Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 034 (Healing of the paralytic)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
A - യെരൂശലേമിലേക്കുള്ള രണ്ടാമത്തെ യാത്ര (യോഹന്നാന്‍ 5:1-47) - യേശുവും യഹൂദന്മാരും തമ്മിലുള്ള ശത്രുത്വം പൊട്ടിപ്പുറപ്പെടുന്നു

1. ബേഥെസ്ദാ കുളക്കരയിലെ രോഗിയുടെ സൌഖ്യം (യോഹന്നാന്‍ 5:1-16)


യോഹന്നാന്‍ 5:10-13
10എന്നാല്‍ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാല്‍ യഹൂദന്മാര്‍ സൌഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. 11അവന്‍ അവരോട്: എന്നെ സൌഖ്യമാക്കിയവന്‍: കിടക്ക എടുത്തു നടക്കുകയെന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു. 12അവര്‍ അവനോട്: കിടക്കയെടുത്തു നടക്കുകയെന്നു നിന്നോടു പറഞ്ഞ മനുഷ്യന്‍ ആര് എന്നു ചോദിച്ചു. 13എന്നാല്‍ അവിടെ പുരുഷാരം ഉണ്ടായിരിക്കുകയാല്‍ യേശു മാറിക്കളഞ്ഞതുകൊണ്ട് അവന്‍ ആരെന്നു സൌഖ്യം പ്രാപിച്ചവന്‍ അറിഞ്ഞില്ല.

മതഭ്രാന്തന്മാരായ ന്യായപ്രമാണികള്‍ക്കൊഴികെ, ബേഥെസ്ദാ കുളക്കരയിലുണ്ടായിരുന്നവര്‍ക്കെല്ലാം മഹാസന്തോഷമുണ്ടായി. അസഹിഷ്ണുക്കളായ അവര്‍ അസൂയയുടെ ഭ്രാന്തു പിടിച്ചവരായി, പ്രത്യേകിച്ചു ശബ്ബത്തില്‍ സൌഖ്യമാക്കിയതിനാല്‍. യേശു അവനെ സൌഖ്യമാക്കിയെന്നു മാത്രമല്ല, പട്ടണത്തിലൂടെ കിടക്കയെടുത്തു കൊണ്ടുപോകാനും അവനോടാവശ്യപ്പെട്ടു. ഇതു ദൈവത്തിനും ശബ്ബത്തിന്റെ അനുഷ്ഠാനത്തിനുമെതിരായ പാപമാണെന്ന് അവര്‍ക്കു തോന്നി. അന്ന് ഒരു ജോലിയും ചെയ്യാതെ വിശ്രമിക്കേണ്ടതായിരുന്നു. ആരെങ്കിലും ഈ പ്രമാണം ലംഘിച്ചാല്‍ അയാള്‍ മരണയോഗ്യനായിരുന്നു (സംഖ്യാപുസ്തകം 15:32-36). യഹൂദജാതി മുഴുവനും അതീവശ്രദ്ധയോടെ ശബ്ബത്ത് ആചരിച്ചില്ലെങ്കില്‍, മശീഹ വരുകയില്ലെന്നായിരുന്നു അവരുടെ വിശ്വാസം.

കിടക്കയെടുത്തു നടന്നതിന് ഈ മനുഷ്യനെ യഹൂദന്മാര്‍ അവിടെവെച്ചു കല്ലെറിഞ്ഞില്ല. ശിക്ഷ വിധിക്കുന്നതിനു മുമ്പ് ഒരു താക്കീതു കൊടുക്കണമല്ലോ. ആ എതിര്‍പ്പ് ഒരു ഭീഷണിയായിരുന്നു. യേശു നിര്‍ദ്ദേശിച്ചെന്നു പറഞ്ഞുകൊണ്ട്, ആ സൌഖ്യമായ മനുഷ്യന്‍ തന്നെത്താന്‍ പ്രതിരോധിച്ചു. പരിപൂര്‍ണ്ണമായ സൌഖ്യത്തിനുള്ള വ്യവസ്ഥയായിരുന്നല്ലോ കിടക്ക വഹിക്കുന്നത്.

കോപാകുലരായ നിയമജ്ഞര്‍ക്ക് ആ രോഗസൌഖ്യത്തില്‍ യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല. ആ സൌഖ്യത്തില്‍ യേശു കാട്ടിയ സ്നേഹത്തിന്റെ അധികാരം അവര്‍ വിവേചിച്ചറിഞ്ഞുമില്ല. അസൂയാലുക്കളായ അവര്‍ ചര്‍ച്ച ചെയ്യാനും, യേശുവിനെ വെറുക്കാനും തുടങ്ങി. രോഗസൌഖ്യം പ്രാപിച്ചവനോടു ശബ്ബത്തില്‍ കിടക്കയെടുത്തു നടക്കാന്‍ പറയുന്നതിന് യേശു ധൈര്യപ്പെട്ടുവല്ലോ. അതിനാല്‍ അവരുടെ അഭിപ്രായത്തില്‍, മരണയോഗ്യനായ ഒരു അതിക്രമക്കാരനാണു യേശു.

യേശു ഒരപരിചിതനായിരിക്കെ, ഈ സൌഖ്യമായ വ്യക്തിക്ക് യേശു ആരെന്നറിയില്ലായിരുന്നു. ബേഥെസ്ദായിലെ യേശുവിന്റെ പ്രഥമസന്ദര്‍ശനമായിരുന്നു അത്. സൌഖ്യമാക്കിയതിനുശേഷം അവന്‍ മറഞ്ഞുപോയതുപോലെ തോന്നി. അത്ഭുതങ്ങളില്‍ അടിസ്ഥാനപ്പെട്ട വിശ്വാസമല്ലായിരുന്നു യേശു ആഗ്രഹിച്ചത്, മറിച്ചു സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയിലുള്ള വിശ്വാസമായിരുന്നു.

യോഹന്നാന്‍ 5:14-16
14അനന്തരം യേശു അവനെ ദൈവാലയത്തില്‍വെച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിക്കാന്‍ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. 15ആ മനുഷ്യന്‍ പോയി തന്നെ സൌഖ്യമാക്കിയതു യേശു ആണെന്നു യഹൂദന്മാരോട് അറിയിച്ചു. 16യേശു ശബ്ബത്തില്‍ അതു ചെയ്തതുകൊണ്ടു യഹൂദന്മാര്‍ അവനെ ഉപദ്രവിച്ചു.

സൌഖ്യമായവനെത്തേടി യേശു പോയി, അവന്‍ ദൈവാലയത്തില്‍ ദൈവത്തെ സ്തുതിക്കുന്നതു കണ്ടു. യേശുവിനെക്കണ്ടപ്പോള്‍ അവന് ഒരേ സമയം സന്തോഷവും ഭയവുമുണ്ടായി. യേശു അവനോടു പറഞ്ഞത് എന്താണെന്നു നമുക്കറിയാം:

നിനക്കു സൌഖ്യമായി. മുപ്പത്തെട്ടു വര്‍ഷമായി രോഗിയായിക്കഴിഞ്ഞനിന്നിലേക്കു വന്ന അത്ഭുതത്തിന്റെ വ്യാപ്തി നീ ഗ്രഹിക്കണം. ഇതു മനുഷ്യപ്രവൃത്തിയല്ല, ദൈവപ്രവൃത്തിയാണ്. മനുഷ്യനായിത്തീര്‍ന്ന ദൈവം തന്നെയാണു നിന്റെ ഹൃദയക്കണ്ണുകള്‍ തുറന്നത്.

നിന്റെ പാപങ്ങള്‍ നിനക്കറിയാം. ദൈവത്തെക്കൂടാതെയുള്ള ജീവിതമാണ് ഈ ദുരന്തമൊക്കെ ഉളവാക്കിയത്. ഞാന്‍ സൌഖ്യമാക്കിയതുമൂലം നിന്റെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു. അവന്റെ ആന്തരികമനുഷ്യന്റെ സൌഖ്യവും അതിലടങ്ങിയിരുന്നതിനാല്‍, മേലാല്‍ പാപം ചെയ്യാതെ അനുസരിക്കണമെന്നു യേശു അവനോടാവശ്യപ്പെട്ടു. പാപക്ഷമ ലഭിക്കുന്നതില്‍, അതേ പാപത്തിലേക്കു മടങ്ങരുതെന്ന തീരുമാനമെടുക്കണമെന്നതും അടങ്ങിയിരിക്കുന്നു. ക്രിസ്തുവിന്റെ ശക്തിയേറിയ വചനം സ്വീകരിക്കുന്നവന്‍, ദുഃഖിച്ച് അനുതപിക്കുന്നവന്‍, ദൈവികശക്തി പ്രാപിക്കുന്നവന്‍ - അവനു ദൈവത്തിന്റെ ശക്തിയാല്‍ തിന്മയെ ജയിക്കാന്‍ കഴിയും. അസാദ്ധ്യമായതൊന്നും നമ്മില്‍നിന്നു ക്രിസ്തു ആവശ്യപ്പെടുന്നില്ല. മറിച്ചു നമ്മുടെ ശാരീരിക പ്രലോഭനങ്ങളെ ജയിക്കുന്നതിനായുള്ള ശക്തിക്കുവേണ്ട ആത്മാവിനെ നമുക്കു നല്‍കുന്നു. ദോഷത്തെ ഒഴിവാക്കാനും ചെറുത്തുനില്‍ക്കാനും നമ്മെ പ്രാപ്തരാക്കുന്നതാണു സത്യാത്മാവ്.

ചിലപ്പോഴൊക്കെ, നമ്മെ വീണ്ടും ദൈവത്തിലേക്കു മടക്കിവരുത്താനുള്ള ദൈവത്തിന്റെ ബാലശിക്ഷകളാണു രോഗങ്ങളും മുറിവുകളുമൊക്കെ. ദൈവത്തിന്റെ സ്നേഹമുള്ള കരുതലുകളാണ് അവ. മറ്റുള്ള സമയങ്ങളില്‍ സമ്പത്തും സുഖസൌകര്യങ്ങളും ദൈവത്തോടുള്ള നമ്മുടെ കഠിനമനോ ഭാവത്തിന്റെ ശിക്ഷയായി മാറിയെന്നും വരാം. ഭൂതബാധിതനായിത്തീര്‍ന്ന മനുഷ്യന്‍ നിത്യനാശത്തില്‍ അവസാനിക്കുന്നു. പാപവുമായി കളിക്കരുത്, മറിച്ച് ഏതെങ്കിലും പ്രത്യേക പാപത്തിന് അടിമയാകുന്നത് ഒരു തോല്‍വിയാണെന്നു സമ്മതിക്കുക, താങ്കളെ സ്വതന്ത്രമാക്കാന്‍ ക്രിസ്തുവിനോട് അപേക്ഷിക്കുക. താങ്കളുടെ പാപത്തിനും ക്രിസ്തുവിനുമിടയില്‍ ഒരു നിശ്ചലാവസ്ഥ എടുക്കരുത്. നിങ്ങളുടെ പാപപങ്കിലമായ വക്രത തകര്‍ക്കുക. താങ്കളുടെ രക്ഷകനുമായി ഒരുടമ്പടി വാഗ്ദത്തം ചെയ്യുക. അവന്‍ താങ്കളെ അന്ത്യത്തോളം രക്ഷിക്കും.

എന്തൊരത്ഭുതം! യേശുവില്‍നിന്ന് ഒരുപദേശം കൈക്കൊണ്ടശേഷം, ആ സൌഖ്യമായ മനുഷ്യന്‍ യഹൂദന്മാരുടെ അടുക്കലേക്കോടി. അവന്‍ അവരോടു പറഞ്ഞത്, നസ്രായന്‍ അവനെ സൌഖ്യമാക്കി, ശബ്ബത്തിന്റെ പ്രമാണത്തില്‍നിന്നു വിടുവിച്ചുവെന്നായിരുന്നു. രഹസ്യമായി യേശുവിനെ പിടികൂടാന്‍ അവന്‍ സഹായിക്കുമെന്നായിരിക്കാം ന്യായപ്രമാണികള്‍ കരുതിയത്.

ഈ സൌഖ്യത്തിനുശേഷം യേശുവിനോടു പരീശന്മാര്‍ക്കുണ്ടായത്ര വെറുപ്പ്, യേശു ദൈവാലയം ശുദ്ധീകരിച്ചപ്പോള്‍ പുരോഹിതന്മാര്‍ക്കുണ്ടായില്ല. ക്രിസ്തു അവരുടെ "നീതി''യുടെ പുറംപൂച്ചു പുറത്തു ചാടിച്ചു. സ്വാര്‍ത്ഥതാല്പര്യങ്ങളോടെ പ്രമാണം പാലിക്കുന്നതിലല്ല നീതി അടങ്ങിയിരിക്കുന്നതെന്ന് അവര്‍ക്കു കാട്ടിക്കൊടുത്തു. ദൈവം കരുണയും സ്നേഹവും ആവശ്യപ്പെടുന്നു. സ്നേഹമില്ലാത്ത വിശുദ്ധി കളവാണ്, പരാജയമാണ്. ആചാരമല്ല, കരുണയാണു ദൈവം നമ്മില്‍ നോക്കുന്നത്. ആയിരക്കണക്കിനുള്ള ന്യായപ്രമാണനിയമങ്ങളില്‍നിന്നു ദൈവം നമ്മെ സ്വതന്ത്രരാക്കി, സ്നേഹമെന്ന ഏകപ്രമാണം നല്‍കിയതിനു നമുക്കു ദൈവത്തിനു നന്ദിയര്‍പ്പിക്കാം.

ചോദ്യം:

  1. യഹൂദന്മാര്‍ യേശുവിനെ ഉപദ്രവിച്ചത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 10, 2012, at 10:24 AM | powered by PmWiki (pmwiki-2.3.3)