Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 007 (The Baptist prepares the way of Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
A - യേശുവില്‍ വചനത്തിന്റെ വെളിപ്പെടല്‍ (യോഹന്നാന്‍ 1:1-18)

2. സ്നാപകന്‍ ക്രിസ്തുവിനു വഴിയൊരുക്കുന്നു (യോഹന്നാന്‍ 1:6-13)


യോഹന്നാന്‍ 1:11-13
11 അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. 12 അവനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു. 13 അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍നിന്നത്രേ ജനിച്ചത്.

പഴയനിയമജനം ദൈവത്തിന്റെ വകയായിരുന്നു. അവരെ ശുദ്ധീകരിച്ചതിനുശേഷം, ഒരുടമ്പടിയിലൂടെ ഈ പാപികളുമായി ദൈവം തന്നെ ബന്ധിപ്പിച്ചു. നൂറുകണക്കിനു വര്‍ഷം അവരെ അവന്‍ നയിച്ചു. ന്യായപ്രമാണമാകുന്ന കലപ്പകൊണ്ട് അവനവരുടെ ഹൃദയങ്ങള്‍ ഉഴുതുമറിച്ചു - സുവിശേഷം വിതയ്ക്കുന്നതിനുവേണ്ടി. ഈ നിലയില്‍, അബ്രാഹാമിന്റെ സന്തതികളുടെ ചരിത്രത്തെ, കര്‍ത്താവിന്റെ വരവിലേക്കു തിരിച്ചുവിട്ടു. പഴയനിയമത്തിന്റെ ലക്ഷ്യവും അര്‍ത്ഥവും അവന്റെ പ്രത്യക്ഷതയായിരുന്നു.

കര്‍ത്താവിനെ സ്വീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ അവനെ തിരസ്ക്കരിച്ചുവെന്നത് ഒരസാധാരണ സംഗതിയാണ് - അവന്റെ പ്രകാശം അവര്‍ സ്വീകരിച്ചില്ല. ന്യായപ്രമാണത്തിന്റെ ഇരുട്ടില്‍ ജീവിക്കാനായിരുന്നു അവര്‍ക്കു താത്പര്യം, അങ്ങനെയവര്‍ ന്യായവിധിയിലേക്കു നടന്നടുത്തു. അങ്ങനെയവര്‍ക്കു കൃപ നിശ്ശേഷം നഷ്ടമായി, ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കാള്‍ അവര്‍ അവരുടെ പ്രവൃത്തികളെ സ്നേഹിച്ചു. അവര്‍ മാനസാന്തരപ്പെടാതെ, സത്യാത്മാവിനെതിരായി അവരുടെ ഹൃദയം കഠിനപ്പെടുത്തി.

പഴയനിയമജനം മാത്രമല്ലായിരുന്നു ദൈവത്തിന്റെ വകയായിരുന്നത്, മറിച്ച് എല്ലാ മനുഷ്യരും ദൈവത്തിന്റെ വകയാണ്. കാരണം, ജന്തുസസ്യജാലങ്ങളെയും മനുഷ്യനെയുമെല്ലാം സൃഷ്ടിച്ചതു സര്‍വ്വശക്തനാണ്. ഇക്കാരണത്താല്‍, പഴയനിയമജനത്തെപ്പോലെയുള്ള അതേ ഉത്തരവാദിത്വമാണു ലോകത്തിലെ ആളുകളെല്ലാം വഹിക്കുന്നത്. നമ്മുടെ സ്രഷ്ടാവും ഉടമസ്ഥനുമായവന്‍ നമ്മുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനാഗ്രഹിക്കുന്നു, അവനെ ആരു സ്വാഗതം ചെയ്യും? താങ്കള്‍ ദൈവത്തിന്റെ വകയാണ്. നിങ്ങളെത്തന്നെ നിങ്ങള്‍ ദൈവത്തിന്റെ പരിപാലനത്തിനേല്പിച്ചോ? നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷമാളുകളും ക്രിസ്തുവിന്റെ പ്രകാശത്തിനുനേരേ മുഖം കാട്ടാനൊരുക്കമല്ല. അവരുടെ ഇരുട്ടിന്റെ കാഠിന്യത്തെ ജയിക്കുന്ന അവന്റെ സൌഹൃദരശ്മികള്‍ അവര്‍ക്കാവശ്യമില്ല. ഈ നിലയിലാണു ദൈവപുത്രനെ നമ്മുടെ കാലയളവില്‍ അവര്‍ നിരസിക്കുന്നത്.

അബ്രാഹാമിന്റെ സന്തതികളോ, മറ്റുള്ളയാളുകളോ ആരുമാകട്ടെ, ക്രിസ്തുവിനായി ഹൃദയം തുറക്കുകയും സര്‍വ്വശക്തനായ രക്ഷകന്റെ കൈകളിലേക്കു തങ്ങളെത്തന്നെ സമര്‍പ്പിക്കുകയും ചെയ്താല്‍, അങ്ങനെയുള്ളവര്‍ ഒരു വലിയ അത്ഭുതം അനുഭവിച്ചറിയും. കാരണം, സ്വര്‍ഗ്ഗീയമായ ദിവ്യപ്രകാശം ആ വ്യക്തികളെ പ്രകാശിപ്പിച്ച്, അവരുടെ ഹൃദയത്തില്‍ വസിക്കുന്ന ഇരുട്ടിനെ ജയിക്കും. മാത്രമല്ല, ദൈവശക്തി അവരുടെ ഹൃദയത്തില്‍ പ്രവേശിച്ച് അവരുടെ ആന്തരികസത്തയെ പുതുക്കുകയും ചെയ്യും. പാപത്തിന്റെ അടിമത്തത്തില്‍നിന്നു ക്രിസ്തു നിങ്ങളെ വിടുവിക്കുകയും, ദൈവമക്കളുടെ സ്വാതന്ത്യ്രത്തിലേക്കു നിങ്ങളെ മാറ്റുകയും ചെയ്യും. നിങ്ങള്‍ ക്രിസ്തുവിനെ സ്നേഹിച്ചാല്‍, പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ രക്ഷയുടെ വേല തുടങ്ങുകയും ചെയ്യും.

നാം ദൈവമക്കളാകുമെന്നോ ദൈവമക്കളായിട്ടുണ്ടെന്നോ അല്ല, നാമിപ്പോള്‍ ദൈവമക്കളാകുന്നുവെന്നാണു സുവിശേഷകനായ യോഹന്നാന്‍ പറയുന്നത് - നാം ആത്മീയമായി വളരുകയാണ്. ഈ വാക്കുകള്‍ക്കിടയില്‍ രണ്ടു ഘടകങ്ങളുണ്ട്, ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ ഒരു നിലയില്‍ പുതിയൊരു നിലയിലേക്കെത്തുന്നു. മറ്റൊരു നിലയില്‍ ആ വ്യക്തിയും ഒരു പുരോഗതിയുടെയും വളര്‍ച്ചയുടെയും പ്രക്രിയയിലാണ് - അവന്റെ ആത്മീയജീവിതത്തിന്റെ സമ്പൂര്‍ണ്ണതയിലേക്കാണത്. കര്‍ത്താവിന്റെ ശക്തി നമ്മിലൊരു പുതിയ സൃഷ്ടി നടത്തി. അതേ ശക്തി നമ്മെ ശുദ്ധീകരിക്കുകയും സമ്പൂര്‍ണ്ണമാക്കുകയും ചെയ്യും.

ദത്തെടുപ്പുകൊണ്ടു മാത്രമല്ല നാം ദൈവമക്കളായത്, മറിച്ച് ആത്മീയജനനത്താലാണ്. നമ്മുടെ ഹൃദയത്തിലേക്കു ക്രിസ്തുവിന്റെ ആത്മാവ് ഇറങ്ങിയതിന്റെയര്‍ത്ഥം നമ്മില്‍ കര്‍ത്താവിന്റെ അധികാരം നിറഞ്ഞുവെന്നാണ്. വിശ്വാസികളിലേക്കു പകര്‍ന്ന ഈ ദൈവികാധികാരം ചൂണ്ടിക്കാട്ടുന്നത്, ഈ ലോകത്തിലെ ഏതെങ്കിലും ശക്തിക്കോ അന്ത്യകാലത്തിനോ അവര്‍ ദൈവികമായ ധാര്‍മ്മികഗുണഗണങ്ങളുള്ളവരായിത്തീരുന്നതിനു തടയിടാന്‍ കഴിയില്ലായെന്നാണ്. വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനും ക്രിസ്തുവാണ്.

ദൈവത്തിന്റെ മക്കളെയും ലോകത്തിന്റെ മക്കളെയും പരസ്പരം താരതമ്യം ചെയ്യാനാവില്ല. നാം ജനിച്ചതു മാതാപിതാക്കളുടെ വൈകാരികപ്രകടനത്തിന്റെയോ മനഃപൂര്‍വ്വമായ ഉദ്ദേശ്യത്തിന്റെയോ ഫലമായാണ്. ഒരുപക്ഷേ അവര്‍ പ്രാര്‍ത്ഥിച്ചിട്ട്, ദൈവാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുകാണും. എന്നാല്‍ നമ്മുടെ മാതാപിതാക്കളില്‍നിന്നുള്ള ആത്മീയ, മാനസിക, ശാരീരികാവകാശങ്ങള്‍ക്കൊന്നും തന്നെ ദൈവത്തില്‍നിന്നുള്ള നമ്മുടെ പുതുജനനവുമായി യാതൊരു ബന്ധവുമില്ല. കാരണം, ആത്മീയജനനം തുടക്കം മുതല്‍ക്കുതന്നെ വിശുദ്ധമാണ്, അതു ദൈവത്തില്‍നിന്നു വരുന്നതുമാണ്. ഓരോ ക്രിസ്ത്യാനിയും അവനില്‍നിന്നു നേരിട്ടാണു ജനിക്കുന്നത്. അവനാണു നമ്മുടെ യഥാര്‍ത്ഥ ആത്മീയപിതാവ്.

ഒരു കുഞ്ഞിനും തന്നെത്താന്‍ ജനിക്കാനാവില്ല. അതിനെ ജനിപ്പിച്ചതാണ്. ആ നിലയില്‍, നമ്മുടെ ആത്മീയജനനം കൃപയാണ്. സുവിശേഷത്തിന്റെ വിത്തുകള്‍ നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തു ഇടുന്നു. ഈ വിത്തിനെ സ്നേഹിക്കുന്നവരൊക്കെ അതു സ്വീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. അവരില്‍ ദൈവത്തിന്റെ നിത്യജീവന്‍ വളരും. ദൈവവചനം കേട്ടു പാലിക്കുന്നവര്‍ അനുഗൃഹീതരാണ്.

ക്രിസ്തീയകുടുംബത്തില്‍ ജനിച്ചതോ, ക്രിസ്ത്യാനികളോടു സഹകരിക്കുന്നതോ നമ്മെ ദൈവമക്കളാക്കുകയില്ല, മറിച്ചു ക്രിസ്തുവിന്റെ നാമത്തിലുള്ള വിശ്വാസത്തിനു മാത്രമേ അതു സാധിക്കൂ. അവനോടടുത്തുവരിക, അവന്റെ ഗുണഗണങ്ങളില്‍ മുഴുകുക, അവന്റെ സൌമ്യത ഗ്രഹിച്ച് അവന്റെ ശക്തിയില്‍ ആശ്രയിച്ചു വളരുക എന്നിവയാണു വിശ്വാസത്തിന്റെയര്‍ത്ഥം. അവന്റെ കരങ്ങളില്‍ നമ്മെ സമര്‍പ്പിക്കുന്നതുവരെ, അവന്‍ നമ്മെ രക്ഷിക്കുന്നെന്നും അവന്റെ സാദൃശ്യത്തിലേക്കു നമ്മെ മാറ്റുന്നുവെന്നും നാം വിശ്വസിക്കുന്നതുവരെ ഈ വളര്‍ച്ച നടക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം നാമും അവനും തമ്മിലുള്ള ഹൃദ്യമായ ഒരു ബന്ധമാണ്, അതൊരു നിത്യമായ ഉടമ്പടിയാണ്. ഈ വിശ്വാസം കൂടാതെ ആത്മീയജനനം നമ്മില്‍ നടക്കുകയില്ല. അതുകൊണ്ട്, പുതുജനനം വിശ്വാസത്തെക്കാള്‍ ശ്രേഷ്ഠമോ ബുദ്ധിമുട്ടുള്ളതോ അല്ല, വിശ്വാസം പുതുജനനത്തെക്കാള്‍ കുറഞ്ഞതോ എളുപ്പമായതോ അല്ല - അവ രണ്ടും തുല്യമാണ്.

ഈ ഭാഗത്തേക്കു വരുന്നതിനുമുമ്പ്, സുവിശേഷകനായ യോഹന്നാന്‍, അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ യേശുവിന്റെ പേരു പരാമര്‍ശിച്ചില്ല. അതിനു പകരം, ജാതികളില്‍നിന്നുള്ള വിശ്വാസികള്‍ക്കുവേണ്ടി യേശുവിന്റെ വ്യക്തിത്വം അവന്‍ വിവരിക്കുകയാണ്. അവരുടെ ചിന്താരീതിയോടു സാമ്യമുള്ള വാക്കുകളാണ് അവന്‍ ഉപയോഗിക്കുന്നത്. സുവിശേഷകന്‍ സഭയ്ക്കായി മുന്നോട്ടുവച്ച, ക്രിസ്തുവിന്റെ ഗുണഗണങ്ങളുടെ ആറ് അര്‍ത്ഥങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയോ? ഈ ഗുണവിശേഷങ്ങളുടെ ശക്തിക്കുനേരേ നിങ്ങളുടെ ഹൃദയം നിങ്ങള്‍ തുറക്കുകയും അവയ്ക്കു മുമ്പാകെ നമിക്കുകയും ചെയ്തോ? അങ്ങനെയെങ്കില്‍ നിങ്ങളൊരു യഥാര്‍ത്ഥ ദൈവപൈതലായിക്കഴിഞ്ഞു!

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, നിന്നെ ഞാന്‍ വണങ്ങുന്നു, നിന്നെ ഞാന്‍ സ്നേഹിക്കുന്നു, എന്റെ ഹൃദയം ഞാന്‍ നിനക്കായി തുറന്നുതരുന്നു. പാപിയായ എന്നിലേക്കു നീ വന്ന്, എന്റെ അകൃത്യങ്ങളില്‍നിന്നെല്ലാം എന്നെ ശുദ്ധീകരിക്കണമേ, നിന്റെ പരിശുദ്ധാത്മാവിലൂടെ എന്നില്‍ നീ വസിക്കണമേ. കര്‍ത്താവേ, എന്റെ ഹൃദയവാതിലുകള്‍ നിനക്കായി ഞാന്‍ തുറന്നുതരുന്നു.

ചോദ്യം:

  1. ക്രിസ്തുവിനെ സ്വീകരിക്കുന്നവര്‍ക്ക് എന്താണു സംഭവിക്കുന്നത് ?

www.Waters-of-Life.net

Page last modified on April 05, 2012, at 10:12 AM | powered by PmWiki (pmwiki-2.3.3)