Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 058 (Sin is bondage)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

e) പാപം തടങ്കലാണ് (യോഹന്നാന്‍ 8:30-36)


യോഹന്നാന്‍ 8:30-32
30അവന്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പലരും അവനില്‍ വിശ്വസിച്ചു. 31തന്നില്‍ വിശ്വസിച്ച യഹൂദന്മാരോടു യേശു: എന്റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി, 32സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.

ക്രിസ്തുവിന്റെ വിനയമുള്ളതും മനസ്സില്‍ തട്ടുന്നതുമായ സാക്ഷ്യം പല യഹൂദന്മാരെയും സ്പര്‍ശിച്ചു. അവന്‍ ദൈവത്തില്‍നിന്നുള്ളവനാണെന്നു വിശ്വസിക്കാന്‍ അവര്‍ പ്രേരിതരായി. അവരുടെ വിശ്വാസം ബോദ്ധ്യപ്പെട്ട യേശു, അവരുടെ ജാഗ്രത അംഗീകരിച്ചു. വെറുതെയങ്ങു സുവിശേഷം വിശ്വസിക്കുകയല്ല, അവന്റെ വചനം നന്നായി ചിന്തിച്ചുവേണം അവനോടു ചേരുവാനെന്ന് അവന്‍ അവരെ നിഷ്ക്കര്‍ഷിച്ചു. മുന്തിരിവള്ളിയില്‍ കൊമ്പുകളെന്നപോലെ അവനില്‍ വസിക്കാനും, അങ്ങനെ അവന്റെ ആത്മാവു പ്രതിബന്ധമൊന്നുമില്ലാതെ അവരുടെ ഹൃദയങ്ങളിലേക്കും ചിന്തകളിലേക്കും ഒഴുകും. അങ്ങനെ അവന്റെ ഇഷ്ടം നിവര്‍ത്തിക്കുന്നതിലേക്ക് അവരെ നയിക്കും. ഇങ്ങനെ ക്രിസ്തുവിന്റെ വചനങ്ങള്‍ നിറവേറ്റുന്നവര്‍ സത്യം ഗ്രഹിക്കുന്നവരാണ്. കാരണം, സത്യമെന്നതു വെറും ചിന്തയല്ല, പ്രായോഗിക യാഥാര്‍ത്ഥ്യമാണ്. നമ്മുടെ ജീവിതത്തിന്റെ പെരുമാറ്റം മൂലമാണ് അതില്‍ നാം പങ്കാളികളാകുന്നത്.

ഒന്നാമതായി, നിഷ്കളങ്കമായതും ജ്ഞാനമുള്ളതുമായ സംസാരം. രണ്ടാമതായി, സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയും ഐക്യതയില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായി ദൈവത്തെ അറിയുക. ഇവയാണു ദൈവത്തിന്റെ സത്യം. ക്രിസ്തുവില്‍ നാം വേരൂന്നിക്കഴിയുമ്പോള്‍, പരിശുദ്ധ ത്രിത്വത്തിന്റെ മനോഹാരിത നാം ഗ്രഹിക്കുന്നു.

ദൈവം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു എന്നത് അറിയുന്നതിലൂടെ, നാം ദൈവത്തെ പരമാവധി അറിയുകയും മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്യുന്നു. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല. ക്രിസ്തുവിന്റെ വചനങ്ങള്‍ മൂലം ദൈവത്തെ അറിയുന്നതിനാല്‍ നാം സ്വാര്‍ത്ഥതയില്‍നിന്നു മുക്തരാകുന്നു. അനുതാപത്തെയോ കര്‍മ്മാചാരങ്ങളെക്കുറിച്ചോ സംസാരിക്കുന്നതു പാപത്തിന്റെ അടിമത്തത്തില്‍നിന്നു നിങ്ങളെ വിടുവിക്കുകയില്ല; ദൈവസ്നേഹത്തെ അറിയുന്നതാണത്, പുത്രന്റെ പാപക്ഷമ സ്വീകരിക്കുന്നതാണത്, അതു നമ്മുടെ ജീവിതത്തിലേക്കു പരിശുദ്ധാത്മാവു വരുന്നതുമാണ്. സ്വാര്‍ത്ഥതയുടെയും ഞാനെന്ന ഭാവത്തിന്റെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ കഴിയുന്നതാണു ദൈവസ്നേഹം.

യോഹന്നാന്‍ 8:33-36
33അവര്‍ അവനോട്: “ഞങ്ങള്‍ അബ്രാഹാമിന്റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങള്‍ സ്വതന്ത്രന്മാരാകുമെന്നു നീ പറയുന്നത് എങ്ങനെയെന്ന് ഉത്തരം പറഞ്ഞു. 34അതിനു യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവനെല്ലാം പാപത്തിന്റെ ദാസനാകുന്നു. 35ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. 36പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്യ്രം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.

യഹൂദന്മാര്‍ ആശയക്കുഴപ്പത്തിലായി. അവരുടെ പൂര്‍വ്വികര്‍ 400 വര്‍ഷം ഫറവോമാരുടെ കീഴില്‍ ഈജിപ്റ്റില്‍ അടിമത്തത്തിലായിരുന്നു കഴിഞ്ഞത്. ദൈവശക്തിയാല്‍ അവര്‍ വിമോചിതരായെന്നാണ് അവര്‍ തന്നെ പറയുന്നത്. ദൈവമാണല്ലോ അവരെ അടിമത്തത്തില്‍നിന്നു വിടുവിച്ചത് (പുറപ്പാട് 20:2). അവര്‍ സ്വതന്ത്രരാണെന്നുള്ളതു യേശു നിഷേധിച്ചപ്പോള്‍, അവന്റെ വാക്കുകള്‍ അവരെ അലട്ടി.

യേശുവില്‍ വിശ്വസിക്കാന്‍ തുടങ്ങിയവരുടെ അഹംഭാവം ഇല്ലാതാക്കേണ്ടിയിരുന്നു. അവര്‍ പാപത്തിന്റെ ദാസന്മാരാണെന്നും, സാത്താന്റെ തടവുകാരാണെന്നുമുള്ളത് അവനവര്‍ക്ക് കാട്ടിക്കൊടുത്തു. നമ്മുടെ അടിമത്തത്തിന്റെ/ദാസ്യത്വത്തിന്റെ കൊടിയ ഭാരം ഗ്രഹിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍ നാം രക്ഷയ്ക്കായി ദാഹിക്കുകയില്ല. സ്വന്തപാപങ്ങളെ അതിജീവിക്കാന്‍ കഴിയില്ലെന്നു ഗ്രഹിക്കുന്ന വ്യക്തിയാണു രക്ഷയ്ക്കായി ദൈവത്തോട് അപേക്ഷിക്കുന്നത്. അധികമാളുകളും യേശുവിനെ അന്വേഷിക്കാത്തതിന്റെ കാരണമാണ് ഇവിടെ നാം കാണുന്നത്; അവന്റെ രക്ഷ അവര്‍ക്ക് ആവശ്യമില്ലെന്നുള്ള ചിന്ത നിമിത്തമാണത്.

യേശു ശക്തമായി പ്രഖ്യാപിക്കുന്നു: "പാപം ചെയ്യുന്നവനെല്ലാം പാപത്തിന്റെ ദാസനാകുന്നു." ചെറുപ്പക്കാരുടെ ജീവിതം അധികവും ആരംഭിക്കുന്നതു വ്യാജത്തിലും ഉദാസീനതയിലും നിസ്സാരത്വത്തിലുമാണ്. അവര്‍ പാപത്തിലും ഭാവനയിലും കളിച്ചു പുളയ്ക്കുന്നു; ക്രമേണ അവര്‍ ആ വഴിയേ പോകാനുള്ള വഞ്ചനാപദ്ധതികള്‍ തയ്യാറാക്കുന്നു. ചില തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു നോക്കുന്നു, അവ ആവര്‍ത്തിക്കുന്നു, അങ്ങനെ അത് അവരുടെ ശീലമായിത്തീരുന്നു. അതിന്റെ ചേറും മാലിന്യവും അവര്‍ക്കു ബോദ്ധ്യമാകുകയും മനസ്സാക്ഷി അവരെ ശാസിക്കുന്നത് അവര്‍ കേള്‍ക്കുകയും ചെയ്യുമ്പോഴേക്കും സമയം കടന്നുപോയിട്ടുണ്ടാവും. ഇപ്പോള്‍ അവര്‍ പാപത്തിന്റെ ദാസന്മാരായിരിക്കുകയാണ്. വൈമനസ്യമില്ലാതെ അവര്‍ കുറ്റകൃത്യം ചെയ്യാനൊരുമ്പെടുന്നു. ഒടുവില്‍ ദുഷ്ടചിന്തകള്‍ക്കു ചെവികൊടുത്തതിന്റെ പേരില്‍ അവര്‍ തങ്ങളെത്തന്നെ ശപിക്കുന്നു. കപടഭക്തിയുടെ മുഖംമൂടിക്കു പിന്നില്‍ വൃത്തികെട്ട സത്യം അവര്‍ മറയ്ക്കുന്നെങ്കിലും, മനുഷ്യന്‍ ദുഷ്ടനായിത്തീര്‍ന്നിരിക്കുകയാണ്. ക്രിസ്തുവിനെക്കൂടാതെയുള്ള ഓരോ വ്യക്തിയും അയാളുടെ മോഹങ്ങളുടെ ദാസന്‍/ദാസിയാണ്. കൊടുങ്കാറ്റില്‍ കരിയില പറക്കുന്നതുപോലെയാണു സാത്താന്‍ അവരുടെ മനോധൈര്യം അടിച്ചുപറപ്പിക്കുന്നത്.

പിന്നീടു ദൈവപുത്രന്റെ രാജകീയ വാക്കുകള്‍ കേള്‍ക്കുന്നു, "ഇപ്പോള്‍ ഞാന്‍ നിങ്ങളോടു കൂടെയുണ്ട്, നിങ്ങളുടെ ബന്ധനങ്ങള്‍ എനിക്കറിയാം. നിങ്ങളെ സ്വതന്ത്രരാക്കാനും നിങ്ങളുടെ പാപങ്ങള്‍ തുടച്ചുനീക്കാനും എനിക്കു കഴിയും, ഞാനതിനു സന്നദ്ധനുമാണ്. ലോകത്തിനു പുറമേയുള്ള ഒരു മാറ്റം നല്കുന്നതിനോ, കാഠിന്യമേറിയ ഒരു നിയമംകൊണ്ടു നിങ്ങള്‍ക്കു ശിക്ഷണം നല്‍കാനോ അല്ല ഞാന്‍ വന്നത്. പാപത്തിന്റെയും, മരണത്തിന്റെയും, സാത്താന്റെ അവകാശവാദങ്ങളുടെയും ശക്തിയില്‍നിന്നു നിങ്ങളെ സ്വതന്ത്രരാക്കുന്നതിനാണു ഞാനുദ്ദേശിക്കുന്നത്. ഞാന്‍ നിങ്ങളെ പുനഃസൃഷ്ടിക്കും, പുനരുജ്ജീവിപ്പിക്കും, അങ്ങനെ നിങ്ങളിലുള്ള ദൈവശക്തി പാപത്തിന് ഒരു മറുമരുന്നായിരിക്കും. സാത്താന്‍ ഒരായിരം വഴികളിലൂടെ നിങ്ങളെ പരീക്ഷിക്കുമെന്നതിനു സംശയമില്ല. നിങ്ങള്‍ ഇടറും, പക്ഷേ ദാസന്മാരെന്ന നിലയിലല്ല. മറിച്ചു നിങ്ങളുടെ പുതിയ അവകാശങ്ങളെക്കുറിച്ചു ജാഗ്രതയുള്ള മക്കളെന്ന നിലയിലാണ്."

"നിങ്ങളെ എന്നെന്നേക്കുമായി വീണ്ടെടുത്തിരിക്കുന്നു, എന്റെ രക്തമാണ് അതിനു വിലയായിക്കൊടുത്തത്, പാപത്തിന്റെ ചന്തയില്‍നിന്നാണു നിങ്ങളെ വാങ്ങിയത്. നിങ്ങള്‍ ദൈവത്തിനു വിശേഷപ്പെട്ടവരാണ്. സ്വതന്ത്രരായ മക്കളായിരിക്കാന്‍ അവന്‍ നിങ്ങള്‍ക്കു സ്വാതന്ത്യ്രം നല്‍കിയിരിക്കുകയാണ്. പാപത്തില്‍നിന്നു സ്വാതന്ത്യ്രം പ്രാപിച്ച നിങ്ങളെ ദൈവവുമായിട്ടുള്ള കൂട്ടായ്മയിലേയ്ക്കും, സ്വമേധയായുള്ള സേവനത്തിലേക്കും നന്ദിയര്‍പ്പണത്തിലേക്കും ഞാന്‍ കൊണ്ടുപോകുന്നു. കുറ്റബോധത്തിന്റെ തടവറയില്‍നിന്നു ദൈവരാജ്യത്തിലേക്കു നിങ്ങളെ വിടുവിക്കുന്ന ഏകവിമോചകന്‍ ഞാനാണ്. ദൈവപുത്രനായ എനിക്ക് എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നവരെയെല്ലാം വിടുവിക്കാനുള്ള അധികാരമുണ്ട്."

പ്രാര്‍ത്ഥന: ഓ, യേശുവേ, നീ സര്‍വ്വശക്തനായ രക്ഷകനായതിനാല്‍ ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു, സ്തുതിക്കുന്നു. സാത്താന്റെ സ്വേച്ഛാധിപത്യത്തില്‍നിന്നുള്ള അന്തിമമായുള്ള വിടുതല്‍ ക്രൂശില്‍ നീ ഞങ്ങള്‍ക്കു തന്നുവല്ലോ. ഞങ്ങളുടെ അകൃത്യങ്ങളെല്ലാം നീ ഞങ്ങളോടു ക്ഷമിച്ചു. ഇനിമേല്‍ കയ്പിനും വെറുപ്പിനും അടിമകളായിത്തുടരാതിരിക്കാനും, വിടുതല്‍ പ്രാപിച്ച മക്കളെന്ന നിലയില്‍ ദൈവത്തെ സേവിക്കാനും സന്തോഷിക്കാനും ഞങ്ങളെ ശുദ്ധീകരിക്കണമേ.

ചോദ്യം:

  1. യഥാര്‍ത്ഥ വിടുതല്‍ എങ്ങനെ നമുക്കു പ്രാപിക്കാം?

ക്വിസ് - 3

പ്രിയ വായനക്കാരാ/വായനക്കാരീ,
താഴെയുള്ള 19 ചോദ്യങ്ങളില്‍ 17 എണ്ണത്തിന്റെ ശരിയുത്തരങ്ങള്‍ എഴുതി ഞങ്ങള്‍ക്ക് അയച്ചുതന്നാലും. പിന്നെ ബാക്കിയുള്ള പാഠപരമ്പര ഞങ്ങള്‍ നിങ്ങള്‍ക്ക് അയച്ചുതരാം.

  1. അയ്യായിരം പേര്‍ക്കു ഭക്ഷണം നല്‍കിയതിന്റെ രഹസ്യമെന്ത്?
  2. ജനക്കൂട്ടം രാജാവാക്കാന്‍ തുടങ്ങിയപ്പോള്‍ യേശു അതു നിരസിച്ചതിന്റെ കാരണമെന്തായിരുന്നു?
  3. അപ്പത്തിനായുള്ള ആഗ്രഹത്തില്‍നിന്നു യേശുവിലേക്കുള്ള വിശ്വാസത്തിലേക്ക് എങ്ങനെയാണ് അവന്‍ ജനത്തെ നയിച്ചത്?
  4. "ജീവന്റെ അപ്പം" എന്നതിന്റെ അര്‍ത്ഥമെന്താണ്?
  5. യേശുവിന്റെ കേള്‍വിക്കാര്‍ പിറുപിറുത്തപ്പോള്‍ യേശു പ്രതികരിച്ചതെങ്ങനെ?
  6. യേശുവിന്റെ കേള്‍വിക്കാരോടു തന്റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യണമെന്നു യേശു പറഞ്ഞത് എന്തുകൊണ്ടാണ്?
  7. ജീവന്‍ നല്‍കുന്ന ആത്മാവു ക്രിസ്തുവിന്റെ ശരീരത്തോടു ചേര്‍ന്നത് എങ്ങനെയായിരുന്നു?
  8. യേശുവിന്റെ സാക്ഷ്യത്തിന്റെ ധ്വനികള്‍ എന്തെല്ലാം?
  9. യേശുവിനെ ലോകം പകയ്ക്കുന്നത് എന്തുകൊണ്ട്?
  10. സുവിശേഷം ദൈവത്തിന്റേതാണ് എന്നതിനുള്ള തെളിവുകള്‍ എന്തെല്ലാം?
  11. ദൈവത്തെ യഥാര്‍ത്ഥമായി അറിയുന്ന ഏകവ്യക്തി യേശു ആയിരിക്കുന്നത് എന്തുകൊണ്ട്?
  12. യേശുവിന്റെ ഭാവിയെക്കുറിച്ചു യേശു മുന്നറിയിച്ചത് എന്താണ്?
  13. "ദാഹിക്കുന്നവന്‍ എന്റെയടുക്കല്‍ വന്നു കുടിക്കട്ടെ"യെന്നു പറയാന്‍ യേശുവിനുള്ള അവകാശമെന്ത്?
  14. സാധാരണക്കാരായ ആളുകളെ പുരോഹിതന്മാരും പരീശന്മാരും പുച്ഛിച്ചതെന്തുകൊണ്ട്?
  15. വ്യഭിചാരിണിയെ കുറ്റം ചുമത്തിയവരെല്ലാം യേശുവിന്റെ സന്നിധിയില്‍നിന്നു സ്ഥലംവിട്ടതെന്തുകൊണ്ട്?
  16. "ഞാന്‍ ലോകത്തിന്റെ വെളിച്ച"മെന്ന യേശുവിന്റെ സാക്ഷ്യം, സ്വര്‍ഗ്ഗീയപിതാവിനെക്കുറിച്ചുള്ള അറിവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
  17. "അവന്‍ ഞാനാകുന്ന" എന്നു പറഞ്ഞവനില്‍ വിശ്വസിക്കുന്നതിന്റെ അര്‍ത്ഥമെന്ത്?
  18. പരിശുദ്ധ ത്രിത്വത്തിലുള്ള യേശുവിന്റെ സുസ്ഥിരത എങ്ങനെയാണു യേശു വിളിച്ചറിയിച്ചത്?
  19. എങ്ങനെയാണു നമുക്കു യഥാര്‍ത്ഥ വിടുതല്‍ പ്രാപിക്കാന്‍ കഴിയുക?

ഉത്തരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും മേല്‍വിലാസവും വ്യക്തമായെഴുതി താഴെപ്പറയുന്ന മേല്‍വിലാസത്തിലേക്ക് അയച്ചുതരിക:

Waters of Life
P.O.Box 600 513
70305 Stuttgart
Germany

Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net

www.Waters-of-Life.net

Page last modified on May 11, 2012, at 09:37 AM | powered by PmWiki (pmwiki-2.3.3)