Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 096 (The Holy Spirit reveals history's developments)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

4. ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള വികസനങ്ങള്‍ പരിശുദ്ധാത്മാവു വെളിപ്പെടുത്തുന്നു (യോഹന്നാന്‍ 16:4-15)


യോഹന്നാന്‍ 16:4-7
4അതിന്റെ നാഴിക വരുമ്പോള്‍ ഞാന്‍ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ ഓര്‍ക്കേണ്ടതിന് ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില്‍ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നതുകൊണ്ടത്രേ. 5ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നു; നീ എവിടെപ്പോകുന്നുവെന്നു നിങ്ങളാരും എന്നോടു ചോദിക്കുന്നില്ല. 6എങ്കിലും ഇതു നിങ്ങളോടു സംസാരിക്കുന്നതുകൊണ്ടു നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു. 7എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരുകയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കും.

കഷ്ടപ്പാടുകളും പീഡനങ്ങളും യേശു ആദ്യമേ ശിഷ്യന്മാരുമായി ചര്‍ച്ച ചെയ്തില്ല. പകരം, സ്വര്‍ഗ്ഗം തുറക്കുന്നതും മനുഷ്യപുത്രന്റെ അടുക്കല്‍ ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതുമാണ് അവന്‍ അവരെ അറിയിച്ചത്. അത്ഭുതങ്ങള്‍ ചെയ്യുന്നതിനു പുത്രനിലുള്ള ദൈവശക്തിയെ ക്കുറിച്ച് അവര്‍ക്കു സന്തോഷത്തോടെയുള്ള അറിവുണ്ടായിരുന്നു. ക്രമേണ മതഭ്രാന്തന്മാര്‍ യേശുവിനെതിരായുള്ള അവരുടെ മനോഭാവം കഠിനമാക്കുകയും, യഹൂദന്മാരെ പേടിച്ചിട്ട് ആളുകള്‍ അവനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ശിഷ്യന്മാരല്ലാതെ മറ്റാരും അവനോടൊപ്പം ശേഷിച്ചില്ല; അവരെ അവന്‍ വിട്ടുപിരിഞ്ഞു സ്വര്‍ഗ്ഗീയപിതാവിന്റെ അടുക്കലേക്കു പോകാറായിരുന്നു. പിന്നെ അവന്‍ പീഡനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അവരോടു സംസാരിച്ചു. അവര്‍ക്ക് അതുകേട്ട് അധികമായ ദുഃഖമുണ്ടായി. ഭാവി പ്രോത്സാഹനത്തിന്റെ ഒരുദ്ദേശ്യമോ ആശയമോ അവര്‍ക്കു ഗ്രഹിക്കാനായില്ല. എന്നാല്‍ അവന്റേതായ വേദന, പീഡനം, മരണം എന്നിവയെക്കുറിച്ചൊന്നും അവന്‍ സംസാരിക്കാത്തത് അവര്‍ ശ്രദ്ധിച്ചു. പിതാവിന്റെ അടുക്കലേക്ക് അവന്‍ മടങ്ങിപ്പോകുന്നതിനെപ്പറ്റി നല്ല രീതിയില്‍ അവന്‍ സംസാരിക്കുക മാത്രമേ ചെയ്തുള്ളൂ. അവര്‍ തിരക്കി, "നീ എവിടേക്കാണു പോകുന്നത്?" അവന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതു കാണാനുള്ള ആഗ്രഹമേ അവര്‍ക്കില്ലായിരുന്നു, അവര്‍ ആഗ്രഹിച്ചത് അവന്‍ അവരോടൊപ്പം താമസിക്കണമെന്നായിരുന്നു. അവരെ വിട്ടുപിരിയേണ്ടുന്നത് അവന് അനിവാര്യമാണെന്ന് അവന്‍ അവര്‍ക്കു വ്യക്തമാക്കിക്കൊടുത്തു. കാരണം, ക്രൂശില്ലാതെ ആത്മാവിനെ കൊടുക്കുകയില്ല. ദൈവവും മനുഷ്യനുമായി അനുരഞ്ജനപ്പെടുന്നതിലൂടെയും ദൈവകുഞ്ഞാടിന്റെ പാപപരിഹാരപ്രായശ്ചിത്തബലിയിലൂടെയും മാത്രമേ, ദൈവശക്തിയുടെ സംഭരണി തുറന്ന് അനുയായികളുടെമേല്‍ പകരുകയുള്ളൂ. സകല നീതിയും യേശു നിറവേറ്റിയതിനാല്‍, ദൈവത്തിന്റെ ജീവനും സ്നേഹവും അവരുടെമേല്‍ പകരാന്‍ കഴിഞ്ഞു. പുതിയ ഉടമ്പടിയുടെ അടിസ്ഥാനം യേശുവിന്റെ മരണമാണ്, അതു ദൈവവുമായുള്ള കൂട്ടായ്മയ്ക്കുള്ള അവകാശം നിങ്ങള്‍ക്കു നല്കുന്നു. ഈ ഫലം പരിശുദ്ധാത്മാവു നേടിയിട്ടു നിങ്ങളെ ആശ്വസിപ്പിക്കുന്നു, നിങ്ങളോടുകൂടെയും നിങ്ങളിലും ദൈവമുണ്ടെന്നുമുള്ള ഉറപ്പു നിങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നു.

യോഹന്നാന്‍ 16:8-11
8അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും. 9അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും, 10ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നതുകൊണ്ടു നീതിയെക്കുറി ച്ചും, 11ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നെ.

ആത്മാവിനു ശിഷ്യന്മാരെ ആശ്വസിപ്പിക്കാന്‍ കഴിയും. കാരണം, ഈ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ അവന്‍ വിശ്വാസികളുടെ കണ്ണുകള്‍ തുറക്കുകയും അവിശ്വാസികളുടെ ഹൃദയങ്ങളെ ന്യായം വിധിക്കുകയും ചെയ്യുന്നു.

പാപത്തിന്റെ അര്‍ത്ഥവും അതിന്റെ വ്യാപ്തിയും ആത്മാവു നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ വരവിനുമുമ്പ്, ന്യായപ്രമാണത്തിന്റെ കല്പനകളെ പാപം അതിലംഘിക്കുകയും ദൈവഹിതം ചെയ്യുന്നതില്‍ പരാജയപ്പെടുകയുമായിരുന്നു. ഇതൊരു മത്സരവും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കുറവുമായി പരിഗണിച്ചിരുന്നു - ദൈവത്തെക്കൂടാതെയുള്ള ജീവിതവും അവനോടുള്ള എതിര്‍പ്പും. ധാര്‍മ്മികവും സാമൂഹ്യവും ആത്മീയവുമായ പാപങ്ങളെല്ലാം ദൈവത്തിന്റെ പ്രൌഢിയെ ലംഘിക്കുന്നതായിരുന്നു. ക്രൂശിനുശേഷം, ഇതിന്റെയര്‍ത്ഥം മനുഷ്യന്‍ ചെയ്യുന്ന പാപമെന്ന നിലയില്‍ ഒന്നാക്കി. അതായത്, യേശുവിനെ വ്യക്തിപരമായ രക്ഷകനെന്ന നിലയില്‍ തള്ളിക്കളയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്റെ സൌജന്യമായ കൃപ തിരസ്കരിക്കുന്നു. യേശുവിന്റെ സൌജന്യമായ പാപക്ഷമ നിരസിക്കുന്നവരൊക്കെ പരിശുദ്ധനായവനെതിരെ ദൂഷണം പറയുന്നവരും, ദൈവത്തെ പിതാവായും യേശുവിനെ അവന്റെ പുത്രനായും വിശ്വസിക്കാത്തവരും, പരിശുദ്ധത്രിത്വത്തിന്റെ ശത്രുക്കളുമാണ്. ദൈവം സ്നേഹമാണ്, ക്രിസ്തുവില്‍ വരച്ചുകാട്ടിയിരിക്കുന്ന ആ സ്നേഹം നിരസിക്കുന്നവരൊക്കെ, അവരെ രക്ഷയില്‍നിന്ന് അകറ്റുന്ന മാരകമായ പാപമാണു ചെയ്യുന്നത്.

ലോകത്തിന്റെ രക്ഷ ക്രിസ്തു ക്രൂശിന്മേല്‍ പൂര്‍ത്തിയാക്കി. ഇനിയും അവന്‍ മരിക്കേണ്ടുന്ന ആവശ്യമില്ല, അവന്‍ എല്ലാക്കാലത്തുമുള്ള എല്ലാവരുടെയും പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ രക്തത്തിലെ കൃപയാല്‍ എല്ലാവരും നീതീകരിക്കപ്പെട്ടു. അവന്‍ മഹാപുരോഹിതനോടു സദൃശനാണ്; അവന്റെ ശുശ്രൂഷയ്ക്കു മൂന്നു ഘട്ടങ്ങളുണ്ട്: ഒന്നാമത്, ബലിയാടിനെ അറുക്കുന്നത്. രണ്ടാമത്, അതിവിശുദ്ധസ്ഥലത്തു രക്തം തളിക്കുകയും, ദൈവമുമ്പാകെ നിന്നുകൊണ്ടു പാപപരിഹാരം വരുത്തുകയും ചെയ്യുന്നു. മൂന്നാമത്, കാത്തുനില്ക്കുന്ന വിശ്വാസസമൂഹത്തിന്മേല്‍ അനുഗ്രഹം പകരുന്നു. ഇതെല്ലാം യേശു ചെയ്തു. ഈ ബലിയര്‍പ്പണത്തിലൂടെ അവനുവേണ്ടി പരിശുദ്ധാത്മാവിന്റെ അനുഗ്രഹം അവന്‍ പകരുകയും, നാം നീതീകരിക്കപ്പെട്ടുവെന്ന ഉറപ്പു നമുക്കു നല്കുകയും ചെയ്യുന്നു.

അവിശ്വാസികളെ നരകാഗ്നിയില്‍ എറിയുന്ന നിലയിലുള്ള വെറും ന്യായവിധി മാത്രമല്ല, സാത്താനെയും അവന്റെ അടിമത്തത്തെയും നശിപ്പിക്കുന്ന ന്യായവിധി തീര്‍പ്പാക്കലും യേശു ലക്ഷ്യമാക്കിയിരുന്നു. ദൈവസ്നേഹത്തിന്റെ കൂട്ടായ്മയില്‍നിന്നു മനുഷ്യവര്‍ഗ്ഗത്തെ അകറ്റിക്കളയുന്നവനാണു സാത്താന്‍. പകയുടെ ചങ്ങലയില്‍ മനുഷ്യരാശിയെ അവന്‍ ബന്ധിച്ച്, പൈശാചികപദ്ധതികള്‍ നിറഞ്ഞ പൈശാചികസന്തതികളാക്കിത്തീര്‍ ക്കുന്നു. യേശുവിന്റെ ഐഹികജീവിതകാലത്ത് അവന്‍ സൌമ്യതയോടെ നടന്ന്, വഞ്ചിക്കുന്ന പിശാചിന്റെ നിഗളത്തെ കുറ്റംചുമത്തിയിരുന്നു. പുത്രന്റെ സ്നേഹം ദുഷ്ടനെ നിരായുധനാക്കി. യേശു തന്റെ ആത്മാവിനെ പിതാവിന്റെ കൈകളില്‍ ഭരമേല്പിച്ചപ്പോള്‍, സാത്താന്‍ പരത്തിയ വിഷാദത്തെ അവന്‍ ജയിച്ചു. യേശുവിന്റെ വ്യക്തമായ ബലഹീനതയിലും അവന്‍ ആക്രമണകാരിയാണ്. മരണപര്യന്തമുള്ള അവന്റെ വിശ്വസ്തത സാത്താന്റെ മേലുള്ള ന്യായവിധിയും പരാജയവുമായിരുന്നു. വിജയം സുനിശ്ചിതമായ ഒരു കാലത്തിലാണു നാം ജീവിക്കുന്നത്. നാം പിതാവിനോടു പ്രാര്‍ത്ഥിക്കുന്നത്, "ഞങ്ങളെ പ്രലോഭനങ്ങളിലേക്കു നയിക്കാതെ ദുഷ്ടനില്‍നിന്നു വിടുവിക്കണമേ" എന്നാണ്. സംരക്ഷണത്തിലും ഉറപ്പിലും ക്രിസ്തുവിന്റെ വിജയത്തിന്റെ ഫലങ്ങള്‍ നാം അനുഭവിക്കുമ്പോഴാണ് ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്.

പ്രാര്‍ത്ഥന: യേശുനാഥാ, നീ നല്ല പോരാട്ടം കഴിച്ചതിനും, എളിമയിലും സ്നേഹത്തിലും പ്രത്യാശയിലും വിശ്വസ്തനായിത്തുടര്‍ന്നതിനും നിനക്കു നന്ദി. നീ പിതാവിനെ സമീപിച്ചു ഞങ്ങളുടെ നീതീകരണം പൂര്‍ത്തിയാക്കിയതിനും നിനക്കു നന്ദി. ഞങ്ങള്‍ നിന്നെ പാടിസ്തുതിക്കുന്നു. കാരണം, നിന്റെ ബലിയുടെ അനുഗ്രഹങ്ങള്‍ പരിശുദ്ധാത്മാവിലൂടെ ഞങ്ങളില്‍ നീ പകര്‍ന്നല്ലോ. നിന്റെ നീതിയുടെ സ്നേഹത്തില്‍ ഞങ്ങളെ സൂക്ഷിക്കണമേ, അങ്ങനെ ശത്രു ഞങ്ങളുടെ മേല്‍ ആധിപത്യം പ്രാപിക്കുകയില്ലല്ലോ. ഞങ്ങളെ സാത്താനില്‍നിന്നു വിടുവിക്കണമേ. നിന്റെ രാജ്യം വരണമേ, ലോകമെമ്പാടും പിതാവിന്റെ നാമം അങ്ങനെ വിശുദ്ധീകരിക്കപ്പെടണമേ.

ചോദ്യം:

  1. പരിശുദ്ധാത്മാവു ലോകത്തില്‍ എന്തു പ്രവൃത്തിയാണു ചെയ്യുന്നത്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:17 AM | powered by PmWiki (pmwiki-2.3.3)