Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 114 (Burial of Jesus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
4. യേശുവിന്റെ ക്രൂശും മരണവും (യോഹന്നാന്‍ 19:16b-42)

f) യേശുവിന്റെ ശവസംസ്കാരം (യോഹന്നാന്‍ 19:38-42)


യോഹന്നാന്‍ 19:38
38അനന്തരം, യഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ്, യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകുവാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു;പീലാത്തോസ് അനുവദിച്ചതിനാല്‍ അവന്‍ വന്നു യേശുവിന്റെ ശരീരം എടുത്തു.

യേശുവിനെതിരായുള്ള മരണവിധി പുറപ്പെടുവിച്ചതില്‍ മതസമിതിയിലുള്ളവരെല്ലാം യോജിച്ചിരുന്നില്ല. അടുത്തകാലത്തു നടന്ന ഭൂഗര്‍ഭഗവേഷണങ്ങളില്‍നിന്നു കണ്ടെത്തിയത്, രണ്ടുപേരെങ്കിലും എതിരായി ശബ്ദമുയര്‍ത്തിയാല്‍ ശിക്ഷാവിധി മറികടന്നുപോകുമെന്നാണ്. മരണശിക്ഷയ്ക്ക് എല്ലാവരും യോജിച്ചാല്‍, കുറ്റാരോപിതനെതിരായ മാനുഷികമുന്‍വിധിയെന്നാണ് അതിനര്‍ത്ഥം. ഈ മതസമിതി അന്യായമാണു കാട്ടിയതെന്ന് അതു തെളിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, വിചാരണ ആവര്‍ത്തിക്കുകയും തെളിവുകള്‍ കൂടുതല്‍ ശ്രദ്ധയോടെ അന്വേഷിക്കുകയും ചെയ്യും. യേശുവിന്റെ കാലത്ത് ഈ നിയമം പാലിച്ചിരുന്നു, കുറഞ്ഞതു രണ്ടു സമിതിയംഗങ്ങളെങ്കിലും വിധിക്കെതിരെ ശബ്ദമുയര്‍ത്തി. രഹസ്യശിഷ്യനായ, അരിമത്യയിലെ യോസേഫായിരുന്നു ഒരാള്‍ (മത്തായി 27:57; മര്‍ക്കോസ് 15:43). സമിതിയിലെ തന്റെ കസേര നഷ്ടപ്പെടാതിരിക്കാനോ, സ്വജാതിയിലെ സ്വാധീനം നഷ്ടമാകാതിരിക്കാനോ ഉള്ള ശ്രദ്ധ അവന്‍ കാട്ടി - അവന്റെ പക്വതയാര്‍ന്ന ജ്ഞാനത്തിനു ദൈവത്തിനു നന്ദി. കയ്യഫാവിന്റെ അന്യായത്തിനും കൌണ്‍സിലില്‍ കാണിച്ച കുതന്ത്രത്തിനുമെതിരെ, യോസേഫ് കയ്യഫാവിനോടു കോപിച്ചു. നിഷ്പക്ഷത ഉപേക്ഷിച്ചിട്ട്, യേശുവുമായുള്ള ബന്ധം യോസേഫ് പരസ്യമായി അംഗീകരിച്ചു. പക്ഷേ അതു വളരെ വൈകിപ്പോയിരുന്നു, അവന്റെ സാക്ഷ്യം സമിതിയുടെ തീരുമാനത്തിനെതിരായിരുന്നു. എന്നാല്‍ യേശുവിനെ ക്രൂശിക്കുന്ന വിധിയിലേക്കാണു സംഭവങ്ങള്‍ നീണ്ടുപോയത്.

യേശുവിന്റെ മരണശേഷം, യോസേഫ് പീലാത്തോസിന്റെ അടുത്തേക്കു പോയി (അതിന് അവനെ അധികാരപ്പെടുത്തിയിരുന്നു). ക്രൂശില്‍നിന്നു യേശുവിന്റെ ശരീരമെടുത്തു സംസ്കരിക്കാനുള്ള അനുവാദം, യോസേഫിന്റെ അഭ്യര്‍ത്ഥനയനുസരിച്ചു പീലാത്തോസ് നല്‍കി.

ഇങ്ങനെ, ഒരു പ്രാവശ്യംകൂടി പീലാത്തോസ് യഹൂദന്മാരോടു പ്രതികാരം ചെയ്തു. വധിക്കപ്പെട്ട കുറ്റവാളികളെ ചെന്നായ്ക്കള്‍ തിന്നുന്നതിനായി ഹിന്നോം താഴ്വരയിലേക്കു കൊണ്ടുപോകുകയായിരുന്നു പതിവ്, അതിനുചുറ്റും എരിയുന്ന കുപ്പയുണ്ടായിരുന്നു. അത്തരം അപമാനത്തില്‍നിന്നു ദൈവം തന്റെ പുത്രനെ രക്ഷിച്ചു. ക്രൂശില്‍ ദൈവികയാഗമാവുകയെന്ന തന്റെ ദൌത്യം യേശു നിറവേറ്റി. മാന്യമായ ഒരു കല്ലറയില്‍ യേശുവിനെ സംസ്കരിക്കുന്നതിനു സ്വര്‍ഗ്ഗീയപിതാവു യോസേഫിനെ നയിച്ചു.

യോഹന്നാന്‍ 19:39-42
39ആദ്യം രാത്രിയില്‍ അവന്റെയടുക്കല്‍ വന്ന നിക്കോദേമോസും ഏകദേശം നൂറു റാത്തല്‍ മൂറും അകിലുംകൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. 40അവര്‍ യേശുവിന്റെ ശരീരമെടുത്തു യഹൂദന്മാര്‍ ശവമടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്‍ഗ്ഗത്തോടുകൂടെ ശീല പൊതിഞ്ഞുകെട്ടി. 41അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു. 42ആ കല്ലറ സമീപമായതിനാല്‍ അവര്‍ യഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വെച്ചു.

പെട്ടെന്ന്, നിക്കോദേമോസും കുരിശിനടുത്തുവന്നു. മതസമിതിയുടെ തീരുമാനത്തിനെതിരെ വോട്ടു ചെയ്ത രണ്ടാമന്‍ അദ്ദേഹമായിരുന്നു. യേശുവിനെതിരായി പാസാക്കിയ രഹസ്യവിധി അസാധുവാക്കാന്‍ അവന്‍ നേരത്തെ ശ്രമിക്കുകയും, വസ്തുതകള്‍ ഗ്രഹിക്കാന്‍ ശരിയായ ഒരു കൂടിയാലോചന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു (7:51). യേശുവിന്റെ ഈ സാക്ഷി എത്തിച്ചേര്‍ന്നു, 32 കിലോഗ്രാം വിലയേറിയ സുഗന്ധദ്രവ്യവുമായാണു വന്നത്, കീറിപ്പറിഞ്ഞ മൃതദേഹം ചുറ്റിപ്പൊതിയുന്നതിനായുള്ള ശവക്കച്ചകളും അദ്ദേഹം കൊണ്ടുവന്നു. ശരീരം ക്രൂശില്‍നിന്നു താഴെയിറക്കാനും സുഗന്ധലേപനത്തിനുശേഷം സംസ്കരിക്കാനും യോസേഫിന് ഒരു സഹായമായി. കുലീനതയുടെ ഒരു പ്രക്രിയയായിരുന്നു അത്. സംസ്കാരകര്‍മ്മം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു, വെള്ളിയാഴ്ച സന്ധ്യയ്ക്കുമുമ്പ് (ആറുമണിക്കുമുമ്പ്) അതു കഴിയണം. അപ്പോഴാണു ശബ്ബത്ത് തുടങ്ങുന്നത് - അപ്പോള്‍ സകല ജോലിയും വിലക്കിയിരുന്നു. അല്പസമയം മാത്രമേ അവര്‍ക്ക് അവശേഷിച്ചിരുന്നുള്ളൂ.

തന്റെ മരിച്ച പുത്രനെ മാനിക്കാന്‍ ഈ രണ്ടുപേരെ പിതാവായ ദൈവം നയിച്ചു, അതു യെശയ്യാവ് 53:9 നിറവേറേണ്ടതിനായിരുന്നു - അന്തസ്സുള്ള ഒരു കല്ലറയില്‍ സമ്പന്നന്മാരോടും കുലീനന്മാരോടുമൊപ്പം യേശുവിനെ സംസ്കരിക്കണമായിരുന്നു. പാറയില്‍ കൊത്തിയെടുക്കുന്ന അത്തരം കല്ലറകള്‍ ചെലവേറിയതായിരുന്നു. നഗരമതിലുകള്‍ക്കു വെളിയിലായി, ക്രൂശീകരണസ്ഥലത്തിനടുത്തായുള്ള സ്വന്തകല്ലറ യേശുവിനു നല്‍കി മാനിക്കുന്നതിനെക്കാള്‍ മികച്ച ഒരു കാര്യം യോസേഫിനു ചെയ്യാനില്ലായിരുന്നു. അവിടെ യേശുവിന്റെ ശരീരം ഒരു ശവപ്പെട്ടിയില്‍ വയ്ക്കാതെ ഒരു കരിങ്കല്‍പ്പാളിമേല്‍ വെച്ചു, നിക്കോദേമോസ് കൊണ്ടുവന്ന, സുഗന്ധക്കുഴമ്പില്‍ കുതിര്‍ത്ത ശവക്കച്ചകള്‍ മൃതദേഹത്തില്‍ ചുറ്റിയിരുന്നു.

യഥാര്‍ത്ഥമായും യേശു മരിച്ചു; മുപ്പത്തിമൂന്നു വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരിക്കുമ്പോള്‍ത്തന്നെ അവന്റെ ഐഹികജീവിതം അവസാനിച്ചു. അവന്‍ മരിക്കാനാണു ജനിച്ചത്. സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവന്‍ കൊടുക്കുന്നതിലും ശ്രേഷ്ഠമായ സ്നേഹം കാണാനാവില്ല.

പ്രാര്‍ത്ഥന: യേശുനാഥാ, ഞങ്ങള്‍ക്കു പകരമായി മരിച്ചതിനു നന്ദി. സകലവിശ്വാസികളോടുംകൂടെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ സ്നേഹം ദൈവക്രോധത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കുകയും പരിശുദ്ധത്രിത്വത്തിന്റെ ഐക്യതയില്‍ ഞങ്ങളെ സ്ഥാപിക്കുകയും ചെയ്തുവല്ലോ. എന്റെ ജീവിതം നിന്റെ ക്രൂശിനെ മഹത്വപ്പെടുത്താന്‍വേണ്ടിയുള്ള ഒരു നന്ദിയര്‍പ്പണമായി സ്വീകരിക്കണമേ.

ചോദ്യം:

  1. യേശുവിന്റെ സംസ്കാരം നമ്മെ എന്താണു പഠിപ്പിക്കുന്നത്?

www.Waters-of-Life.net

Page last modified on May 16, 2012, at 10:50 AM | powered by PmWiki (pmwiki-2.3.3)