Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 078 (The Greeks seek Jesus' acquaintance)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
A - വിശുദ്ധവാരത്തിന് ഒരു മുഖവുര (യോഹന്നാന്‍ 11:55 - 12:50)

3. യവനന്മാര്‍ യേശുവിന്റെ സൌഹൃദം തേടുന്നു (യോഹന്നാന്‍ 12:20-26)


യോഹന്നാന്‍ 12:20-24
20പെരുന്നാളില്‍ നമസ്കരിക്കാന്‍ വന്നവരില്‍ ചില യവനന്മാര്‍ ഉണ്ടായിരുന്നു. 21ഇവര്‍ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പോസിന്റെ അടുക്കല്‍ ചെന്ന് അവനോട്: യജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണാന്‍ താത്പര്യമുണ്ട് എന്ന് അപേക്ഷിച്ചു. 22ഫിലിപ്പോസ് ചെന്ന് അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പോസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു. 23യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. 24ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കില്‍ അതു തനിയെ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.

യഹൂദമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത യവനന്മാര്‍ യെരൂശലേമില്‍ ഒരുമിച്ചുകൂടി; ഗ്രീക്കുലോകത്തില്‍നിന്നു പെസഹ ആചരിക്കാന്‍ വന്നവരായിരുന്നു അവര്‍. രാജാവിനെപ്പോലെ യേശുവിനെ ജനക്കൂട്ടം ഉല്ലാസഘോഷത്തോടെ സ്വീകരിച്ചപ്പോള്‍, ഗ്രീക്കുകാരും അമ്പരന്നു. അങ്ങനെയവര്‍ യേശുവിനെ നന്നായിട്ടു മനസ്സിലാക്കാന്‍ നിശ്ചയിച്ചു. ഈ അപേക്ഷ യഹൂദേതരജാതികളുടെ ആഗ്രഹത്തിന്റെ സംഗ്രഹമായിരുന്നു. ഫിലിപ്പോസ് ഗ്രീക്കുഭാഷ സംസാരിക്കുന്നുണ്ടെന്ന് അവര്‍ ഗ്രഹിച്ചു. അവര്‍ക്കുവേണ്ടി അവന്‍ അന്ത്രയോസിനോടു സംസാരിക്കാമെന്നു സമ്മതിച്ചു. ഈ രണ്ടുശിഷ്യന്മാരുംകൂടി യേശുവിനെ സമീപിച്ചു. ജാതികളില്‍നിന്നു യേശുവിന്റെ അടുക്കലേക്കു വരുന്ന ഈ പ്രഥമഫലങ്ങള്‍ കണ്ട അവര്‍ക്കു വളരെയേറെ പ്രചോദനമുണ്ടായി. ഗ്രീക്കുകാരുടെ നാട്ടിലേക്കു രക്ഷപ്പെട്ടാല്‍ മതഭ്രാന്തന്മാരായ യഹൂദന്മാരുടെ അപകടം ഒഴിവാക്കാനുള്ള ഒരു വഴിയായിരിക്കുമെന്ന് അവര്‍ കരുതിക്കാണും.

യവനന്മാരുടെ അപേക്ഷയില്‍ അടങ്ങിയിരുന്ന ജാതികളുടെ ആഗ്രഹം ഗ്രഹിച്ചതുപോലെതന്നെ യേശു അവരുടെ ചിന്തകള്‍ ഗ്രഹിച്ചു. വ്യക്തമായി മനസ്സിലാക്കാത്ത ഒരു പ്രധാനപ്പെട്ട വിളി അവന്‍ വിളിച്ചു, അതു യോഹന്നാന്റെ സുവിശേഷത്തിന്റെ ആപ്തവാക്യവുമാണ് - "മനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു." അവന്റെ മഹത്വീകരണത്തിനായുള്ള നാഴിക വന്നിരിക്കുന്നു, സ്വര്‍ഗ്ഗവും ഭൂമിയും പ്രതീക്ഷിച്ച നിമിഷം ആസന്നമായിരിക്കുന്നു.

എന്നിട്ടും അത്ഭുതങ്ങളുടെ അത്ഭുതം; യുദ്ധങ്ങളിലെ വിജയം, രാഷ്ട്രീയാധികാരം പിടിച്ചെടുക്കല്‍ എന്നിവയൊന്നും യേശുവിന്റെ മഹത്വത്തിന്റെ അടയാളങ്ങളല്ല. ഉയര്‍ന്ന മലയിലെ രൂപാന്തരം യോഹന്നാന്‍ രേഖപ്പെടുത്തുന്നില്ല, കാരണം ഇതിനെ യേശുവിന്റെ മഹത്വത്തിന്റെ ആവശ്യകതയായി അവന്‍ പരിഗണിക്കുന്നില്ല. എന്നാലും, ക്രിസ്തുവിന്റെ തേജസ്കരണത്തെ അവന്റെ മരണവുമായി യോഹന്നാന്‍ ബന്ധിപ്പിക്കുന്നു. ക്രൂശില്‍, യേശുവിന്റെ ദിവ്യത്വത്തിന്റെ കാമ്പ് അവന്റെ സ്നേഹത്തോടൊപ്പം നാം കാണുന്നു.

യേശു തന്നെത്താന്‍ വിളിച്ചതു ഗോതമ്പുമണിയെന്നാണ് - തന്നെത്താന്‍ ശൂന്യനാക്കി നീതിയും മഹത്വവും പ്രകടിപ്പിക്കുന്നതിനുവേണ്ടി നിലത്തേക്കു വീഴുന്ന സ്വര്‍ഗ്ഗീയ വിത്ത്. യേശു എന്നേക്കും തേജോപൂര്‍ണ്ണനായിരുന്നു. അവന്റെ മരണം ചീത്തയായ നമ്മെ ശുദ്ധീകരിക്കുന്നു, അങ്ങനെ അവന്റെ മഹത്വം പങ്കിടാന്‍ നാം യോഗ്യരാകുന്നു. ഗ്രീക്കുകാരുടെ വരവ് ഒരു പ്രസന്നമായ വിളി ഉയര്‍ത്തി, എല്ലാ ജാതികളില്‍നിന്നുമുള്ളവരെ അവന്‍ വിളിക്കുന്നുവെന്നാണ് ഇതു കാണിക്കുന്നത്. അവരില്‍ അവന്‍ അവന്റെ യഥാര്‍ത്ഥ തേജസ്സു പുതുക്കും. സൃഷ്ടിയില്‍ തുളഞ്ഞിറങ്ങുന്ന ആ തേജസ്സു ക്രൂശിലൂടെ മാത്രമാണ്.

യോഹന്നാന്‍ 12:25-26
25തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും; ഇഹലോകത്തില്‍ തന്റെ ജീവനെ പകയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും. 26എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.

യേശുവിന്റെ മരണപാതയും മഹത്വത്തിലേക്കുള്ള പ്രവേശനവും അവന്റെ ശിഷ്യന്മാര്‍ക്കും ബാധകമാണെന്നു യേശു നമുക്കു കാണിച്ചുതരുന്നു. പുത്രന്‍ സ്വന്തമഹത്വം വിട്ടു ദൈവികഗുണഗണങ്ങള്‍ വെടിഞ്ഞു മനുഷ്യരാശിയെ രക്ഷിക്കാന്‍ വന്നതുപോലെ, പേരിനും പ്രസിദ്ധിക്കുമല്ല, മറിച്ചു നിരന്തരം നമ്മെത്തന്നെ നിഷേധിക്കുന്നതാകണം നമ്മുടെ ലക്ഷ്യം. താങ്കളെത്തന്നെ പരിശോധിക്കുക, താങ്കള്‍ താങ്കളെ സ്നേഹിക്കുകയാണോ അതോ പകയ്ക്കുകയാണോ? താങ്കള്‍ താങ്കളെത്തന്നെ മറന്ന് അവന്റെ രാജ്യത്തില്‍ വിശ്വസ്തതയോടെ സേവനം ചെയ്താല്‍ നിത്യജീവന്‍ പ്രാപിക്കും. നിത്യജീവനായി താങ്കളുടെ ആത്മാവിനെ താങ്കള്‍ സൂക്ഷിക്കും. യഥാര്‍ത്ഥ തേജസ്സിന്റെ (മഹത്വത്തിന്റെ) പ്രമാണം യേശു ഇതിനാല്‍ കാട്ടിത്തരുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ പ്രസാദിപ്പിക്കാനായി ജീവിക്കരുത്, അലസതയോ അഹങ്കാരമോ അരുത്, മറിച്ചു ദൈവത്തിലേക്കു തിരിഞ്ഞ് അവന്റെ കല്പനകള്‍ ശ്രദ്ധിക്കുക, അശരണരെയും ത്യജിക്കപ്പെട്ടവരെയും തേടി അവരെ സേവിക്കുക - യേശു തന്റെ മഹത്വം ഇല്ലാതാക്കി വ്യഭിചാരികള്‍ക്കും കള്ളന്മാര്‍ക്കുമൊപ്പം ഇരുന്നതുപോലെതന്നെ. സുവിശേഷത്തിനുവേണ്ടി അങ്ങനെയുള്ള പാപികള്‍ക്കൊപ്പം പങ്കിടുന്നതില്‍ താങ്കളുടെ ജീവിതത്തില്‍ ദൈവമഹത്വം പ്രത്യക്ഷപ്പെടും. താങ്കള്‍ മറ്റുള്ളവരെക്കാള്‍ നല്ലയാളാണെന്നു കരുതരുത്. നിങ്ങള്‍ക്കു തോല്‍വികളുണ്ടെങ്കിലും, യേശുവിനു മാത്രമേ മറ്റുള്ളവര്‍ക്കൊപ്പം നിങ്ങളെ സുതാര്യനാക്കാന്‍ കഴിയൂ. സ്വയനിഷേധത്തിലൂടെ മാത്രമേ ഈ മാറ്റമുണ്ടാകൂ.

യേശുവിനെ നാം സേവിക്കുന്നതിന്റെ അര്‍ത്ഥം അവനെ അനുഗമിക്കുക, അനുകരിക്കുക, അവന്‍ ചിലപ്പോഴൊക്കെ സഹിച്ച നിന്ദ പങ്കിടുക എന്നതാണെന്ന് അവന്‍ വിശദീകരിച്ചപ്പോള്‍ ഈ പ്രമാണം വ്യക്തമായി. ഇതു സുഖലോലുപതയുടെയും പൊങ്ങച്ചത്തിന്റെയും പാതയല്ല; ക്രിസ്തുവിന്റെ അനുയായികള്‍ പ്രതീക്ഷിക്കേണ്ടതും ഇതല്ല. തിരസ്കാരവും, വിദ്വേഷവും, പീഡനവും, മരണംപോലും അവര്‍ അനുഭവിച്ചെന്നു വരാം. അവന്റെ നാമത്തിനുവേണ്ടി കഷ്ടമനുഭവിക്കാന്‍ താങ്കള്‍ക്കു സന്നദ്ധതയുണ്ടോ? അവന്റെ വാഗ്ദത്തം, "ഞാന്‍ ഇരിക്കുന്നിടത്ത് എനിക്കു ശുശ്രൂഷ ചെയ്യുന്നവനും ഇരിക്കും." കഷ്ടതയുടെ പാതയിലൂടെ നിങ്ങള്‍ക്കു മുമ്പായി യേശു പോയിട്ടുണ്ട്, അവന്‍ നിങ്ങള്‍ക്കൊപ്പം കഷ്ടപ്പെടുന്നു. ഈ യാത്രയില്‍ ക്രിസ്തുവിന്റെ സേവകരുടെ വിഷയം വ്യക്തമായ മഹത്വമല്ല. നമ്മെ പ്രസാദിപ്പിക്കുന്നതിലല്ല നമ്മുടെ സന്തോഷം, ആവശ്യക്കാരെ സേവിക്കുന്നതാണത്. ക്രിസ്തുവിന്റെ അനുയായികളുടെ ത്യാഗപരമായ ആത്മാവില്‍ അവന്റെ നാമം മഹിമപ്പെടുന്നു. നാം പിതാവിന്റെ പുത്രനെപ്പോലെ ആയിത്തീരുമ്പോള്‍ പിതാവിന്റെ നാമം മഹിമപ്പെടുന്നു.

ഇന്നു പിതാവിന്റെ സിംഹാസനത്തില്‍ ക്രിസ്തു ഇരുന്ന്, അവനുമായുള്ള തികഞ്ഞ കൂട്ടായ്മയിലും ഐക്യതയിലും ജീവിക്കുന്നതുപോലെ, അവന്റെ നാമം നിമിത്തം പീഡിപ്പിക്കപ്പെടുന്നവരും അവരുടെ സ്വര്‍ഗ്ഗീയപിതാവിനോടു ചേര്‍ന്നു ജീവിക്കും. ഈ മാര്‍മ്മികരഹസ്യം ശ്രേഷ്ഠമാണ്. തന്റെ പ്രിയ പുത്രന്റെ സേവകര്‍ക്കു പിതാവു നല്‍കുന്ന പദവി എന്താണെന്നാണു താങ്കള്‍ കരുതുന്നത്? സൃഷ്ടിയിലെപ്പോലെ അവന്റെ സ്വരൂപം അവരില്‍ അവന്‍ പുതുക്കും. ഉപരിയായി, അവന്റെ ആത്മാവിന്റെ പൂര്‍ണ്ണതയില്‍ അവന്‍ അവരുടെമേല്‍ ഇറങ്ങും. അവന്റെ പുത്രനെപ്പോലെ അവര്‍ മക്കളായിത്തീരും; അനേകം സഹോദരന്മാരുടെയിടയില്‍ അവന്‍ ആദ്യജാതനായിരിക്കണമല്ലോ. എന്നെന്നേക്കും അവര്‍ പിതാവിനോടൊപ്പം സ്വര്‍ഗ്ഗത്തിലായിരിക്കും (റോമര്‍ 8:29; വെളിപ്പാട് 21:3-4).

പ്രാര്‍ത്ഥന: യേശുനാഥാ, നിന്റെ മഹത്വം ആസ്വദിച്ചു നീ തൃപ്തിയടയാതെ, നിന്റെ മഹത്വം ഉരിഞ്ഞുവെച്ചതിനായി നിനക്കു നന്ദി. ആ താഴ്മയ്ക്കായി ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. ഞങ്ങളുടെ ആത്മസംതൃപ്തിയില്‍നിന്നും അഹംഭാവത്തില്‍നിന്നും ഞങ്ങളെ വിടുവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ നിന്റെ ആത്മാവു നല്‍കുന്ന സ്വാതന്ത്യ്രം ഞങ്ങള്‍ അറിഞ്ഞു നിന്നെ സേവിക്കുകയും ഞങ്ങളുടെ ജീവിതത്തില്‍ നിന്റെ സ്നേഹം അറിയുകയും ചെയ്യുമല്ലോ.

ചോദ്യം:

  1. സത്യത്തിന്റെ തേജസ്കരണമായി ക്രിസ്തുവിന്റെ മരണത്തെ കണക്കാക്കുന്നത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 11, 2012, at 12:32 PM | powered by PmWiki (pmwiki-2.3.3)