Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 126 (Miraculous catch of fishes)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
5. ഗലീല കടല്‍ത്തീരത്തു യേശു പ്രത്യക്ഷപ്പെടുന്നു (യോഹന്നാന്‍ 21:1-25)

a) അത്ഭുതകരമായ മീന്‍പിടിത്തം (യോഹന്നാന്‍ 21:1-14)


യോഹന്നാന്‍ 21:1-3
1അതിന്റെശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയില്‍വെച്ചു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈ വിധമായിരുന്നു: 2ശിമോന്‍ പത്രോസും ദിദിമോസ് എന്ന തോമസും ഗലീലയിലുള്ള കാനായിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരില്‍ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. 3ശിമോന്‍ പത്രോസ് അവരോട്: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു; ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറിപ്പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.

ഉയിര്‍പ്പിനുശേഷം, തിബെര്യാസ് തടാകത്തോടു ചേര്‍ന്നു കിടക്കുന്ന, ശിഷ്യന്മാരുടെ നാട്ടിലേക്കു (ഗലീല) യേശു അവരെ ഒരുമിച്ചു പറഞ്ഞയച്ചു. നല്ലയിടയനായ അവന്‍, അവരെ കാണുവാന്‍ അവര്‍ക്കു മുമ്പായി അവിടേക്കു പോകും. എന്നാല്‍ അവര്‍ യെരൂശലേമിലായിരുന്നപ്പോള്‍, അവരുടെ ഭയമില്ലാതാക്കാന്‍ അവരോടുള്ള സ്നേഹം അവര്‍ക്ക് അവനെ പ്രത്യക്ഷപ്പെടുത്തി. പെസഹ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഈ സമയത്താണ് അവനവര്‍ക്കു സമാധാനം ആശംസിച്ചതും, ലോകസുവിശേഷീകരണത്തിനായി അവരെ അയച്ചതും (മര്‍ക്കോസ് 16:7; മത്തായി 28:10).

അങ്ങനെ, മനുഷ്യരെ പിടിക്കാനുള്ള നിയോഗം ശിഷ്യന്മാര്‍ക്കു ലഭിച്ചശേഷം, ശിഷ്യന്മാര്‍ അവന്റെ കല്പനയോടു പ്രതികരിച്ചോ? പുനരുത്ഥാനത്തിന്റെ അത്ഭുതം അവരുടെ ചിന്താഗതിക്കു മാറ്റം വരുത്തുകയും, നിത്യജീവന്റെ സന്ദേശവുമായി അവര്‍ ലോകസുവിശേഷീകരണത്തിനു തിടുക്കം കാട്ടുകയും ചെയ്തോ? ദുഃഖമെന്നു പറയട്ടെ - ഇല്ല. അവര്‍ പല കൂട്ടമായും ചിലര്‍ ഒറ്റയ്ക്കും, പങ്കുകാരായും അവരുടെ പഴയ തൊഴിലുകളിലേക്കു മടങ്ങി.

ഒരു വൈകുന്നേരം പത്രോസ് സുഹൃത്തുക്കളോടു പറഞ്ഞു, "ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു." വേണമെങ്കില്‍ നിങ്ങള്‍ക്കും വരാമെന്നാണ് അവനുദ്ദേശിച്ചത്. തീരത്തുവെച്ച് അവര്‍ അവനുമായി യോജിച്ച്, ഒരു വഞ്ചിയില്‍ കയറി തടാകമദ്ധ്യത്തിലേക്കു പോയി. പല തവണ അവര്‍ വലയെറിഞ്ഞു, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചു തളര്‍ന്നു, പക്ഷേ ഒന്നും കിട്ടിയില്ല. യേശു പറഞ്ഞത് അവര്‍ മറന്നുപോയി - "എന്നെ കൂടാതെ നിങ്ങള്‍ക്കു യാതൊന്നും ചെയ്യാന്‍ കഴിയില്ല."

യോഹന്നാന്‍ 21:4-6
4പുലര്‍ച്ചയായപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നുവെന്നു ശിഷ്യന്മാര്‍ അറിഞ്ഞില്ല. 5യേശു അവരോട്: കുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതുമുണ്ടോ എന്നു ചോദിച്ചു; ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. 6പടകിന്റെ വലത്തുഭാഗത്തു വല വീശുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്ന് അവന്‍ അവരോടു പറഞ്ഞു; അവര്‍ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിക്കാന്‍ കഴിഞ്ഞില്ല.

ശിഷ്യന്മാര്‍ വഴിതെറ്റിപ്പോയിട്ടും, യേശു ശിഷ്യന്മാരെ കൈവിട്ടുകളഞ്ഞില്ല. അവര്‍ മടങ്ങിവരുന്നതും കാത്ത് അവന്‍ തീരത്തുനിന്നു. അവരുടെ വലയിലേക്ക് അവനു മീന്‍ എറിഞ്ഞുകൊടുക്കാമായിരുന്നു. എന്നാല്‍ ആവേശഭരിതരായി പ്രവര്‍ത്തിക്കാനോ, അവരുടെ സാധാരണ തൊഴിലുകളിലേക്കു മടങ്ങിപ്പോകാനോ, അവന്റെ മഹാവിജയത്തിനുശേഷം അവര്‍ക്കു കഴിയില്ലെന്ന് അവരെ പഠിപ്പിക്കാന്‍ അവനാഗ്രഹിച്ചു. അവനുമായി ഒരുടമ്പടി ചെയ്യാന്‍ അവര്‍ സമ്മതിച്ചതാണ്; അവന്‍ അവരുടെ പങ്കാളിയായിരുന്നു; എന്നാല്‍ ജീവിതപ്രശ്നങ്ങളില്‍ അവര്‍ അവനെ മറന്നുപോയി - ദൂരത്തിരിക്കുന്ന (സന്നിഹിതനല്ലാത്ത) ഒരാളായിട്ടാണ് അവര്‍ അവനെ കണ്ടത്.

തന്റെ അനുയായികളെ അപ്പോസ്തലന്മാരേയെന്നല്ല, കുഞ്ഞുങ്ങളേ (യുവാക്കളേ)യെന്നാണ് അവന്‍ വിളിച്ചത്. അവന്‍ അവരോടു പറഞ്ഞതൊക്കെ അവര്‍ മറന്നുപോയി, അവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതുമില്ല. ഈ ഖേദകരമായ പെരുമാറ്റമായിട്ടും, യേശു അവരെ ശാസിക്കാതെ, അല്പം ആഹാരം താഴ്മയോടെ ചോദിക്കുകയാണ്. ഒന്നും പിടിച്ചില്ലായെന്നു അവര്‍ക്കു സമ്മതിക്കേണ്ടിവന്നു - ദൈവം അവരോടുകൂടെ ഇല്ലായിരുന്നല്ലോ. ചുരുക്കത്തില്‍, അവര്‍ അവരുടെ കുറ്റം സമ്മതിച്ചു.

പുലര്‍ച്ചയായപ്പോള്‍ യേശു അവരുടെയടുക്കല്‍ വന്നു; പുതിയ പ്രത്യാശ അവരുടെമേല്‍ ഉദിക്കുന്നതുപോലെയായിരുന്നു അത്. "പരാജയപ്പെട്ടെങ്കില്‍ അതു കാര്യമാക്കേണ്ട," അഥവാ "വീണ്ടും ശ്രമിക്കുക, നിങ്ങള്‍ വിജയിക്കു'' മെന്നും പറഞ്ഞില്ല. രാജകീയമായ ഒരു കല്പനയായിരുന്നു: "പടകിന്റെ വലത്തുഭാഗത്തു വല വീശുവിന്‍, എന്നാല്‍ നിങ്ങള്‍ക്കു കിട്ടും." അവര്‍ തടാകത്തില്‍ അധികം ദൂരത്തല്ലാതെ, കരയോടടുത്തായിരുന്നു, അവിടെ വലിയ മീനുകള്‍ അപൂര്‍വ്വമായിരുന്നു. എന്നാലും അവരത് അനുസരിച്ചു.

യേശു മീനുകളെ വെള്ളത്തില്‍ കണ്ടു. അതുപോലെ, തനിക്കായി കാത്തിരിക്കുന്നവരെ എവിടെ കണ്ടെത്താമെന്ന് അവനറിയാം. അത്തരം ആളുകളുടെ അടുത്തേക്ക് അവന്‍ നിങ്ങളെ അയയ്ക്കും. "എല്ലാവരെയും നിങ്ങളുടെ വലയില്‍ പിടിക്കുക" എന്നല്ല, "നിങ്ങളുടെ സുവിശേഷവല ഞാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് എറിയുക, അപ്പോള്‍ എന്റെ വചനം പ്രവര്‍ത്തിക്കുന്നതു നിങ്ങള്‍ കാണും."

ഈ അസാധാരണമായ നിര്‍ദ്ദേശം ശിഷ്യന്മാര്‍ അനുസരിച്ചു. എന്നിട്ടും ഒരു സാധാരണക്കാരനെപ്പോലെ കാണപ്പെട്ട യേശുവിനെ അങ്ങനെയങ്ങു തിരിച്ചറിഞ്ഞുമില്ല. ഒരുപക്ഷേ അവനുപയോഗിച്ചത് ഒരു സാധാരണ അഭിവാദനമായിരിക്കാം, എന്നാല്‍ അതിലൊരു ആത്മവിശ്വാസത്തിന്റെ ധ്വനിയുണ്ടായിരുന്നു. അങ്ങനെ, ക്ഷീണിതരായിരുന്നിട്ടും അവര്‍ വലയെറിഞ്ഞു, അവരുടെ വലകള്‍ നിറഞ്ഞു. കര്‍ത്താവ് അയയ്ക്കുന്ന ആത്മീയവഴികാട്ടികളുണ്ട്, അവരെ അയയ്ക്കുന്ന സ്ഥലത്ത് അവര്‍ മീന്‍ പിടിക്കുന്നു, അവരുടെ വലകള്‍ നിറയെ മീന്‍ ലഭിക്കുന്നു, അത്രത്തോളം കൂടുതല്‍ മീന്‍കൂട്ടമായതിനാല്‍ അവര്‍ക്ക് അതു വഹിക്കാന്‍ കഴിഞ്ഞില്ല. സ്നേഹത്തോടെ അവരെ സഹായിക്കുന്ന വിശ്വസ്തരായ സഹപ്രവര്‍ത്തകരെ അവര്‍ക്കാവശ്യമുണ്ട്.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, മറ്റുള്ളവരെ നിനക്കായി നേടുന്നതിനെക്കാള്‍ ഞങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ കണക്കിലെടുക്കുന്നതു ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങള്‍ വഴിതെറ്റിപ്പോയിട്ടും ഞങ്ങളുടെ അടുക്കലേക്കു വരുന്നതിനു നന്ദി. ഞങ്ങളുടെ പരാജയങ്ങള്‍ ഏറ്റുപറയാന്‍ ഞങ്ങളെ നയിക്കണമേ. നിന്റെ വചനമനുസരിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, നിന്നെ അന്വേഷിക്കുന്നവരുടെ അടുത്തേക്കു ഞങ്ങളെ നയിക്കണമേ, അവരെ നിന്റെ സുവിശേഷവലയിലേക്കു നയിച്ച് അവരെ എന്നേക്കും നിന്റെ വകയാക്കിത്തീര്‍ക്കണമേ.

ചോദ്യം:

  1. ആ വലിയ മീന്‍പിടിത്തം ശിഷ്യന്മാര്‍ക്കു ലജ്ജയായിത്തീര്‍ന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 16, 2012, at 12:06 PM | powered by PmWiki (pmwiki-2.3.3)