Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 089 (Christ's farewell peace)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
C - മാളികമുറിയിലെ വിടവാങ്ങല്‍ പ്രസംഗം (യോഹന്നാന്‍ 14:1-31)

3. ക്രിസ്തുവിന്റെ വിടവാങ്ങല്‍ സമാധാനം (യോഹന്നാന്‍ 14:26-31)


യോഹന്നാന്‍ 14:26
26എങ്കിലും പിതാവ് എന്റെ നാമത്തില്‍ അയയ്ക്കാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ (Counselor) നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.

ക്രിസ്തുവിന്റെ വചനങ്ങളുടെയെല്ലാം ആശയം പിടികിട്ടിയെന്നു ധൈര്യമായി പറയാന്‍ ആര്‍ക്കാണു കഴിയുക? അവന്‍ പറഞ്ഞതൊക്കെ മനഃപാഠമാക്കി പുറത്തുകൊണ്ടുകൊടുക്കാന്‍ ആര്‍ക്കു സാധിക്കും? കര്‍ത്താവിന്റെ അത്താഴത്തിന്റെ സമയത്ത്, ആശയക്കുഴപ്പത്തിലായ ശിഷ്യന്മാര്‍ ഒറ്റിക്കൊടുക്കുന്നവന്റെ കുത്സിതപ്രവൃത്തിയെയും അവന്‍ എന്താണു ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ചുമാണു പരിഗണിച്ചത്. യോഹന്നാനൊഴികെ ബാക്കിയുള്ളവര്‍ക്കൊന്നും യേശുവിന്റെ വിടവാങ്ങല്‍ സന്ദേശത്തിലെ അധികം കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.

ശിഷ്യന്മാരുടെ മറവി യേശുവിന് ആശ്വാസമായി. സത്യത്തിന്റെ ആത്മാവ് അവരുടെമേല്‍ വന്ന് അവരെ പ്രകാശിപ്പിക്കുകയും, അവന്‍ അവരെ പ്രബോധിപ്പിച്ചതുപോലെ അവരെ പുതുക്കുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. യേശുവിന്റെ പ്രവൃത്തി ആത്മാവു തുടരുന്നത് അതേ ലക്ഷ്യബോധത്തോടെയാണ്. അവന്‍ ബലഹീനരെ സംരക്ഷിക്കുന്നു. ബുദ്ധിമാന്മാരെയല്ല യേശു തിരഞ്ഞെടുത്തത്, തത്വജ്ഞാനികളെയുമല്ല. മറിച്ച്, മീന്‍പിടുത്തക്കാരെയും നികുതി പിരിക്കുന്നവരെയും പാപികളെയുമാണ്. ലോകജ്ഞാനത്തിന്റെ അഹംഭാവത്തെ ലജ്ജിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അത്. കഴിവില്ലാത്തവരെ തന്റെ മക്കളാക്കുന്നതിനുവേണ്ടി പിതാവു കരുണയോടെ അവന്റെ ആത്മാവിനെ അവരിലേക്ക് അയച്ചു. അവര്‍ക്ക് അവന്‍ താഴ്മയുടെ ജ്ഞാനം നല്‍കി, അവര്‍ അവരെത്തന്നെ ത്യജിച്ചു നേരോടെ ജീവിച്ചു.

കാവ്യരീതിയിലുള്ള ഒരു പുസ്തകം യേശു എഴുതിയില്ല. ചില ഇലകള്‍ വിട്ടുകളയുകയോ, കഴമ്പുള്ള ഭാഗം മറക്കുകയോ ചെയ്യത്തക്കവിധം അവന്‍ തന്റെ സുവിശേഷം ആര്‍ക്കും കേട്ടെഴുതാന്‍വേണ്ടി പറഞ്ഞുകൊടുത്തുമില്ല. സത്യത്തിന്റെ ആത്മാവു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുമെന്നും പ്രകാശിപ്പിക്കുമെന്നും, വഴികാട്ടുമെന്നും യേശു പറഞ്ഞതെല്ലാം അവരെ ഓര്‍മ്മിപ്പിക്കുമെന്നും ആത്മവിശ്വാസത്തോടെ അവന്‍ പ്രതീക്ഷിച്ചു. ഇന്നുവരെയുള്ള ആത്മാവിന്റെ ഏറ്റവും വലിയ ഒരു പ്രവൃത്തിയാണു സുവിശേഷം. മനുഷ്യന്റെ ഭാഷയില്‍, ശിഷ്യന്മാരുടെ ഓര്‍മ്മയില്‍ രക്ഷയുടെ പദ്ധതി അവന്‍ സമര്‍പ്പിച്ചു. എന്നാല്‍ ആത്മാവ് അവരെ ഓര്‍മ്മിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു, യേശുവിന്റെ ഉപദേശങ്ങളില്‍ അവരെ സ്ഥാപിച്ചു. അങ്ങനെ അപ്പോസ്തലന്റെ സാക്ഷ്യംമൂലം ആത്മാവു പുത്രനെ മഹത്വപ്പെടുത്തും. ക്രിസ്തുവിന്റെ അപ്പോസ്തലന്മാരുടെ എഴുത്തുകളല്ലാതെ മറ്റൊരു പുസ്തകംനമുക്കില്ല. അവര്‍ക്കു ലഭിച്ച അറിവും വിശ്വാസവും അവര്‍ വിനയപൂര്‍വ്വം ലോകത്തിനു കാഴ്ചവെച്ചു. യേശുവിന്റെ വചനങ്ങളോടു യാതൊന്നും കൂട്ടിച്ചേര്‍ത്തില്ല. അവരുടെ പ്രസംഗം കാലോചിതമല്ലാത്ത തായി തണുത്തതും ഉണങ്ങിയതുമല്ലായിരുന്നു. മറിച്ച് ആത്മാവ് ഈ വിവരണങ്ങളുടെ ഓജസ്സ് ഇന്നുവരേക്കും പുതുക്കിയിരുന്നു. നാം സുവിശേഷം വായിക്കുമ്പോള്‍, സംഭവങ്ങള്‍ ഇന്നു നടക്കുന്നതുപോലെയാണു നാം വായിക്കുന്നത്. ക്രിസ്തുവിന്റെ വചനങ്ങള്‍ നാം ശ്രദ്ധിച്ചാല്‍ അവന്റെ ശബ്ദം നമ്മുടെ കാതുകളില്‍ സ്പര്‍ശിക്കുന്നതായി കേള്‍ക്കാം. സുവിശേഷം ശിഷ്യന്മാര്‍ കണ്ടുപിടിച്ചതോ, യഥാര്‍ത്ഥ സുവിശേഷം അവര്‍ വളച്ചൊടിച്ചതോ ആണെന്ന് അവകാശപ്പെടുന്നവര്‍ സത്യത്തിന്റെ ആത്മാവിനെ അവഗണിക്കുകയാണ്. പരിശുദ്ധാത്മാവില്‍ വഞ്ചനയൊന്നുമില്ല, അവന്‍ സത്യവും സ്നേഹവുമാണ്.

യോഹന്നാന്‍ 14:27
27സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെയല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്.

യേശു തന്റെ ശിഷ്യന്മാര്‍ക്കു സമാധാനം വാഗ്ദത്തം ചെയ്തു. അവന്റെ വിടവാങ്ങല്‍ സന്ദേശത്തിന്റെ അവസാനഭാഗമായിപ്പറയുന്നത്, മനുഷ്യന്റെ സകല ഉപചാരങ്ങള്‍ക്കും അതീതമായ സമാധാനമാണ് അതെന്നാണ്. അവന്‍ വിടചൊല്ലുകയാണ്, പക്ഷേ അവന്റെ സമാധാനം ശിഷ്യന്മാരുടെ കൂടിവരവുകളുടെമേല്‍ വട്ടമിട്ടു പറക്കുന്നതിന് ഒസ്യത്തായിക്കൊടുത്തിരിക്കുകയാണ്. പത്രങ്ങളില്‍ വായിക്കുന്നതുപോലെ, വ്യാജമായ സമാധാനത്തെക്കുറിച്ച് അവന്‍ മുന്നറിയിപ്പ് നല്‍കി. ജനം ദൈവത്തില്‍നിന്നകന്നു ജീവിക്കുന്നതിനാലും, അവന്റെ കോപം മനുഷ്യരുടെ അകൃത്യങ്ങളിന്മേലെല്ലാം വീഴുന്നതിനാലും പ്രലോഭനങ്ങള്‍ വരുമെന്നതു തീര്‍ച്ചയാണ്. വ്യത്യസ്തമായ സമാധാനത്തെക്കുറിച്ചു യേശു സംസാരിച്ചു, മനഃസാക്ഷിയിലെ സമാധാനം, അതു പാപക്ഷമയുടെ ഫലമായുള്ളതാണ്, ദൈവവുമായി നാം അനുരഞ്ജനത്തിലാകുമ്പോള്‍ പൊട്ടിപ്പുറപ്പെടുന്നതാണ്, സഭയിലെ സമാധാനത്തില്‍ അതിന്റെ സാന്നിദ്ധ്യമുണ്ട്. ക്രിസ്തുവിന്റെ സമാധാനം പരിശുദ്ധാത്മാവാണ്, നിത്യവും നിലയ്ക്കാത്തതുമായ, ദൈവത്തില്‍നിന്നു വരുന്ന ശക്തി അവനിലുണ്ട്, അത് അവനിലേക്കു മടങ്ങുകയും ചെയ്യുന്നു.

വ്യാജം പറച്ചില്‍, വെറുപ്പ്, അക്രമം, കൊലപാതകം, അസൂയ, അത്യാഗ്രഹം, അശുദ്ധി എന്നിവ ലോകത്തില്‍ പരന്നിരിക്കുന്നു. എന്നാല്‍ ഈ സാത്താന്യ ഓളങ്ങള്‍ നമ്മെ മുക്കാന്‍ നാം അനുവദിക്കരുതെന്ന കല്പന യേശു നമുക്കു നല്‍കിയിട്ടുണ്ട്. ദുഷ്ടന്‍ ഈ ലോകത്തിന്റെ പ്രഭുവാണ്. എന്നാല്‍ പ്രിയപ്പെട്ട യേശുവിലുള്ള സമാധാനം നമ്മെ നിരാശയിലും വിഷാദത്തിലും വീഴാതിരിക്കാന്‍ തടയുന്നു. അതു കലങ്ങിയ ഹൃദയത്തില്‍നിന്നും മരണഭയത്തില്‍നിന്നും നമ്മെ വിടുവിക്കുകയും ചെയ്യുന്നു. ക്രിസ്തുവിശ്വാസി ദൈവത്തില്‍ വസിക്കുന്നു, ദൈവം അവനിലും വസിക്കുന്നു. നിങ്ങള്‍ ഇങ്ങനെയാണോ? കൊടുങ്കാറ്റിന്റെയും തിരമാലകളുടെയും മദ്ധ്യത്തില്‍ യേശു വള്ളത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. വള്ളത്തില്‍ വെള്ളം നിറഞ്ഞപ്പോള്‍ എല്ലാവരും നിരാശരായി. അപ്പോള്‍ യേശു എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, എല്ലാം ശാന്തമായി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, "അല്പവിശ്വാസികളേ, നിങ്ങള്‍ എന്തിനു ഭയപ്പെട്ടു?"

യോഹന്നാന്‍ 14:28-31
28ഞാന്‍ പോകുകയും നിങ്ങളുടെ അടുക്കല്‍ മടങ്ങിവരികയും ചെയ്യുമെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവ് എന്നെക്കാള്‍ വലിയവനല്ലോ. 29അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 30ഞാന്‍ ഇനി നിങ്ങളോടു വളരെ സംസാരിക്കുകയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല. 31എങ്കിലും ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്ക്കുവിന്‍; നമുക്കു പോകാം.

തങ്ങളുടെ നാഥന്‍ തങ്ങളെ വിട്ടുപോകുമെന്ന വാര്‍ത്ത ആവര്‍ത്തിച്ചു പറഞ്ഞുകേട്ട ശിഷ്യന്മാര്‍ ആശങ്കാകുലരായി. വേര്‍പാട് അടുത്തുകൊണ്ടിരുന്നു. വീണ്ടും യേശു തന്റെ വേര്‍പിരിയല്‍ ഊന്നിപ്പറഞ്ഞു, അപ്പോള്‍ത്തന്നെ അവന്‍ മടങ്ങിവരുമെന്ന വസ്തുതയും അവന്‍ ഉറപ്പിച്ചുപറയുകയും ചെയ്തു. അവന്‍ പറഞ്ഞു, "ഞാന്‍ നിങ്ങളെ വിട്ടു പിതാവിന്റെ അടുക്കല്‍ പോകുന്നതിനാല്‍ സന്തോഷിക്കുവിന്‍. എന്റെ സ്വന്ത ദേശത്തേക്കു പോകുന്നതില്‍ സന്തോഷിക്കുവിന്‍. ക്രൂശിലെ കഷ്ടതപോലെയുള്ള യാതൊന്നും ഞാന്‍ നിങ്ങളുടെമേല്‍ ചുമത്തുകയില്ല. ശവക്കുഴിയുടെ ഭയത്തില്‍നിന്നു ഞാന്‍ നിങ്ങളെ വിടുവിക്കും. പിതാവുമായി നിങ്ങള്‍ക്കുള്ള ഐക്യത്തെക്കുറിച്ചാണു ഞാന്‍ നിങ്ങള്‍ക്കു സന്ദേശം നല്‍കുന്നത്. നിങ്ങള്‍ എന്നെ സ്നേഹിച്ചാല്‍, സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ മടങ്ങിപ്പോക്കില്‍ നിങ്ങള്‍ സന്തോഷിക്കും. എന്നെക്കാള്‍ എന്റെ പിതാവിനെ ഞാന്‍ വലുതായിക്കാണുന്നു. ഞാനവനെ വളരെയേറെ സ്നേഹിക്കുന്നു, എന്നാല്‍ നിങ്ങളോടുള്ള എന്റെ സ്നേഹവും ഒരിക്കലും ഇല്ലാതാകില്ല. അവന്റെ ആത്മാവില്‍ ഞാന്‍ നിങ്ങളുടെയടുക്കല്‍ വരും."

ശിഷ്യന്മാര്‍ പിതാവിന്റെ മഹത്വം മനസ്സിലാക്കാനും, അവനോടു പറ്റിച്ചേരാനുമായി യേശു പിതാവിന്റെ ഒരു വലിയ ചിത്രം അവര്‍ക്കുവേണ്ടി വരച്ചു. അതുപോലെതന്നെ മരണത്തോടടുത്ത അവരുടെ നാഥനുമായി വേര്‍പിരിയാന്‍ ഒരുങ്ങിയിരിക്കാനുമായിരുന്നു അങ്ങനെ പറഞ്ഞത്. ദൈവം തന്റെ ശത്രുവാണെന്നു മരണംപോലും സൂചിപ്പിച്ചില്ലെന്ന കാര്യം ശിഷ്യന്മാര്‍ ഓര്‍ക്കണമെന്നു യേശു ആഗ്രഹിച്ചു. പിതാവും പുത്രനും തമ്മിലുള്ള സമാധാനം നിലനില്ക്കുന്നതായിരുന്നു, അങ്ങനെ ആ മരണത്തിനപ്പുറത്തായി അവനെ പിതാവ് ചേര്‍ക്കുകയും ചെയ്യും.

ഇനിയുള്ള സംസാരം ആവശ്യമില്ലാത്തതാണ്; ക്രൂശില്‍ ലോകത്തിന്റെ വിമോചനമെന്ന പിതാവിന്റെ ആജ്ഞ നിറവേറ്റാന്‍ യേശു എഴുന്നേറ്റു. പിന്നെ ആത്മാവു ശിഷ്യന്മാരുടെമേല്‍ വരും. ഈ വിമോചനം എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്. ദൈവത്തിന്റെ അപാരമായ സ്നേഹത്തെക്കുറിച്ച് ഓരോരുത്തരും ബോധമുള്ളവരാകണമെന്ന് അവന്‍ ആഗ്രഹിച്ചു.

പിന്നെ യേശുവും അനുയായികളും, യേശു പുതിയ ഉടമ്പടി സ്ഥാപിച്ച മാളികമുറിയില്‍നിന്നു രാത്രിയുടെ മൂകതയിലേക്കിറങ്ങി, കിദ്രോന്‍ താഴ്വര കടന്നു. ഒലീവുമലയ്ക്കു നേരെയുള്ള ഗെത്സമെനത്തോട്ടത്തിലേക്ക് അവര്‍ നടന്നു, അവിടെ ഒറ്റിക്കൊടുക്കുന്നവന്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

പ്രാര്‍ത്ഥന: നാഥാ, നിന്റെ സമാധാനത്തിനായി നിനക്കു നന്ദി. ഞങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിച്ച്, ഞങ്ങള്‍ക്കു നീ വിശ്രമം തന്നു. പക, കലഹം, അഴിമതി എന്നിവയുടെ കുത്തൊഴുക്കില്‍ ഞങ്ങളുടെ ഉത്കണ്ഠകളും ഭയവും നിരാശയും ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങളെ സമാധാനത്തില്‍ കാക്കുന്ന നിന്റെ ആത്മാവിനായി നന്ദി. പ്രലോഭനസമയങ്ങളില്‍ നിന്റെ ശക്തിയുള്ള വാക്കുകളെക്കുറിച്ച് അവന്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ; അങ്ങനെ, പാപത്തിലും അവിശ്വാസത്തിലും നിരാശയുടെ ശാപത്തിലും വീഴാതെ, പ്രാര്‍ത്ഥനയോടെ, പ്രത്യാശയോടെ, സന്തോഷത്തിന്റെ സഹിഷ്ണുതയില്‍ നിന്നിലേക്കു നോക്കട്ടെ. ഞങ്ങളുടെ പാത പിതാവിലേക്കു ഞങ്ങളെ തിരിച്ചുനയിക്കുന്നതിനായി നന്ദി. ഓ, ദൈവകുഞ്ഞാടേ, സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു ഭവനമൊരുക്കുന്നതിനാല്‍ ഞങ്ങള്‍ നിന്റെ മുമ്പില്‍ വണങ്ങുന്നു.

ചോദ്യം:

  1. എന്താണു ദൈവത്തിന്റെ സമാധാനം?

ക്വിസ് - 5

പ്രിയ വായനാമിത്രമേ,
താഴെയുള്ള 14 ചോദ്യങ്ങളില്‍ 12 എണ്ണത്തിന്റെ ശരിയുത്തരം ഞങ്ങള്‍ക്ക് അയച്ചുതരിക. അപ്പോള്‍ ഈ പഠനപരമ്പരയുടെ ബാക്കി ഭാഗം ഞങ്ങള്‍ താങ്കള്‍ക്ക് അയച്ചുതരാം.

  1. യേശു മറിയയുടെ തൈലാഭിഷേകം സ്വീകരിച്ചത് എന്തുകൊണ്ട്?
  2. യേശുവിന്റെ യെരൂശലേംപ്രവേശം എന്തിനെ സൂചിപ്പിക്കുന്നു?
  3. ക്രിസ്തുവിന്റെ മരണം സത്യത്തിന്റെ മഹത്വീകരണമായി കണക്കാക്കുന്നത് എന്തുകൊണ്ട്?
  4. നാം വെളിച്ചത്തിന്റെ മക്കളായിത്തീരുന്നു എന്നതിന്റെ അര്‍ത്ഥമെന്താണ്?
  5. ക്രിസ്തുവില്‍ എല്ലാവര്‍ക്കുമുള്ള ദൈവകല്പന എന്താണ്?
  6. യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ അര്‍ത്ഥമെന്ത്?
  7. ക്രിസ്തുവിന്റെ മാതൃകയില്‍നിന്നു നാം പഠിക്കുന്ന പാഠമെന്ത്?
  8. യൂദാ യേശുവിനെ വിട്ടുപോയപ്പോള്‍ യേശു പ്രകടമാക്കിയ മഹത്വത്തിന്റെ അര്‍ത്ഥതലങ്ങള്‍ എന്തെല്ലാം?
  9. ക്രിസ്ത്യാനികളെ വേര്‍തിരിച്ചു കാട്ടുന്ന ഒരേയൊരു അടയാളം സ്നേഹമാണെന്നു പറയുന്നത് എന്തുകൊണ്ട്?
  10. ക്രിസ്തുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധമെന്താണ്?
  11. പ്രാര്‍ത്ഥനയുടെ മറുപടിക്കായുള്ള ഒരു പ്രാഥമിക വ്യവസ്ഥ പറയുക.
  12. പരിശുദ്ധാത്മാവിനു യേശു നല്‍കുന്ന ഗുണവിശേഷങ്ങള്‍ എന്തെല്ലാം?
  13. ക്രിസ്തുവിനായുള്ള നമ്മുടെ സ്നേഹം വളരുന്നതും, ത്രിയേകദൈവം നമ്മിലേക്ക് ഇറങ്ങുന്നതും എങ്ങനെ?
  14. എന്താണു ദൈവത്തിന്റെ സമാധാനം?

www.Waters-of-Life.net

Page last modified on May 14, 2012, at 10:30 AM | powered by PmWiki (pmwiki-2.3.3)