Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 125 (Conclusion of John's gospel)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)

4. യോഹന്നാന്റെ സുവിശേഷത്തിന്റെ സമാപനം (യോഹന്നാന്‍ 20:30-31)


യോഹന്നാന്‍ 20:30-31
30ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. 31എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.

ഈ അദ്ധ്യായത്തിന്റെ ഒടുവിലായി, യോഹന്നാന്‍ വാസ്തവത്തില്‍ എന്താണെഴുതിയതെന്നു നാം കാണുന്നു. അപൂര്‍വ്വ ജ്ഞാനമുള്ള എഴുത്തുകാരനും സുവിശേഷകനുമായ യോഹന്നാന്‍, ദൈവത്തിന്റെ വെളിച്ചം ഇരുളില്‍ ഉദിച്ചുവെന്നതും ഇരുള്‍ അതിനെ പിടിച്ചടക്കിയില്ലെന്നതും വിളിച്ചറിയിക്കുന്നു. അവനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കള്‍ ആകുവാനുള്ള അനുവാദം ദൈവം കൊടുത്തു. യേശുവിലുള്ള ദൈവികകൂട്ടായ്മയുടെ ആഴങ്ങളിലേക്ക് ഈ സുവിശേഷകന്‍ നമ്മെ അടുപ്പിക്കുന്നു. ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങള്‍ അവന്‍ നമുക്കുവേണ്ടി വര്‍ണ്ണിച്ചത്, നാം അവനില്‍ വിശ്വസിച്ചിട്ട് അവന്‍ നമ്മോടുകൂടെ ജീവിക്കുന്നതു കാണുന്നതിനാണ്.

ചുരുക്കത്തില്‍, നാലു പ്രമാണങ്ങളാണ് അപ്പോസ്തലന്‍ നമുക്കു മുമ്പില്‍ വയ്ക്കുന്നത് - അവന്റെ സുവിശേഷത്തിന്റെ സംഗ്രഹവും എഴുത്തിന്റെ ഉദ്ദേശ്യവും അതിലൂടെ നമുക്കു വ്യക്തമാക്കുന്നു.

യേശുവിന്റെ സകല വാക്കുകളും പ്രവൃത്തികളുമെഴുതാന്‍ ഒരുപാടു പുസ്തകങ്ങള്‍ യോഹന്നാന്‍ ഉദ്ദേശിച്ചില്ല. അങ്ങനെയല്ലായിരുന്നെങ്കില്‍ കെട്ടുകണക്കിനു പുസ്തകങ്ങള്‍ എഴുതേണ്ടിവന്നേനെ. യേശുവിന്റെ അതുല്യമായ വ്യക്തിത്വത്തെ എടുത്തുകാട്ടുന്ന അടയാളങ്ങളും പ്രസംഗങ്ങളുമാണ്, അവന്‍ തിരഞ്ഞെടുത്തത്. ദൈവാത്മാവ് അവനു ദര്‍ശനത്തിലോ അബോധാവസ്ഥയിലോ പറഞ്ഞു കൊടുത്ത് എഴുതിച്ചതല്ല. മറിച്ച്, അവന്റെ ഉത്തരവാദിത്വത്തോടെതന്നെ, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി, പ്രധാനപ്പെട്ട സംഭവങ്ങള്‍ തിരഞ്ഞെടുക്കുകയും, ലോകത്തിന്റെ പാപം ചുമന്നൊഴിക്കുന്ന, അറുക്കപ്പെട്ട ദൈവകുഞ്ഞാടിനെ സ്നേഹത്തോടെ ചിത്രീകരിക്കുന്നു.

നസ്രായനായ, നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടതുമായ മനുഷ്യനായി ജനിച്ച യേശു ക്രിസ്തുവാണെന്നും, അതേസമയംതന്നെ ദൈവത്തിന്റെ വാഗ്ദത്ത പുത്രനാണെന്നും നാം ഗ്രഹിക്കേണ്ടതിനാണു യോഹന്നാന്‍ ഈ സുവിശേഷമെഴുതിയത്. ഈ രണ്ടു നാമങ്ങള്‍കൊണ്ട്, പഴയനിയമയുഗങ്ങളിലെ യഹൂദന്മാര്‍ കാത്തിരുന്ന കാര്യം യോഹന്നാന്‍ നിറവേറ്റി. അങ്ങനെ ദാവീദിന്റെ വാഗ്ദത്തസന്തതിയെ ക്രൂശിച്ച സമൂഹത്തെ അവന്‍ ന്യായം വിധിച്ചു. മനുഷ്യനായ യേശു യഥാര്‍ത്ഥ മശീഹയായ ദൈവപുത്രനാണെന്ന് ഉറപ്പിച്ചു. ദൈവത്തിന്റെ മഹാസ്നേഹവും കറയില്ലാത്ത പരിശുദ്ധിയും ആക്ഷേപത്തിനപ്പുറമായിരുന്നു. സദുദ്ദേശ്യത്തോടുകൂടിയ ഏതൊരാള്‍ക്കും അവഗണിക്കാനാവാത്തതായിരുന്നു. യോഹന്നാന്‍ യേശുവിനെ ശ്രേഷ്ഠമായ നിലയില്‍ മഹത്വപ്പെടുത്തുന്നു. തുലനം ചെയ്യാനാവാത്ത നിലയിലാണ് അവന്‍ യേശുവിനെ നമുക്കു ചിത്രീകരിക്കുന്നത്, അങ്ങനെ ദൈവപുത്രന്റെ സ്നേഹം നമുക്കു ഗ്രഹിക്കാം, നാം ദൈവമക്കളായിത്തീരാന്‍ മനുഷ്യനായിത്തീര്‍ന്നവനാണല്ലോ അവന്‍.

നമ്മില്‍ വിശ്വാസപ്രമാണപരമായ ഒരു സ്വീകാര്യത സൃഷ്ടിക്കാന്‍ യോഹന്നാന് ആഗ്രഹമേയില്ലായിരുന്നു, മറിച്ചു ദൈവപുത്രനുമായുള്ള ഒരു ബന്ധമാണ് അവനാഗ്രഹിച്ചത്. യേശു പുത്രനായതിനാല്‍ ദൈവം നമ്മുടെ പിതാവാകുന്നു. ശ്രേഷ്ഠനായവന്‍ നമ്മുടെ പിതാവായിരിക്കെ, അവന്റെ നിത്യജീവന്‍ നിറച്ച് അനേകം മക്കളെ ഉളവാക്കാന്‍ അവനു കഴിയും. ക്രിസ്തുവിന്റെ രക്തത്താലും ആത്മാവിനാലുമുള്ള പുതുജനനം - യോഹന്നാന്റെ സുവിശേഷത്തിന്റെ ലക്ഷ്യം അതാണ്. അങ്ങനെ, നിങ്ങള്‍ ആത്മീയമായി ജനിച്ചയാളാണോ, അതോ ഇപ്പോഴും പാപത്തില്‍ മരിച്ചയാളാണോ? ദൈവത്തിന്റെ ജീവന്‍ നിങ്ങളില്‍ അധിവസിക്കുന്നുണ്ടോ; അതോ നിങ്ങളില്‍ അവന്റെ പരിശുദ്ധാത്മാവില്ലാത്ത നിലയിലാണോ?

ദൈവപുത്രനിലുള്ള വിശ്വാസത്താല്‍ വീണ്ടും ജനനം പൂര്‍ത്തിയാകുന്നു. അവനില്‍ വിശ്വസിക്കുന്നയാള്‍ക്കു ദൈവികജീവന്‍ ലഭിക്കുന്നു. വിശ്വാസത്താല്‍ അവനുമായുള്ള സ്ഥിരമായ ബന്ധത്തില്‍ നമുക്ക് ഈ ജീവനുണ്ട്. യേശുവില്‍ വസിക്കുന്നവര്‍ യേശു അവരില്‍ വസിക്കുന്നതായി മനസ്സിലാക്കും. അത്തരം വിശ്വാസി ആത്മാവിലും സത്യത്തിലും വളരും, ദൈവികജീവന്റെ ഫലങ്ങള്‍ അവനിലുണ്ടാകും. അനേകരെ യേശുവിലുള്ള വിശ്വാസത്തിലേക്കു നയിക്കാന്‍ നമ്മെ നിര്‍ബ്ബന്ധിക്കുന്ന ദൈവസ്നേഹമാണു നിത്യജീവന്‍ - അങ്ങനെയവര്‍ അവനെ സ്നേഹിച്ച് അവനില്‍ വസിക്കും, അവന്‍ അവരിലും എന്നേക്കും വസിക്കും.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നിന്റെ സുവിശേഷകനായ യോഹന്നാനെഴുതിയ സുവിശേഷത്തിനായി നന്ദി. ഈ അതുല്യപുസ്തകത്തിലൂടെ നിന്റെ മഹത്വവും സത്യവും ഞങ്ങള്‍ ഗ്രഹിക്കുന്നു. സന്തോഷത്തോടെ ഞങ്ങള്‍ നിന്നെ വണങ്ങുന്നു, നിന്നിലുള്ള വിശ്വാസത്തിലേക്കു നീ ഞങ്ങളെ നയിക്കുകയും, കൃപയാല്‍ ഞങ്ങള്‍ക്കു പുതുജീവന്‍ നല്‍കുകയും ചെയ്തുവല്ലോ. നിന്നെ സ്നേഹിക്കാനും നിന്റെ കല്പനകള്‍ പാലിക്കാനും നിന്റെ കൂട്ടായ്മയില്‍ ഞങ്ങളെ ഉറപ്പിക്കണമേ. നിന്റെ നാമത്തെ ഞങ്ങള്‍ പരസ്യമായി സാക്ഷീകരിക്കട്ടെ, അങ്ങനെ ഞങ്ങളുടെ സ്നേഹിതര്‍ നിന്നില്‍ വിശ്വസിക്കുകയും, വിശ്വാസത്താല്‍ സമൃദ്ധിയായ ജീവനും പ്രാപിക്കട്ടെ.

ചോദ്യം:

  1. ഈ സുവിശേഷത്തിന്റെ സമാപനത്തില്‍ യോഹന്നാന്‍ എന്താണു വിവരിക്കുന്നത്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:49 AM | powered by PmWiki (pmwiki-2.3.3)