്ളവരില്‍ ഞങ്ങള്‍ കാണേണ്ടതിനും നിനക്കു വിധേയപ്പെടുന്നതിനാല്‍ നിന്നെ മഹത്വപ്പെടുത്തേണ്ടതിനും ഇടയാകട്ടെ.

ചോദ്യം:

  1. യേശുവിന്റെ പ്രാര്‍ത്ഥനയുടെ ആദ്യഭാഗത്തിലെ അടിസ്ഥാന ചിന്തയെന്ത്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:49 AM | powered by PmWiki (pmwiki-2.3.3)