Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 098 (Christ predicts the joy of the disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

5. പുനരുത്ഥാനവിരുന്നിലെ സന്തോഷം ക്രിസ്തു ശിഷ്യന്മാരോടു മുന്‍കൂട്ടിപ്പറയുന്നു (യോഹന്നാന്‍ 16:16-24)


യോഹന്നാന്‍ 16:16-19
16കുറച്ചുനേരം കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുനേരം കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും. 17അവന്റെ ശിഷ്യന്മാരില്‍ ചിലര്‍: കുറച്ചുനേരം കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറച്ചുനേരം കഴിഞ്ഞിട്ട് എന്നെ കാണുമെന്നും, പിതാവിന്റെ അടുക്കല്‍ പോകുന്നുവെന്നും അവന്‍ നമ്മോട് ഈ പറയുന്നത് എന്തെന്നു തമ്മില്‍ ചോദിച്ചു. 18കുറച്ചുനേരമെന്ന് ഈ പറയുന്നത് എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നുവെന്നു നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു. 19അവര്‍ തന്നോടു ചോദിക്കാനാഗ്രഹിക്കുന്നുവെന്ന് അറിഞ്ഞു യേശു അവരോടു പറഞ്ഞത്: കുറച്ചുനേരം കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറച്ചുനേരം കഴിഞ്ഞിട്ട് എന്നെ കാണുമെന്നു ഞാന്‍ പറയുകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ?

ഈ വൈകുന്നേരം യേശു തന്റെ വേര്‍പിരിയലിനെക്കുറിച്ചു മൂന്നു തവണ പറഞ്ഞു. ഈ ആവര്‍ത്തിച്ചുപറയല്‍ ശിഷ്യന്മാര്‍ക്ക് ഒരാഘാതമായിരുന്നു; യേശുവിന്റെ മനോഭാവം അവര്‍ക്കു പിടികിട്ടിയില്ല. എന്നാല്‍ അവന്‍ തന്റെ മടങ്ങിവരവും വാഗ്ദത്തം ചെയ്തു - കല്ലറയില്‍നിന്നുള്ള പുനരുത്ഥാനമാണ് അവന്‍ പ്രാഥമികമായി പരാമര്‍ശിച്ചത്. പെസഹാവിരുന്നില്‍ അവന്‍ സൂചിപ്പിച്ച ആ കാര്യം ഏറെത്താമസിയാതെ നടന്നു. പിന്നെ അവന്‍ ഭിത്തികള്‍ തുളച്ചുകൊണ്ടു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി. ആ പ്രത്യക്ഷത ഒരു വിടവാങ്ങലായിരുന്നു, പിതാവിന്റെ അടുക്കലേക്കുള്ള ഒരു ഹ്രസ്വസന്ദര്‍ശനത്തിനുശേഷമായിരുന്നു അത്.

ആ വൈകുന്നേരം ഒലീവുമല കയറുമ്പോള്‍ ഈ മുന്നറിയിപ്പുകള്‍ യേശു നല്‍കി, ശിഷ്യന്മാര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ അവന്റെ വേര്‍പിരിയലിനെക്കുറിച്ച് അവരോട് അവന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അവന്‍ അവരോടു പറയുന്നത് ആസന്നമായ യഥാര്‍ത്ഥ വേര്‍പിരിയലിനെക്കുറിച്ചാണ്. ഈ പദ്ധതികളും ഉദ്ദേശ്യങ്ങളും അവര്‍ക്കു കടങ്കഥകളായിരുന്നു. മനസ്സു കലങ്ങിയ അവര്‍, അവന്റെ സ്വര്‍ഗ്ഗീയഭവനത്തിലേക്കുള്ള യാത്രയില്‍ ദുഃഖിതരുമായിരുന്നു.

യോഹന്നാന്‍ 16:20-23
20ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരഞ്ഞുവിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള്‍ ദുഃഖിക്കും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. 21സ്ത്രീ പ്രസവിക്കുമ്പോള്‍ തന്റെ നാഴിക വന്നതുകൊണ്ട് അവള്‍ക്കു ദുഃഖമുണ്ട്; അതിനെ പ്രസവിച്ചശേഷമോ, ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്റെ കഷ്ടം പിന്നെ ഓര്‍ക്കുന്നില്ല. 22അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖമുണ്ട് എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല. 23അന്നു നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്റെ നാമത്തില്‍ നിങ്ങള്‍ക്കു തരും.

ശിഷ്യന്മാരുടെ ചിന്തകള്‍ വായിച്ച യേശുവിന്, അവര്‍ പറയുന്നതു കേട്ടില്ലെങ്കിലും, എന്താണ് അവര്‍ പറയുന്നതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. അവരുടെ അനുമാനങ്ങള്‍ക്കുള്ള മറുപടിയായി അവരുടെ ഭയം അവന്‍ ശാന്തമാക്കുകയോ അവരുടെ ദുഃഖം ലഘൂകരിക്കുകയോ ചെയ്യാതെ, അതിവേദനയും കണ്ണുനീരും വിലാപങ്ങളും അവരുടെ ജീവിതം പിടിച്ചുകുലുക്കുമെന്ന് അവന്‍ ഊന്നിപ്പറഞ്ഞു. ഒരു നല്ല രാജാവിന്റെ മരണംപോലെയായിരുന്നു അത്; ദുഃഖാര്‍ത്തരായ ജനത്തിന്റെ ആശ നഷ്ടപ്പെട്ടു. ശിഷ്യന്മാര്‍ ദുഃഖിച്ചപ്പോള്‍, അവരുടെ ശത്രുക്കള്‍ ദുര്‍ബുദ്ധിയോടെ നോക്കി. ശത്രുക്കളെന്നതുകൊണ്ടു യേശു അര്‍ത്ഥമാക്കിയതു യഹൂദന്മാരല്ല, ലോകം മുഴുവനുമാണ്. ക്രിസ്തുസഭയ്ക്കു പുറത്തുള്ളവരൊക്കെ നഷ്ടപ്പെട്ട ലോകത്തിന്റെ വകയാണ്, ദൈവത്തില്‍നിന്നു ദൂരെയായ അവര്‍ പരിശുദ്ധാത്മാവി നെതിരെ മത്സരിക്കുന്നവരാണ്.

വീണ്ടും, യേശു ശിഷ്യന്മാര്‍ക്കു നല്കിയ വാഗ്ദത്തം, അവര്‍ വേഗം മഹാസന്തോഷം കണ്ടെത്തുമെന്നാണ്. അമ്മയുടെ പ്രസവവേദനപോലെ കണ്ണുനീരിന്റെയും വിലാപത്തിന്റെയും മണിക്കൂറുകള്‍ ചുരുങ്ങും. കുഞ്ഞുങ്ങളെ കയ്യിലെടുക്കുന്ന സന്തോഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വേദന സഹിക്കാവുന്നതാണ്.

പുനരുത്ഥാനത്തില്‍, ശിഷ്യന്മാരുടെ ചോദ്യങ്ങളെല്ലാം നിശ്ശബ്ദമാക്കപ്പെട്ടു. കുറ്റബോധത്തിന്റെ വിഷയങ്ങള്‍ അവര്‍ക്കുവേണ്ടി പരിഹരിക്കപ്പെട്ടു, മരണത്തിന്റെ പ്രശ്നത്തെ ജയിച്ചു; സാത്താന്റെ അധികാരം തകര്‍ക്കപ്പെട്ടു; ഇനിമേല്‍ ദൈവക്രോധം അവരെ ഞെരുക്കുകയില്ല. അവരുടെ തിരസ്കാരങ്ങള്‍, ഭയം, അവിശ്വാസം എന്നിവയൊന്നും ക്രിസ്തുവിന്റെ മടങ്ങിവരവിനും അവരുടെ പാപക്ഷമയ്ക്കും തടസ്സമല്ല. കര്‍ത്താവ് അവരെ സൂക്ഷിക്കുന്നതിനാല്‍ യഹൂദന്മാര്‍ക്ക് അവരെ പിടികൂടാന്‍ കഴിഞ്ഞില്ല. അങ്ങനെ അവരെ കുഴക്കിയ ചോദ്യങ്ങള്‍ക്കും ധര്‍മ്മസങ്കടങ്ങള്‍ക്കുമെല്ലാം ഉത്തരവും പരിഹാരവും ഉയിര്‍ത്തെഴുന്നേറ്റ വ്യക്തിയുടെ ഉയിര്‍പ്പിലൂടെ അവര്‍ കണ്ടെത്തി.

യോഹന്നാന്‍ 16:24
24ഇന്നുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുംവണ്ണം നിങ്ങള്‍ക്കു ലഭിക്കും.

വിടവാങ്ങല്‍ സന്ദേശത്തിന്റെ തുടക്കത്തില്‍, ആവശ്യമുള്ളതു ചോദിക്കാനാണു ശിഷ്യന്മാരോടുയേശു നിര്‍ബ്ബന്ധിച്ചത്. പിതാവിനു മഹത്വമുണ്ടാകേണ്ടതിന് അതു ലഭിക്കുകയും ചെയ്യും (യോഹന്നാന്‍ 14:13). സഭയുടെ പണിയെയും സുവിശേഷപ്രവര്‍ത്തനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ അപേക്ഷകള്‍. കാരണം, ത്രിത്വസ്നേഹത്തിന്റെ കൂട്ടായ്മയിലേക്ക് അനേകര്‍ പ്രവേശിക്കണമെന്നു യേശു ആഗ്രഹിക്കുന്നു. അതുകൊണ്ട് അവന്‍ നമ്മെ പ്രബോധിപ്പിക്കുന്നത് "ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍; അതോടുകൂടി ഇവയൊക്കെയും നിങ്ങള്‍ക്കു കിട്ടും" എന്നാണ്. സ്വര്‍ഗ്ഗീയവും ഭൌമികവുമായ കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കു ദൈവം മറുപടി നല്‍കുന്നുവെന്നു യേശു വാഗ്ദത്തം ചെയ്യുന്നു. എന്നാലും ഭൌമികകാര്യങ്ങളെക്കാള്‍ മുന്‍ഗണന സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ക്കാണ്.

നിങ്ങളുടെ ചോദ്യങ്ങളും ഹൃദയത്തിലെ ആവശ്യങ്ങളും എന്തെല്ലാമാണ്? പണം, ആരോഗ്യം, വിജയം എന്നിവ നിങ്ങള്‍ക്കാവശ്യമാണോ? നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ ഒരു ബന്ധത്തിനായി നിങ്ങള്‍ അപേക്ഷിക്കുന്നുണ്ടോ? ദൈവത്തിന്റെ അസ്തിത്വം, കരുണ എന്നിവ സംബന്ധമായുള്ള സംശയങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ജീവിതത്തില്‍ ആത്മാവിന്റെ അസാന്നിദ്ധ്യത്താലുള്ള ഒരു ശൂന്യത നിങ്ങള്‍ക്ക് അനുഭവമാകുന്നുണ്ടോ? നിങ്ങള്‍ക്കു കുറ്റബോധം അനുഭവപ്പെടുന്നുണ്ടോ, പരിശോധനകളും ദുരന്തങ്ങളും കഷ്ടതകളും നിമിത്തം നിങ്ങള്‍ കഷ്ടപ്പെടുകയാണോ? ദുരാത്മാക്കള്‍ നിമിത്തം നിങ്ങള്‍ നടുങ്ങിവിറയ്ക്കുന്നുണ്ടോ? ക്രിസ്തുവിന്റെ വരവിനും അവന്റെ സമാധാനരാജ്യം വ്യാപിക്കുന്നതിനും നിങ്ങള്‍ കാത്തിരിക്കുകയാണോ? നിങ്ങളുടെ ദേഹം, ദേഹി, ആത്മാവ് എന്നിവയെ കുഴ യ്ക്കുന്ന ചോദ്യങ്ങള്‍ എന്താണ്? നിങ്ങളൊരു ശുഭാപ്തിവിശ്വാസിയാണോ അശുഭാപ്തിവിശ്വാസിയാണോ? നിങ്ങളുടെ വികാരങ്ങള്‍ക്കു പെട്ടെന്നു മുറിവേല്ക്കാറുണ്ടോ? പരിശുദ്ധാത്മനിറവിനായി കര്‍ത്താവിനോടു നിങ്ങള്‍ അപേക്ഷിക്കാറുണ്ടോ?

നിങ്ങളുടെ ഓരോ പ്രശ്നവും ഒരു പ്രാര്‍ത്ഥനാവിഷയമാക്കുക. സ്വര്‍ഗ്ഗീയ പിതാവിനോടു ഹൃദയം തുറക്കുക. പ്രാര്‍ത്ഥനയില്‍ ജല്പനം ചെയ്യാതെ, പറയുന്നതിനെക്കുറിച്ചു ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. നിങ്ങള്‍ക്കു യേശു ഇപ്പോള്‍ത്തന്നെ നല്‍കിയിരിക്കുന്നത് ഓര്‍ക്കുക, അവയ്ക്കായി അവനു നന്ദി കരേറ്റുക. നന്ദിയര്‍പ്പണം നമുക്കു പ്രയോജനമാണ്. പിന്നെ നിങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുക, അവിശ്വാസം നിമിത്തം സ്നേഹം തണുത്തുപോവുകയും പ്രത്യാശ ശോഷിക്കുകയും ചെയ്തതു ദൈവത്തിനു മുമ്പില്‍ പരാജയങ്ങളാണ്. ഏറ്റുപറഞ്ഞ പാപങ്ങള്‍ക്കായി ക്ഷമ ചോദിക്കുക, നിങ്ങളില്‍നിന്നു ദൈവം ആഗ്രഹിക്കുന്നതെന്താണെന്നു കാണിച്ചുതരാന്‍ അപേക്ഷിക്കുക. അങ്ങനെയെങ്കില്‍ ദോഷകരമായ കാര്യങ്ങള്‍ക്കായി നിങ്ങള്‍ അപേക്ഷിക്കുകയില്ല. നിങ്ങള്‍ പറയുന്നതു കേള്‍ക്കാനുള്ള അവന്റെ കൃപയ്ക്കായും വിശ്വാസത്തിനായും അപേക്ഷിക്കുക. ദൈവം സ്നേഹമാണെന്നും, മറ്റുള്ളവരെയും അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവനാണെന്നുമുള്ളത് ഒരിക്കലും മറക്കരുത്. നിങ്ങളുടെ സ്നേഹിതര്‍ക്കും ശത്രുക്കള്‍ക്കുംവേണ്ടി മദ്ധ്യസ്ഥതയണയ്ക്കുക, ദൈവം അവരെ ഒരേപോലുള്ള കൃപയാല്‍ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ മാത്രമല്ല കഷ്ടപ്പെടുന്നയാള്‍, നിങ്ങള്‍ക്കു മാത്രമല്ല ആവശ്യമുള്ളത്. ഈ വിധിയില്‍ എല്ലാവര്‍ക്കും പങ്കാളിത്തമുണ്ട്. ധൈര്യപൂര്‍വ്വം നിങ്ങളുടെ ചോദ്യങ്ങള്‍ ക്രിസ്തുവിനോടു നേരിട്ടു ചോദിക്കുക, നന്ദിയര്‍പ്പണത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഒരു പൂമാലയുണ്ടാക്കി നിങ്ങളുടെ പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ചുറ്റുമായി മറ്റുള്ളവരുടെ പേരില്‍ അണിയിക്കുക. യേശുവിന്റെ നാമത്തിലുള്ള യഥാര്‍ത്ഥ പ്രാര്‍ത്ഥനയുടെ രഹസ്യം നിങ്ങള്‍ അപ്പോള്‍ പഠിക്കും.

ദൈവവുമായിട്ടുള്ള സംഭാഷണം, അപേക്ഷ, നന്ദി കരേറ്റല്‍, ആരാധന എന്നിവ യഥാര്‍ത്ഥ പ്രാര്‍ത്ഥനയിലുണ്ട്. അത്തരം സംഭാഷണം വിശദീകരിച്ചുള്ളതല്ല, പ്രകടനങ്ങളുടെ ധ്വനികളല്ല. ഒരു പിതാവിനോടെന്നപോലെ കഴിയുന്നത്ര ലളിതമായി നിങ്ങള്‍ ചിന്തിക്കുന്നതു പറയുക. "കര്‍ത്താവേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ"യെന്നു ചുങ്കക്കാരന്‍ ദൈവാലയത്തില്‍വെച്ചു മന്ത്രിച്ചപ്പോള്‍ അവന്‍ നീതീകരിക്കപ്പെട്ടു. ലാസറിനെ ജീവിപ്പിക്കാന്‍വേണ്ടി ക്രിസ്തു ലളിതമായി പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗീയപിതാവ് അവനെ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു. രക്ഷയും സഹായവും വിജയവും നേടിത്തരുന്നതു വിശ്വാസമാണ്. കൃപ, ധൈര്യം, നന്ദി എന്നിവയാല്‍ ധൈര്യപൂര്‍വ്വം ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിങ്ങളെ അവന്റെ മകനായി/മകളായി വിളിച്ചിരിക്കുന്നതിനാല്‍, ഒന്നും അവനില്‍നിന്നു മറച്ചുവയ്ക്കാതെ, സന്തോഷപൂര്‍വ്വം സംസാരിക്കുക.

നിങ്ങളുടെമേല്‍ സന്തോഷം പകരാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു; അതു പ്രാഥമികമായി നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള പ്രതികരണമായിട്ടല്ല, മറിച്ചു ദൈവവും അവന്റെ പുത്രനുമായുള്ള നിങ്ങളുടെ അടുപ്പത്തിനായുള്ള പദവിയാണ്. ദാനമാണോ ദാതാവാണോ നിങ്ങള്‍ക്കു പ്രധാനം? കര്‍ത്താവു നിങ്ങള്‍ക്കു നിറവു നല്‍കുന്നു, എന്നാല്‍ അവനാണു നിറവെന്നത് ഓര്‍ക്കുക. നമ്മുടെ സന്തോഷം പൂര്‍ണ്ണമാകാന്‍ യേശു ആഗ്രഹിക്കുന്നു. യേശു നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കു മറുപടി നല്‍കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം ഗ്രഹിക്കുമ്പോള്‍ സന്തോഷം വര്‍ദ്ധിക്കുന്നു, നമ്മള്‍ കുറവുള്ളവരാണ്. നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അവന്‍ മറ്റുള്ളവരെ അനുഗ്രഹിക്കുകയും രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആകാശമേഘങ്ങളില്‍ യേശു വരുന്നതു നാം കാണുമ്പോള്‍, നമ്മുടെ സന്തോഷം ഉല്ലാസമായി മാറും. അപ്പോള്‍ നമ്മുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരിക്കും. ക്രിസ്തുവിന്റെ ഗംഭീരമായ വരവ്, നിങ്ങളുടെ പ്രാര്‍ത്ഥനയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരിക്കുമോ?

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങളുടെ രക്ഷകനായി നിന്റെ പുത്രനെ അയച്ചതിനു ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു നിനക്കു നന്ദി കരേറ്റുന്നു. ലൌകികമായ കരുതലുകള്‍ ഞങ്ങളോടു ക്ഷമിക്കണമേ, ക്രൂശിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധമുള്ളവരാകാന്‍ ഞങ്ങളെ സഹായിക്കണമേ. ലളിതമായി, മക്കള്‍ മാതാപിതാക്കളോടു സംസാരിക്കുന്നതുപോലെ സംസാരിക്കാനുള്ള സ്വാതന്ത്യ്രം ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ ശത്രുക്കളെയും വിടുവിക്കണമേ, അവര്‍ പാപഭാരത്തിനു കീഴില്‍ ക്ഷീണിതരാണ്, വിഡ്ഢിത്തവും പകയും ഹൃദയത്തില്‍ നിറഞ്ഞ അവര്‍ വേദനിപ്പിക്കുന്നവരാണ്. അവരുടെ ബന്ധനങ്ങളില്‍നിന്ന് അവരെ വിടുവിക്കണമേ, അങ്ങനെയവര്‍ ഞങ്ങളോടൊപ്പം നിന്റെ സാന്നിദ്ധ്യത്തിന്റെ സന്തോഷം പങ്കിടട്ടെ.

ചോദ്യം:

  1. യേശുവിന്റെ നാമത്തില്‍ പിതാവായ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കു മറുപടി നല്‍കുന്നത് എങ്ങനെയാണ്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:29 AM | powered by PmWiki (pmwiki-2.3.3)