Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 057 (Jesus the light of the world)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

d) യേശു ലോകത്തിന്റെ വെളിച്ചം (യോഹന്നാന്‍ 8:12-29)


യോഹന്നാന്‍ 8:25-27
25അവര്‍ അവനോട്: നീ ആരാകുന്നു എന്നു ചോദിച്ചതിനു യേശു: ആദി മുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതുതന്നെ. 26നിങ്ങളെക്കുറിച്ചു വളരെ സംസാരിക്കാനും വിധിക്കാനും എനിക്കുണ്ട്; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നെ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. 27പിതാവിനെക്കുറിച്ച് ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതെന്ന് അവര്‍ ഗ്രഹിച്ചില്ല.

സ്വന്ത ദൈവത്വത്തെക്കുറിച്ചു യേശു പറഞ്ഞെങ്കിലും, യഹൂദന്മാര്‍ അവനോടു തുടര്‍ന്നു ചോദിച്ചുകൊണ്ടേയിരുന്നു: "നീ ആരാണ്? ഞങ്ങള്‍ക്കൊരു സൂചന തരൂ. ഞങ്ങള്‍ക്കു മനസ്സിലാകുന്നതുപോലെ വിഷയമൊന്നു വ്യക്തമാക്കിത്തരൂ."

യേശുവിന്റെ മറുപടി, "ആദി മുതല്‍ക്കേ, ഞാനാണു സത്യദൈവം; എന്നിട്ടും എന്റെ വാക്കുകള്‍ ഗ്രഹിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളുടെ ഹൃദയത്തില്‍ എന്റെ ആത്മാവിന് ഒരു സ്ഥാനവുമില്ല. എന്റെ നാമങ്ങളും ഗുണവിശേഷങ്ങളും സംബന്ധിച്ചുള്ള വെളിപ്പാടുകള്‍കൊണ്ടു നിങ്ങള്‍ക്കു യാതൊരു ഗുണവുമില്ല. ദൈവവചനം മനുഷ്യനായി അവതരിച്ചതാണു ഞാന്‍. എന്നാല്‍ നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരല്ലാതെ, താഴെയുള്ള ലോകത്തില്‍നിന്നുള്ളവരായതിനാല്‍ നിങ്ങള്‍ എന്നെ കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അതിനാല്‍, നിങ്ങളില്‍ ഒരു പുതിയ ശ്രദ്ധ സൃഷ്ടിക്കുന്നതിന് എന്റെ ആത്മാവിനെ നിങ്ങള്‍ അനുവദിക്കുകയില്ല. ആവര്‍ത്തിച്ചു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടും പ്രയോജനമില്ലാത്തത് അതുകൊണ്ടാണ് - നിങ്ങള്‍ കഠിനഹൃദയരാണ്. അക്കാരണത്താല്‍ എന്റെ വാക്കുകള്‍ നിങ്ങളെ ന്യായം വിധിക്കും. ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും എന്നെത്തന്നെ നിങ്ങള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തുവല്ലോ. നിങ്ങളെ രക്ഷിക്കാനും പുനര്‍ജ്ജീവിപ്പിക്കുവാനുമുള്ള എന്റെ ആഗ്രഹത്തിനായി നിങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ എന്റെ മഹത്വം ഗ്രഹിക്കാന്‍ തുടങ്ങിയേക്കാം. ദൈവം വ്യാജം പറയുന്നവനല്ല, ഞാന്‍ സത്യമായിരിക്കുന്നതുപോലെ അവന്‍ സത്യമാണ്. എന്നാല്‍ നിങ്ങളുടെ ഹൃദയങ്ങളിലേക്കുള്ള ആത്മാവിന്റെ ഇറക്കത്തെ നിങ്ങള്‍ തിരസ്ക്കരിച്ചതിനാല്‍, ആ സത്യം നിങ്ങളെ നശിപ്പിക്കും." അപ്പോഴും ഈ വെളിപ്പാടുകളില്‍ മറഞ്ഞിരിക്കുന്ന ആശയം യഹൂദന്മാര്‍ ഗ്രഹിക്കുകയോ, പിതാവുമായുള്ള അവന്റെ ഐക്യതയുടെ അര്‍ത്ഥം മനസ്സിലാക്കുകയോ ചെയ്തില്ല. അവന്റെ വാക്കുകള്‍ കേട്ട അവര്‍ക്ക് ഒന്നും മനസ്സിലായില്ല. കാരണം, അവര്‍ അവനില്‍ വിശ്വസിച്ചില്ല. അവനിലുള്ള ലളിതമായ വിശ്വാസമാണു വ്യക്തമായ സത്യങ്ങള്‍ നമുക്കു വെളിപ്പെടുത്തുന്നത്.

യോഹന്നാന്‍ 8:28-29
28ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നെ അവന്‍ എന്നും ഞാന്‍ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നുവെന്നും അറിയും. 29എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്; ഞാന്‍ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവന്‍ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.

യേശുവിന്റെ ശത്രുക്കളും അവന്റെ ശിഷ്യന്മാര്‍പോലും, അവനെക്കുറിച്ചുള്ള സത്യം ഗ്രഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അവനറിഞ്ഞു. പരിശുദ്ധാത്മാവിനെ അപ്പോഴും പകര്‍ന്നിട്ടില്ലായിരുന്നല്ലോ. എന്നാല്‍ യേശുവിനെ ക്രൂശില്‍ ഉയര്‍ത്തുന്നത്, ലോകത്തിന്റെ പാപത്തെ തുടച്ചുനീക്കുമെന്ന ബോദ്ധ്യം യേശുവിനുണ്ടായിരുന്നു. അപ്പോള്‍ത്തന്നെ, പിതാവിലേക്കുള്ള അവന്റെ കയറിപ്പോക്ക് പരിശുദ്ധാത്മാവിന്റെ പകര്‍ച്ചയിലേക്കു നയിക്കുന്നതുമാണ്. അവിടെവച്ച്, അവന്‍ ആരാണെന്നുള്ള അറിവ് യഹൂദന്മാരുടെയും ജാതികളുടെയും മനസ്സില്‍ ഇടിമിന്നല്‍പോലെ തറഞ്ഞുകയറി. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാലല്ലാതെ ക്രിസ്തുവിന്റെ ദിവ്യത്വം ഗ്രഹിക്കാനാവില്ല. യുക്തികൊണ്ടു ഗ്രഹിക്കുന്നതു നിഷ്പ്രയോജനമാണ്. വീണ്ടും ജനനം മാത്രമേ വ്യക്തമായ വിശ്വാസമുളവാക്കൂ - ക്രിസ്തുവിന്റെ ആര്‍ദ്രതയിലെ ഉറച്ച വിശ്വാസം ഒരു രണ്ടാം ജനനം ഉളവാക്കുന്നതുപോലെ.

താന്‍ സ്വതന്ത്രനായ പൂര്‍ണ്ണദൈവമാണെന്നു ക്രിസ്തു പറയാതെ, പിതാവിനോടുകൂടെയുള്ള തന്റെ മഹത്വപൂര്‍ണ്ണമായ ഐക്യതയും പിതാവിനെ കൂടാതെ പ്രവര്‍ത്തിക്കാനുള്ള തന്റെ കഴിവില്ലായ്മയും വിളിച്ചറിയിക്കുകയാണു ക്രിസ്തു ചെയ്തത്. ഉപരിയായി, പിതാവ് അവനില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവന്‍ സ്വയമായി ഒന്നുംതന്നെ ചെയ്യുന്നില്ല. "ദൈവം അയച്ചവന്‍" എന്ന നാമം സ്വീകരിച്ചതില്‍ അവന്റെ താഴ്മയുടെ വ്യാപ്തി നമുക്കു കാണാം - ഈ ലോകത്തിന്റെ ദൈവമെന്ന് അതേ വാചകത്തില്‍ അവന്‍ തന്നെത്താന്‍ വെളിപ്പെടുത്തിയെങ്കില്‍ക്കൂടി.

നമ്മുടെ പിതാവു നിസ്സാരനല്ല, പരിശുദ്ധാത്മാവു ലളിതമായി വ്യക്തമാക്കിയവനാണ്. ഈ ഉത്കൃഷ്ടമായ അര്‍ത്ഥങ്ങള്‍ യോഹന്നാന്‍ രേഖപ്പെടുത്തുന്നതിനാല്‍, ത്രിത്വത്തിലെ ഐക്യത്തെക്കുറിച്ചുള്ള വിസ്മയകരമായ സത്യം യേശു പങ്കുവെയ്ക്കുന്നു. പിന്നെ അവന്‍ തുടരുന്നു, "പിതാവ് എപ്പോഴും എന്നോടുകൂടെയുണ്ട്, ഇപ്പോഴുമുണ്ട്, ഒരു നിമിഷത്തേക്കുപോലും അവനെന്നെ തനിയെ വിട്ടിട്ടില്ല. നേരേമറിച്ചും, പുത്രന്‍ പിതാവിനെ ഒരിക്കലും വിടുകയോ അവനെതിരെ മത്സരിക്കുകയോ ചെയ്യാതെ പിതാവിനോട് അനുസരണം കാട്ടിയിട്ടേ ഉള്ളൂ. അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു താഴേയ്ക്കു വന്നു മനുഷ്യനായിത്തീര്‍ന്നതു പിതാവിന്റെ ഹിതത്തിനു വിധേയപ്പെട്ടാണ്." എന്തൊരു നല്ല പ്രസ്താവനയാണ്, "പിതാവിനു പ്രസാദമുള്ളതാണ് എല്ലായ്പോഴും ഞാന്‍ ചെയ്യുന്നത്." പുത്രനല്ലാതെ മറ്റാര്‍ക്കും ഈ വാക്കുകള്‍ പറയാനാവില്ല, ആത്മപൂര്‍ണ്ണതയില്‍ പിതാവിനോടു ചേര്‍ന്നുനില്‍ക്കുന്ന യേശു ന്യായപ്രമാണം നിറവേറ്റി. ഉപരിയായി, അവന്‍ തന്നെയാണു പുതിയ നിയമത്തിന്റെ തികഞ്ഞ ന്യായപ്രമാണം. എന്നിട്ടും യഹൂദന്മാര്‍ അവനെ വിളിച്ചതു ദൈവദൂഷകനെന്നും ന്യായപ്രമാണത്തിനു വിരുദ്ധനെന്നും, ജനത്തെ വഴിതെറ്റിക്കുന്നവനെന്നുമാണ്. അതേസമയം ന്യായപ്രമാണം പാലിച്ചത് അവന്‍ മാത്രമാണ്.

ക്രിസ്തു തന്നെക്കുറിച്ചു വിളിച്ചുപറയുന്നതില്‍ ആത്മാവിന്റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? അവന്റെ ഗാംഭീര്യവും താഴ്മയും, അവന്റെ സ്വാതന്ത്യ്രവും പിതാവിനോടുള്ള അവന്റെ വിധേയത്വവും നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ? ഇങ്ങനെ വിധേയപ്പെടുന്ന സ്നേഹത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും കൂട്ടായ്മയിലേക്ക് ഉടനടി നിങ്ങളെ അടുപ്പിക്കാന്‍ അവനാഗ്രഹിക്കുന്നു. അവന്റെ സാന്നിദ്ധ്യംകൊണ്ട് അവന്‍ നിങ്ങളെ വിമോചനത്തിലേക്കും സേവനത്തിലേക്കും നയിക്കുകയും ചെയ്യും. അവന്‍ നിങ്ങളുടെ ഉപദേഷ്ടാവായിരിക്കും, അവനെക്കൂടാതെ നിങ്ങള്‍ യാതൊന്നും ചെയ്യുകയുമില്ല, എപ്പോഴും അവനെ പ്രസാദിപ്പിക്കുന്ന പ്രവൃത്തിയായിരിക്കും നിങ്ങള്‍ ചെയ്യുക.

പ്രാര്‍ത്ഥന: ഓ, യേശുവേ, എന്റെ പിടിവാശിയെക്കുറിച്ചും വഞ്ചനയെക്കുറിച്ചും കുറ്റത്തെക്കുറിച്ചും ഞാന്‍ ലജ്ജിക്കുന്നു. എന്റെ അതിക്രമങ്ങള്‍ ക്ഷമിക്കണമേ. നിന്റെ പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗദര്‍ശനത്തിനു പൂര്‍ണ്ണമായും വിധേയപ്പെടാന്‍ എന്നെ ശുദ്ധീകരിക്കണമേ. എന്റെ വഴികാട്ടിയും ഉപദേഷ്ടാവുമായി, എന്റെ ഹൃദയത്തെ നിന്റെ നിത്യസ്നേഹത്തിലേക്കു തുറക്കണമേ.

ചോദ്യം:

  1. പരിശുദ്ധ ത്രിത്വത്തിലെ തന്റെ സുസ്ഥിരത യേശു അറിയിച്ചത് എങ്ങനെയാണ്?

www.Waters-of-Life.net

Page last modified on May 11, 2012, at 09:26 AM | powered by PmWiki (pmwiki-2.3.3)