Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 097 (The Holy Spirit reveals history's developments)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

4. ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള വികസനങ്ങള്‍ പരിശുദ്ധാത്മാവു വെളിപ്പെടുത്തുന്നു (യോഹന്നാന്‍ 16:4-15)


യോഹന്നാന്‍ 16:12-13
12ഇനിയും വളരെ നിങ്ങളോടു പറയാനുണ്ട്; എന്നാല്‍ നിങ്ങള്‍ക്കിപ്പോള്‍ വഹിക്കാന്‍ കഴിവില്ല. 13സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കുകയും വരുവാനുള്ളതു നിങ്ങളെ അറിയിച്ചുതരികയും ചെയ്യും.

ക്രിസ്തു എല്ലാമറിയുന്നവനാണ്. സ്വര്‍ഗ്ഗത്തിന്റെയും ഭാവിയുടെയും രഹസ്യങ്ങളെക്കുറിച്ചു തന്റെ പ്രിയ ശിഷ്യന്മാരെ അറിയിക്കാന്‍ അവനാഗ്രഹിച്ചു. എന്നാല്‍ ദേഹിയുടെയും മനസ്സിന്റെയും കഴിവുകള്‍ക്ക് അത്തരം സത്യങ്ങള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അതുപോലെ, ക്രിസ്തു സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുകയും, അതേസമയം നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുകയും ചെയ്യുന്നുവെന്ന കാര്യം ആത്മാവു പ്രകാശിപ്പിച്ചില്ലെങ്കില്‍ യുക്തിസഹമായി നമുക്കു ഗ്രഹിക്കാനാവില്ല. അതുപോലെതന്നെ, ദൈവം മൂന്നു വ്യക്തിത്വങ്ങളാണെന്നതു സ്വാഭാവികമായും നമുക്കു മനസ്സിലാകുകയില്ല. മനുഷ്യബുദ്ധിക്ക് ഇത് ഒതുങ്ങുന്നതല്ല, എന്നാല്‍ ആത്മാവു നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുകയും നമ്മുടെ മനസ്സുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഭാവിയുടെ രഹസ്യങ്ങളും ഹൃദയത്തിന്റെ നിഗൂഢവിചാരങ്ങളും നമുക്കു വെളിപ്പെടുത്തിത്തരാന്‍ അവനു കഴിയും - അവന്‍ പരിശുദ്ധത്രിത്വത്തിന്റെ രഹസ്യം അറിയുന്നവനാണല്ലോ.

സത്യത്തിന്റെ ആത്മാവു വന്ന് അവരെ സകല സത്യത്തിലും വഴിനടത്തുമെന്നു ക്രിസ്തു മുന്നറിയിച്ചു. എന്താണു സത്യം? ഭൌമികകാര്യങ്ങള്‍ വിവരിക്കുന്നതുപോലെ "സത്യങ്ങള്‍" എന്ന ബഹുവചനരൂപമല്ല യേശു ഉപയോഗിച്ചത്, മറിച്ച് ഏകവചനമാണ് - "ഞാനാണു സത്യ"മെന്ന് അവന്‍ പറഞ്ഞപ്പോള്‍. ആത്മാവിന്റെ വരവു സംബന്ധമായ വെളിപ്പാടിന്റെ അര്‍ത്ഥം, ക്രിസ്തുവിന്റെ പ്രവൃത്തിയുടെയും സാരാംശത്തിന്റെയും പൂര്‍ണ്ണതയിലേക്കു നമ്മെ നയിക്കും. യേശു ഇതുവരെയും വെറുമൊരു മനുഷ്യനല്ല, പിതാവ് അവനിലും അവന്‍ പിതാവിലുമാണ്. അതിനാല്‍ സകല സത്യത്തിലും വഴിനടത്തുമെന്നതിന്റെ അര്‍ത്ഥം, പിതാവിനെക്കുറിച്ചും അവന്റെ സ്നേഹത്തില്‍ നമ്മള്‍ വസിക്കുന്നതിനെക്കുറിച്ചും നിത്യതയിലെ നമ്മുടെ വാസത്തെക്കുറിച്ചുമുള്ള അറിവാണ്. സുവിശേഷത്തിലെ "സത്യ"മെന്ന വാക്കിന്റെയര്‍ത്ഥം നിയമപരമായ സത്യമെന്നതോ യുക്തിസഹമായതെന്നോ, അഥവാ ധാര്‍മ്മികമായ സത്യമെന്നതുപോലുമോ അല്ല. അതിന്റെ അര്‍ത്ഥങ്ങള്‍ വിശാലമാണ്, എല്ലാ വസ്തുതകളും ഉള്‍ക്കൊള്ളുന്നതാണ്, പൊതുവായതും വ്യക്തമായതുമാണ്. ഇങ്ങനെ ആത്മാവു നമ്മെ സ്വര്‍ഗ്ഗീയസത്യങ്ങളിലേക്കു നയിക്കുകയും, അങ്ങനെ നാം ത്രിത്വത്തിലെ ദൈവത്തെയും അവന്റെ അത്ഭുതശക്തികളെയും അനുഭവിച്ചറിയുകയും ചെയ്യുന്നു.

ഇതെല്ലാമുള്ളപ്പോള്‍ത്തന്നെ, പരിശുദ്ധാത്മാവ് ഒരു സ്വതന്ത്ര വ്യക്തിത്വമാണ്. അവന്‍ സ്വന്തഹിതത്തോടെ സംസാരിക്കുന്നു, ശ്രദ്ധിക്കുന്നു, എന്നിട്ടും പിതാവിന്റെ ഹിതമില്ലാതെ യാതൊന്നും അവന്‍ ചെയ്യുന്നില്ല. പ്രത്യേക ചിന്തകളോടെ അവന്‍ വരാതെ, പിതാവു പറഞ്ഞതാണ് അവന്‍ നമ്മോടു പറയുന്നത്. സ്നേഹത്തിന്റെ സ്വാതന്ത്യ്രത്തിലെ പരസ്പരകീഴ്വഴക്കമൊഴികെ മറ്റു യാതൊന്നും പരിശുദ്ധത്രിത്വത്തിലില്ല. ദൈവപുത്രനില്‍നിന്നു കൈമാറുന്ന സാക്ഷ്യത്തില്‍ അവന്‍ വിശ്വസ്തനാണ്. ഇങ്ങനെ ക്രിസ്തുവിന്റെ ശരീരമായ മുഴുസഭയെയും പണിയാന്‍ അവനാഗ്രഹിക്കുന്നു, അങ്ങനെ സഭയുടെ കാന്തനായ ക്രിസ്തുവിന്റെ വരവില്‍ അവള്‍ പരിപൂര്‍ണ്ണയാകും.

യോഹന്നാന്‍ 16:14-15
14അവന്‍ എനിക്കുള്ളതില്‍നിന്ന് എടുത്തു നിങ്ങള്‍ക്ക് അറിയിച്ചുതരുന്നതുകൊണ്ട് എന്നെ മഹത്വപ്പെടുത്തും. 15പിതാവിനുള്ളത് ഒക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവന്‍ എനിക്കുള്ളതില്‍നിന്ന് എടുത്തു നിങ്ങള്‍ക്ക് അറിയിച്ചുതരും എന്നു ഞാന്‍ പറഞ്ഞത്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിനു പിന്നിലെ ലക്ഷ്യം ക്രിസ്തുവിന്റെ മഹത്വമാണ്. യേശു തന്നെത്താന്‍ ത്യജിച്ചതുപോലെയും പിതാവിന് എല്ലാ മാനവും കൈമാറിയതുപോലെയും പരിശുദ്ധാത്മാവു തന്നെത്തന്നെ മഹത്വപ്പെടുത്താതെ, എല്ലാ പ്രവൃത്തികളിലും യേശുവിനെ മഹത്വീകരിക്കുന്നു. ഇതു നമ്മെ പഠിപ്പിക്കുന്നതു നമ്മുടെ അനുഭവങ്ങള്‍, വിജയങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചു പറയാതെ, രക്ഷകനായ യേശുവിനെ മാത്രം മഹത്വപ്പെടുത്തുകയെന്നതാണ്. നമ്മുടെ രൂപാന്തരത്തിനല്ല പ്രാഥമികമായ പ്രാധാന്യമുള്ളത്. മറിച്ചു നമ്മുടെ പാപങ്ങള്‍ ക്രിസ്തുവിന്റെ വിലയേറിയ രക്തത്തില്‍ കഴുകിയതിനാണ്. ആത്മാവിന്റെ ചലനം, ശക്തി, ഉദ്ദേശ്യങ്ങള്‍ എന്നിവയ്ക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ - തനിക്കുവേണ്ടി നമ്മെ വിലയ്ക്കുവാങ്ങിയ യേശുവിനെ മഹത്വപ്പെടുത്തുക. ക്രൂശിക്കപ്പെട്ടവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തുവിനെ, ഫലപ്രദമായി കേള്‍വിക്കാര്‍ക്കു പരിചയപ്പെടുത്തുമ്പോള്‍, ക്രിസ്തുവിന്റെ അപ്പോസ്തലന്മാരുടെ സാക്ഷ്യത്തിലൂടെ പ്രവര്‍ത്തിക്കുന്നതു പരിശുദ്ധാത്മാവാണ്.

പരിശുദ്ധാത്മാവു ചെയ്യുന്ന പ്രവൃത്തിയൊന്നും അവന്റെ സ്വന്തമല്ല, മറിച്ചു യേശു വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ആരംഭിച്ചത് അവന്‍ പൂര്‍ത്തിയാക്കുന്നുവെന്നേ ഉള്ളൂ. യേശുവിന്റെ വാക്കുകള്‍ അവന്‍ ശിഷ്യന്മാരെ ഓര്‍മ്മപ്പെടുത്തുകയും, അവന്റെ ദിവ്യജീവന്‍ അവരില്‍ പകരുകയും ചെയ്യുന്നു. രക്ഷകന്റെ കല്പനകള്‍ പ്രമാണിച്ച് അവനില്‍ വേരൂന്നാന്‍ അവന്‍ അവരെ പ്രേരിപ്പിക്കുന്നു. പരിശുദ്ധത്രിത്വത്തില്‍ നിരന്തരമായ ഒരു പരസ്പരബന്ധം നാം ഒരു അകലത്തില്‍നിന്നും കാണുന്നു. ഒരാള്‍ സ്വയമായി മഹത്വമെടുക്കാതെ, എപ്പോഴും മറ്റേ വ്യക്തിക്കു മഹത്വം കൊടുക്കുന്നു.

യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷാവേളയില്‍, അവന്‍ അതിവിനയത്തോടെ പറഞ്ഞു, "പിതാവ് എന്നെക്കാള്‍ വലിയവനാണ്." എന്നാല്‍ അവന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ അവന്‍ പറഞ്ഞത്, "സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു" എന്നാണ്. കാരണം, യേശു എല്ലാറ്റിനെയും പിതാവുമായുള്ള കൂട്ടായ്മയിലാണു സൃഷ്ടിച്ചത്. പിതാവ് അവന്റെ സ്വന്തമാണ്, എല്ലാ പിതാക്കന്മാരും അവരുടെ മക്കളുടെ വകയായതുപോലെ, മക്കളും പിതാക്കന്മാരുടെ വകയാണ്.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുക്രിസ്തുവേ, നീ ക്രൂശില്‍ ഞങ്ങള്‍ക്കു മറുവില കൊടുത്തു, ഞങ്ങളുടെ പാപഭാരം നീക്കി. നിന്റെ അപാരമായ സ്നേഹത്തിനായി നന്ദി. നിന്റെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ നിറയ്ക്കണമേ, അങ്ങനെ ഞങ്ങളുടെ ജീവിതം മുഴുവനും നിന്റെ യാഗത്തെയും പുനരുത്ഥാനത്തെയും മഹത്വപ്പെടുത്തട്ടെ. ഞങ്ങളുടെ അലസത, കപടഭക്തി, നിഗളം എന്നിവയില്‍നിന്നു ഞങ്ങളെ സ്വതന്ത്രരാക്കണമേ. അങ്ങനെ നിന്റെ സത്യമൂല്യങ്ങളില്‍ ഞങ്ങള്‍ ജീവിക്കട്ടെ.

ചോദ്യം:

  1. ലോകത്തിന്റെ വികാസത്തില്‍ പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

www.Waters-of-Life.net

Page last modified on May 14, 2012, at 11:22 AM | powered by PmWiki (pmwiki-2.3.3)