Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 079 (The Continuation of Paul’s List of the Saints)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
മൂന്നാം ഭാഗത്തിന്റെ അനുബന്ധം - പൌലോസിന്റെ സ്വഭാവവിശേഷതയെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് റോമിലെ ആത്മിക നേതൃത്വത്തിന് നല്കുന് (റോമര്‍ 15:14 – 16:27)

5. റോമിലെ സഭയില്‍ പൌലോസിനറിയാവുന്ന വിശുദ്ധന്മാരുടെ പട്ടിക - തുടര്‍ച്ച (റോമര്‍ 16:10-16)


റോമര്‍ 16:10-16
10 ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിനു വന്ദനം ചൊല്ലുവിന്‍. അരിസ്തൊബൂലോസിന്റെ ഭവനക്കാര്‍ക്ക് വന്ദനം ചൊല്ലുവിന്‍. 11 എന്റെ ചാര്‍ച്ചക്കാരനായ ഹെരോദിയോനു വന്ദനം ചൊല്ലുവിന്‍; നര്‍ക്കിസോസിന്റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്ക് വന്ദനം ചൊല്ലുവിന്‍. 12 കര്‍ത്താവില്‍ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും, ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിന്‍. കര്‍ത്താവില്‍ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെര്‍സിസിനു വന്ദനം ചൊല്ലുവിന്‍. 13 കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫോസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിന്‍. 14 അസുംക്രിതോസിനും പ്ളെഗോനും ഹെര്‍മ്മോസിനും പത്രോബാസിനും ഹെര്‍മ്മാസിനും കൂടെയുള്ള സഹോദരന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍. 15 ഫിലോലോഗോസിനും യൂലിയയ്ക്കും നെരെയൂസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകലവിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍. 16 വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്വിന്‍. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

റോമിലെ സഭയില്‍ പൌലോസിനറിയാവുന്ന ആളുകളുടെ പേരുവിവരം പൌലോസ് അവരെ അറിയിച്ചു. അവന്റെ ഉപദേശങ്ങളും അനുഭവങ്ങളും അവര്‍ക്കറിയാമായിരുന്നു. ഈ പട്ടികയിലൂടെ താന്‍ റോമില്‍ ഒരപരിചിതനല്ലെന്ന് സഭയിലെ നേതൃത്വത്തിന് പൌലോസ് വ്യക്തമാക്കി. തന്റെ ദൂതുവാഹികളായി റോമിലുള്ളവര്‍ അറിയപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരുമായിരുന്നു.

അപ്പെലേസ് എന്ന പേര് ഗ്രീസിലെ പ്രസിദ്ധനായ ഒരു ചിത്രകാരന്റെ പേരായിരുന്നു. കഷ്ടതയും ഉപദ്രവങ്ങളും ഉണ്ടായിരുന്നിട്ടും ക്രിസ്തുവില്‍ വിശ്വസ്തനായി നിലനിന്നവനും റോമാസഭയിലെ അനുഭവ സമ്പന്നനുമായ ഒരംഗമായിരുന്നു അദ്ദേഹം. അരിസ്തൊബൂലോസിന്റെ വീട്ടിലെ സഹോദരന്മാര്‍ ഒരുപക്ഷേ സ്വതന്ത്രരായ അടിമകളായിരിക്കാം. പൌലോസിനവരെ വ്യക്തിപരമായി അറിയില്ലെങ്കിലും അവരെ സഹോദരന്മാര്‍ എന്നവന്‍ സംബോധന ചെയ്തിരിക്കുന്നു, കാരണം ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള അവരുടെ വിശ്വാസം നിമിത്തം സര്‍വ്വശക്തന്‍ അവരെ ദത്തവകാശം നല്കി പുതുസൃഷ്ടികളാക്കിത്തീര്‍ത്തുവല്ലോ.

ഹെരോദിയോന്‍ യഹൂദപശ്ചാത്തലത്തില്‍നിന്നും വന്ന ക്രിസ്തീയ വിശ്വാസിയാണ്. അവന്‍ ക്രിസ്തീയവിശ്വാസിയായിരിക്കെത്തന്നെ മോശൈകന്യായപ്രമാണം അനുഷ്ഠിപ്പാന്‍ പരിശ്രമിക്കയുണ്ടായി. ബന്യാമീന്‍ ഗോത്രത്തില്‍പ്പെട്ടവനും പൌലോസിന്റെ ചാര്‍ച്ചക്കാരനുമായിരുന്നു ഇദ്ദേഹം.

നര്‍ക്കിസോസിന്റെ ഭവനക്കാരെ പേരുപേരായി പൌലോസിനറിയില്ല. എന്നാല്‍ അവര്‍ വിശ്വസ്ത വിശ്വാസികളായി കര്‍ത്താവിന് ഒരു മുതല്‍ക്കൂട്ടായിരുന്നു. അവര്‍ തങ്ങളുടെ ആത്മിക അനുഭവങ്ങളെ അയവിറക്കി ജീവിച്ചുപോന്നു. ത്രുഫൈനയും ത്രുഫോസും കര്‍ത്താവില്‍ എരിവുള്ള രണ്ട് സഹോദരിമാരായിരുന്നു. ഇക്കൂട്ടത്തില്‍ മൂന്നാമത് പറയപ്പെടുന്ന സഹോദരി പെര്‍സിസ് ആണ്. ആത്മിക രീതിയില്‍ പ്രിയ സഹോദരി എന്നാണ് പൌലോസ് സംബോധന ചെയ്യുന്നത്. അവള്‍ തന്റെ വിശ്വാസത്തിനൊത്തവണ്ണം ജീവിതം നയിക്കുകയും കര്‍ത്താവിനുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്തു.

രൂഫോസിനെ 'കര്‍ത്താവില്‍ പ്രസിദ്ധന്‍' എന്നു പറയുന്നതുകൊണ്ട് യേശുക്രിസ്തുവിന്റെ ക്രൂശിനു ചുമല്‍കൊടുത്ത കുറെനക്കാരനായ ശിമോന്റെ മകനാണ് ഇതെന്ന് സൂചന ലഭിക്കുന്നു (മര്‍ക്കോ. 15:21). ശിമോന്റെ ഭാര്യയും രൂഫോസിന്റെ അമ്മയുമായവള്‍ ഒരുപക്ഷേ മദ്ധ്യപൌരസ്ത്യദേശത്ത് പൌലോസിനു ശുശ്രൂഷ ചെയ്ത മാതാവായിരിക്കാം. അവനെ ശുശ്രൂഷിക്കുന്ന കാര്യത്തിലും ആശ്വസിപ്പിക്കുന്ന വിഷയത്തിലും തന്റെ സ്വന്തം അമ്മയെപ്പോലെ അവള്‍ അവനെ കരുതി.

ഇരുവിഭാഗക്കാരായ വിശ്വാസികള്‍ക്ക് താന്‍ വന്ദനം ചൊല്ലുന്നു. അവരില്‍ ഓരോരുത്തരെയും പേരെടുത്തുപറയുന്നുണ്ട്. അവരെക്കുറിച്ചുള്ള തന്റെ അറിവ് സഭയ്ക്ക് അറിയായ്വരുവാന്‍ താന്‍ ആഗ്രഹിച്ചു. അസും ക്രിതോസ്, പ്ളെഗോന്‍, ഹെര്‍മ്മോസ്, പത്രോബാസ്, ഹെര്‍മ്മാസും കൂടെയുള്ള സഹോദരന്മാരും ഒന്നാമത്തെ വിഭാഗത്തില്‍ വരുന്നു. കര്‍ത്താവായ യേശക്രിസ്തുവിലുള്ള സഹോദരന്മാര്‍ എന്നവരെ വിളിക്കുന്നു. ഫിലോലോഗോസ്, യൂലിയ, നെരെയൂസ്, അവന്റെ സഹോദരി, ഒലുമ്പാസും അവരോടുകൂടെയുള്ള വിശുദ്ധന്മാരും രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു. വീട്ടിലെ സഭയില്‍ ഉള്‍പ്പെടുന്നവരാണിവരെല്ലാം. മുന്‍പറഞ്ഞവരെല്ലാം പരിശുദ്ധാത്മനിയന്ത്രണത്തിന്‍ കീഴില്‍ ജീവിച്ചുവന്നവരായിരുന്നു. ആത്മഫലങ്ങള്‍ അവരുടെ ജീവിതത്തില്‍ വെളിപ്പെട്ടിരുന്നതുകൊണ്ട് അവന്‍ അവരെ വിശുദ്ധന്മാര്‍ എന്നു വിളിച്ചു. മരിച്ചവനെങ്കിലും ഉയിര്‍ത്തെഴുന്നേറ്റവനെ രക്ഷിതാവും കര്‍ത്താവുമായി അവര്‍ അംഗീകരിച്ചിരുന്നു. അതുപോലെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും നിത്യശക്തിയും അവര്‍ അവകാശമാക്കിയിരുന്നു.

ഈ വിശുദ്ധന്മാരുടെ പട്ടിക അവസാനിപ്പിക്കുമ്പോള്‍ വിശുദ്ധ ചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്യുവിന്‍ എന്ന് താന്‍ പറഞ്ഞുകാണുന്നു. യേശുക്രിസ്തുവിലുള്ള അവരുടെ വിശുദ്ധവും ആത്മികവുമായ സാഹോദര്യബന്ധത്തിന്റെ അടയാളമായിട്ടാണ് വിശുദ്ധ ചുംബനത്തെ കാണുന്നത്. മദ്ധ്യപൌരസ്ത്യദേശത്തെ സര്‍വ്വസഭകളുടെയും നാമത്തില്‍ അവരുടെ പ്രതിനിധിയായി റോമിലെ സഭകളെയും സകലവിശ്വാസികളെയും പൌലോസ് വന്ദനം ചൊല്ലുന്നു.

ഇവിടെ 25 പേരുകള്‍ അപ്പോസ്തലന്‍ എടുത്തുപറയുന്നതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു വസ്തുത മനസ്സിലാക്കാം. അക്കാലത്തെ സഭകള്‍ കേവലം കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച സഭകളായിരുന്നില്ല, പ്രത്യുത സ്വന്തഭവനങ്ങളുടെ പരിമിതിയില്‍ ഒന്നിച്ചുകൂടിവരുന്ന വിശ്വാസികളുടെ കൂട്ടമായിരുന്നു. അവരെ മൊത്തത്തില്‍ റോമിലുള്ള പരിശുദ്ധാത്മാവിന്റെ ആലയമായിട്ടത്രെ പൌലോസ് വിലയിരുത്തിയത്. അവര്‍ വിവിധ ദിക്കുകളില്‍നിന്നും റോമന്‍ ആസ്ഥാനത്തെത്തി വിവിധ ഭാഷകളും സംസ്കാരങ്ങളുമുള്ള ഒരന്തര്‍ദേശീയ സഭയായി അവിടെ രൂപംകൊണ്ടു. എന്നാല്‍ അവരെല്ലാവരും ഏകനാവാല്‍ ക്രിസ്തുവിന്റെ നാമത്തിനും, അവന്റെ രക്തത്തിനും, തങ്ങള്‍ക്ക് ലഭിച്ച നീതീകരണത്തിനും സാക്ഷ്യം പറഞ്ഞു. റോമന്‍ സ്വേച്ഛാധിപതിയായിരുന്ന നീറോയുടെ കാലത്തെ ഉപദ്രവങ്ങളില്‍ രക്തസാക്ഷികളായിത്തീര്‍ന്ന ചിലരുടെ പേരുകളും ഒരുപക്ഷേ ഈ പട്ടികയില്‍ കണ്ടേക്കാം. അവന്‍ ക്രിസ്ത്യാനി കളില്‍ ചിലരെ തൂക്കിക്കൊന്നു; മറ്റുചിലരുടെ ശരീരത്തിന്മേല്‍ എണ്ണ ഒഴിച്ച് അവരെ തീപ്പന്തമാക്കി. മറ്റുചിലരെ ചുട്ടുപഴുത്ത ഇരുമ്പുകഷണങ്ങള്‍കൊണ്ട് അവരുടെ ശരീരമാസകലം പൊള്ളിച്ചു.

പ്രാര്‍ത്ഥന: കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. പരിശുദ്ധാത്മാവിന്റെ നിയോഗത്താല്‍ റോമിലെ സഭയെ വിവിധ ഭാഷക്കാരുടെ കൂടിവരവായി അവിടുന്നു കൂട്ടിവരുത്തി. ഈ സഭ പുതിയ സൃഷ്ടിയുടെ പ്രതീകമായി അവിടെ നിലകൊണ്ടു. എന്തെന്നാല്‍ നിത്യജീവന്‍ അവരില്‍ വസിച്ചു. കര്‍ത്താവേ, ഞങ്ങള്‍ അലസരാകാതെ, ത്രിയേകദൈവത്തെ സ്നേഹിക്കുന്ന സകലരെയും അന്വേഷിച്ച് അവരെ അംഗീകരിപ്പാന്‍ ഞങ്ങളെ പ്രാപ്തിപ്പെടുത്തണമേ.

ചോദ്യം:

  1. ഈ പട്ടികയില്‍ പേര്‍ പറയുന്ന വിശുദ്ധന്മാരുടെ പേരുകളില്‍നിന്നും നമുക്ക് എന്തു പഠിക്കുവാന്‍ സാധിക്കും?

www.Waters-of-Life.net

Page last modified on January 22, 2013, at 07:38 AM | powered by PmWiki (pmwiki-2.3.3)