Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 027 (The Baptist testifies to Jesus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
C - ക്രിസ്തുവിന്റെ പ്രഥമ യെരൂശലേം സന്ദര്‍ശനം (യോഹന്നാന്‍ 2:13 - 4:54) -- സത്യാരാധന എന്നാല്‍ എന്ത്?

3. സ്നാപകന്‍ യേശുവിനെ മണവാളനായി സാക്ഷ്യപ്പെടുത്തുന്നു (യോഹന്നാന്‍ 3:22-36)


സാക്ഷ്യത്തിനും ക്രിസ്തീയവിശ്വാസത്തിന്റെ വളര്‍ച്ചയിലുള്ള സന്തോഷപ്രകടനത്തിനുംശേഷം, ക്രിസ്തുവിന്റെ മഹത്വത്തെയും അവന്റെ നിസ്തുല്യമായ സന്ദേശത്തെയുംകുറിച്ചു സ്നാപകന്‍ സാക്ഷ്യം പറഞ്ഞു.

യോഹന്നാന്‍ 3:31
31മേലില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതേയുള്ളവന്‍; ഭൂമിയില്‍നിന്നുള്ളവന്‍ ഭൌമികനാകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതേയുള്ളവനായി താന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു സാക്ഷീകരിക്കുന്നു.

ലൌകികരായ മനുഷ്യര്‍ക്ക് ഒരു വീണ്ടും ജനനം ആവശ്യമാണ്. സ്വര്‍ഗ്ഗീയനായവന്‍ യേശു മാത്രമാണ്. നമ്മെ അടുത്തേക്കു ചേര്‍ക്കാനും വീണ്ടെടുക്കാനുമായി അവന്‍ മനുഷ്യനായിത്തീര്‍ന്നതാണ്. ആകാശം ഭൂമിക്കു മീതേ ഉന്നതമായിരിക്കുന്നതുപോലെ, സകല പ്രവാചകന്മാരെക്കാളും തത്വജ്ഞാനികളെക്കാളും നേതാക്കന്മാരെക്കാളും നസറായനായ യേശു ഉയര്‍ന്നിരിക്കുന്നു. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളെല്ലാം ഇളക്കമുള്ളതാണ്, അവയുണ്ടാക്കിയതു ദൈവം സൃഷ്ടിച്ച പദാര്‍ത്ഥത്തില്‍നിന്നാണ്. പുത്രന്‍ വെളിച്ചമാണ്, ജീവനാണ്, നമ്മുടെ സത്തയുടെ കാരണമാണ്. മറ്റുള്ളവരെ ആരെയും അവനോടു താരതമ്യം ചെയ്യാനാവില്ല. കാലങ്ങള്‍ക്കുമുമ്പേ പിതാവില്‍നിന്നും ജനിച്ചവനാണു പുത്രന്‍. സകല സൃഷ്ടികളെക്കാളും അവന്‍ സമ്പൂര്‍ണ്ണനാണ്.

യോഹന്നാന്‍ 3:32-35
32അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല. 33അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവന്‍ ദൈവം സത്യവാന്‍ എന്നുള്ളതിനു മുദ്രയിടുന്നു. 34ദൈവം അയച്ചവന്‍ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവന്‍ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്. 35പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കൈയില്‍ കൊടുത്തുമിരിക്കുന്നു.

മനുഷ്യനായ യേശു സ്വര്‍ഗ്ഗീയസത്യത്തിനു ദൃക്സാക്ഷിയാണ്. അവന്‍ വാസ്തവത്തില്‍ പിതാവിനെ കാണുകയും അവന്റെ വചനം കേള്‍ക്കുകയും ചെയ്തു. അവന്റെ ചിന്തകളും പദ്ധതികളും യേശുവിനറിയാം. പിതാവിന്റെ മടിയില്‍നിന്നുള്ള ദൈവവചനമാണവന്‍. അവന്റെ വെളിപ്പാടു സമ്പൂര്‍ണ്ണമാണ്. പ്രവാചകന്മാരിലൂടെ വന്ന വെളിപ്പാടുകള്‍ അപൂര്‍ണ്ണമാണ്. ദൈവഹിതം അന്തിമവും സമ്പൂര്‍ണ്ണവുമായി യേശു നിറവേറ്റുന്നു. അവന്‍ വിശ്വസ്തസാക്ഷിയാണ്, സാക്ഷ്യം നിമിത്തം അവനൊരു രക്തസാക്ഷിയായി. അവന്‍ പിതാവിനെ മഹത്വപ്പെടുത്തുകയും താന്‍ പുത്രനാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതാണു കാരണം. ദുഃഖമെന്നു പറയട്ടെ, ഇന്നും മിക്കവരും അവന്റെ സാക്ഷ്യം നിഷേധിക്കുന്നു. അടുത്തുള്ള ദൈവത്തെ അവര്‍ക്കു വേണ്ട, അതിനൊരു മാറ്റം ആവശ്യമാണല്ലോ. പുത്രത്വവും പിതൃത്വവും (ദൈവത്തിന്റെ) അവര്‍ നിഷേധിക്കുന്നു.

എല്ലാവരും ദൈവത്തെയും അവന്റെ ആത്മാവിനെയും വെറുക്കാത്തതിനായി ദൈവത്തിനു സ്തോത്രം. പിതാവിനെ പുത്രനില്‍ കാണുകയും അവന്റെ പരമയാഗം അംഗീകരിക്കുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ട്. അവന്റെ വെളിപ്പാടിലും വീണ്ടെടുപ്പിലും വിശ്വസിക്കുന്നവര്‍ ദൈവത്തെ മാനിക്കുന്നു. ദൈവത്തിനു കള്ളം പറയാനാവില്ല; പുത്രനാണു സത്യം. പിതാവിന്റെ ചിന്താസാരം ഒരു ഭരണഘടനയിലോ പുസ്തകത്തിലോ അല്ല, മറിച്ചു യേശുവിലാണു വെളിപ്പെടുത്തിയത്. അവന്റെ വചനങ്ങളുടെ ആത്മാവിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നവര്‍ പുതുക്കപ്പെടുന്നു. സത്യം പറയാന്‍ മാത്രമല്ല, അതു ജീവിക്കാനും പ്രവര്‍ത്തിക്കാനും കൂടിയാണു ക്രിസ്തു നിങ്ങളെ വിളിക്കുന്നത്. അങ്ങനെ അവന്റെ സുവിശേഷം നിങ്ങളില്‍ ഉരുവാകും.

സങ്കല്പകാര്യങ്ങളോ, നിശ്ചയമില്ലാത്തവയോ, ആഗ്രഹങ്ങളോ ഒന്നുമല്ല യേശു പറഞ്ഞത്. അവന്റെ വാക്കുകള്‍ സൃഷ്ടിപരമാണ്, ശക്തമാണ്, വ്യക്തമാണ്. ദൈവം തന്നെ അവന്റെ പുത്രനില്‍ സംസാരിച്ചു. അവനിലുള്ള ആത്മാവിനു പരിമിതിയില്ല. സമ്പൂര്‍ണ്ണമായ ജ്ഞാനവും അധികാരവും പിതാവു പുത്രനില്‍ പകര്‍ന്നു.

പിതാവു പുത്രനെ സ്നേഹിച്ചു, എല്ലാ കാര്യങ്ങളും അവനു കൈമാറി. ദൈവസ്നേഹം ഒരു ദാനമാണ്. പുത്രന്‍ പിതാവിനെ സ്നേഹിക്കുകയും ചെയ്യുന്നു. പിതാവാണോ പുത്രനാണോ വലിയവനെന്ന ചോദ്യമില്ല. അത്തരം ചോദ്യങ്ങളുടെ ഉറവിടം സാത്താനാണ്. ത്രിത്വത്തിലെ ഓരോ വ്യക്തിയും മറ്റേ വ്യക്തിയെ വാഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്നു. ഈ പ്രമാണം അവഗണിക്കുന്നവന്‍ കര്‍ത്താവിനെ അവഗണിക്കുന്നു. പിതാവിന്റെ പരമാധികാരം പുത്രന്‍ പിടിച്ചെടുക്കുന്നുവെന്ന ഭയം പിതാവിനില്ല, പുത്രന്റെ സൌമ്യത, അനുസരണം, സമ്പൂര്‍ണ്ണ സമര്‍പ്പണം എന്നിവ പിതാവിനറിയാം. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു" എന്നു യേശു പറയുമ്പോള്‍, യേശുവാണു വാഴുന്നത്.

യോഹന്നാന്‍ 3:36
36പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേല്‍ വസിക്കുന്നതേയുള്ളൂ.

സുവിശേഷകനായ യോഹന്നാന്‍ രക്ഷയുടെ സൂത്രവാക്യം നമ്മെ പഠിപ്പിക്കുന്നു: പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഈ കൊച്ചുവാചകം സുവിശേഷത്തിന്റെ സത്തയാണ്. സ്നേഹത്തിന്റെ ഈ ഐക്യത പിതാവിലും പുത്രനിലും മാതൃകയായിട്ടുണ്ട്. ദൈവസ്നേഹത്തോടടുക്കുമ്പോള്‍, അതു ക്രൂശിന്മേലാണു വെളിപ്പെടുന്നത്. കുഞ്ഞാടു നമ്മുടെ പാപം നീക്കിയെന്ന അറിവില്‍ അവന്‍ ദൈവത്തിന്റെ കുഞ്ഞാടില്‍ ആശ്രയിക്കുന്നു. ക്രിസ്തുവുമായുള്ള ഈ ബന്ധത്തിലൂടെ നിത്യസ്നേഹത്തിലുള്ള അവന്റെ കരുണാപ്രവാഹം നാം അനുഭവിക്കുന്നു. ക്രൂശിക്കപ്പെട്ട പുത്രനിലുള്ള ആ വിശ്വാസം, അവന്റെ യഥാര്‍ത്ഥ ജീവന്‍ നമ്മിലേക്കു പകരുന്നു. നിത്യജീവന്‍ ആരംഭിക്കുന്നതു മരണശേഷമല്ല, ഇപ്പോഴാണ്. പുത്രനിലുള്ള വിശ്വാസികളുടെ മേല്‍ പരിശുദ്ധാത്മാവു വരുന്നു. ക്രിസ്തുവിന്റെ വചനങ്ങള്‍ തള്ളിക്കളയുകയും, അവന്റെ പുത്രത്വം നിഷേധിക്കുകയും ചെയ്യുന്നവന്‍ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയാണ്. അവന്റെ മനഃസാക്ഷിക്ക് ആശ്വാസം കണ്ടെത്താന്‍ കഴിയില്ല. യേശുവിനു കീഴടങ്ങാത്തവന്‍ ദൈവത്തെ ത്തന്നെ എതിര്‍ക്കുന്നവനും ആത്മീയമരണത്തില്‍ കഴിയുന്നവനുമാണ്. പുത്രനെക്കുറിച്ചും അവന്റെ ക്രൂശിനെക്കുറിച്ചുമുള്ള ഉപദേശത്തിനു വിരുദ്ധമായ മതങ്ങളെല്ലാം ദൈവത്തിന്റെ സത്യത്തെ എതിര്‍ക്കുന്നതാണ്. അവന്റെ സ്നേഹം നിരസിക്കുന്നവര്‍ ക്രോധം തിരഞ്ഞെടുക്കുന്നു.

പൌലോസും യോഹന്നാന്റെ നിലപാട് ഉറപ്പിക്കുകയാണ്: എല്ലാ അഭക്തിക്കും ദുഷ്ടതയ്ക്കുമെതിരെ ദൈവത്തിന്റെ ക്രോധം വെളിപ്പെടുന്നു. എല്ലാവരും പാപം ചെയ്ത് അവരുടെ അകൃത്യത്താല്‍ സത്യവിരുദ്ധരായിത്തീര്‍ന്നു. നശിപ്പിക്കുന്ന ദൈവക്രോധം മനുഷ്യവര്‍ഗ്ഗത്തിന്മേല്‍ ചൊരിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കുക.

മരുഭൂമിയിലുയര്‍ത്തിയ സര്‍പ്പത്തെപ്പോലെ, ദൈവകോപത്തില്‍ നിന്നുള്ള നമ്മുടെ രക്ഷയുടെ പ്രതീകമായി ക്രൂശിക്കപ്പെട്ടവന്‍ തീര്‍ന്നു. പുത്രന്‍ കൃപായുഗം തുറന്നിരിക്കുന്നു. ക്രൂശില്‍നിന്നുള്ള അവന്റെ കൃപ അവഗണിക്കുന്നവന്‍ നിശ്ചയമായും ന്യായവിധിയിലാണു കഴിയുന്നത്. സാത്താന്‍ അവനിലൊരു ചുവടുറപ്പിച്ചിട്ടുണ്ട്. ക്രിസ്തുവിനെ കൂടാതെയുള്ളവര്‍ ഗതികെട്ടവരാണ്. ആളുകള്‍ പുത്രനില്‍ വിശ്വസിച്ചു രക്ഷ പ്രാപിക്കേണ്ടതിന് എപ്പോഴാണു നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുക? നിങ്ങളുടെ സാക്ഷ്യംമൂലം ദൈവത്തിന്റെ ജീവന്‍ പ്രാപിക്കേണ്ടതിന്, നിങ്ങളുടെ സുഹൃത്തുക്കളോടു ക്ഷമയോടെ നിങ്ങള്‍ സംസാരിക്കുന്നത് എപ്പോഴാണ്?

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നിന്റെ സ്നേഹത്തിനായും സത്യത്തിനായും ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. ഞങ്ങള്‍ നിന്നെ ആരാധിക്കുകയും, വിശ്വാസത്തിലുറച്ച, പിതാവിനെ മഹത്വീകരിക്കുന്ന, അനുസരണമുള്ള ഒരു ഹൃദയത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നു. നീയും പിതാവും ഒന്നാകുന്നുവെന്നു ഞങ്ങള്‍ വിശ്വസിച്ചുകൊണ്ടു പ്രഖ്യാപിക്കുന്നു. അറിവില്ലാതെ നിന്നെ തള്ളിക്കളയുന്നവരോടു കരുണയുണ്ടാകണമേ. നിന്റെ വചനത്തിന്റെ സാക്ഷ്യം അവര്‍ക്കു നല്‍കിയാലും. ഞങ്ങളെ ആരിലേക്കാണോ അയയ്ക്കുന്നത് അവരെ കണ്ടെത്താനും, അവരോടു നിന്നെക്കുറിച്ചും നിന്റെ പ്രവൃത്തികളെക്കുറിച്ചും പറയുന്നതിനും ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. എങ്ങനെയാണു നാം നിത്യജീവന്‍ പ്രാപിക്കുന്നത്?

www.Waters-of-Life.net

Page last modified on May 10, 2012, at 09:21 AM | powered by PmWiki (pmwiki-2.3.3)