Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 062 (Healing on the Sabbath)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
2. ജന്മനാ അന്ധനായിരുന്നവനെ സൌഖ്യമാക്കുന്നു (യോഹന്നാന്‍ 9:1-41)

a) ശബ്ബത്തിലെ രോഗസൌഖ്യം (യോഹന്നാന്‍ 9:1-12)


യോഹന്നാന്‍ 9:1-5
1അവന്‍ കടന്നുപോകുമ്പോള്‍ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. 2അവന്റെ ശിഷ്യന്മാര്‍ അവനോട്: റബ്ബീ, ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആരു പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു. 3അതിനു യേശു: അവനെങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല. ദൈവപ്രവൃത്തി അവനില്‍ വെളിവാകേണ്ടതിനത്രേ. 4എന്നെ അയച്ചവന്റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു; 5ഞാന്‍ ലോകത്തില്‍ ഇരിക്കുമ്പോള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു എന്നുത്തരം പറഞ്ഞു.

കല്ലെറിയാന്‍ തുടങ്ങിയവരില്‍നിന്നു യേശു തിടുക്കത്തില്‍ ഓടിപ്പോയതല്ല, മറിച്ചു കഷ്ടപ്പാടിന്റെ നിര്‍ണ്ണായകസന്ധിയിലെത്തിയ ഒരു മനുഷ്യനെ അവന്‍ ശ്രദ്ധിച്ചു. യേശു ക്ഷമിക്കുന്ന സ്നേഹമാണ്, വിശ്വസ്തനും അനുഗ്രഹങ്ങളുടെ നിറകുടവുമാണ്. ശിഷ്യന്മാരും ഈ അന്ധനെ കണ്ടതാണ്, പക്ഷേ അവര്‍ അന്യായമായി പ്രശ്നമുണ്ടാക്കിയില്ല. പകരം ഈ ദുരവസ്ഥയുടെ കാരണം അവര്‍ നിരീക്ഷിച്ചു. മിക്കവരും അന്നു ചിന്തിച്ചിരുന്നത്, എന്തെങ്കിലും പാപത്തിന്റെ ഫലമായോ ദൈവശിക്ഷയായോ ആണു രോഗങ്ങളുണ്ടാകുന്നതെന്നാണ്. ഈ വൈകല്യത്തിന്റെ കാരണമൊന്നും യേശു വിശദീകരിച്ചില്ല. ഈ യുവാവും ഇവന്റെ മാതാപിതാക്കളും നിഷ്ക്കളങ്കരാണെന്നുള്ള പ്രഖ്യാപനമൊന്നും യേശു നടത്തിയില്ല. മറിച്ചു ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള ഒരവസരമായിട്ടാണ് അവന്റെ കഷ്ടതയെ കണ്ടത്. ആ അന്ധനെ വിധിക്കാനോ, അവന്റെ അന്ധതയുടെ കാരണം തിരക്കാനോ യേശു തന്റെ ശിഷ്യന്മാരെ അനുവദിച്ചില്ല. മുന്നോട്ടു നീങ്ങാന്‍ അവരെ അവന്‍ നിര്‍ബ്ബന്ധിക്കുകയും, ദൈവേഷ്ടത്തിന്റെ ഉദ്ദേശ്യം അവരെ കാണിക്കുകയും ചെയ്തു - രക്ഷയും സൌഖ്യവും.

"ഞാന്‍ പ്രവര്‍ത്തിച്ചേ തീരൂ" - യേശു പറഞ്ഞു. സ്നേഹം അവനെ നിര്‍ബ്ബന്ധിച്ചു. വിധിക്കാനോ നശിപ്പിക്കാനോ അവന് ആഗ്രഹമില്ലായിരുന്നു. മനസ്സലിഞ്ഞു സൌഖ്യമാക്കാനായിരുന്നല്ലോ അവന്റെയാഗ്രഹം. അതിലൂടെ, അവന്റെ വിടുവിക്കുന്ന സ്നേഹവും ബോദ്ധ്യങ്ങളും ലക്ഷ്യങ്ങളും അവന്‍ കാണിച്ചു. ലോകരക്ഷകനായ അവന്റെയാഗ്രഹം, ആളുകള്‍ക്കു ദിവ്യമായ ജീവന്‍ നല്‍കുകയെന്നതാണ്.

നമ്മളും യേശുവിന്റെ വാക്കുകള്‍ കേള്‍ക്കുന്നുണ്ട്; "എന്റെ നാമത്തിലോ എന്റെ ബലത്തിലോ ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തില്‍ അവന്റെ പ്രവൃത്തികള്‍ അവനോടു യോജിച്ചു പൂര്‍ത്തിയാക്കുകയാണു ഞാന്‍ ചെയ്യുന്നത്." അവന്റെ പ്രവൃത്തികളെ അവന്‍ വിളിച്ചതു ദൈവപ്രവൃത്തികളെന്നാണ്.

സമയം കുറവും മരണം അടുത്തുമായെന്നു യേശു അറിഞ്ഞു. എന്നിട്ടും അവന്‍ അന്ധനെ സൌഖ്യമാക്കാന്‍ സമയമെടുത്തു. ലോകത്തിന്റെ വെളിച്ചമായവന്‍ ജീവന്റെ വെളിച്ചംകൊണ്ട് അന്ധനെ പ്രകാശിപ്പിക്കാനാഗ്രഹിച്ചു. അവനോ മറ്റേതെങ്കിലും വിശുദ്ധനോ ഒന്നും ചെയ്യാനാവാത്ത സമയം വരുന്നു. പകല്‍സമയത്ത്, പ്രസംഗിക്കാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ അവനായി സാക്ഷ്യം വഹിക്കാം. ഇരുട്ടു കൂടിക്കൂടിവരുന്നു, ക്രിസ്തുവിലേക്കു മടങ്ങുന്നതല്ലാതെ നമ്മുടെ ലോകത്തിനു യാതൊരു പ്രത്യാശയുമില്ല. ആര് അവനുവേണ്ടി വഴിയൊരുക്കും?

യോഹന്നാന്‍ 9:6-7
6ഇങ്ങനെ പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി, തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി, ചേറ് അവന്റെ കണ്ണിന്മേല്‍ പൂശി, 7നീ ചെന്നു ശിലോഹാം കുളത്തില്‍ കഴുകുക എന്ന് അവനോടു പറഞ്ഞു (ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥം). അവന്‍ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.

നേരത്തെ യേശു അത്ഭുതം ചെയ്തതു വെറുമൊരു വാക്കുകൊണ്ടാണ്. എന്നാല്‍ ഈ അന്ധന്റെ കാര്യത്തില്‍, അവന്‍ നിലത്തു തുപ്പി, തുപ്പല്‍കൊണ്ടു ചേറുണ്ടാക്കിയിട്ട് ആ ചേറ് അന്ധന്റെ കണ്ണുകളുടെമേല്‍ പൂശുകയാണു ചെയ്തത്. ക്രിസ്തുവിന്റെ ശരീരത്തില്‍നിന്നു തനിക്കെന്തോ ലഭിച്ചുവെന്ന് ആ അന്ധനു തോന്നണമെന്നായിരുന്നു യേശുവിന്റെ ആഗ്രഹം. ആ അന്ധനുവേണ്ടിയുള്ള യേശുവിന്റെ തോന്നലും അവനുമായുള്ള ഇടപെടലും ഏറ്റവും നല്ല രീതിയിലായിരുന്നു. അവന്റെ സൌഖ്യത്തിലേക്കു നയിക്കുന്നതായിരുന്നു അത്. അസാധാരണമായ നിലയില്‍, അവനു കാഴ്ച കിട്ടിയതു തല്‍ക്ഷണമല്ലായിരുന്നു. താഴ്വരയുടെ താഴെവരെ അവന്‍ നടക്കണമായിരുന്നു. അവന്‍ കഴുകാന്‍ പോയ കുളത്തിന്റെ പേരു ശിലോഹാം എന്നായിരുന്നു. അതിന്റെയര്‍ത്ഥം "അയയ്ക്കപ്പെട്ടവന്‍" - സൌഖ്യമെന്നതു ജനത്തിന് അയയ്ക്കാനുള്ളതാണെന്ന ഒരു സൂചനയാണത്. അവര്‍ തന്നെ പാപത്തിന്റെയും അതിക്രമങ്ങളുടെയും അന്ധതയില്‍ ജനിച്ചവരും, യേശു നല്‍കുന്ന സൌഖ്യവും രക്ഷയും പ്രാപിക്കേണ്ടതിന്റെ ആവശ്യകതയുള്ളവരുമായിരുന്നു.

ക്രിസ്തുവിന്റെ വാഗ്ദത്തം അന്ധന്‍ സ്വീകരിച്ചു, ക്രിസ്തുവിന്റെ സ്നേഹത്തില്‍ അവന്‍ വിശ്വാസമര്‍പ്പിച്ചു. തല്‍ക്ഷണം അവന്‍ അനുസരിച്ചു. പതിയെ നടന്നുകൊണ്ട്, ക്രിസ്തു അവനോടു പറഞ്ഞതു ഹൃദയത്തില്‍ ചിന്തിച്ചു. എന്നാലും അവന്‍ പോയി, കണ്ണുകള്‍ കഴുകി, കാഴ്ച പ്രാപിച്ചു. അവന്‍ ആളുകള്‍, വെള്ളം, വെളിച്ചം, സ്വന്തം കൈകള്‍, ആകാശം എന്നിവ യെല്ലാം കണ്ടു. ഇവയെല്ലാം കണ്ട് അവന്‍ വിസ്മയിച്ചു. ദൈവം കരുണ ചെയ്തതിനായി അവന്‍ അത്യുച്ചത്തില്‍ ദൈവത്തെ സ്തുതിച്ചു.

യോഹന്നാന്‍ 9:8-12
8അയല്ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെയിരുന്നു ഭിക്ഷ യാചിച്ചവന്‍ എന്നു പറഞ്ഞു. 9അവന്‍ തന്നെ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവന്‍ എന്നു മറ്റു ചിലരും പറഞ്ഞു; ഞാന്‍ തന്നെ എന്ന് അവന്‍ പറഞ്ഞു. 10അവര്‍ അവനോട്: നിന്റെ കണ്ണു തുറന്നത് എങ്ങനെയെന്നു ചോദിച്ചതിന് അവന്‍: 11യേശു എന്നു പേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്റെ കണ്ണിന്മേല്‍ പൂശി: ശിലോഹാം കുളത്തില്‍ ചെന്നു കഴുകുകയെന്ന് എന്നോടു പറഞ്ഞു; ഞാന്‍ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്ന് ഉത്തരം പറഞ്ഞു. 12അവന്‍ എവിടെയെന്ന് അവര്‍ അവനോടു ചോദിച്ചതിന്: ഞാന്‍ അറിയുന്നില്ലായെന്ന് അവന്‍ പറഞ്ഞു.

ഈ അത്ഭുതം മറഞ്ഞിരുന്നില്ല; കാരണം, അവന്റെ അയല്‍ക്കാര്‍ അവനു സൌഖ്യം വന്നതു കാണുകയും അത്യധികമായി അത്ഭുതപ്പെടുകയും ചെയ്തു. നേരേ നടന്നുപോകുന്ന ഈ മനുഷ്യന്‍ അയാളാണെന്നു ചിലര്‍ വിശ്വസിച്ചില്ല. ഇടറിനടന്നിരുന്ന അവനെ പലപ്പോഴും ആരെങ്കിലും പിടിച്ചു നടത്തിയിരുന്നു. അതേ മനുഷ്യനാണു താനെന്ന് അവനെ അറിയാവുന്നവരോട് അവന്‍ തന്നെ സാക്ഷ്യം പറഞ്ഞു.

അവന്റെ സൌഖ്യത്തിന്റെ വിശദാംശങ്ങള്‍ ആളുകള്‍ തിരക്കി. പക്ഷേ സൌഖ്യമാക്കിയവനെക്കുറിച്ചു തിരക്കാതെ അത് എങ്ങനെ സംഭവിച്ചുവെന്നാണു തിരക്കിയത്. കാഴ്ച കിട്ടിയ മനുഷ്യന്‍ സൌഖ്യദായകനെ യേശു എന്നു വിളിച്ചു, അവനു യേശുവിനെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. ക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ച് അവന്‍ അജ്ഞനായിരുന്നു. കണ്ണില്‍ ചേറു തേച്ചവനെന്നും, പിന്നെ കഴുകാന്‍ നിര്‍ദ്ദേശിച്ചവ നെന്നുമുള്ള ആളായിട്ടാണ് അവനെ കണ്ടത്. അങ്ങനെ അവനു കാണാനായി.

ഈ സമയത്ത്, പരീശന്മാര്‍ ചോദിച്ചു: "ഈ യേശു എവിടെയാണ്?" ആ ചെറുപ്പക്കാരന്‍ പറഞ്ഞു: "എനിക്കറിഞ്ഞുകൂടാ; ഒരിക്കല്‍ ഞാന്‍ അന്ധനായിരുന്നു, ഇപ്പോള്‍ എനിക്കു കാണാം. അവന്‍ എന്നോടു പണമോ ഒരു നന്ദിവാക്കോ ചോദിച്ചില്ല. ഞാന്‍ കുളത്തിലേക്കു പോയി, ഇപ്പോള്‍ എനിക്കു കാണാന്‍ കഴിയുന്നു. അവന്‍ ആരാണെന്നും എവിടെയാണെന്നും എനിക്കറിഞ്ഞുകൂടാ."

പ്രാര്‍ത്ഥന: ഓ, യേശുവേ, ഞങ്ങള്‍ നിനക്കു നന്ദി കരേറ്റുന്നു. നീ ആ അന്ധനെ കടന്നുപോകുകയോ അവഗണിക്കുകയോ ചെയ്തില്ലല്ലോ. അവന്റെ കണ്ണു നീ തുറക്കുകയും, പാപത്തില്‍ ജനിച്ചവര്‍ക്കെല്ലാം അവനെ ഒരടയാളമാക്കുകയും ചെയ്തുവല്ലോ. നിന്റെ വെളിച്ചം ഞങ്ങള്‍ കാണേണ്ടതിനും, സന്തോഷത്തോടെ നിന്റെ നാമത്തെ ഏറ്റുപറയേണ്ടതിനും നിന്റെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളുടെ കണ്ണുകള്‍ തുറക്കണമേ.

ചോദ്യം:

  1. ജന്മനാ അന്ധനായവനെ യേശു സൌഖ്യമാക്കിയത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 11, 2012, at 10:24 AM | powered by PmWiki (pmwiki-2.3.3)