Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 088 (The Holy Trinity descends on believers)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
C - മാളികമുറിയിലെ വിടവാങ്ങല്‍ പ്രസംഗം (യോഹന്നാന്‍ 14:1-31)

2. ആശ്വാസപ്രദന്‍ (കാര്യസ്ഥന്‍) മൂലം പരിശുദ്ധത്രിത്വം വിശ്വാസികളുടെമേല്‍ ഇറങ്ങുന്നു (യോഹന്നാന്‍ 14:12-25)


യോഹന്നാന്‍ 14:21
21എന്റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവന്‍ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും.

യേശുവില്‍നിന്ന് അവന്റെ സഭയിലേക്ക് എല്ലാ കാലത്തും അനുഗ്രഹത്തിന്റെയും കൃപയുടെയും അരുവി കവിഞ്ഞൊഴുകുകയാണ്. എല്ലാ വിശ്വാസികളും ആ കവിഞ്ഞൊഴുക്കില്‍നിന്നു നിറഞ്ഞാലും, കൃപയുടെ ഒരു മഹാസമുദ്രം പിന്നെയും അവശേഷിക്കും. ശത്രുക്കളുടെ മുമ്പില്‍ യേശു എഴുന്നേറ്റുനിന്ന്, മശീഹയാണെന്നും ദൈവപുത്രനാണെന്നുമുള്ള അവകാശം ഉന്നയിക്കേണ്ടിയിരുന്നു. എന്നിരുന്നാലും, ഈ അന്ത്യമണിക്കൂറുകളില്‍, പിതാവുമായുള്ള അവന്റെ ഐക്യതയുടെ ധനമാഹാത്മ്യം ശിഷ്യന്മാര്‍ക്ക് അവന്‍ വെളിപ്പെടുത്തി. നമ്മുടെ ഹൃദയങ്ങള്‍ വിശാലമായി തുറക്കട്ടെ, അങ്ങനെ ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ നിറവു നമ്മില്‍ നിറയട്ടെ.

യേശു നമ്മോടു പറഞ്ഞത്, അവനായുള്ള ശിഷ്യന്മാരുടെ സ്നേഹം പൊട്ടിപ്പുറപ്പെടുന്നതു നന്മയില്‍നിന്നു മാത്രമല്ല, മറിച്ച് ആ സ്നേഹം പണിതുയര്‍ത്തിയിരിക്കുന്നത് അവന്റെ കല്പനകള്‍ അനുസരിച്ചു പ്രായോഗികമാക്കുന്നതിലുംകൂടിയാണെന്നാണു യേശു അവരോടു പറഞ്ഞത്. ക്രിസ്തുവിന്റെ സ്നേഹത്തില്‍ അടങ്ങിയിരിക്കുന്ന ഉപദേശം സ്വാഭാവികമനുഷ്യന് (natural) അംഗീകരിക്കാന്‍ കഴിയില്ലായെന്നതു തര്‍ക്കമറ്റ സംഗതിയാണ്. സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങള്‍ അവന്‍ നമുക്കു തുറന്നുതന്നിട്ട്, നഷ്ടപ്പെട്ടവരെ സേവിക്കാനും നമ്മുടെ സഹോദരന്മാരെ വളര്‍ത്താനുമായി അവന്‍ നമ്മെ അയയ്ക്കുന്നു. നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതികള്‍ ഗ്രഹിക്കാനുള്ള കഴിവ് അവന്‍ നമുക്കു ദാനം ചെയ്യുന്നു. അവന്റെ കല്പനകള്‍ ഭാരമുള്ളവയോ അസാദ്ധ്യമായവയോ അല്ല- അവന്റെ ആത്മാവിന്റെ സന്തോഷം നമ്മെ പ്രേരിപ്പിക്കുകയും, നാം ചെയ്ത തിന്മപ്രവൃത്തികളും വഞ്ചനകളും ഏറ്റു പറയാന്‍ നമ്മെ ഉദ്യമിപ്പിക്കുകയും ചെയ്യുന്നു. അവന്റെ കല്പനകള്‍ പാലിക്കാന്‍ ആത്മാവു നമ്മെ ബലപ്പെടുത്തുകയും ചെയ്യുന്നു. അവന്‍ നമ്മെ സ്നേഹിച്ച് അങ്ങേയറ്റത്തോളം രക്ഷിച്ചതാണു കാരണം. അതുകൊണ്ടാണു നാം അവനെ സ്നേഹിച്ച് അവന്റെ ആത്മാവില്‍ നടക്കുന്നത്.

യേശുവിനെ താങ്കള്‍ സ്നേഹിക്കുന്നുണ്ടോ? ഉടനടി ഉത്സാഹപൂര്‍വ്വം "ഉണ്ട്" എന്നു പറയരുത്. വിഷാദത്തോടെ "ഇല്ല'' എന്നും പറയരുത്. നിങ്ങള്‍ വീണ്ടും ജനിച്ചയാളാണെങ്കില്‍, നിങ്ങളിലുള്ള പരിശുദ്ധാത്മാവു പറയും, "അതെ കര്‍ത്താവായ യേശുവേ, നിന്റെ മഹത്വത്തിനും സൌമ്യതയ്ക്കുമായി, നിന്റെ ത്യാഗത്തിനും സഹിഷ്ണുതയ്ക്കുമായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു; സ്നേഹിക്കാനുള്ള കഴിവ് നീ എന്നില്‍ സൃഷ്ടിച്ചിരിക്കുന്നുവല്ലോ." നമ്മിലുള്ള പരിശുദ്ധാത്മാവുമായുള്ള ഈ സംഭാഷണം ഒരു വൃഥാവായ പ്രത്യാശയോ ഭാവനയോ അല്ല, സ്നേഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യാനുള്ള തീരുമാനത്തില്‍ അധിഷ്ഠിതമാണ്. നാഥന്‍ സ്നേഹിക്കുന്നവരില്‍ അവന്റെ സ്നേഹം ഉളവാക്കുകയും അവരെ കൃപയില്‍ അടിസ്ഥാനമുറപ്പിക്കുകയും ചെയ്യുന്നു.

യേശുവിനെ സ്നേഹിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കാന്‍ സര്‍വ്വശക്തിയും ദയയും ദൈവം തന്റെ പുത്രനില്‍ വെച്ചു. യേശുവിനെ സ്വീകരിക്കുന്നവര്‍ ദൈവത്തെ സ്വീകരിക്കുന്നു. യേശുവിനെ തിരസ്കരിക്കുന്നവര്‍ ദൈവത്തെയും തിരസ്കരിക്കുന്നു. "എന്റെ പ്രിയപ്പെട്ടവനേ/പ്രിയപ്പെട്ടവളേ" എന്നു ദൈവം താങ്കളെ വിളിക്കുന്നതു താങ്കള്‍ ഗ്രഹിക്കുന്നുണ്ടോ? അതിനു കാരണം, ക്രിസ്തുവിന്റെ ആത്മാവു താങ്കള്‍ക്കു മാറ്റം വരുത്തി നിങ്ങളെ സ്നേഹമുള്ള ഒരു വ്യക്തിയാക്കിയതാണ്. താങ്കള്‍ താങ്കളില്‍ത്തന്നെ നല്ലയാളല്ല, എന്നാല്‍ ദൈവസ്നേഹം താങ്കളെ ഒരു പുതിയ സൃഷ്ടിയാക്കുന്നു. ക്രിസ്തു താങ്കളില്‍ പ്രവര്‍ത്തിക്കുന്നു, താങ്കള്‍ക്കുവേണ്ടി പിതാവുമായി മദ്ധ്യസ്ഥത വഹിക്കുന്നു, നിത്യതയ്ക്കെല്ലാമായി നിങ്ങളെ അവന്‍ സൂക്ഷിക്കുകയും ചെയ്യും. ആത്മീയമായ ഉറപ്പുകളോടെ അവന്‍ നിങ്ങള്‍ക്കു തന്നെത്താന്‍ വെളിപ്പെടുത്തും. നിങ്ങളുടെ രക്ഷകനെക്കുറിച്ചുള്ള അറിവില്‍ നിങ്ങള്‍ എത്രമാത്രം വളര്‍ന്നാലും, ആ അറിവു ബലഹീനമായി നിലനില്ക്കും. കാരണം, അറിവിന്റെയര്‍ത്ഥം അനുസരണം, സ്നേഹം, ത്യാഗം, സ്വയനിഷേധം എന്നിവയിലുള്ള വളര്‍ച്ചയാണ്.

യോഹന്നാന്‍ 14:22-25
22ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: കര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങള്‍ക്കത്രേ നിന്നെ വെളിപ്പെടുത്താന്‍ പോകുന്നത് എന്നു ചോദിച്ചു. 23യേശു അവനോട്: എന്നെ സ്നേഹിക്കുന്നവന്‍ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടെ വാസം ചെയ്യും. 24എന്നെ സ്നേഹിക്കാത്തവന്‍ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റേതത്രേ എന്ന് ഉത്തരം പറഞ്ഞു. 25ഞാന്‍ നിങ്ങളോടുകൂടെ വസിക്കുമ്പോള്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

യൂദാ എന്നു പേരുള്ള മറ്റൊരു ശിഷ്യന്‍ യേശുവിന് അപ്പോഴുമുണ്ടായിരുന്നു, അത് ഈസ്കര്യോത്താവ് അല്ല. ഒറ്റിക്കൊടുക്കുന്നയാള്‍ സ്ഥലം വിട്ടയുടനെ യേശു സംസാരവിഷയം മാറ്റിയെന്ന് അവനു മനസ്സിലായി. നിര്‍ണ്ണായകമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് അവന്‍ സംശയിച്ചു.

യേശു അവനു നേരിട്ടു മറുപടി നല്‍കിയില്ല. സഭയുടെ പ്രാഥമിക ലക്ഷ്യവും അതു ലോകത്തിനു മരിക്കേണ്ടുന്നതിന്റെ ആവശ്യകതയുമാണ് അവന്‍ അറിയിച്ചത്. ദൈവത്തെക്കുറിച്ചുള്ള യഥാര്‍ത്ഥമായ അറിവിലേക്കു നയിക്കുന്ന ഘട്ടങ്ങള്‍ അവന്‍ അവര്‍ക്കു കാട്ടിക്കൊടുത്തു. യേശുവിനെ അറിയുന്നതും അംഗീകരിക്കുന്നതും, പരിശുദ്ധാത്മാവിന്റെ ശക്തിയോടെ അവനിലേക്കും പുതുജീവനിലേക്കും വഴി തുറക്കുന്നു - അവന്റെ കല്പനകള്‍ പാലിക്കാനും ദൈവസ്നേഹം അനുഭവിക്കാനും - ഇതാണു വസ്തുത. പിന്നെ യേശു നടത്തിയതു ചലിപ്പിക്കുന്ന ഒരു പ്രസ്താവമാണ്: "വിശ്വാസിയിലേക്കു ഞങ്ങള്‍ വന്ന്, അവിടെ വസിക്കുന്നു." ഇവിടെ അവന്‍ പൊതുവായി സഭയെക്കുറിച്ചല്ല പറയുന്നത്, മറിച്ച് ഏകവചനത്തില്‍ വിശ്വാസികളെക്കുറിച്ചാണ്. പരിശുദ്ധ ത്രിത്വം വിശ്വാസിയെ സന്ദര്‍ശിച്ച് അവനില്‍/അവളില്‍ വസിക്കുന്നു. പരിശുദ്ധാത്മാവിന്റെയും പുത്രന്റെയും പിതാവിന്റെയും ആലിംഗനത്തിലെന്നപോലെ മനുഷ്യന്റെ ഹൃദയത്തില്‍ ഈ പറച്ചില്‍ ധ്വനിക്കുന്നു. രക്ഷയുടെ പുരോഗതിയിലേക്കു പ്രവേശിക്കുന്ന ഒരു വ്യക്തിക്ക്, ദൈവം അവനെ സമ്പൂര്‍ണ്ണമായി പൊതിയുകയും വ്യക്തിപരമായി അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവെന്നു കണ്ടെത്താനാവും. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഓരോരുത്തരും ഈ മാര്‍മ്മികസത്യം (true mystery) അനുഭവിച്ചറിയുന്നു.

പ്രാര്‍ത്ഥന: പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള പരിശുദ്ധ ത്രിത്വമേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു, അങ്ങേയ്ക്കു നന്ദിയര്‍പ്പിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. നീ എന്നെ സന്ദര്‍ശിച്ചു പാപിയായ എന്നില്‍ അധിവസിക്കുകയും ചെയ്തല്ലോ. എന്റെ പാപങ്ങള്‍ ക്ഷമിക്കണമേ. എനിക്കു നല്‍കിയ സ്നേഹത്തിന്റെ ശക്തിക്കായും, എന്റെ ഹൃദയത്തിലെ സ്നേഹത്തിന്റെ ആത്മാവിനായും നന്ദി. നിന്റെ നാമത്തില്‍ എന്നെ സൂക്ഷിക്കണമേ.

ചോദ്യം:

  1. ക്രിസ്തുവിനായുള്ള നമ്മുടെ സ്നേഹം വളരുന്നതും, പരിശുദ്ധ ത്രിത്വം നമ്മുടെമേല്‍ ഇറങ്ങുന്നതും എങ്ങനെയാണ്?

www.Waters-of-Life.net

Page last modified on May 14, 2012, at 10:17 AM | powered by PmWiki (pmwiki-2.3.3)