Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 019 (The first six disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

3. ആദ്യത്തെ ആറു ശിഷ്യന്മാര്‍ (യോഹന്നാന്‍ 1:35-51)


യോഹന്നാന്‍ 1:47-51
47നഥനയേല്‍ തന്റെയടുക്കല്‍ വരുന്നത് യേശു കണ്ട്: ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടമില്ലായെന്നു അവനെക്കുറിച്ചു പറഞ്ഞു. 48നഥനയേല്‍ അവനോട്: എന്നെ എവിടെവെച്ച് അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. 49നഥനയേല്‍ അവനോട്: റബ്ബീ, നീ ദൈവപുത്രന്‍, നീ യിസ്രായേലിന്റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു. 50യേശു അവനോട്: ഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറയുന്നതുകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണുമെന്ന് ഉത്തരം പറഞ്ഞു. 51ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെയടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണുമെന്നും അവനോടു പറഞ്ഞു.

നഥനയേലിന്റെ ഉള്ളിലുള്ള വ്യക്തിയെ യേശു കണ്ടുവെന്നു നഥനയേല്‍ മനസ്സിലാക്കിയപ്പോള്‍ അവന്‍ അല്പമൊന്നു പിന്നാക്കം മാറി. പഴയനിയമനിലവാരമനുസരിച്ചുള്ള ഒരു വ്യക്തിയായിരുന്നു നഥനയേല്‍. അവന്‍ അവന്റെ പാപങ്ങള്‍ സ്നാപകനോട് ഏറ്റുപറഞ്ഞിരുന്നു, ദൈവരാജ്യത്തെ പൂര്‍ണ്ണഹൃദയത്തോടെ അവന്‍ ആഗ്രഹിക്കുകയും ചെയ്തവനാണ്. ഇതു സ്വയനീതിയല്ല, പാപത്തെച്ചൊല്ലി തകര്‍ന്ന ഹൃദയമുള്ളയാളിന്റെ മനോഭാവമാണ് - രക്ഷകനായ മശീഹയെ അയയ്ക്കണമേയെന്നു ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മനോഭാവം.

യേശു ഈ പ്രാര്‍ത്ഥന കേട്ടു, മരത്തണലില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നവനെ ദൂരെവെച്ചുതന്നെ കണ്ടു. മനുഷ്യനില്‍ മറഞ്ഞിരിക്കുന്ന വസ്തുതകള്‍ തെളിയിക്കുന്ന ഈ ശക്തി ദൈവികമായ ഒരു ധാരണയാണ്.

യേശു അവനെ തള്ളിക്കളഞ്ഞില്ല, മറിച്ച് അവനെ ന്യായീകരിക്കുകയും ഒരു മാതൃകാവിശ്വാസിയായി അവനെ വിവരിക്കുകയും ചെയ്തു. പഴയനിയമത്തില്‍ വേരൂന്നിയ, ക്രിസ്തുവിന്റെ വരവിനെ കാത്തിരിക്കുന്ന ഒരു വിശ്വാസി.

ക്രിസ്തുവിന്റെ പ്രശംസ നഥനയേലിന്റെ സംശയങ്ങള്‍ പരിഹരിച്ചു. മശീഹയുടെ വേദപുസ്തകനാമങ്ങള്‍ ഉപയോഗിച്ചു യേശുവിനെ ആദരിക്കുകയും യേശുവിനു വഴങ്ങുകയും ചെയ്തു - ദൈവപുത്രന്‍, യിസ്രായേലിന്റെ രാജാവ് എന്നീ നാമങ്ങള്‍. നഥനയേല്‍ കൊല്ലപ്പെടാവുന്നത്ര ഗൌരവമേറിയതായിരുന്നു അത്തരം പ്രയോഗങ്ങള്‍. യഹൂദസമിതിയിലെ ശാസ്ത്രിമാരും മറ്റ് അംഗങ്ങളും ദൈവത്തിനു പുത്രനുണ്ടെന്നുള്ള വസ്തുത നിരാകരിക്കുമായിരുന്നു. അതിനാല്‍ അത്തരം പ്രയോഗങ്ങള്‍ ദൈവദൂഷണമായിക്കരുതി. യിസ്രായേലിന്റെ രാജാവെന്ന അവകാശവാദം, ഹെരോദാവിന്റെ പീഡനത്തിനും കാരണമാകുമായിരുന്നു, റോമന്‍ അധികാരികള്‍ അറസ്റു ചെയ്യാനും അതു നിമിത്തമാകുമായിരുന്നു. ഇങ്ങനെ ഈ നിഷ്ക്കളങ്കനായ വിശ്വാസി, പ്രവാചകന്മാര്‍ക്കു വെളിപ്പെടുത്തിയ പ്രധാനപ്പെട്ട വാഗ്ദത്തങ്ങള്‍ ഗ്രഹിച്ചതു വെളിപ്പെടുത്തി. മനുഷ്യനെക്കാളധികം അവന്‍ ദൈവത്തെ ഭയപ്പെട്ടു, എന്തും വരട്ടെയെന്നു കരുതി അവന്‍ പിതാവിന്റെ നാമം കര്‍ത്താവിനു നല്‍കി മാനിച്ചു.

നഥനയേല്‍ നല്‍കിയതുപോലെയുള്ള നാമങ്ങള്‍ ആദ്യശിഷ്യന്മാരാരുംതന്നെ നല്‍കിയില്ല. ആശ്ചര്യമെന്നു പറയട്ടെ, ക്രിസ്തു ഈ നാമങ്ങളൊന്നും നിരസിച്ചുമില്ല. പകരം, സ്വര്‍ഗ്ഗം തുറക്കുന്നതിനെക്കുറിച്ചു പറഞ്ഞ് അവന്റെ ബോധതലത്തെ ഉയര്‍ത്തുകയാണു ചെയ്തത്. അദൃശ്യരായ ദൂതന്മാര്‍ ക്രിസ്തുവിനു ചുറ്റുമുണ്ടായിരുന്നു, അവര്‍ സ്വര്‍ഗ്ഗത്തിലേക്കു കയറുകയും, അവന്റെ അത്ഭുതങ്ങള്‍ പിതാവിനു മുമ്പില്‍ കാഴ്ചവയ്ക്കുകയുമായിരുന്നു, മടങ്ങിവരുന്ന അവരുടെ കരങ്ങളില്‍ നിറഞ്ഞുകവിയുന്ന അനുഗ്രഹങ്ങളുണ്ടായിരുന്നു. ഇങ്ങനെ യാക്കോബിന്റെ ദര്‍ശനം നിറവേറി. യേശുവില്‍ അനുഗ്രഹത്തിന്റെ നിറവു കണ്ടെത്തി. പൌലോസ് എഴുതിയതുപോലെ, "സ്വര്‍ഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളാലും നമ്മെ അനുഗ്രഹിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം." ക്രിസ്തുവിന്റെ ജനനദിനത്തിലും സ്നാനദിവസത്തിലും സ്വര്‍ഗ്ഗം തുറന്നിരുന്നു. അതിനുമുമ്പായി, ദൈവക്രോധംമൂലം സ്വര്‍ഗ്ഗം അടച്ചിരുന്നു, ഊരിപ്പിടിച്ച വാളുമായി ദൂതന്മാര്‍ സ്വര്‍ഗ്ഗകവാടങ്ങളില്‍ കാവല്‍നിന്നിരുന്നു. ദൈവത്തിലേക്കു നയിക്കുന്ന വാതില്‍ ഇപ്പോള്‍ ക്രിസ്തുവില്‍ തുറന്നിരിക്കുകയാണ്.

ഇവിടെ ആദ്യമായി ക്രിസ്തുവിന്റെ സവിശേഷരീതിയിലുള്ള വാചകം കാണാം, "ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു." മനുഷ്യനു ഗ്രഹിക്കാവുന്നതിനും അപ്പുറമാണ് ഈ കൃപായുഗത്തിന്റെ യാഥാര്‍ത്ഥ്യം. എന്നാലും മനുഷ്യനത് ആവശ്യമാണ് - നമ്മുടെ പുതിയ വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന നിലയില്‍. കാരണം, എപ്പോഴൊക്കെ ഈ വാചകം യേശു ആവര്‍ത്തിച്ചോ, അവിടെ നാം അല്പം നിന്ന് അവന്റെ മനോഭാവം ഗ്രഹിക്കണം - അതിനെത്തുടര്‍ന്നു പറയുന്ന കാര്യം നമ്മുടെ ചിന്തയ്ക്കതീതമായ ആത്മീയ വെളിപ്പാടാണ്.

ഈ പ്രഖ്യാപനത്തിനുശേഷം, നഥനയേലിന്റെ സാക്ഷ്യം ക്രിസ്തു തിരുത്തി. അവനും അവന്റെ അനുയായികളും അപകടത്തിലാകാതിരിക്കാനുള്ള ഒരു മുന്‍കരുതലെന്ന നിലയില്‍, താന്‍ വാഗ്ദത്തരാജാവും ദൈവപുത്രനുമാണെന്നു പറയാതെ തന്നെത്തന്നെ 'മനുഷ്യപുത്രന്‍' എന്നു വിളിച്ചു. പൊതുവെ തന്നെക്കുറിക്കുന്നതിന് ഈ നാമമാണു യേശു ഉപയോഗിച്ചത്. അവന്റെ അവതാരം അതുല്യമായിരുന്നു; അവന്‍ നമ്മെപ്പോലെയായിത്തീര്‍ന്നു - ഇതൊരു വലിയ അത്ഭുതമാണ്, ദൈവപുത്രന്‍ മനുഷ്യനായിത്തീരുന്നു, നമുക്കുവേണ്ടി ദൈവകുഞ്ഞാടെന്ന നിലയില്‍ മരിക്കാന്‍!

അതേസമയംതന്നെ, ദാനീയേലിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ച ഒരു രഹസ്യത്തി(mystery)ലേക്കാണു വിരല്‍ ചൂണ്ടുന്നത്. യേശു വെറുമൊരു രാജാവോ പുത്രനോ അല്ലെന്നുള്ള കാര്യം നഥനയേലിനു മനസ്സിലായി. മറിച്ച് അവന്‍ ലോകത്തിന്റെ ന്യായാധിപനുമാണ് - മനുഷ്യരൂപത്തിലുള്ള ദൈവം. വിഷാദിച്ച വിശ്വാസിയെ വിശ്വാസത്തിന്റെ ഉന്നതശൃംഗത്തിലേക്കു യേശു ഇങ്ങനെ നയിച്ചു. യേശു നാട്ടുമ്പുറത്തുകാരനായിരുന്നതിനാല്‍, അത്തരം വിശ്വാസം അത്രയെളുപ്പമല്ലായിരുന്നു. എന്നാല്‍, അവനില്‍ മറഞ്ഞിരിക്കുന്ന തേജസ്സ്, വിശ്വാസത്താല്‍ ശിഷ്യന്മാര്‍ കണ്ടു - മുകളില്‍ സ്വര്‍ഗ്ഗം തുറക്കുന്നതിനോടൊപ്പം.

പ്രാര്‍ത്ഥന: ദൈവപുത്രാ, പ്രപഞ്ചത്തിന്റെ ന്യായാധിപതിയേ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. ദൈവക്രോധമല്ലാതെ മറ്റൊന്നും ഞങ്ങളര്‍ഹിക്കുന്നില്ല. നിന്റെ കൃപയാലുള്ള പാപക്ഷമയും കരുണയും ഞങ്ങളുടെ സ്നേഹിതര്‍ക്കായി ഞങ്ങളപേക്ഷിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്ന എല്ലാവരുടെയുംമേല്‍ നിന്റെ അനുഗ്രഹങ്ങള്‍ പകരണമേ. അങ്ങനെ അവര്‍ നിന്നെ കാണട്ടെ, നിന്റെ സ്നേഹം അറിയട്ടെ, നിന്നില്‍ ആശ്രയിച്ചു ജ്ഞാനത്തിലും പ്രത്യാശയിലും അവര്‍ വളരട്ടെ.

ചോദ്യം:

  1. "ദൈവപുത്രന്", "മനുഷ്യപുത്രന്‍" എന്നീ നാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ത്?

www.Waters-of-Life.net

Page last modified on May 09, 2012, at 11:46 AM | powered by PmWiki (pmwiki-2.3.3)