Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 099 (Christ's peace in us defeats the world's afflictions)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

6. ലോകത്തിന്റെ കഷ്ടപ്പാടുകളെ/ആപത്തുകളെ നമ്മിലുള്ള ക്രിസ്തുവിന്റെ സമാധാനം കീഴടക്കുന്നു (യോഹന്നാന്‍ 16:25-33)


യോഹന്നാന്‍ 16:25-26a
25ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോട് അറിയിക്കുന്ന നാഴിക വരുന്നു. 26aഅന്നു നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കും;

ദൃഷ്ടാന്തങ്ങളും ഉപമകളുംകൊണ്ടു യേശു വെളിപ്പെടുത്തിയ സ്വര്‍ഗ്ഗീയസത്യങ്ങള്‍ ലൌകികര്‍ക്കു രഹസ്യങ്ങളായിത്തുടര്‍ന്നു. എന്നാല്‍ നീതിക്കായി വിശന്നവര്‍ക്ക് അതു വെളിപ്പെട്ടു. ശിഷ്യന്മാര്‍ തന്നെ വ്യക്തമായി മനസ്സിലാക്കണമെന്ന വാഞ്ഛ യേശുവിനുണ്ടായിരുന്നു. മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും, അവര്‍ക്കു ദിവ്യാത്മാവിനെ അയയ്ക്കുകയും ചെയ്യുന്ന മഹാദിവസത്തിനായി അവന്‍ പ്രത്യാശിച്ചു. ഈ രക്ഷാസംഭവങ്ങളെല്ലാം ഒരൊറ്റ ദിവസമായി അവന്‍ കണക്കാക്കി. തന്റെ അനുയായികളുടെ ഹൃദയങ്ങളില്‍ ആത്മാവു വന്നപ്പോള്‍, ഉപമകളും ദൃഷ്ടാന്തങ്ങളും നില്ക്കും. കാരണം, വിശ്വാസികളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന്റെ ആത്മാവു പ്രകാശി പ്പിക്കും, അങ്ങനെ ഉപമകളുടെ തലം അവസാനിച്ചു. ദൈവം പിതാവും ക്രിസ്തു അവന്റെ പുത്രനുമാണ്. പരിശുദ്ധാത്മാവിനെക്കൂടാതെ ആര്‍ക്കും ദൈവത്തെ അറിയാന്‍ കഴിയില്ല. എന്നാല്‍ പുത്രന്റെ ആത്മാവു നമ്മെ ദൈവകുടുംബത്തിലേക്ക് അടുപ്പിക്കുന്നു. നിങ്ങള്‍ക്കൊരു ഭൌമികപിതാവുണ്ടോ? നിങ്ങള്‍ അവനോടു സംസാരിക്കുന്നുണ്ടോ? അദ്ദേഹം നിങ്ങളെക്കുറിച്ചു കരുതലുള്ളയാളാണോ? ഇതെല്ലാം ആന്തരികജ്ഞാനപരമായ ചോദ്യങ്ങളാണ്. ഉയര്‍ന്ന തലത്തില്‍, യേശുവിന്റെ വാക്കുകളും അവന്റെ ആത്മാവിന്റെ ആശ്വാസവും നമുക്ക് ഉറപ്പുതരുന്ന കാര്യം, ദൈവം സര്‍വ്വശക്തനും പരിശുദ്ധനും, നമ്മെ സ്നേഹിക്കുന്നവനും വ്യക്തിപരമായി നമുക്ക് അടുപ്പമുള്ളവനുമാണെന്നാണ്. നാമെല്ലാവരും പാപികളാണെങ്കിലും അവന്റെ പ്രിയ മക്കളാണ്. എന്നാല്‍ അവന്റെ രക്തംമൂലം നാം അവന്റെ മുമ്പില്‍ വിശുദ്ധരായിത്തീര്‍ന്നു. സത്യപ്രാര്‍ത്ഥനയ്ക്കായി പരിശുദ്ധാത്മാവു നമ്മുടെ വായ് തുറക്കുന്നു. കാരണം, ഈ ആത്മാവു ക്രിസ്തുവിന്റേതാണ്. ആത്മീയപ്രാര്‍ത്ഥനയില്‍ ക്രിസ്തു നമ്മിലൂടെ സംസാരിക്കുന്നു. പിതാവിന്റെ വിശ്വാസത്തിലും പുത്രന്റെ കൂട്ടായ്മയിലും ആത്മാവു പ്രാര്‍ത്ഥിക്കുന്നതു പ്രാര്‍ത്ഥിക്കുക. നിങ്ങളിലുള്ള ആത്മാവും പുത്രനോടുകൂടെയുള്ള നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവും തമ്മിലുള്ള ഒരു സംഭാഷണമായിരിക്കും നിങ്ങളുടെ പ്രാര്‍ത്ഥന.

യോഹന്നാന്‍ 16:26b-28
26bഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കുമെന്നു ഞാന്‍ പറയുന്നില്ല. 27നിങ്ങള്‍ എന്നെ സ്നേഹിച്ചു, ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നുവെന്നു വിശ്വസിച്ചിരിക്കുകകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു. 28ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു പുറപ്പെട്ടു ലോകത്തില്‍ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കല്‍ പോകുന്നു.

മക്കളെ സ്നേഹിക്കാത്ത പിതാവു പിതാവേയല്ല. ദൈവനാമം വെളിപ്പെടുത്തുന്നതിലൂടെ, ദൈവത്തിന്റെ ശക്തമായ സ്നേഹം ഗ്രഹിക്കാനുള്ള ഏറ്റവും ലളിതമായ രൂപം യേശു നമുക്കു തന്നു. പിതാവിന്റെ നാമത്തിനു പ്രാമുഖ്യം നല്‍കുകയെന്നതാണു ക്രിസ്തുവിന്റെ ലക്ഷ്യം. പിതാവിനെ അറിയുന്നവന്‍ ദൈവത്തെ അറിയുന്നു, ആ വ്യക്തി ഒരു ദൈവപൈതലായി മാറുന്നു, ദൈവസ്നേഹത്തില്‍ വസിക്കുന്നു. ആ നാമത്തില്‍ പൂര്‍ണ്ണസുവിശേഷവും നിത്യതയ്ക്കായുള്ള പ്രത്യാശയും നാം കണ്ടെത്തുന്നു. ഇനിമേല്‍ മദ്ധ്യസ്ഥതയുടെ ആവശ്യമില്ലെന്നു ക്രിസ്തു വിളിച്ചറിയിക്കുന്നു. കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു, അവന്‍ സ്നേഹവും കരുണയും നിറഞ്ഞവനാണ്. ക്രിസ്തു ക്രൂശിന്മേല്‍ മരിച്ചതിനാല്‍ നമുക്കും പിതാവിനുമിടയില്‍ വേലിക്കെട്ടൊന്നുമില്ല. ദൈവകുഞ്ഞാടായ പുത്രനിലുള്ള വിശ്വാസം, ക്രിസ്തുവിനെ സ്നേഹിക്കുന്നവരുടെമേല്‍ അവന്റെ സ്നേഹം പകരാനിടയാക്കുന്നു. ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ചും പിതാവില്‍നിന്നുള്ള അവന്റെ പുറപ്പെടലിനെക്കുറിച്ചും അവനോടൊപ്പമുള്ള വാസത്തെക്കുറിച്ചും ബോധവാനായ വ്യക്തി, പരിശുദ്ധ ത്രിത്വത്തെ സമീപിച്ചുകഴിഞ്ഞു.

ഒറ്റ വാചകത്തില്‍, വിമോചനത്തിന്റെ (വീണ്ടെടുപ്പിന്റെ) അത്ഭുതം ക്രിസ്തു ശിഷ്യന്മാര്‍ക്കു വരച്ചുകാട്ടുന്നു. ദൈവത്വത്തിന്റെ ഉയരങ്ങളില്‍നിന്ന് അവന്‍ താഴേയ്ക്കിറങ്ങി ദുഷ്ടതയും അധഃപത നവുംകൊണ്ടു നിറഞ്ഞ ഭൂമിയിലേക്കു വന്നു. എന്നാല്‍ മനുഷ്യരാശിക്കായുള്ള നീതി അവന്‍ ക്രൂശില്‍ നിവര്‍ത്തിച്ചപ്പോള്‍, ലോകം വിട്ട്, സകല ജീവന്റെയും ഉറവിടമായ പിതാവിന്റെയടുത്തേക്കു പോയി.

യോഹന്നാന്‍ 16:29-30
29അതിന് അവന്റെ ശിഷ്യന്മാര്‍: ഇപ്പോള്‍ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു. 30നീ സകലവും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കാന്‍ നിനക്ക് ആവശ്യമില്ലായെന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു.

ദൈവസ്നേഹം, യേശുവിന്റെ നിത്യമായ സാരാംശം (യലശിഴ) എന്നിവയെക്കുറിച്ചു ശിഷ്യന്മാര്‍ ബോധവാന്മാരായിവരികയായിരുന്നു. യേശു സത്യദൈവമാണ്, നിത്യനും പരിശുദ്ധനുമാണ്. സ്നേഹം മനുഷ്യാവതാരമെടുത്തവനാണു ക്രിസ്തുവെന്ന് അവര്‍ ഗ്രഹിച്ചുമില്ല, അറിഞ്ഞുമില്ല. അതുകൊണ്ട് അവര്‍ ദൈവത്തെ അവന്റെ സാരാംശത്തില്‍ തിരിച്ചറിയുകയോ അവനെ പിതാവ് എന്നു വിളിക്കുകയോ ചെയ്തില്ല. ദൈവത്തിന്റെ പുതിയ നാമവും ഒരിക്കലും തീര്‍ന്നുപോകാത്തതുമായ സ്നേഹവും യേശു വ്യാപകമായി അവരോടു പ്രഘോഷിച്ചിട്ടും ഇങ്ങനെയാണു സംഭവിച്ചത്. യേശുവിന്റെ അനുയായികളെ ഇതുവരെ പരിശുദ്ധാത്മാവു പ്രകാശിപ്പിച്ചില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ അവര്‍ സൈദ്ധാന്തികമായി അംഗീകരിച്ചതല്ലാതെ, അതിന്റെ യഥാര്‍ത്ഥ പ്രകൃതത്തിന്റെ സത്ത അവരുടെ പിടിവിട്ടുപോയി.

യോഹന്നാന്‍ 16:31-32
31യേശു അവരോട്: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? 32നിങ്ങള്‍ ഓരോരുത്തന്‍ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാന്‍ ഏകനല്ലതാനും.

പുഞ്ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: "വെറും ബുദ്ധിവൈഭവംകൊണ്ട് എന്റെ യഥാര്‍ത്ഥ സത്ത നിങ്ങള്‍ക്കു ഗ്രഹിക്കാന്‍ കഴിയുമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? അത്തരം അറിവ് യഥാര്‍ത്ഥ വിശ്വാസത്തിനു തുല്യമാണോ? അതിനുള്ള പരീക്ഷണം നടക്കാന്‍ പോകുകയാണ്, നിങ്ങളുടെ വിശ്വാസം സ്നേഹശൂന്യമാണെന്നു കാണാന്‍ പോകുകയാണ്. ദൈവത്തെ മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണ്, നിങ്ങള്‍ അവന്റെ പിതൃത്വത്തില്‍ (fatherhood) വിശ്വസിക്കുന്നില്ലല്ലോ. നിങ്ങളെല്ലാവരും എന്നെ ഉപേക്ഷിച്ചിട്ട് ഓടിപ്പോകും. നിങ്ങളുടെ വിശ്വാസം കണക്കുതീര്‍ക്കാത്തതായിക്കാണും."

"മരണത്തില്‍ ഞാന്‍ തനിച്ചല്ല, പിതാവ് എന്റെ കൂടെയുണ്ട്." "എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്'' എന്നു യേശു നിലവിളിച്ചതിനോട് ഇതു വിരുദ്ധമല്ലേ? അല്ല, പരിശുദ്ധനായ ദൈവം തന്റെ പുത്രനില്‍നിന്നു മുഖം മറച്ചു, എന്നാല്‍ ക്രിസ്തു തന്റെ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ തുടര്‍ന്നും വിശ്വസിച്ചു. ദൈവം മാറ്റമില്ലാത്തവനായി നിലകൊള്ളുന്നു വെന്നാണ് അവന്റെ നിലവിളി സൂചിപ്പിക്കുന്നത്: "ഞാന്‍ നിന്നെ കാണാതിരി ക്കുമ്പോള്‍പ്പോലും നിന്നെ കൈവിടുകയില്ല. എന്റെ ആത്മാവിനെ തൃക്കരങ്ങളില്‍ ഭരമേല്പിക്കുന്നു." നമുക്കുവേണ്ടി ക്രിസ്തുവിന്റെമേല്‍ വീണ ന്യായവിധിയെ, ദൈവത്തിന്റെ പിതൃത്വത്തിലുള്ള ക്രിസ്തുവിന്റെ വിശ്വാസം ജയിച്ചു. നമ്മുടെ പാപക്കടത്തില്‍നിന്നുയര്‍ന്ന ദൈവക്രോധത്തിന്റെ തീ, പിതാവിനുവേണ്ടിയുള്ള പുത്രന്റെ സ്നേഹം കെടുത്തിക്കളഞ്ഞു. അവന്റെ നിരന്തരമായ പ്രത്യാശ പിതാവിനെക്കാണാനുള്ള വാതില്‍ നമുക്കുവേണ്ടി തുറന്നുതന്നു. അവന്റെ മരണംനിമിത്തം പിതാവിന്റെ സന്നിധിയില്‍ നമുക്കു പറയാം, "പിതാവ് എന്റെ കൂടെയുള്ളതിനാല്‍ ഞാന്‍ തനിച്ചല്ല."

യോഹന്നാന്‍ 16:33
33നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന് ഇതു നിങ്ങളോടു സംസാരി ച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടമുണ്ട്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

സകല വിശ്വാസികള്‍ക്കും ആശ്വാസപ്രദമായ ഒരു കുറിപ്പോടെയാണു യേശു തന്റെ വിടവാങ്ങല്‍ സന്ദേശം ചുരുക്കിയത്: "ഞാന്‍ നിങ്ങളോടുകൂടെ അല്പകാലം ജീവിച്ചു, നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവികസമാധാനം നിറയാന്‍ ഉപദേശിച്ചു. അവിശ്വാസികള്‍ക്കു സമാധാനമില്ല. പുത്രനായ ഞാന്‍ നിങ്ങള്‍ക്കു പാപക്ഷമ നല്‍കുകയും നിങ്ങളുടെ ആന്തരിക വ്യക്തിയെ ശുദ്ധീകരിക്കുകയും ചെയ്തു. എന്റെ സമാധാനത്തിന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ വയ്ക്കുന്നു. എന്റെ വചനങ്ങളില്‍ വസിക്കുവിന്‍. വ്യക്തിപരമായി ഞാന്‍ നിങ്ങളുടെ സംരക്ഷകനാണ്. എന്നെക്കൂടാതെ നിങ്ങള്‍ക്കു യാതൊരു സംരക്ഷണവുമില്ല. ദൈവവുമായിട്ടുള്ള നിങ്ങളുടെ അനുരഞ്ജന (നിരപ്പ്)മാണ് ആ സമാധാനത്തിന്റെ അടിസ്ഥാനം. എന്റെ രക്തത്തിലുള്ള പാപമോചനം കൂടാതെ നിങ്ങള്‍ക്കു കുറ്റമറ്റ മനഃസാക്ഷിയില്ല. ഞാന്‍ നിങ്ങളെ രക്ഷിച്ചു, എന്റെ ആത്മാവു നിങ്ങളിലുണ്ട്. എന്റെ സമാധാനം ഒരു മായാരൂപമല്ല, യാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ക്കു സമാധാനം നല്‍കാനാണു ഞാന്‍ വന്നത്, അത് അംഗീകരിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുക."

"ഈ ലോകത്തില്‍ ആ സമാധാനം നിങ്ങളെ കാത്തിരിക്കുന്നുവെന്നു സങ്കല്പിക്കരുത്. ഇല്ല! അവിടെ പതിയിരിക്കുന്ന അപകടങ്ങളുണ്ട്; ഉപദ്രവങ്ങള്‍, രോഗം, ചതി, ഭയം, മരണം മുതലായവ. നിയമജ്ഞര്‍ നിങ്ങളെ തിരസ്കരിക്കും, ഉപരിപ്ളവക്കാര്‍ നിങ്ങളെ പരിഹസിക്കും. ആയിരക്കണക്കിനു വ്യാജങ്ങളും തത്വജ്ഞാനങ്ങളും നിങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കും. നിഗളം സദാ ഒപ്പമുണ്ടായിരിക്കും. പണത്തെ സ്നേഹിക്കരുത്; സമ്പത്തു നിങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കുകയില്ല."

"ലോകത്തില്‍നിന്നു നിങ്ങളുടെ നോട്ടം മാറ്റി എന്നെ നോക്കുക. എന്റെ ജീവിതം ധ്യാനിച്ച് എന്റെ വാക്കുകള്‍ ഗ്രഹിക്കുകയും, എന്റെ താഴ്മ പിന്‍തുടരുകയും ചെയ്യുക. എന്റെ സ്വയത്യാഗത്തിലും സ്വയനിഷേധത്തിലും വസിക്കുക. ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു. എനിക്കുവേണ്ടി യാതൊന്നുംതന്നെ ഞാന്‍ ചോദിച്ചില്ല. ദൈവത്തിന്റെ പരിശുദ്ധന്റെ സാരാംശത്തിലാണു ഞാന്‍. 'ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരാകുവിന്‍' എന്ന കല്പന എന്നില്‍ നിറവേറിയിരിക്കുന്നു. സ്നേഹത്തിന്റെ സമ്പൂര്‍ണ്ണതയാണു ഞാന്‍, എന്നില്‍ നിങ്ങള്‍ക്കു പിതാവിനെ കാണാം."

യേശുവിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ സവിശേഷത നിങ്ങള്‍ ഗ്രഹിച്ചുവോ? പിതാവിന്റെ കൂട്ടായ്മയില്‍ അവന്‍ നിങ്ങളെ സ്ഥാപിച്ചിരിക്കുന്നു, അങ്ങനെ ക്രിസ്തുവിന്റെ സമാധാനത്തോടു നിങ്ങളുടെ ഹൃദയം യോജിച്ചിരിക്കുകയാണ്. ഒരു വിശ്വാസിയുടെ ജീവിതത്തിലെ പരമപ്രധാനമായ സത്യമാണ് ആ സമാധാനം. ലോകം ദുഷ്ടതയില്‍ തുടരുകയും നിങ്ങള്‍ക്കു കുഴപ്പമുണ്ടാക്കുകയും ചെയ്യും. എന്നാല്‍ മരണത്തെയും സാത്താനെയും ജയിച്ചവനിലുള്ള നിങ്ങളുടെ വിശ്വാസം, ദൈവക്രോധത്തിന്റെയും നിത്യദണ്ഡനത്തിന്റെയും അഗ്നിയില്‍നിന്നു നിങ്ങളെ വിടുവിക്കും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവനു ദൈവത്തിന്റെ കരുണ ലഭിക്കുന്നു. യേശുവില്‍നിന്നുള്ള ഈ സന്ദേശം നിങ്ങളെ നിറച്ചോ? "പിതാവ് എന്റേതാണ്, പുത്രന്‍ എന്റെ രക്ഷകനാണ്, ആത്മാവ് എന്നില്‍ അധിവസിക്കുന്നു. ഞങ്ങളിലുള്ളത് ഏക ദൈവമാണ്. ഞാന്‍ അവന്റെ കൃപയില്‍ വസിക്കുന്നു"- ഇതാണോ നിങ്ങളിലുള്ള പരിശുദ്ധാത്മാവു പറയുന്നത്?

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുക്രിസ്തുവേ, നീ എന്റെ ഹൃദയത്തെ നേടി, നിനക്കായി എന്നെ വിലയ്ക്കു വാങ്ങി. പിശാചിന്റെ കെണികളില്‍നിന്നു നീ എന്നെ സൂക്ഷിച്ചു, അവന്റെ വ്യാജങ്ങളുടെ കുണ്ടറയില്‍നിന്നു നീ എന്നെ സ്വതന്ത്രനാക്കി. എന്റെമേല്‍ നീ നിത്യജീവന്‍ ചൊരിഞ്ഞു. നിനക്കായി കാത്തിരിക്കുന്ന എനിക്കു മരണഭയമില്ല. നിന്റെ ഹിതത്തില്‍ എന്നെ സൂക്ഷിക്കുകയും നിന്റെ ശക്തികൊണ്ട് എന്നെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങനെ സകല വിശുദ്ധന്മാരുമൊത്തു ഞാന്‍ പിതാവിനെ ആരാധിക്കുമ്പോള്‍ നിന്നെ മഹത്വപ്പെടുത്തുമല്ലോ. സഹോദരന്മാരെ സ്നേഹിക്കാനും ആളുകളോടു ക്ഷമിക്കാനും, നിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്താല്‍ സമാധാനമുണ്ടാക്കുന്ന ഒരു വ്യക്തിയായിരിക്കാനും എനിക്കിടയാക്കണമേ. ഞാന്‍ നിന്നില്‍ ചാരുന്നു; നീയാണു വിജയിച്ചവന്‍.

ചോദ്യം:

  1. എന്തുകൊണ്ടാണ്, എങ്ങനെയാണു പിതാവു നമ്മെ സ്നേഹിക്കുന്നത്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:38 AM | powered by PmWiki (pmwiki-2.3.3)