Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 006 (The Baptist prepares the way of Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

2. സ്നാപകന്‍ ക്രിസ്തുവിനു വഴിയൊരുക്കുന്നു (യോഹന്നാന്‍ 1:6-13)


യോഹന്നാന്‍ 1:9-10
9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. 10 അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.

ക്രിസ്തു ലോകത്തിലെ സത്യവെളിച്ചമാണ്. അവന്റെ വരവിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, പരിശുദ്ധാത്മാവു പ്രവാചകന്മാരിലൂടെ അതു മുന്നറിയിച്ചതാണ്. നമ്മുടെ ലോകത്തിലേക്കുള്ള ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പഴയനിയമപുസ്തകങ്ങളില്‍ നിറയെയുണ്ട്. ഇങ്ങനെ യെശയ്യാപ്രവാചകന്‍ പറഞ്ഞു, "അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെ മേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെ മേല്‍ പ്രത്യക്ഷമാകും'' (യെശയ്യാവ് 60:2).

നമ്മുടെ വാക്യത്തില്‍ "ലോകം എന്ന പദം നാലു തവണ ആവര്‍ത്തിക്കുന്നുണ്ട്. സുവിശേഷകനായ യോഹന്നാനെ സംബന്ധിച്ചിടത്തോളം, 'ലോക'മെന്ന പദത്തിന് 'ഇരുട്ട്' എന്ന അര്‍ത്ഥത്തോടാണു സാമ്യമുള്ളത്. "സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു (1 യോഹന്നാന്‍ 5:19) എന്നാണല്ലോ അവന്‍ എഴുതുന്നത്.

ആദിയില്‍ ലോകം ദോഷമുള്ളതല്ലായിരുന്നു, ദൈവം അതിനെ നല്ലതായിട്ടാണല്ലോ സൃഷ്ടിച്ചത്. അവന്റെ സൌന്ദര്യവും നന്മയും പ്രപഞ്ചത്തില്‍ നിറഞ്ഞിരുന്നു. "താന്‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി; അത് എത്രയും നല്ലതെന്നു കണ്ടു'' (ഉല്പത്തി 1:31). ദൈവത്തിന്റെ സാദൃശ്യത്തിലാണു മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. മനുഷ്യരാശിയുടെ മാതാപിതാക്കളിന്മേല്‍ സ്രഷ്ടാവിന്റെ വെളിച്ചം ഒരു കണ്ണാടിയിലെന്നപോലെ പ്രതിബിംബിച്ചു.

എന്നാല്‍ നിഗളം നിമിത്തം എല്ലാവരും ദുഷ്ടന്മാരും മത്സരികളുമായിത്തീര്‍ന്നു. ദൈവവുമായുള്ള കൂട്ടായ്മ അവരുടെ ഹൃദയങ്ങളില്‍നിന്നു നീങ്ങിപ്പോയി, ഇരുട്ടിന്റെ ആത്മാവിനോട് അവര്‍ ഇഴുകിച്ചേര്‍ന്നു. ദൈവത്തില്‍നിന്ന് അകലുന്നയാള്‍ ഒരു ദുഷ്ടനെയാണ് ഉളവാക്കുന്നത്. സങ്കീര്‍ത്തനം 14:1 ല്‍ ദാവീദു പറയുന്നു, "ദൈവം ഇല്ലെന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.''

എന്നാലും, സുവിശേഷകനായ യോഹന്നാന്‍, ക്രിസ്തു ഈ ദുഷ്ടലോകത്തിലേക്കു വന്നു എന്ന വസ്തുതയ്ക്കാണു സാക്ഷ്യം വഹിച്ചത്. സൂര്യന്‍ ഉദിച്ചുയര്‍ന്ന് ഇരുട്ടിനെ ക്രമേണ അകറ്റിക്കളയുന്നതുപോലെയായിരുന്നു അത്. അന്ധമാക്കുന്ന ഒരു കൊള്ളിയാന്‍പോലെയല്ല ക്രിസ്തുവിന്റെ വെളിച്ചം വന്നത്. എല്ലാവരെയും പ്രകാശിപ്പിച്ചുകൊണ്ടു സൌമ്യമായാണ് അവന്‍ പ്രവേശിച്ചത്. അതായത്, ഒരു ന്യായകര്‍ത്താവായോ ആരാച്ചാരായോ അല്ല കര്‍ത്താവു വന്നത്. പിന്നെയോ, ഒരു രക്ഷകനും വീണ്ടെടുപ്പുകാരനുമായാണ് അവന്‍ വന്നത്. എല്ലാവരും ക്രിസ്തുവിനാല്‍ പ്രകാശിക്കപ്പെടേണ്ടതുണ്ട്. ഈ പ്രകാശമില്ലാതെ അവര്‍ ഇരുട്ടിലാണു കഴിയുന്നത്. ക്രിസ്തു അല്ലാതെ സത്യവെളിച്ചമായി മറ്റാരുമില്ല. സുവിശേഷത്തിലൂടെ ഈ പ്രകാശം ആരൊക്കെ സ്വീകരിക്കുമോ, അവരുടെ സ്വഭാവം മാറുകയും, അവര്‍ നല്ലവരായി മറ്റുള്ളവര്‍ക്കു വെളിച്ചമാകുകയും ചെയ്യുന്നു.

"സ്രഷ്ടാവു ലോകത്തിലേക്കു വന്നു'' എന്നതിന്റെയര്‍ത്ഥം നിങ്ങള്‍ക്കറിയാമോ? ഉടമസ്ഥന്‍ അവന്റെ വസ്തുവകയിലേക്കു പ്രവേശിച്ചു, രാജാവു പ്രജകളുടെയടുത്തേക്കു ചെന്നു. അവന്റെ വരവിനുവേണ്ടി ഉണര്‍ന്നെഴുന്നേറ്റ് ഒരുങ്ങുന്നതാരാണ്? അവന്റെ വരവ്, ഭരണം, ലക്ഷ്യം എന്നിവയെക്കുറിച്ചുള്ള സത്യം പഠിക്കുന്നതാരാണ്? ലൌകികവും വ്യര്‍ത്ഥവുമായ ലക്ഷ്യങ്ങള്‍ പുറകിലെറിഞ്ഞിട്ട്, വരാന്‍ പോകുന്ന ദൈവത്തെ എതിരേല്‍ക്കുന്നത് ആരാണ്? ദൈവം വരുന്ന വിപ്ളവകരവും അതുല്യവുമായ ഈ സമയം ഗ്രഹിക്കുന്നതാരാണ്?

ഇങ്ങനെയാണു ദൈവം പാപികള്‍ക്കിടയില്‍ പെട്ടെന്നു കാണപ്പെട്ടത്; ശ്രദ്ധിക്കപ്പെടാത്ത നിലയില്‍, ശാന്തമായാണ് അവന്‍ വന്നത്. അവന്റെ മഹത്വം, ശക്തി, തേജസ്സ് എന്നിവയാല്‍ ലോകത്തെ പ്രകാശിപ്പിക്കാനല്ല അവന്‍ വന്നത്. മറിച്ച് അവന്റെ താഴ്മ, സ്നേഹം, സത്യം എന്നിവ വെളിപ്പെടുത്തുന്നതിനാണ് അവനെത്തിയത്. സൃഷ്ടിയുടെ ആരംഭം മുതല്‍ക്കുതന്നെ, മനുഷ്യന്റെ വീഴ്ചയുടെ കാരണം നിഗളമായിരുന്നു. അങ്ങനെയായിരിക്കെ, സര്‍വ്വശക്തനായ ദൈവം തന്നെത്തന്നെ അവതരിപ്പിച്ചതു താഴ്മയുള്ളവനായാണ്. സാത്താന്‍പോലും ദൈവത്തെപ്പോലെ ബലവും തേജസ്സും ജ്ഞാനവുമുള്ളവനായിരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടതു പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ബലഹീനനായ ഒരു ശിശുവായിട്ടാണ്. ഇങ്ങനെ, അവന്റെ താഴ്മ, സൌമ്യത, അനുസരണം എന്നിവയാല്‍, എല്ലാ മനുഷ്യര്‍ക്കും രക്ഷ നല്‍കുന്നതിനുവേണ്ടി അവന്‍ ഏറ്റവും താഴത്തെ നിലവാരത്തിലേക്കു പോയി.

എല്ലാവരും ശ്രദ്ധിക്കുക! ഈ സദ്വാര്‍ത്തയ്ക്കുശേഷം, നാം വായിക്കുന്നത് ഈ ലോകം വെളിച്ചത്തെ അറിയുകയോ ഗ്രഹിക്കുകയോ ചെയ്തില്ലായെന്ന നടുക്കുന്ന വാക്കുകളാണ്. ദൈവപുത്രന്‍ വന്നുകഴിഞ്ഞെന്നും, അവരുടെയിടയില്‍ സന്നിഹിതനായിയെന്നും ലോകം ഗ്രഹിച്ചില്ല. തത്വജ്ഞാനങ്ങള്‍, ശാസ്ത്രം, ലൌകികജ്ഞാനം എന്നിവയൊക്കെയുണ്ടായിട്ടും ആളുകള്‍ അന്ധരായിത്തുടര്‍ന്നു. ദൈവം തന്നെ അവര്‍ക്കു മുമ്പാകെ നിന്നിട്ടും അവര്‍ അവനെ അംഗീകരിക്കുകയോ, സ്രഷ്ടാവിനെ അറിയുകയോ, രക്ഷകനെ സ്വീകരിക്കുകയോ ചെയ്തില്ല.

ഈ വേദനാജനകമായ സത്യത്തില്‍നിന്ന്, ദൈവരാജ്യത്തിലെ ഒരു പ്രധാനപ്പെട്ട പ്രമാണം നമുക്കു ഗ്രഹിക്കാം. നമ്മുടെ ബുദ്ധികൊണ്ടോ കഴിവുകൊണ്ടോ മാത്രം ദൈവത്തെ മനസ്സിലാക്കാന്‍ കഴിയില്ലായെന്നതാണത്. ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചുള്ള അറിവെല്ലാം യഥാര്‍ത്ഥ കൃപയും ദൈവദാനവുമാണ്. കാരണം, പരിശുദ്ധാത്മാവാണു സുവിശേഷത്താല്‍ നമ്മെ വിളിക്കുന്നത്, അവന്റെ വരങ്ങളാല്‍ അവനാണു നമ്മെ പ്രകാശിപ്പിക്കുന്നത്, സത്യവിശ്വാസത്തില്‍ അവനാണു നമ്മെ നിര്‍ത്തുന്നത്. അതിനാല്‍, നാം മാനസാന്തരപ്പെടുകയും നമ്മുടെ ബുദ്ധിസാമര്‍ത്ഥ്യത്തിലോ വികാരങ്ങളിലോ ആശ്രയിക്കാതിരിക്കുകയും വേണം. സൂര്യനുനേരേ പൂക്കള്‍ വിടരുന്നതുപോലെ, നാമെല്ലാവരും സത്യവെളിച്ചത്തിലേക്കു തുറക്കണം. ഈ നിലയിലാണു ക്രിസ്തുവിലെ വിശ്വാസം യഥാര്‍ത്ഥ ജ്ഞാനം സൃഷ്ടിക്കുന്നത്. വിശ്വാസത്തിന്റെ തുടക്കം നമ്മില്‍നിന്നല്ല, മറിച്ചു കര്‍ത്താവിനെ അനുസരിക്കുന്ന എല്ലാവരിലും അവന്റെ ആത്മാവിന്റെ പ്രവൃത്തിയാണ്.

പ്രാര്‍ത്ഥന: കര്‍ത്താവായ ക്രിസ്തുവേ, നീ ഈ ലോകത്തിലേക്കു വന്നതിനു നന്ദി. ന്യായം വിധിക്കുന്നതിനോ പ്രതികാരം ചെയ്യുന്നതിനോ അല്ല, മറിച്ച് എല്ലാവരെയും പ്രകാശിപ്പിക്കുന്നതിനും രക്ഷിക്കുന്നതിനുംവേണ്ടിയാണു നീ വന്നത്. പക്ഷേ ഞങ്ങള്‍ അന്ധരും മൂഢരുമായിപ്പോയി. ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളോടു ക്ഷമിച്ച്, അനുസരിക്കുന്ന ഒരു ഹൃദയം ഞങ്ങള്‍ക്കു നല്‍കണമേ. നിന്നെ കാണേണ്ടതിനു ഞങ്ങളുടെ കണ്ണുകള്‍ തുറക്കണമേ, നിന്റെ സൌമ്യമായ പ്രകാശവീചികളിലേക്കു ഞങ്ങളുടെ ഉള്ളങ്ങളെ തുറക്കണമേ. അങ്ങനെ നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ഞങ്ങള്‍ക്കു ജീവിക്കാമല്ലോ.

ചോദ്യം:

  1. വെളിച്ചമാകുന്ന ക്രിസ്തുവും ഇരുണ്ട ലോകവും തമ്മിലുള്ള ബന്ധമെന്താണ് ?

www.Waters-of-Life.net

Page last modified on April 05, 2012, at 10:12 AM | powered by PmWiki (pmwiki-2.3.3)