Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 043 (Jesus offers people the choice)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
B - യേശു ജീവന്റെ അപ്പം (യോഹന്നാന്‍ 6:1-71)

4. "സ്വീകരിക്കുക, അല്ലെങ്കില്‍ തിരസ്ക്കരിക്കുക'' - യേശു ജനത്തിനു നല്‍കിയ തിരഞ്ഞെടുക്കല്‍ (യോഹന്നാന്‍ 6:22-59)


യോഹന്നാന്‍ 6:34-35
34അവര്‍ അവനോട്: കര്‍ത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങള്‍ക്കു തരേണമേ എന്നു പറഞ്ഞു. 35യേശു അവരോടു പറഞ്ഞത്: ഞാന്‍ ജീവന്റെ അപ്പമാകുന്നു; എന്റെയടുക്കല്‍ വരുന്നവനു വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല.

ദൈവത്തിന്റെ അപ്പത്തിനായുള്ള ഒരു വിശപ്പ് തന്റെ കേള്‍വിക്കാരില്‍ യേശു ഉണര്‍ത്തി, കര്‍മ്മങ്ങളുടെ ബന്ധനത്തില്‍നിന്ന് അവരെ അവന്‍ സ്വതന്ത്രരാക്കി. രക്ഷ പരിഗണിക്കാന്‍ അവരെ അവന്‍ പ്രേരിപ്പിച്ചു. ദൈവത്തിന്റെ ദാനം സ്വീകരിക്കാന്‍ അവരെ ഒരുക്കി, അവനില്‍ വിശ്വസിക്കേണ്ടതിന്റെ ആവശ്യകത അവന്‍ അവരോടു വിശദീകരിച്ചു.

ഉപരിപ്ളവമായ ഉത്സാഹത്തോടെ ജനക്കൂട്ടം പറഞ്ഞു, "ദൈവിക അപ്പം നല്‍കുന്നവനേ, ഈ അതുല്യമായ ദാനം ഞങ്ങള്‍ക്ക് എപ്പോഴും തന്ന്, കഷ്ടപ്പാടില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങള്‍ നിന്നില്‍ ചാരുന്നു, നിത്യജീവന്‍കൊണ്ടു ഞങ്ങളെ നിറയ്ക്കണമേ, നിന്റെ ശക്തി ഞങ്ങള്‍ക്കു തന്നാലും!" അപ്പോഴും അവരുടെ വിചാരം ഭൌമികമായ അപ്പമായിരുന്നു, ദൈവത്തിന്റെ ദാനം അതുല്യമാണെന്നെങ്കിലും അവര്‍ അറിഞ്ഞിരുന്നു.

യേശുവിനെ സമീപിക്കുന്നതൊന്നും അവന്‍ നിരാകരിച്ചില്ല. അവന്‍ പ്രാഥമികമായി മുഴുലോകത്തിനുംവേണ്ടിയുള്ള ദൈവത്തിന്റെ അപ്പമാണെന്ന് അവന്‍ വ്യക്തമാക്കി - ആഹാരം നല്‍കുന്നവനല്ല. നിത്യജീവന്റെ തിരഞ്ഞെടുപ്പുകള്‍ നല്‍കിയത് അവനാണ്. "എന്നെക്കൂടാതെ നിങ്ങള്‍ നിത്യജീവന്‍ കണ്ടെത്തുകയില്ല. ഞാന്‍ നിങ്ങള്‍ക്കുള്ള ദൈവദാനമാണ്. എന്നെക്കൂടാതെ നിങ്ങള്‍ നരകത്തിലായിരിക്കും കഴിയുക" - യേശു സൂചിപ്പിച്ചു.

"അപ്പം നിങ്ങളില്‍ പ്രവേശിച്ചു നിങ്ങള്‍ക്കു ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നതുപോലെ, നിങ്ങളില്‍ പ്രവേശിച്ചു നിങ്ങളുടെ മനസ്സിനെയും മനഃസാക്ഷിയെയും ഉണര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങനെ നിങ്ങള്‍ക്ക് ആത്മാവില്‍ ജീവിക്കാം. എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നെ നിങ്ങള്‍ക്കു ദിവസവും വേണം, എന്നെത്തന്നെ ഞാന്‍ നിങ്ങള്‍ക്കു സൌജന്യമായി നല്‍കുന്നു. നിങ്ങള്‍ യാതൊന്നും മുടക്കേണ്ടതില്ല, എന്നെ നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ മതി." സഹോദരാ, സഹോദരീ, താങ്കള്‍ക്കു ക്രിസ്തുവിനെ ആവശ്യമുണ്ട്. അവന്റെ വചനം വായിക്കുന്നതും അവന്റെ ചിന്തകള്‍ ഗ്രഹിക്കുന്നതും മാത്രം പോരാ. അവനെ നിങ്ങള്‍ക്കു വ്യക്തിപരമായി ആവശ്യമുണ്ട്. ആഹാരവും വെള്ളവുമെന്നപോലെ അവന്‍ നിങ്ങള്‍ക്ക് അവശ്യഘടകമാണ്. അവനെ സ്വീകരിക്കുകയോ സ്വീകരിക്കാതെ നശിക്കുകയോ ചെയ്യുന്നതു നിങ്ങളുടെ കാര്യമാണ്.

നിങ്ങള്‍ ചോദിച്ചേക്കാം, എങ്ങനെയാണ് അവന്‍ എന്റെയുള്ളില്‍ കടക്കുക? അവന്റെ മറുപടി: നിന്റെ ഹൃദയം എനിക്കായി വാഞ്ഛിക്കട്ടെ, എന്റെയടുക്കല്‍ വന്ന് എന്നെ നന്ദിയോടെ സ്വീകരിക്കുക, എന്നില്‍ വിശ്വസിക്കുക. നമ്മുടെ ഹൃദയത്തിലേക്കുള്ള യേശുവിന്റെ വരവു വിശ്വാസത്താല്‍ നിറവേറുന്നതാണ്. യേശു നിങ്ങള്‍ക്കായുള്ള ദൈവത്തിന്റെ ദാനമാകയാല്‍ അവനു നന്ദിയര്‍പ്പിക്കുക. തന്നെത്താന്‍ സൌജന്യമായി നല്‍കിയതിനാല്‍ സന്തോഷത്തോടെ അവനെ സ്തുതിക്കുക - അവന്‍ നിങ്ങളില്‍ വസിക്കാന്‍ സന്നദ്ധനായിരിക്കുന്നല്ലോ. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവന്‍ നിങ്ങളില്‍ വന്ന് എന്നേക്കും വസിക്കും.

പിന്നെ നിങ്ങള്‍ക്കു യേശു നല്‍കുന്ന ഉറപ്പ്, "എന്നെ നിങ്ങള്‍ സ്വീകരിച്ചതിനാല്‍, ഞാന്‍ നിങ്ങളില്‍ വസിക്കുകയും ജീവനുവേണ്ടിയുള്ള നിങ്ങളുടെ വിശപ്പു ശമിപ്പിക്കുകയും ചെയ്യും. ലോകമതങ്ങളെയും അവയുടെ തത്വജ്ഞാനങ്ങളെയും കുറിച്ച് ഇനിമേല്‍ ചര്‍ച്ചയൊന്നും വേണ്ട. പൊട്ടക്കുളങ്ങളിലെ വെള്ളത്തില്‍ ആശ്രയിക്കേണ്ട, അതില്‍നിന്നു കുടിക്കേണ്ട. ഞാന്‍ നിങ്ങള്‍ക്കു ശക്തിയും അര്‍ത്ഥവും സമാധാനവും നല്‍കും."

യോഹന്നാന്‍ 6:36-40
36എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ. 37പിതാവ് എനിക്കു തരുന്നതൊക്കെയും എന്റെ അടുക്കല്‍ വരും; എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ല. 38ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത്. 39അവന്‍ എനിക്കു തന്നതില്‍ ഒന്നും ഞാന്‍ കളയാതെ എല്ലാം ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. 40പുത്രനെ നോക്കിക്കൊണ്ട് അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാന്‍ അവനെ ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കും.

യേശു ഗലീലക്കാര്‍ക്കു കൃപയുടെ അപ്പം നല്‍കിക്കഴിഞ്ഞു. അവര്‍ അവന്റെ അധികാരമെല്ലാം കണ്ടു. അത്തരം യാഥാര്‍ത്ഥ്യം ഗ്രഹിക്കല്‍ ദൃഢവിശ്വാസമായിത്തീരുകയോ, വിശ്വാസം ഏറ്റുപറയുന്നതിലേക്ക് അവരെ നയിക്കുകയോ ചെയ്തില്ല. തീര്‍ച്ചയില്ലാതെ അവര്‍ അപ്പോഴും ഉലയുകയായിരുന്നു. അപ്പത്തിന്റെ നാഥനെന്ന നിലയില്‍ അവര്‍ യേശുവിനെ ഉറ്റുനോക്കി, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ അവനെ വിശ്വസിക്കാന്‍ സംശയിച്ചു. അവനെ അവര്‍ നന്ദിയോടെ സ്വീകരിച്ചില്ല.

യെരൂശലേമില്‍ ചെയ്തതുപോലെ യേശു അവരോട് ഉറപ്പായിപ്പറഞ്ഞത് അവനില്‍നിന്നുള്ള അവരുടെ വേര്‍പാടിന്റെ കാരണമായിരുന്നു. എന്തുകൊണ്ടാണ് അധികംപേര്‍ യേശുവില്‍ വിശ്വസിക്കാത്തത്? യേശു തുറന്നടിച്ച് ഇങ്ങനെ പറഞ്ഞില്ല, "അതു നിങ്ങളുടെ കുഴപ്പമാണ്." മറിച്ച് അവന്‍ പിതാവിലേക്കു വിരല്‍ ചൂണ്ടിക്കാട്ടിയിട്ട്, ദൈവികമായ പ്രവൃത്തിയെന്ന നിലയില്‍ വിശ്വാസം വളരുന്നത് എങ്ങനെയെന്നു പറഞ്ഞുകൊടുത്തു.

തന്ത്രംകൊണ്ടോ വെറും വാദംകൊണ്ടോ ആരെയും നേടാന്‍ യേശു ആഗ്രഹിച്ചില്ല. അവരെക്കുറിച്ചുള്ള സത്യം ദൈവത്തിന് അറിയാവുന്നതിനാല്‍ ദൈവമാണ് അവനു പാപികളെ നല്‍കുന്നത്. അനുതപിക്കാനും രൂപാന്തരപ്പെടാനുമുള്ള അവരുടെ സന്നദ്ധതയും അവനറിയാം. ആത്മാവിനാല്‍ ആകര്‍ഷിക്കപ്പെടുന്നവര്‍ മാത്രമേ യേശുവിലേക്കു വരൂ. അനുതപിച്ചുകൊണ്ടു തന്റെയടുക്കല്‍ വരുന്നിടത്തോളം വ്യാജം പറയുന്നവരോടും വ്യഭിചാരികളോടും കള്ളന്മാരോടും യേശു വെറുപ്പുകാട്ടിയില്ല. അവന്റെയടുക്കല്‍ വന്നവരെയൊന്നും അവന്‍ തള്ളിക്കളഞ്ഞില്ല - ശത്രുക്കളെപ്പോലും. അവരോടു കരുണ തോന്നിയ അവന്‍ അവര്‍ക്കു രക്ഷ വാഗ്ദത്തം ചെയ്തു.

ക്രിസ്തു തനിക്കുവേണ്ടിത്തന്നെ ജീവിച്ചില്ല. വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കായി ജീവിതത്തില്‍ പദ്ധതി തയ്യാറാക്കിയില്ല. പിതാവിന്റെ ഹിതം നിറവേറ്റുന്നതിന്, അവന്റെ സ്നേഹത്തിന്റെ ഉദ്ദേശ്യങ്ങളോടുകൂടിയാണ് അവന്‍ ഇറങ്ങിവന്നത് - നഷ്ടപ്പെട്ട പാപികളെ രക്ഷിക്കുന്നതിനും തന്നില്‍ വിശ്വസിക്കുന്നവരെ പാലിക്കുന്നതിനും. അവന്റെ ഔദാര്യവും രക്ഷിക്കുന്ന ശക്തിയും വലുതാണ്. അവന്റെ കൈയിലിരിക്കുന്നവരെ മരണത്തിനോ സാത്താനോ പാപത്തിനോ പിടിച്ചുപറിക്കാന്‍ കഴിയില്ല. അവന്റെ കരുണയില്‍ തന്റെ അനുഗാമികളെ ന്യായവിധിനാളില്‍ ഉയിര്‍ത്തെഴുന്നേല്പിച്ച് അവര്‍ക്കു നിത്യജീവന്‍ നല്‍കും.

താങ്കള്‍ക്കു ദൈവഹിതം അറിയാമോ? നിങ്ങള്‍ അവന്റെ പുത്രനെ നോക്കി, അവനെ അറിഞ്ഞ് അവനില്‍ വിശ്വസിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. അവന്‍ ആത്മാവില്‍നിന്നു ജനിച്ചവനാണ്, കൃപയും സത്യവും നിറഞ്ഞവനാണ്. പിന്നെ താങ്കള്‍ രക്ഷകനോടും, സകലവിശ്വാസികളോടും സ്ഥിരവും നിത്യവുമായ ഉടമ്പടികൊണ്ടു ചേരണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങളെക്കുറിച്ചുള്ള ദൈവോദ്ദേശ്യം നിറവേറും. ഒരു വിശ്വാസി പരിശുദ്ധാത്മാവിനാല്‍ നിത്യജീവന്‍ അവന്റെ/അവളുടെ നശ്വരമായ ശരീരത്തില്‍ തല്‍ക്ഷണം പ്രാപിക്കുന്നു. യേശുവിലുള്ള നിങ്ങളുടെ വിശ്വാസം ഈ നിത്യജീവന്‍ നിങ്ങള്‍ക്ക് ഉറപ്പിച്ചു നല്‍കുന്നു. സ്നേഹം, സന്തോഷം സമാധാനം, സൌമ്യത എന്നിവയില്‍ ഈ ജീവന്‍ പ്രകടമാകുന്നു. നിങ്ങളിലുള്ള ദൈവത്തിന്റെ ജീവന്‍ അവസാനമില്ലാത്തതാണ്. ദൈവഹിതത്തിന്റെ അന്തിമഘട്ടമെന്നതു യേശു നിങ്ങളെ മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കുന്നതാണ്. ഇതു വിശ്വാസിയുടെ മഹാപ്രത്യാശയും ജീവന്റെ പരമകാഷ്ഠയുമാണ്. പുത്രന്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് അതു സംഭവിക്കുന്നത് - പുത്രന്റെ തേജസ്സും അവന്റെ സ്നേഹത്തിന്റെ പ്രഭയും.

പ്രാര്‍ത്ഥന: പിതാവും പുത്രനും പരിശുദ്ധാത്മാവുമേ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നീ ഞങ്ങളില്‍നിന്നു ദൂരെയല്ല. ജനാവലി നിന്നെ തിരസ്ക്കരിച്ചപ്പോള്‍ നീ ഞങ്ങളുടെ അടുത്തേക്കു വന്നു. നിന്നെ കാണാനും യഥാര്‍ത്ഥ അപ്പമായ നിന്നെ കൈക്കൊള്ളാനും നീ ഞങ്ങളെ പ്രകാശിപ്പിച്ചു. ഞങ്ങളെ തള്ളിക്കളയാത്തതിനു നന്ദി. ഞങ്ങളുടെ വിശക്കുന്ന ഉള്ളങ്ങളെ നീ തൃപ്തിപ്പെടുത്തി. നിത്യമായ നിര്‍വൃതിയിലേക്കു നീ ഞങ്ങളെ ഉയിര്‍ത്തെഴുന്നേല്പിക്കും, അവിടെ നിത്യസന്തോഷത്തിന്റെ സ്തുതികളുണ്ടല്ലോ.

ചോദ്യം:

  1. "ജീവന്റെ അപ്പ"മെന്നാല്‍ എന്താണര്‍ത്ഥം?

www.Waters-of-Life.net

Page last modified on May 10, 2012, at 11:38 AM | powered by PmWiki (pmwiki-2.3.3)