Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 081 (Jesus washes his disciples' feet)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
B - കര്‍ത്താവിന്റെ അത്താഴത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ (യോഹന്നാന്‍ 13:1-38)

1. യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്നു (യോഹന്നാന്‍ 13:1-17)


യോഹന്നാന്‍ 13:1-5
1പെസഹപെരുന്നാളിനു മുമ്പെ താന്‍ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ട്, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. 2അത്താഴം ആയപ്പോള്‍ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുക്കാന്‍ തോന്നിച്ചിരുന്നു; 3പിതാവു സകലവും തന്റെ കൈയില്‍ തന്നിരിക്കുന്നുവെന്നും താന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നു ദൈവത്തിന്റെ അടുക്കല്‍ പോകുന്നുവെന്നും യേശു അറിഞ്ഞിരിക്കെ 4അത്താഴത്തില്‍നിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവെച്ച് 5ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി.

ഈ അദ്ധ്യായത്തിന്റെ ആരംഭംമുതല്‍ യോഹന്നാന്റെ സുവിശേഷം പുതിയ ഒരു തലത്തിലേക്കും വിഷയത്തിലേക്കും നീങ്ങുകയാണ്. ഇതിനുമുമ്പ്, യേശു ജനത്തെ പൊതുവായിട്ടാണു വിളിച്ചിരുന്നത്. "വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, ഇരുളോ അതിനെ പിടിച്ചടക്കിയില്ല" എന്ന വാക്യം അവരില്‍ ഉറച്ചിരുന്നു എന്നതു ദുഃഖകരമാണ്. ഇതു യേശുവിന്റെ പരാജയമായിരുന്നോ? അല്ല! ജനം മൊത്തത്തില്‍ യേശുവിനെ അംഗീകരിക്കാതെയും, മാനസാന്തരപ്പെട്ട് ഒരുങ്ങിയ ചിലരെ കര്‍ത്താവു തിരഞ്ഞെടുത്തു ശിഷ്യവൃന്ദത്തില്‍ ചേര്‍ക്കുകയും ചെയ്തുവല്ലോ. ഈ അദ്ധ്യായങ്ങളില്‍ യേശു എങ്ങനെയാണു തിരഞ്ഞെടുക്കപ്പെട്ടവരെ സംബോധന ചെയ്തതെന്നു നാം കാണുന്നു - മണവാളന്‍ മണവാട്ടിയോടു സംസാരിക്കുന്നതുപോലെ. ഈ പ്രഭാഷണങ്ങളുടെ പ്രമാണം ദൈവസ്നേഹമാണ്. ഇതു വെറും സ്വാര്‍ത്ഥതയുള്ള സ്നേഹമല്ല, ശുശ്രൂഷയ്ക്കായുള്ള ഒരു വിളി അതിലടങ്ങിയിരിക്കുന്നു. അനര്‍ഹരായവര്‍ക്കു ചെയ്യുന്ന എളിയ സേവനമാണു ബൈബിളിലെ സ്നേഹത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ പ്രഭാഷണങ്ങളില്‍ യേശുവിന്റെ ഏറ്റവും മികച്ച ഗുണവിശേഷങ്ങള്‍ അവന്‍ ശിഷ്യന്മാര്‍ക്കു വെളിപ്പെടുത്തുകയാണ്, ഒരു സേവകന്റെ (ദാസന്റെ) രൂപത്തില്‍ അവന്റെ സ്നേഹം വിശദീകരിച്ചുകൊണ്ട് അവന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ പ്രതീകമാക്കുന്നു.

അടുത്ത പെസഹയ്ക്കുമുമ്പു താന്‍ മരിക്കുമെന്നു യേശു പഠിപ്പിച്ചു. അവന്റെ പിതാവിന്റെ അടുക്കലേക്ക് അവന്‍ പോവുകയാണ്. ഇതാണോ നിങ്ങളുടെ വഴിയും? അവന്‍ ലോകത്തിലായിരുന്നു, എന്നാല്‍ അവന്റെ ദൃഷ്ടി എപ്പോഴും പിതാവില്‍ പതിഞ്ഞിരുന്നു. അവനില്‍നിന്നു ശക്തി, മാര്‍ഗ്ഗനിര്‍ദ്ദേശം, സന്തോഷം എന്നിവ വന്നു - അത്തരം ദുഷ്ടമനുഷ്യരെ സഹിക്കുന്നതിന്. ഒരു ശിഷ്യന്റെ ഹൃദയത്തില്‍ സാത്താന്‍ ദുഷ്ടചിന്തകള്‍ മന്ത്രിക്കുന്നതും പിതാവിനോടുള്ള ഐക്യത്തില്‍ അവന്‍ കണ്ടു. ഈ മനുഷ്യന്‍ ക്രമേണ ദുരാഗ്രഹിയും അഹങ്കാരിയും വെറുപ്പുള്ളവനുമായിത്തീര്‍ന്നു. എന്നാലും യേശു ഈ വിശ്വാസവഞ്ചകനെ വെറുത്തില്ല, മറിച്ച് അവസാനംവരെ അവനെ ദിവ്യസ്നേഹംകൊണ്ടു സ്നേഹിച്ചു.

ഈ സംഭവം ജീവഹാനിക്കുള്ളതെന്നതുപോലെ ഈ വിശ്വാസവഞ്ചകനു യേശു വെറുതെയങ്ങു വഴങ്ങിയതല്ല. യൂദായോ കയ്യഫാവോ, ഹെരോദാവോ പീലാത്തോസോ, യഹൂദനേതാക്കന്മാരോ അനുയായികളോ എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞില്ല. മറിച്ച് അവന്റെ താഴ്ചയും സമര്‍പ്പണവും നിമിത്തം സകല ആത്മാക്കളെയും മനുഷ്യരെയും പിതാവ് അവനെ ഭരമേല്പിച്ചു. ദൈവകുഞ്ഞാടായി മരിക്കാന്‍ അവന്‍ നിര്‍ണ്ണയിക്കുകയും, സംഭവങ്ങളുടെ സമയം നിശ്ചയിക്കുകയും ചെയ്തു. സംഭവങ്ങള്‍ കൊടുങ്കാറ്റുകളായി അടിച്ചപ്പോഴും അവന്റെ ഉറവിടത്തിന്റെയും ഉദ്ദേശ്യത്തിന്റെയും ഉള്‍ക്കാഴ്ച അവനു നഷ്ടമായില്ല. ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുന്ന നാഥനാണു യേശു.

പിതാവിങ്കലേക്ക് ഒറ്റയ്ക്കു മടങ്ങാനല്ല ക്രിസ്തു ആഗ്രഹിച്ചത്; ദൈവത്തിന്റെ സന്തോഷത്തിന്റെ കൂട്ടായ്മയിലേക്ക് അവന്റെ ശിഷ്യന്മാരെ അടുപ്പിക്കാനും അവനാഗ്രഹിച്ചു. എളിമയുടെ അടയാളത്തോടെ അവനവരെ ഉപദേശിച്ചു, പ്രായോഗികതലങ്ങളില്‍ ദൈവസ്നേഹത്തിന്റെ മാതൃക കാട്ടി. ഇങ്ങനെ അവനൊരു ദാസനായിത്തീര്‍ന്നു; വെള്ളം കോരി, ശിഷ്യന്മാര്‍ക്കു മുമ്പില്‍ മുട്ടുകുത്തി അവരുടെ പാദങ്ങള്‍ കഴുകിത്തുടച്ചു. അവന്‍ എല്ലാവരെക്കാളും താഴ്ന്നവനായിത്തീര്‍ന്നു. അങ്ങനെ അവരിലെ ഏറ്റവും എളിയവന്‍ ദൈവം മനുഷ്യവര്‍ഗ്ഗത്തെ സേവിക്കുന്നുവെന്നു മനസ്സിലാക്കുമല്ലോ. തണുത്തും താത്പര്യക്കുറവോടെയുമല്ല കര്‍ത്താവ് ആധിപത്യം പുലര്‍ത്തിയത്, മറിച്ച് അവന്റെ സൌമ്യതയുടെ സ്വരൂപത്തോട് അവരെ രൂപാന്തരപ്പെടുത്താനും ശുദ്ധിയാക്കാനുമായി അവന്‍ അവരുടെ മുമ്പില്‍ മുട്ടുകുത്തി.

യേശു നമുക്കു മനസ്സലിവിന്റെ മാതൃകയാണ്. അവനു മുമ്പില്‍ നാം മുട്ടുകുത്തി നമസ്കരിക്കുന്നത് എപ്പോഴാണ്? നേരുള്ളവന്റെ മുന്‍പില്‍ നാം നമ്മുടെ മുതുകു കുനിക്കുന്നതും നമ്മുടെ മനസ്സു മാറ്റുന്നതും എപ്പോഴാണ്?

സഹോദരാ, സഹോദരീ, നിങ്ങള്‍ തകരാത്തിടത്തോളം, നിങ്ങളുടെ സഹോദരങ്ങളെ സേവിക്കാത്തിടത്തോളം, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാത്തിടത്തോളം, പരിക്കേറ്റവരുടെ മുറിവുകള്‍ കെട്ടാത്തിടത്തോളം നിങ്ങളൊരു യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല. നിങ്ങളൊരു ദാസനാണോ, അതോ യജമാനനാണോ? യേശു സകല മനുഷ്യവര്‍ഗ്ഗത്തിന്റെയും ദാസനാണെന്നോര്‍ക്കുക, അവന്‍ നിങ്ങളെ സേവിക്കാനായി കുനിയുന്നു. ഈ സേവനം നിങ്ങള്‍ സ്വീകരിക്കുമോ, അതോ നിങ്ങള്‍ നല്ലയാളാണെന്നും ദൈവത്തിന്റെ സേവനം നിങ്ങള്‍ക്കാവശ്യമില്ലെന്നും കരുതി അഹംഭാവം കാട്ടുമോ?

യോഹന്നാന്‍ 13:6-11
6അവന്‍ ശിമോന്‍ പത്രോസിന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ യേശുവിനോട്: കര്‍ത്താവേ, നീ എന്റെ കാല്‍ കഴുകുന്നുവോ എന്നു പറഞ്ഞു. 7യേശു അവനോട്: ഞാന്‍ ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു. 8നീ ഒരുനാളും എന്റെ കാല്‍ കഴുകുകയില്ല എന്നു പത്രോസ് പറഞ്ഞു. അതിനു യേശു: ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ ശിമോന്‍ പത്രോസ്: 9കര്‍ത്താവേ, എന്റെ കാല്‍ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു. 10യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍; നിങ്ങള്‍ ശുദ്ധിയുള്ളവരാകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. 11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.

ശിഷ്യന്മാര്‍ക്ക് അവരുടെ ഗുരു അവരുടെ പാദങ്ങള്‍ കഴുകുന്നതില്‍ സംഭ്രമം തോന്നി. "കര്‍ത്താവിന്റെ അത്താഴ"ത്തിനുശേഷം അവന്‍ ചെയ്യാന്‍ പോകുന്നതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നെങ്കില്‍, അവരെല്ലാവരും അവരവരുടെ കാലുകള്‍ സ്വാഭാവികമായും കഴുകിയേനെ. അവരും ദൈവവും തമ്മില്‍ ഒരു പുതിയ ഉടമ്പടി മാത്രമല്ല ദൈവം ഉണ്ടാക്കിയത്, ഈ ഉടമ്പടിയുടെ ഉള്ളടക്കവും അര്‍ത്ഥവുംകൂടി അവര്‍ക്ക് അവന്‍ കാണിച്ചുകൊടുത്തു. അതു സ്നേഹത്തിലും സേവനത്തിലും കുറഞ്ഞ ഒന്നല്ല.

ശിഷ്യന്മാരില്‍ ഏറ്റവും പൊങ്ങച്ചക്കാരനും തീക്ഷ്ണതയുള്ളവനും പത്രോസ് ആയിരുന്നു. യേശുവിന്റെ സേവനം അവനാഗ്രഹിച്ചില്ല. അങ്ങനെ പാദംകഴുകല്‍ വിലക്കാന്‍ അവന്‍ ശ്രമിച്ചു. നാഥന്‍ പറഞ്ഞ വാക്കുകള്‍ക്ക് അവന്‍ ചെവികൊടുത്തില്ല. പിന്നെ പാദംകഴുകലിന്റെ രഹസ്യം യേശു ശിഷ്യന്മാര്‍ക്കു വിശദീകരിച്ചുകൊടുത്തു. അവന്‍ നമ്മോടു പറഞ്ഞാല്‍ അത് ഇങ്ങനെയിരിക്കും: "ശുദ്ധീകരണംകൂടാതെ നിങ്ങള്‍ക്കു ദൈവരാജ്യത്തില്‍ യാതൊരു പങ്കുമില്ല, പാപക്ഷമ കൂടാതെ നിങ്ങള്‍ക്ക് എന്നില്‍ വസിക്കാനുംകഴിയില്ല." അവന്റെ രക്തത്തിലെ കഴുകല്‍ നിരന്തരമാണ്, ആ ശുദ്ധീകരണ ത്തില്‍ വസിക്കുന്നതു തുടര്‍മാനമായ വളര്‍ച്ചയുമാണ്. കൃപയാല്‍ നിങ്ങളെ കാക്കുന്നതും, ദൈവപുത്രന്റെ കൂട്ടായ്മയില്‍ നിങ്ങളെ സൂക്ഷിക്കുന്നതും അവനാണ്.

അതു കേട്ട പത്രോസിനു ബോധമുണ്ടായി, തിന്മ ചെയ്ത അവന്റെ കൈകളിലേക്ക് അവന്‍ നോക്കി, ദൈവത്തിന്റെ പദ്ധതി ഗ്രഹിക്കാന്‍ തനിക്കുള്ള ബുദ്ധിയില്ലായ്മയെക്കുറിച്ചും അവന്‍ ചിന്തിച്ചു. ലജ്ജിതനായ അവന്‍ സമ്പൂര്‍ണ്ണമായ ശുദ്ധീകരണത്തിനായി അപേക്ഷിച്ചു. യേശു അവനു വീണ്ടും ഉറപ്പു കൊടുത്തു, "എന്റെ അടുക്കല്‍ വരുന്നയാള്‍ ശുദ്ധീകരിക്കപ്പെടുന്നു, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്പൂര്‍ണ്ണ ശുദ്ധീകരണമാണത്." നമുക്കൊരു പ്രത്യേക ശുദ്ധീകരണമോ അധികമായ വിശുദ്ധിയോ ആവശ്യമില്ലെന്ന് ഇങ്ങനെ നാം മനസ്സിലാക്കുന്നു. യേശുവിന്റെ രക്തം സകല പാപത്തില്‍നിന്നും നമ്മെ ശുദ്ധീകരിക്കുന്നുണ്ടല്ലോ. നാം ദിവസവും നടക്കുമ്പോള്‍ കാലില്‍ പൊടി പറ്റുന്നതുപോലെ, "ഞങ്ങളുടെ അതിക്രമങ്ങള്‍ ക്ഷമിക്കണമേ''യെന്നു നിരന്തരമായി നാം പ്രാര്‍ത്ഥിക്കുന്നു. ദൈവമക്കള്‍ക്കു ദിവസംപ്രതി പാദംകഴുകല്‍ ആവശ്യമായിരിക്കുമ്പോള്‍, ഈ ലോകത്തിന്റെ മക്കള്‍ക്ക് ഒരു സമ്പൂര്‍ണ്ണ ശുദ്ധീകരണമാണു വേണ്ടത്.

ശിഷ്യന്മാരെ നോക്കിക്കൊണ്ട് യേശു പറഞ്ഞു, "നിങ്ങള്‍ ശുദ്ധിയുള്ളവരാകുന്നു." ദൈവവുമായുള്ള ഉടമ്പടിയിലേക്കു പ്രവേശിക്കാന്‍ അവന്‍ അവരെ ക്ഷണിച്ചു. ദൈവികകൂട്ടായ്മയില്‍ ശിഷ്യന്മാര്‍ വസിക്കേണ്ടതിനു കുഞ്ഞാട് അവര്‍ക്കുവേണ്ടി മരിച്ചു. ആരും സ്വയമേ ശുദ്ധരല്ല, എന്നാല്‍ ക്രിസ്തുവിന്റെ രക്തം എല്ലാ പാപങ്ങളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.

ദുഃഖകരമായ വസ്തുത, അവന്റെ അനുയായികളെല്ലാം വിശുദ്ധരല്ലെന്നതാണ്, ഇന്നത്തെ പ്രശ്നവും അതാണ്. ചിലര്‍ അവന്റെ ശുദ്ധീകരണത്തിനു വെറുംവായ് പറയുകയും, ക്രിസ്തുവിന്റെ രക്തത്തില്‍ വിശ്വസിക്കുന്നതുപോലെ നടിക്കുകയും ചെയ്യുന്നു. പക്ഷേ പരിശുദ്ധാത്മാവ് അവരില്‍ നിറയുന്നില്ല. സാത്താന്റെ ആത്മാവ് അവരില്‍ പക, നിഗളം, വ്യഭിചാരം എന്നിവയ്ക്കു പ്രേരണ നല്‍കുന്നു. അങ്ങനെ നിങ്ങളിലെ ഭക്തന്മാര്‍ക്കിടയില്‍ ദുരാത്മാവും ദ്രവ്യാഗ്രഹവും ബാധിച്ചവരെ നിങ്ങള്‍ക്കു കണ്ടെത്താനാവും. ദിവസവും നിങ്ങളുടെ പാദങ്ങള്‍ കഴുകാനും, എല്ലാത്തരം പാപങ്ങളില്‍നിന്നും നിങ്ങളെ വിടുവിക്കാനും, ദൈവവുമായുള്ള കൂട്ടായ്മയ്ക്കായി നിങ്ങളെ നന്നായി കഴുകാനും യേശു ആഗ്രഹിക്കുന്നു. നിങ്ങളെത്തന്നെ പരിശോധിക്കുക - നിങ്ങളൊരു ദാസനാണോ, അതോ യജമാനനാണോ?

പ്രാര്‍ത്ഥന: യേശുനാഥാ, നിന്റെ മഹത്വം കളഞ്ഞിട്ട് അശുദ്ധരായ ഞങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നതിനു നന്ദി. നീ കുനിഞ്ഞു നിന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയല്ലോ, ഞങ്ങളുടെ ഹൃദയങ്ങളിലെ പാപം നീക്കി നീ ശുദ്ധീകരിക്കുകയും ചെയ്തു. ഞങ്ങള്‍ നിന്നെ നമസ്കരിക്കുന്നു, എല്ലാ നിഗളചിന്തകളില്‍നിന്നും ഞങ്ങളെ സ്വതന്ത്രരാക്കാന്‍ ഞങ്ങള്‍ നിന്നോടപേക്ഷിക്കുന്നു. അങ്ങനെ ഞങ്ങള്‍ കുനിഞ്ഞു നിന്റെ ദാസന്മാരായിത്തീരും. എല്ലാവരിലും ഏറ്റവും കുറഞ്ഞാളായിത്തീരാനും, എന്റെ സഭയിലും കുടുംബത്തിലും നിന്നെ സേവിക്കാനൊരുങ്ങുന്നതിനും എന്നെ സഹായിക്കണമേ.

ചോദ്യം:

  1. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിലൂടെ യേശു ഉദ്ദേശിച്ചതെന്താണ്?

യോഹന്നാന്‍ 13:12-17
12അവന്‍ അവരുടെ കാല്‍ കഴുകിയിട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോടു പറഞ്ഞത്: ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് ഇന്നതെന്ന് അറിയുന്നുവോ? 13നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകുന്നതുകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി. 14കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകിയെങ്കില്‍, നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു. 15ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. 16ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാന നെക്കാള്‍ വലിയവനല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല. 17ഇതു നിങ്ങള്‍ അറിയുന്നുവെങ്കില്‍ ചെയ്താല്‍ ഭാഗ്യവാന്മാര്‍.

വെറുംവാക്കുകള്‍ പറഞ്ഞുകൊണ്ടല്ല യേശു തന്റെ വിടവാങ്ങല്‍ സന്ദേശം തുടങ്ങിയത്. പലപ്പോഴും അത്തരം വാക്കുകള്‍ പ്രാവര്‍ത്തിക മാക്കിയില്ലെങ്കില്‍ വലിയ പ്രയോജനമൊന്നും ഉള്ളവയല്ല. അവന്റെ മാതൃക പ്രവൃത്തിയുടെ ആശയം അവര്‍ മനസ്സിലാക്കിയോ എന്ന് അവന്‍ അനുയായികളോടു ചോദിച്ചു, "കണ്ണുകള്‍ തുറന്നു കാണുക - ഞാന്‍ നിങ്ങളിലൊരാളായി നിങ്ങളോടുകൂടെയുണ്ട്. എന്റെ മുമ്പില്‍ നിങ്ങള്‍ അടിമകളെപ്പോലെ പെരുമാറാന്‍ നിങ്ങള്‍ക്കു മുകളിലായി സിംഹാസനത്തിലല്ല ഞാനിരി ക്കുന്നത്. അല്ല! എന്റെ മഹത്വം വെടിഞ്ഞു ഞാന്‍ നിങ്ങളിലൊരാളായിത്തീര്‍ന്നു. ഉപരിയായി, ഉപദേഷ്ടാവും ഗുരുവുമെന്ന നിലയില്‍ എന്റെ സ്ഥാനം വിട്ടു ഞാനൊരു ദാസനായി മാറി. ദൈവസ്നേഹം എടുക്കേണ്ടുന്ന ദിശ നിങ്ങള്‍ മനസ്സിലാക്കിയോ? അഹംഭാവി തന്നെത്താന്‍ ഊറ്റം കൊള്ളുന്നു, തന്നെത്താന്‍ താഴ്ത്തുകയും എല്ലാം സഹിക്കുകയും ചെയ്യുന്നവന്‍ ശാരീരികമായും പ്രായോഗികമായും തന്നെത്താന്‍ ത്യജിക്കുകയും സേവിക്കുകയും ചെയ്യുന്നു."

"ഞാന്‍ നിങ്ങളുടെ മാതൃകയായിരിക്കുന്നതുപോലെ എന്റെ ശിഷ്യന്മാരായിരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഞാന്‍ വെറുതെ സംസാരിക്കുകയല്ല, എന്റെ ഉപദേശം പ്രാവര്‍ത്തികമാക്കുകയാണ്. എന്നെ നോക്കൂ: ഞാനൊരു സേവകനാണ്. എന്നെ അനുഗമിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, കുനിഞ്ഞു മറ്റുള്ളവരെ സേവിക്കാന്‍ പരിശീലിക്കൂ. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അല്പനാണ്. എന്നാല്‍ ശാന്തമായി മറ്റുള്ളവരെ സേവിക്കുകയും താഴ്മയോടെയിരിക്കുകയും ചെയ്യുന്നവന്‍ വാസ്തവത്തില്‍ വലിയവനാണ്."

"തികഞ്ഞ വിശുദ്ധിയുള്ളവരുടെ ഒരു കൂട്ടമാണു സഭയെന്നു കരുതരുത്. അവരെല്ലാം അങ്ങനെയായിത്തീരുന്ന പ്രക്രിയയിലാണ്. ഞാന്‍ അവരെയെല്ലാം ശുദ്ധീകരിച്ചതും തത്വത്തില്‍ അവര്‍ വിശുദ്ധരുമാണ്. എന്നാല്‍ ഓരോ അംഗത്തിനും സഹിഷ്ണുതയും ആത്മീയവളര്‍ച്ചയ്ക്കായുള്ള സമയവും ആവശ്യവുമാണ്. ഓരോരുത്തരം തെറ്റുകയും ഇടറുകയും ചെയ്യുന്നു. ഇതാ ഞാന്‍ നല്‍കുന്ന കല്പന: നിങ്ങള്‍ അന്യോന്യം തെറ്റുകളും പാപങ്ങളും ക്ഷമിക്കുക. പരസ്പരം വിധിക്കാതെ മറ്റുള്ളവരെ സഹായിക്കുക. മറ്റുള്ളവരുടെ തലകള്‍ കഴുകാതെ കാലുകള്‍ കഴുകുക. ആര്‍ക്കും മറ്റൊ രാളിന്റെമേല്‍ നേതൃത്വമില്ല, നിങ്ങളെല്ലാം സഹോദരന്മാരാണ്. ഇങ്ങനെ നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍, ഞാന്‍ നേരത്തെതന്നെ വ്യക്തമാക്കിയതു നിങ്ങള്‍ ഗ്രഹിക്കും: ഞാന്‍ വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്. എന്റെ ജീവിതം ശുശ്രൂഷയും ത്യാഗവും മറ്റുള്ളവര്‍ക്കായി വിധേയ പ്പെടുന്നതുമാണ്."

"സ്നേഹത്തിന്റെ അപ്പോസ്തലന്മാരായി ഞാന്‍ നിങ്ങളെ ലോകത്തിലേക്ക് അയയ്ക്കുന്നു. അയച്ചവനെപ്പോലെതന്നെ അയയ്ക്കപ്പെട്ടവരും വലിയവരാണ്. നിങ്ങളുടെ പ്രഥമദൌത്യം എന്നെപ്പോലെ ശുശ്രൂഷകരാകുകയെന്നതാണ്. ഇതു നിങ്ങള്‍ ഗ്രഹിച്ചാല്‍ ഈ ആപ്തവാക്യവും ക്രിസ്ത്യാനിത്വത്തിന്റെ അടയാളവാക്യവും നിങ്ങള്‍ക്കു ബോദ്ധ്യമാകും."

"എന്റെ രണ്ടാമത്തെ പ്രമാണം: ഇതു നിങ്ങള്‍ അറിഞ്ഞു ചെയ്താല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. വെറുംവാക്കുകളായല്ല ഞാന്‍ സ്നേഹത്തെക്കുറിച്ചു പറഞ്ഞത്. ഞാനതു പ്രായോഗികമാക്കി." കഷ്ടപ്പാടും ത്യാഗവുമാണു ശുശ്രൂഷ, വാക്കുകളും പ്രാര്‍ത്ഥനകളും തോന്നലുകളും മാത്രമല്ല. ശുശ്രൂഷയ്ക്കായുള്ള പ്രചോദനം വിശ്വാസിയുടെ പ്രകൃതത്തിലുണ്ട്. ഈ കേന്ദ്രത്തില്‍നിന്നാണു സ്നേഹത്തിന്റെ വിവിധ പ്രവൃത്തികള്‍ പുറപ്പെടുന്നത്. ശുശ്രൂഷിക്കാത്തയാളെ ഒരു വിശ്വാസിയെന്നു പറയാന്‍ പ്രയാസമാണ്. സഹായപ്രവൃത്തിരഹിതമായി മുഴങ്ങുന്ന പ്രാര്‍ത്ഥനകള്‍ കാപട്യമാണ്. നിങ്ങള്‍ രക്ഷിക്കപ്പെട്ടതു സല്‍പ്രവൃത്തികള്‍ മൂലമല്ല; എന്റെ രക്തത്താലാണു രക്ഷ. എന്നാല്‍ അശരണരിലേക്കും അഗതികളിലേക്കും നിങ്ങള്‍ കുനിഞ്ഞ് അവരെ നിരന്തരമായി ശുശ്രൂഷിച്ചാല്‍, നിങ്ങള്‍ ദൈവസ്നേഹംകൊണ്ടു നിറയും. ക്രിസ്തുവിന്റെ ശുശ്രൂഷകരുടെമേല്‍ ദൈവത്തിന്റെ പ്രസാദവര്‍ഷമുണ്ടാകും.

സഹോദരാ, സഹോദരീ, ഒരു ഉപദേഷ്ടാവും ഗുരുവുമാകാന്‍ താങ്കളാഗ്രഹിക്കുന്നുണ്ടോ? യേശുവിനെ നോക്കുക. അവന്‍ ശ്രേഷ്ഠനായ ഉപദേഷ്ടാവാണ്. നിങ്ങള്‍ക്കു മുന്നില്‍ ഒരു ശുശ്രൂഷകനായി അവന്‍ നില്ക്കുന്നു. അവന്റെ ഉപദേശം പ്രായോഗികമാക്കാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ? ഇന്നുമുതല്‍ ശുശ്രൂഷ തുടങ്ങുക. എങ്ങനെ, ആരെ ശുശ്രൂഷിക്കണമെന്നാണു നാഥന്‍ ആഗ്രഹിക്കുന്നതെന്നറിയാന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിക്കുക. ഇതു നിങ്ങളറിഞ്ഞു ചെയ്താല്‍ നിങ്ങള്‍ ഭാഗ്യമുള്ളവരാണ്.

www.Waters-of-Life.net

Page last modified on May 14, 2012, at 09:22 AM | powered by PmWiki (pmwiki-2.3.3)