Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 115 (Mary Magdalene at the graveside; Peter and John race to the tomb)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
1. പെസഹാപ്പുലരി(ഈസ്റര്‍)യിലെ സംഭവങ്ങള്‍ (യോഹന്നാന്‍ 20:1-10)

a) മഗ്ദലനമറിയ കല്ലറയ്ക്കരികില്‍ (യോഹന്നാന്‍ 20:1-2)


യോഹന്നാന്‍ 20:1-2
1ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ മഗ്ദലക്കാരി മറിയ രാവിലെ ഇരുട്ടുള്ളപ്പോള്‍ത്തന്നെ കല്ലറയ്ക്കല്‍ ചെന്നു, കല്ലറവാതില്ക്കല്‍നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു. 2അവള്‍ ഓടി ശിമോന്‍ പത്രോസിന്റെയും യേശുവിനു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കല്‍ ചെന്നു: കര്‍ത്താവിനെ കല്ലറയില്‍നിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ചുവെന്നു ഞങ്ങള്‍ അറിയുന്നില്ലായെന്ന് അവരോടു പറഞ്ഞു.

വെള്ളിയാഴ്ച സംഭവിച്ച കാര്യങ്ങളാല്‍ ശിഷ്യന്മാരും യേശുവിനെ അനുഗമിച്ച സ്ത്രീകളും മനസ്സു തകര്‍ന്നിരിക്കുകയായിരുന്നു. യേശുവിനെ കല്ലറയില്‍ വെച്ചത് എങ്ങനെയെന്ന് ഈ സ്ത്രീകള്‍ അകലെനിന്നു നോക്കിക്കണ്ടു. ഈ സ്ത്രീകളും ശിഷ്യന്മാരും വീട്ടിലേക്കു തിരക്കിട്ടോടി, ശബ്ബത്തു ലംഘിച്ചുവെന്ന പഴി കേള്‍ക്കേണ്ടല്ലോ, വൈകീട്ട് ആറുമണിക്കാണു ശബ്ബത്ത് ആരംഭിക്കുന്നത്.

പെസഹാപ്പെരുന്നാളും ചേര്‍ന്നുവരുന്ന ആ വലിയ ശബ്ബത്തില്‍, കല്ലറയ്ക്കടുത്തേക്കു പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. കൊല്ലപ്പെട്ട കുഞ്ഞാടുകള്‍മൂലം, ദൈവവുമായി അനുരഞ്ജനത്തിലെത്തിയെന്ന ധാരണയില്‍ യഹൂദജനം ആനന്ദിച്ചുകൊണ്ടിരുന്നപ്പോള്‍, ക്രിസ്ത്യാനികള്‍ ഭയപ്പെട്ടു കരഞ്ഞുകൊണ്ടു കൂടിയിരിക്കുകയായിരുന്നു. അവരുടെ കര്‍ത്താവിനെ അടക്കിയതോടൊപ്പം അവരുടെ പ്രതീക്ഷകളും അടക്കപ്പെട്ടു.

ശബ്ബത്ത്ദിനത്തിലെ സന്ധ്യയില്‍, മൃതദേഹത്തിന്മേല്‍ പൂശാനുള്ള സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നതിനു സ്ത്രീകള്‍ നഗരകവാടങ്ങള്‍ക്കു വെളിയിലേക്കു പോയില്ല. ഞായറാഴ്ച പ്രഭാതത്തിനായി അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. മഗ്ദലക്കാരിയുടെ കല്ലറസന്ദര്‍ശനം സുവിശേഷകന്‍ അടിവരയിട്ട് എഴുതുകയാണ്. മറ്റു സ്ത്രീകളും കൂടെയുണ്ടായിരുന്നുവെന്ന സൂചന "ഞങ്ങള്‍" എന്ന മഗ്ദലനമറിയയുടെ പ്രയോഗത്തിലുണ്ട്. യോഹന്നാന്റെ അമ്മയായ ശലോമി, മറ്റുള്ള ചുരുക്കം പേര്‍ എന്നിവര്‍ ചേര്‍ന്നു കരഞ്ഞുകൊണ്ട്, ഞായറാഴ്ച രാവിലെ, സുഗന്ധദ്രവ്യം പൂശാനായിപ്പോയി.

അതിരാവിലെ കല്ലറയുടെ അടുത്തേക്കു വന്ന സ്ത്രീകള്‍ സംഘര്‍ഷഭരിതരായിരുന്നു. കല്ലറ മുദ്രവെച്ചതായിരിക്കുമല്ലോ എന്ന ഊഹമാണ് അവരെ ദുഃഖിപ്പിച്ചത്. പ്രതീക്ഷകളെല്ലാം തകര്‍ന്ന അവര്‍ ആകെ നിരാശരായിരുന്നു. ഉയിര്‍ത്തെഴുന്നേല്പിന്റെ വെളിച്ചം അവരുടെമേല്‍ പ്രകാശിച്ചിരുന്നില്ല, നിത്യജീവന്‍ അവരുടെ മനസ്സില്‍ ഉദിച്ചിരുന്നുമില്ല.

അവിടെയെത്തിയ അവര്‍, ആ വലിയ കല്ലു കണ്ടു നടുങ്ങി, എങ്ങനെ അതു കല്ലറവാതില്ക്കല്‍നിന്നു നീക്കുമെന്നായിരുന്നു അവരുടെ അത്ഭുതം.

കല്ലറ തുറന്നതാണ് ആ ദിവസത്തെ പ്രഥമ അത്ഭുതം. നമ്മുടെ ഉത്ക്കണ്ഠകള്‍ക്കും അവിശ്വാസത്തിനും സാക്ഷിയായ ക്രിസ്തു, നമ്മുടെ ഹൃദയത്തിനു ഭാരമുണ്ടാക്കുന്ന സകല കല്ലുകളും നീക്കിക്കളയാന്‍ കഴിവുള്ളവനാണ്. വിശ്വസിക്കുന്ന വ്യക്തി ദൈവത്തില്‍ സഹായം കണ്ടെത്തും; വിശ്വാസം ഒരു ശ്രേഷ്ഠമായ ഭാവി കാണുന്നു.

ദൂതന്മാരുടെ പ്രത്യക്ഷതയെക്കുറിച്ചു യോഹന്നാന്‍ യാതൊന്നുംതന്നെ പറയുന്നില്ല. മഗ്ദലക്കാരി മറിയ മിക്കവാറും കൂട്ടുസ്ത്രീകളെക്കാള്‍ വേഗത്തില്‍ ഓടിയെത്തി കല്ലറയിലേക്ക് ഉറ്റുനോക്കിയതാകാം. അവിടെ അവള്‍ മൃതദേഹമൊന്നും കണ്ടില്ല. ഭയപ്പെട്ട അവള്‍ ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി. അപ്പോസ്തലന്മാരുടെ നേതൃത്വത്തിന് ഈ അത്ഭുതത്തെക്കുറിച്ചുള്ള അറിവുണ്ടായിരിക്കുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. മഗ്ദലക്കാരി മറിയ പത്രോസിന്റെയും മറ്റു ശിഷ്യന്മാരുടെയും അടുക്കലെത്തിയപ്പോഴേക്കും പൊട്ടിക്കരഞ്ഞുപോയി: "കര്‍ത്താവിന്റെ ശരീരം കാണുന്നില്ല. അത് ആരെങ്കിലും എടുത്തുവെന്നു തീര്‍ച്ചയാണ്, ആ സ്ഥലം നമുക്കറിഞ്ഞുകൂടാ. ഇതു പിന്നെയും കുറ്റം ചെയ്യുകയാണ്." ആരെങ്കിലും മൃതദേഹം അപഹരിച്ചുകൊണ്ടുപോയി എന്ന ചിന്ത കാണിക്കുന്നത് അവളും ശിഷ്യന്മാരും ആത്മീയമായി അന്ധരായിരുന്നുവെന്നാണ്. അവന്‍ കര്‍ത്താവായതിനാല്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു; അവര്‍ക്കതു സംഭവിച്ചില്ല.


b) പത്രോസും യോഹന്നാനും കല്ലറയ്ക്കലേക്ക് ഓടുന്നു (യോഹന്നാന്‍ 20:3-10)


യോഹന്നാന്‍ 20:3-5
3അതുകൊണ്ടു പത്രോസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കല്‍ ചെന്നു. 4ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യന്‍ പത്രോസിനെക്കാള്‍ വേഗത്തില്‍ ഓടി ആദ്യം കല്ലറയ്ക്കല്‍ എത്തി; 5കുനിഞ്ഞുനോക്കി ശീലകള്‍ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.

ഇതു സ്നേഹത്തിന്റെ ഓട്ടമായിരുന്നു. യേശുവിന്റെയടുത്ത് ആദ്യമെത്തണമെന്നായിരുന്നു അവരുടെ ചിന്ത. പ്രായക്കൂടുതലുള്ള പത്രോസ്, യുവാവായ യോഹന്നാനു പിന്നില്‍ കിതച്ചുകൊണ്ട് ഓടി. ചാരന്മാരെക്കുറിച്ചും കാവല്‍ക്കാരെക്കുറിച്ചുമുള്ള ഭയം അവര്‍ ഇരുവരും മറന്നുപോയി, നഗരകവാടങ്ങള്‍ അവര്‍ തരണംചെയ്തു. യോഹന്നാന്‍ കല്ലറയ്ക്കലെത്തിയപ്പോള്‍ അവന്‍ അകത്തു കടന്നില്ല, അത്യധികമായ ആദരവോടെ അവന്‍ പിന്‍വാങ്ങി. വെട്ടിയെടുത്ത പാറയിലെ കല്ലറയിലേക്കു നോക്കിയ അവന്‍, പട്ടുനൂല്‍പ്പുഴുവിന്റെ ഉറ (chrysalis) പോലെയുള്ള ശവക്കച്ചകള്‍ മങ്ങിയ വെളിച്ചത്തില്‍ കണ്ടു. ശവക്കച്ചകള്‍ താഴെ വീണിട്ടില്ലായിരുന്നു, മൃതദേഹം കിടന്നിടത്തുതന്നെയാണ് അവ കിടന്നിരുന്നത്. ഉയിര്‍ത്തെഴുന്നേല്പിനോടു ബന്ധമുള്ള മൂന്നാമത്തെ അത്ഭുതമാണിത്. ക്രിസ്തു വസ്ത്രങ്ങള്‍ കീറിയെറിഞ്ഞില്ല, അവയിലൂടെ പുറത്തുവരികയാണു ചെയ്തത്. പുറത്തുവരുന്നതിനു യേശുവിനെ സഹായിക്കാനല്ല ദൂതന്മാര്‍ കല്ലറയുടെ വാതില്ക്കലെ കല്ലു നീക്കിയത്, സ്ത്രീകള്‍ക്കും ശിഷ്യന്മാര്‍ക്കും അകത്തു കടക്കുന്നതിനാണ്. പാറയിലൂടെ കര്‍ത്താവു പുറത്തുകടന്നു.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനായി നന്ദി. നീ സകലതിന്മകളെയും ജയിക്കുകയും, ദൈവത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തുവല്ലോ. മരണത്തിന്റെ താഴ്വരയില്‍ നീ ഞങ്ങളോടു കൂടെയുണ്ട്, നീ ഞങ്ങളെ ഉപേക്ഷിക്കുന്നതുമില്ലല്ലോ. നിന്റെ ജീവന്‍ ഞങ്ങളുടേതാണ്; നിന്റെ ശക്തി ഞങ്ങളുടെ ബലഹീനതയില്‍ തികഞ്ഞുവരുന്നല്ലോ. ഞങ്ങള്‍ നിന്നെ വണങ്ങുകയും സ്നേഹിക്കുകയും ചെയ്യുന്നു. സകല വിശ്വാസികള്‍ക്കും ജയഘോഷത്തിന്റെ പ്രത്യാശ നീ നല്‍കിയല്ലോ.

ചോദ്യം:

  1. ക്രിസ്തുവിന്റെ ഉയിര്‍പ്പിനായുള്ള മൂന്നു തെളിവുകള്‍ ഏതെല്ലാം?

www.Waters-of-Life.net

Page last modified on May 16, 2012, at 11:07 AM | powered by PmWiki (pmwiki-2.3.3)