Previous Lesson -- Next Lesson
യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി
4. "സ്വീകരിക്കുക, അല്ലെങ്കില്‍ തിരസ്ക്കരിക്കുക'' - യേശു ജനത്തിനു നല്‍കിയ തിരഞ്ഞെടുക്കല്‍ (യോഹന്നാന്‍ 6:22-59)
യോഹന്നാന്‍ 6:22-25
22പിറ്റെന്നാള്‍ കടല്ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നുവെന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകില്‍ കയറാതെ ശിഷ്യന്മാര്‍ മാത്രം പോയിരുന്നുവെന്നും ഗ്രഹിച്ചു. 23എന്നാല്‍ കര്‍ത്താവു വാഴ്ത്തീട്ട് അവര്‍ അപ്പം തിന്ന സ്ഥലത്തിനരികെ തിബെര്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു. 24യേശു അവിടെയില്ല ശിഷ്യന്മാരുമില്ലായെന്നു പുരുഷാരം കണ്ടപ്പോള്‍ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫര്‍ന്നഹൂമില്‍ എത്തി. 25കടലക്കരെ അവനെ കണ്ടെത്തിയപ്പോള്‍: റബ്ബീ, നീ എപ്പോള്‍ ഇവിടെ വന്നു എന്നു ചോദിച്ചു.
യേശു വള്ളത്തില്‍ യാത്ര ചെയ്തില്ലായെന്നു ജനം ഗ്രഹിച്ചപ്പോള്‍, അവന്‍ മറുപടി പറയാതെ മാറിക്കളഞ്ഞതില്‍ അവര്‍ ആശ്ചര്യപ്പെട്ടു. രാത്രിയുടെ മറവില്‍ അവന്‍ മാറിപ്പോയി.
അപ്പം കൊടുത്ത വാര്‍ത്തയുമായി ആയിരങ്ങള്‍ കഫര്‍ന്നഹൂമിലേക്കു മടങ്ങിവന്നു. അസൂയാലുക്കളായ ആളുകള്‍ ആശ്ചര്യഭരിതരായിട്ട് ഈ സമൃദ്ധിയില്‍നിന്നു പങ്കുപറ്റാനാഗ്രഹിച്ചു. ശിഷ്യന്മാരുടെ വീടുകളില്‍ അവര്‍ യേശുവിനെ അന്വേഷിച്ച് അവനെ കണ്ടെത്തുന്നതുവരെ നടന്നു. ഒരു ക്രിസ്തീയ പ്രമാണത്തിന്റെ സത്യം അവര്‍ കാണാന്‍ തുടങ്ങി: "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നിടത്ത് അവരുടെ നടുവില്‍ ഞാന്‍ ഉണ്ട്."
അത്ഭുതം കാണാന്‍ കാംക്ഷിച്ചവര്‍ ഒരു പുതിയ അത്ഭുതത്തെക്കുറിച്ചു ബോധമുള്ളവരായിരുന്നു. അവര്‍ തിരക്കി: "എപ്പോള്‍, എങ്ങനെയാണു നീ ഇവിടെയെത്തിയത്?" യേശു ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. പകരം ആത്മീയപരിഗണനയോടെ അവന്‍ വിശ്വാസത്തിന്റെ അര്‍ത്ഥം വ്യക്തമാക്കി. ഉത്സാഹികളുടെയിടയിലെ നിഷ്ക്കളങ്കരെ അവന്റെ സ്നേഹത്തിലേക്ക് ആകര്‍ഷിക്കാനും, അവന്റെ ശത്രുക്കളുടെ വഞ്ചന അവര്‍ക്കു കാണിച്ചുകൊടുക്കാനുമായിരുന്നു അവന്റെ താത്പര്യം. ശീതോഷ്ണാവസ്ഥ യേശു ഇഷ്ടപ്പെട്ടിരുന്നില്ല. ഉപരിപ്ളവമായി മതഭക്തിയുള്ളവരില്‍നിന്നു വിശ്വാസികളുടെ സമൂഹത്തെ യേശു വേര്‍തിരിച്ചു.
യോഹന്നാന്‍ 6:26-27
26അതിനു യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്. 27നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവര്‍ത്തിക്കുവിന്‍; അതു മനുഷ്യപുത്രന്‍ നിങ്ങള്‍ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.
യേശു ജനക്കൂട്ടത്തിനു വ്യക്തമായ മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ എന്നെ സ്നേഹിക്കുന്നതും തിരക്കുന്നതും എനിക്കുവേണ്ടിയല്ല, നിങ്ങള്‍ ദൈവത്തെക്കുറിച്ചു ചിന്തിക്കുന്നതു ശരിയായ ചിന്തകളുമല്ല, നിങ്ങള്‍ ചിന്തിക്കുന്നതു നിങ്ങളുടെ വയറിനെക്കുറിച്ചും അപ്പത്തെക്കുറിച്ചുമാണ്. വെറുതെ അപ്പം തിന്നു വിശപ്പടക്കാന്‍ മാത്രമല്ല ആ അടയാളം ഞാന്‍ ചെയ്തതെന്നു നിങ്ങള്‍ ഗ്രഹിച്ചില്ല. എന്റെ ശക്തിയില്‍ എന്നെ നിങ്ങള്‍ അറിയേണ്ടതിനായിരുന്നു അത്. നിങ്ങള്‍ ദാനത്തെയാണു തേടുന്നത്, ദാതാവിനെ നിങ്ങള്‍ അറിയുന്നില്ല. ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിങ്ങള്‍ എന്റെ ദൈവത്വത്തില്‍ വിശ്വസിക്കുന്നില്ല.
തിന്നാനും കുടിക്കാനുംവേണ്ടി ദിവസം മുഴുവന്‍ കഷ്ടപ്പെടരുത്, പകരം ദൈവശക്തിയെക്കുറിച്ചു ചിന്തിക്കുക. തിന്നാന്‍വേണ്ടി ജീവിക്കുന്ന മൃഗങ്ങളെപ്പോലെ ആകരുത്, പകരം ആത്മാവാകുന്ന ദൈവത്തോടടുക്കുക. അവന്റെ നിത്യജീവന്‍ നിങ്ങള്‍ക്കു നല്‍കാന്‍ അവന്‍ സന്നദ്ധനാണ്.
യേശു വീണ്ടും വിശദീകരിച്ചു: ദൈവത്തിന്റെ മഹാദാനം നിങ്ങള്‍ക്കു നല്‍കാനാണു ഞാന്‍ ലോകത്തിലേക്കു വന്നത്. രക്തവും മാംസവുമുള്ള വെറും മനുഷ്യനല്ല ഞാന്‍. മറിച്ചു നിങ്ങളുടെ അനുഗ്രഹത്തിനായുള്ള ദൈവത്തിന്റെ ദാനമാണു ഞാന്‍ എന്നില്‍ വഹിക്കുന്നത്. ആത്മീയജീവന്‍ പകര്‍ന്നുകൊടുക്കുന്നതിനും സ്വര്‍ഗ്ഗീയശക്തികൊണ്ടു നിങ്ങളെ ഉണര്‍ത്തുന്നതിനും ദൈവം അവന്റെ പരിശുദ്ധാത്മാവുകൊണ്ട് എന്നെ മുദ്രയിട്ടിരിക്കുന്നു.
ഈ പ്രസ്താവത്തോടെ യേശു ആ മഹാരഹസ്യം പ്രഖ്യാപിച്ചു. അതായത്, ദൈവം എല്ലാറ്റിനുവേണ്ടിയും കരുതുന്നു, മനുഷ്യരാശിയെ പോഷിപ്പിക്കുന്നു, അവരെ സ്നേഹിക്കുന്നു. അനുഗ്രഹിക്കുന്നതിനുമുമ്പ്, നിയമം പാലിക്കാന്‍ നമ്മെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുന്ന കോപിക്കുന്ന ദൈവമല്ല അവന്‍. അവന്‍ നീതിമാന്മാരെയും ദുഷ്ടന്മാരെയും അനുഗ്രഹിക്കുന്നു, വേര്‍തിരിവില്ലാതെ എല്ലാവരുടെമേലും, നിരീശ്വരന്മാരുടെയും ദൈവദൂഷകന്മാരുടെമേല്‍പ്പോലും സൂര്യനെ പ്രകാശിപ്പിക്കുന്നു. ദൈവം സ്നേഹമാകുന്നു. ഭൌതികചിന്തകളില്‍നിന്നു ജനത്തെ സ്വതന്ത്രരാക്കാനും പിതാവായ ദൈവത്തിലെ വിശ്വാസത്തിലേക്ക് അവരെ മടക്കിവരുത്താനും ക്രിസ്തു മനുഷ്യരെ അന്വേഷിച്ചു. അവന്റെ രാജ്യം ലൌകികമല്ലെന്ന് അവന്‍ ഉറപ്പിച്ചുപറഞ്ഞു. അതിന്റെ അടിസ്ഥാനം ഭക്ഷണവും സമ്പത്തും അധികാരവുമല്ല, മറിച്ച് അതു സമൃദ്ധിയായ ദൈവികജീവന്റെ ആത്മീയരാജ്യമാണ്. ക്രിസ്തു എന്ന വ്യക്തിയിലാണ് അത് അവരിലേക്കു വരുന്നത്. ചോദിക്കുന്നവര്‍ക്കെല്ലാം അവന്‍ ആത്മാവിനെ നല്‍കുന്നു.
യോഹന്നാന്‍ 6:28-29
28അവര്‍ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്‍ത്തിക്കേണ്ടതിനു ഞങ്ങള്‍ എന്തു ചെയ്യണമെന്നു ചോദിച്ചു. 29യേശു അവരോട്: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രേ എന്ന് ഉത്തരം പറഞ്ഞു.
യേശുവിന്റെ പഠിപ്പിക്കല്‍ ജനത്തിനു വ്യക്തമായി ഗ്രഹിക്കാനായില്ല. പക്ഷേ ദൈവത്തില്‍നിന്ന് ഒരു മഹാദാനം അവന്‍ നല്‍കുന്നുവെന്ന് അവര്‍ക്കു മനസ്സിലായി. ഈ നിത്യജീവന്‍ പ്രാപിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായി. ഈ ദാനത്തിനായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ ഒരുക്കമായിരുന്നു. പ്രവൃത്തികളാല്‍ ദൈവത്തിന്റെ ദാനം നേടുന്നതിനായി അവര്‍ ന്യായപ്രമാണം പാലിച്ചു, ബലിയര്‍പ്പിച്ചു, ഉപവസിച്ചു, പ്രാര്‍ത്ഥിച്ചു, തീര്‍ത്ഥയാത്രകള്‍ ചെയ്തു. അവരുടെ അന്ധത കാണുക. അവരെല്ലാം നിയമജ്ഞരാണ്, സ്വപരിശ്രമത്താല്‍ രക്ഷനേടാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ കുറ്റക്കാരും നഷ്ടപ്പെട്ടവരുമായിരിക്കെ ഇത് അസാദ്ധ്യമാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ദൈവവേലയാണു തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ അഭിമാനത്തോടെ കരുതി. ഇതു ചെയ്യാനുള്ള വിശുദ്ധിയും ശക്തിയും അവര്‍ക്കുണ്ടെന്നും വിചാരിച്ചു. മനുഷ്യന്റെ കണ്ണു കുരുടായതിനാല്‍ അവന്റെ ഹൃദയത്തിന്റെ യഥാര്‍ത്ഥ സ്ഥിതി അവനു കാണാന്‍ കഴിയുന്നില്ല. അവന്‍ തന്നെത്തന്നെ ഒരു കുട്ടിദൈവമായിട്ടു കാണുകയും ദൈവം അവനില്‍ പ്രസാദിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.
എന്തെങ്കിലും പ്രവൃത്തികളോ കര്‍മ്മങ്ങളോ അല്ല അവരില്‍നിന്ന് ആവശ്യപ്പെടുന്നതെന്നു യേശു അവര്‍ക്കു കാട്ടിക്കൊടുത്തു. അവന്‍ അവരെ വ്യക്തിപരമായി വിശ്വാസത്തിലേക്കു വിളിച്ചു. പ്രയത്നങ്ങളോ കഴിവോ ദൈവം ആവശ്യപ്പെടുന്നില്ല, നാം യേശുവിനു വഴങ്ങി അവനില്‍ വിശ്വസിക്കാനേ അവന്‍ ആഗ്രഹിക്കുന്നുള്ളൂ. ഈ വാക്കുകള്‍ അവര്‍ക്ക് ഇടര്‍ച്ചക്കല്ലായി. ഇങ്ങനെ യേശുവും ജനവും തമ്മിലുള്ള ഭിന്നതയ്ക്കു തുടക്കമായി. അവനില്‍ വിശ്വസിക്കുന്നതാണു ദൈവപ്രവൃത്തിയെന്ന് അവന്‍ തുടര്‍ന്നും വിശദീകരിച്ചുകൊടുത്തു. "നിങ്ങളുടെ ഉള്ളങ്ങള്‍ പരിശുദ്ധാത്മാവിനുവേണ്ടി തുറന്നുകൊടുത്താല്‍, എന്റെ അധികാരവും ലക്ഷ്യങ്ങളും സ്നേഹവും നിങ്ങളറിയും. ഞാന്‍ വെറുമൊരു പ്രവാചകനല്ല, മറിച്ചു സ്രഷ്ടാവാണ്, നിങ്ങള്‍ക്കായി പിതാവ് അയച്ച പുത്രനാണെന്ന് അപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. ദൈവമക്കളായിത്തീരാന്‍ നിങ്ങളുടെ ലൌകികപരിഗണനകളില്‍നിന്നു നിങ്ങള്‍ മാറും."
യേശുവില്‍ വിശ്വസിക്കുകയെന്നാല്‍ അവനെ പിടിച്ചുകൊള്ളുന്നതാണ്, നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ അവനെ അനുവദിക്കുന്നതാണ്, അവന്റെ നടത്തിപ്പ് (leading) അംഗീകരിക്കുകയും അവന്റെ ശക്തിയിലൂടെ നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നതാണ്. യേശുവുമായി ഇപ്പോഴും നിത്യതയിലും ചെയ്യുന്ന സ്നേഹബന്ധമാണു വിശ്വാസം. ഇതു ദൈവത്തിന്റെ പ്രവൃത്തിയാണ്, വിശ്വാസികളെ അവന്‍ തന്റെ പുത്രനോടു ബന്ധിപ്പിക്കുന്നു. പാപം അവരുടെ ജീവിതത്തില്‍നിന്നു മാഞ്ഞുപോയിട്ട്, അവനോടുകൂടെ അവര്‍ എന്നേക്കും വസിക്കേണ്ടതിനാണ് അത്.
യോഹന്നാന്‍ 6:30-33
30അവര്‍ അവനോട്: ഞങ്ങള്‍ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിനു നീ എന്ത് അടയാളം ചെയ്യുന്നു? എന്തു പ്രവര്‍ത്തിക്കുന്നു? 31നമ്മുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നു; അവര്‍ക്കു തിന്നുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 32യേശു അവരോട്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പം മോശെയല്ല നിങ്ങള്‍ക്കു തന്നത്, എന്റെ പിതാവത്രേ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സാക്ഷാല്‍ അപ്പം നിങ്ങള്‍ക്കു തരുന്നത്. 33ദൈവത്തിന്റെ അപ്പമോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നതാകുന്നു എന്നു പറഞ്ഞു.
ജനക്കൂട്ടത്തിന്റെ ഭാഗത്തുനിന്നു പൂര്‍ണ്ണസമര്‍പ്പണം യേശു ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ ഒരു ഞെട്ടലാണുണ്ടായത്. ദൈവത്തിനു മാത്രം അര്‍പ്പിക്കേണ്ട ഒരു കാര്യമാണു യേശു തങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതെന്നു അവര്‍ക്കു തോന്നി. അതിനാല്‍, അവന്റെ അവകാശവാദം ന്യായീകരിക്കുന്നതിന് അവര്‍ അവനെ ഒന്നു പരീക്ഷിച്ചു. "നിന്റെ ദൈവത്വത്തിന്റെ തെളിവു ഞങ്ങള്‍ക്കു നല്‍കുക, ദിവസംതോറും പുതിയ മന്നാ മരുഭൂമിയിലെ ജനത്തിനു മോശെ നല്‍കി. എന്നാല്‍ നീ ഒറ്റപ്രാവശ്യമേ ഞങ്ങള്‍ക്ക് അപ്പം തന്നുള്ളൂ. മോശെ ലക്ഷക്കണക്കിനു പേര്‍ക്കാണ് അപ്പം നല്‍കിയത്, നീ വെറും അയ്യായിരം പേര്‍ക്കേ കൊടുത്തുള്ളൂ. വീണ്ടും അത്ഭുതം കാണിക്കുക, എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കാം." ഇങ്ങനെ പറയുന്നതുപോലെയായിരുന്നു അവരുടെ പറച്ചില്‍. ഇതാണു മനുഷ്യന്റെ വികലമായ അവസ്ഥ. യേശുവിന്റെ നിരുപാധികമായ സ്നേഹത്തിനു വഴങ്ങാന്‍ മനസ്സില്ലാതെ, അതിനുള്ള തെളിവിനാണ് ആദ്യമേ നിര്‍ബ്ബന്ധിക്കുന്നത്. എന്നാല്‍ യേശു പറയുന്നു, "കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവരാണു വിശ്വാസംകൊണ്ട് എന്നെ മാനിക്കുന്നവര്‍."
ചട്ടക്കൂടിന്റെ ചിന്താഗതിയില്‍നിന്ന്, തന്നിലുള്ള വ്യക്തമായ വിശ്വാസത്തിലേക്കു പടിപടിയായി കേള്‍വിക്കാരെ നയിച്ച പരമോന്നതനായ വഴികാട്ടിയാണു യേശു. ആഹാരത്തിനായുള്ള ആഗ്രഹത്തില്‍നിന്ന് അവന്‍ മനുഷ്യനെ സ്വതന്ത്രമാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തു. അവന്‍ തന്നെയാണു ദൈവത്തിന്റെ ദാനം.
ഈ ക്രമാനുഗതമായ വ്യക്തമാക്കലിന്റെ ഭാഗമായി, തിരുവെഴുത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുള്ള അവരുടെ മിഥ്യാധാരണകളില്‍നിന്നു യേശു അവരെ സ്വതന്ത്രമാക്കി - മോശെ അവര്‍ക്കു മന്നാ നല്‍കിയതുപോലെ. എല്ലാം സമൃദ്ധിയായി നല്‍കുന്ന ദൈവമായിരുന്നു അതു വാസ്തവത്തില്‍ അവര്‍ക്കു നല്‍കിയത്. ഏറ്റവും നല്ല അപ്പവും ഒരിക്കലും നശിക്കാത്തതുമായ സ്വര്‍ഗ്ഗീയ ആഹാരവും ദൈവമാണ് അവര്‍ക്കു നല്‍കുന്നതെന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നതിലേക്ക് അവന്‍ അവരെ കൊണ്ടുവന്നു. യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന അവര്‍ക്കു മനസ്സിലായത്, അവന്‍ ദൈവത്തെ തന്റെ പിതാവെന്നു വിളിച്ചതിനാല്‍ തന്നെത്താന്‍ ദൈവപുത്രനെന്നു പ്രഖ്യാപിക്കുകയാണെന്നായിരുന്നു. എന്നാലും, മോശെയുടെ കൈയിലൂടെ സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്ന ഭൌതികാഹാരത്തെക്കുറിച്ചായിരുന്നു അപ്പോഴും ജനക്കൂട്ടം ചിന്തിച്ചത്.
ദൈവത്തിന്റെ അപ്പം വയറ്റിലേക്കു ചവച്ചിറക്കാനുള്ളതല്ല, മറിച്ചു സത്യത്തിനും സമൃദ്ധിയായ ജീവനും വിശക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന ക്രിസ്തുവാണെന്ന ധാരണയിലേക്ക് യേശു അവരെ ഉയര്‍ത്തി. ദൈവത്തിന്റെ അനുഗ്രഹങ്ങളും അധികമായ ശക്തിയും വഹിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തില്‍നിന്നു താഴേക്കു വന്നവനാണ് അതു നല്‍കുന്നത്. ദൈവത്തിന്റെ അപ്പം ഭൌതികവും നശിക്കുന്നതുമല്ല, അത് ആത്മീയവും സ്ഥിരമായി നില്‍ക്കുന്നതുമാണ്. മന്നാപോലെ അതു നിലത്തുനിന്നുള്ളതല്ല, അതു ദൈവത്തില്‍നിന്നു വന്നതാണ്, യുഗങ്ങളായി അതു മനുഷ്യരാശിക്കെല്ലാം മതിയായതാണ്. ലോകത്തെ മുഴുവനും പിതാവായ ദൈവം കരുതുന്നതിനാല്‍, അത് അബ്രാഹാമിന്റെ സന്തതിക്കുവേണ്ടി പരിമിതപ്പെട്ടതല്ല.
പ്രാര്‍ത്ഥന: ഓ, യേശുവേ, സ്വാര്‍ത്ഥതയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നു ഞങ്ങളെ സൂക്ഷിക്കണമേ. ഒരു എളിയ വിശ്വാസം ഞങ്ങളില്‍ സൃഷ്ടിച്ചാലും. ഞങ്ങള്‍ ചെയ്യേണ്ടതെന്തെന്നു നീ പറയുന്നതു ശ്രദ്ധിക്കാന്‍ നിന്റെ ശക്തിയാല്‍ ഞങ്ങളില്‍ പ്രവര്‍ത്തിക്കണമേ. ഞങ്ങളിലുള്ള നിന്റെ സാന്നിദ്ധ്യത്താല്‍ ഞങ്ങളുടെ ഹൃദയത്തിന്റെ വിശപ്പു ശമിപ്പിക്കണമേ. നിത്യജീവനായി ഞങ്ങളെ സൂക്ഷിക്കണമേ. ഞങ്ങളുടെ അടുത്തേക്കു വന്നതിനും ഞങ്ങള്‍ക്കു ശക്തിയും അനുഗ്രഹവും ദാനം ചെയ്തതിനും പിതാവേ, അങ്ങേയ്ക്കു നന്ദി.
ചോദ്യം:
- അപ്പത്തിനായുള്ള ആഗ്രഹത്തില്‍നിന്ന്, യേശുവിലേക്കുള്ള വിശ്വാസത്തിലേക്കു യേശു ജനത്തെ നയിച്ചത് എങ്ങനെ?