Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 032 (The Grace of Christ)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഇ - നീതീകരണം എന്നാല്‍ ദൈവവും മനുഷ്യനുമായുള്ള പുതിയ ബന്ധം എന്നര്‍ത്ഥം (റോമര്‍ 5:1-21)

3. ക്രിസ്തുവിന്റെ കൃപ മരണത്തെയും പാപത്തെയും ന്യായപ്രമാണത്തെയും കീഴടക്കി (റോമര്‍ 5:12-21)


റോമര്‍ 5:12-14
12 അതുകൊണ്ട് ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു. 13 പാപമോ ന്യായപ്രമാണംവരെ ലോകത്തില്‍ ഉണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല. 14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന് തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെ വരെ വാണിരുന്നു.

നമ്മുടെ നാശത്തിനു കാരണം നമ്മുടെ പാപമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് മരണത്തിന്റെ മര്‍മ്മത്തെ വിശദീകരിക്കയാണിവിടെ പൌലോസ്. നമ്മുടെ ആദ്യമാതാപിതാക്കള്‍ ദൈവത്തോടു മത്സരിച്ചതിന്റെ ഫലമായി അവര്‍ മരണത്തിനിരയായിത്തീര്‍ന്നു. നാം അവരുടെ പിന്‍തലമുറക്കാരായതുകൊണ്ട് നാമും ആ ശിക്ഷാവിധിയിന്‍ കീഴില്‍ ആയിത്തീര്‍ന്നു. അന്നുമുതല്‍ മരണം സകല മനുഷ്യരിലും വാണുകൊണ്ടിരിക്കുന്നു. ന്യായശാസ്ത്രിമാരുടെമേലും പഴയനിയമഭക്തന്മാരുടെമേലും വാണുകൊണ്ടിരിക്കുന്നു. പാപം ന്യായപ്രമാണംമൂലം ദൃശ്യമായതിനാല്‍ ന്യായപ്രമാണം നല്കപ്പെട്ടതുമുതല്‍ മരണശിക്ഷാവിധി നിയമാനുസൃതമായി മാറി.

നാം എല്ലാവരും പാപികളായതുകൊണ്ട് മരണത്തിന് വിധേയരാണ്. ഈ ലോകത്തില്‍ നിത്യജീവിതമില്ല. മരണത്തിന്റെ വിത്ത് നമ്മിലുള്ളതുകൊണ്ട് പ്രായേണ ഞാനും നിങ്ങളും മരിക്കും. ക്രിസ്തുയേശുവിലുള്ള വിശ്വാസത്താല്‍ നിത്യജീവനവകാശികളായിത്തീരുവാന്‍ തക്കവണ്ണം പുത്രനെ സ്വീകരിക്കേണ്ടതിന് മാനസാന്തരപ്പെടുവാനുള്ള സമയം ഇന്ന് ദൈവം അനുവദിച്ചിരിക്കയാണ്.

റോമര്‍ 5:15-17
15 എന്നാല്‍ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍, ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകര്‍ക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. 16 ഏകന്‍ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിക്കുവാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്നു നീതീകരണവിധിക്ക് ഹേതുവായിത്തീര്‍ന്നു. 17 ഏകന്റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും.

ഒന്നാമത്തെ ആദാം മുഖാന്തരമുണ്ടായ പാപത്തിന്റെയും മരണത്തിന്റെയും മര്‍മ്മവും രണ്ടാം ആദാം മുഖാന്തരമുണ്ടായ നീതീകരണത്തെയും ജീവനെയും അപ്പോസ്തലന്‍ (പൌലോസ്) വിവരിക്കയാണിവിടെ.

പാപവും മരണവും ആദാം മുഖാന്തരമായി അനേകരിലേക്ക് വ്യാപിച്ചതുപോലെ, ദൈവകൃപയും നിത്യജീവന്റെ ദാനവും യേശു മുഖാന്തരം അനേകരിലേക്ക് വ്യാപിക്കുന്നു എന്നല്ല പൌലോസിവിടെ പറയുന്നത്. എന്തെന്നാല്‍ ക്രിസ്തു ആദാമില്‍നിന്ന് വ്യത്യസ്തനും, ആദാമിനെക്കാള്‍ ശ്രേഷ്ഠനുമാണ്. നമ്മുടെ കര്‍ത്താവ് സമൃദ്ധിയായിട്ട് കൃപയും ദാനങ്ങളും സ്വര്‍ഗ്ഗത്തില്‍നിന്ന് നമുക്ക് നല്കിയിരിക്കുന്നു. അവന്റെ കൃപ അനേകരിലും വര്‍ദ്ധിച്ചുപെരുകി. കൃപ മരണത്തെപ്പോലെ മരണകരവും ബലഹീനവുമല്ല, പ്രത്യുത ഫലകരമായതും ശക്തവുമായ ജീവിതത്തെ പ്രദാനം ചെയ്യുന്നതത്രെ കൃപ.

പാപത്തിന്മേലുള്ള ദൈവത്തിന്റെ ശിക്ഷാവിധി ആരംഭിച്ചത് ആദ്യമനുഷ്യനിലാണ് എങ്കിലും അത് സകല മനുഷ്യരിലേക്കും സ്വതന്ത്രമായി കടന്നുവന്നിരിക്കുന്നു. അത് നീതീകരണംപോലെയല്ല; നീതീകരണം ഒരു പാപിക്കല്ല, സര്‍വ്വ പാപികള്‍ക്കുമായി നല്കപ്പെട്ടതാണ്. കാരണം യേശു ഒരിക്കല്‍ എന്നേക്കുമായി സകലരെയും നീതീകരിച്ചിരിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവന്‍ നീതീകരിക്കപ്പെടുന്നു.

ആദ്യമാതാപിതാക്കളുടെ പാപം നിമിത്തം മരണം ഒരു രാജാവിനെപ്പോലെ മാനവജാതിയുടെ മേല്‍ ഭരണം നടത്തിയപ്പോള്‍, യേശു തന്റെ കൃപയാല്‍ ആശ്വാസത്തിനും നന്മയ്ക്കുമായി ഒരു നീരുറവ തുറന്നു; അതില്‍നിന്നും നിത്യജീവന്‍ വിശ്വസിക്കുന്ന ഏവരിലേക്കും ഒഴുകുന്നു. എന്നാല്‍ മരണം മനഃപൂര്‍വ്വമായി മനുഷ്യരുടെ മേല്‍ വാണതുപോലെ വിശ്വാസികളുടെ ഹൃദയങ്ങളില്‍ ദൈവം നിര്‍ബന്ധമായും വാഴുന്നില്ല. ശുദ്ധീകരണം പ്രാപിച്ചവര്‍ രക്ഷിതാവായ കര്‍ത്താവിനോടുകൂടെ എന്നേക്കും വാഴും. കര്‍ത്താവിന്റെ ശ്രേഷ്ഠതയെ എല്ലാ കാര്യങ്ങളിലും ആദാമിനോടു താരതമ്യപ്പെടുത്തുവാന്‍ സാധ്യമല്ല. കാരണം ദൈവത്തിന്റെ കൃപയും ജീവനും, മരണത്തില്‍നിന്നും ശിക്ഷാവിധിയില്‍നിന്നും ഏറെ വ്യത്യസ്തപ്പെട്ടതാണ്.

റോമര്‍ 5:18-21
18 അങ്ങനെ ഏകലംഘനത്താല്‍ സകലമനുഷ്യര്‍ക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാല്‍ സകല മനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു. 19 ഏകമനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും. 20 എന്നാല്‍ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു; 21 എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു. മരണത്താല്‍ വാണതുപോലെ കൃപയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യജീവനായി വാഴേണ്ടതിനുതന്നെ.

ക്രിസ്തുവും ആദാമുമായുള്ള ന്യായമായ താരതമ്യത്തിലേക്ക് പൌലോസ് വീണ്ടും കടക്കുകയാണ്. ഈ വേദഭാഗത്ത് വ്യക്തികളെയല്ല അവരുടെ പ്രവൃത്തികളെയും അതിന്റെ ഫലത്തെയുമാണ് താന്‍ താരതമ്യപ്പെടുത്തുന്നത്. ഒരുവന്റെ ലംഘനത്താല്‍ സകല മനുഷ്യരുടെയും മേല്‍ ശിക്ഷാവിധി വാണതുപോലെ, നീതീകരണം എന്ന ഒരൊറ്റ നീതിപ്രവൃത്തിയാല്‍, സത്യത്താലുള്ള നിത്യജീവന്‍ എല്ലാവര്‍ക്കുമായി നല്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ ദാനം എത്ര ശ്രേഷ്ഠം! ശരിയാണ്, ആദ്യമനുഷ്യന്റെ അനുസരണക്കേടിനാല്‍ നാം പാപത്തിന്റെ ദാസന്മാരായിത്തീര്‍ന്നു; എന്നാല്‍ ആദ്യത്തെ അനുസരണത്താല്‍ നാം എല്ലാവരും വിടുവിക്കപ്പെട്ടവരും നീതിമാന്മാരുമായിത്തീര്‍ന്നിരിക്കുന്നു.

ഒടുവിലായി ആദാമിന്റെ പാപത്തെയും ക്രിസ്തുവിന്റെ നീതീകരണത്തെയും തമ്മില്‍ താരതമ്യം ചെയ്യുന്ന പൌലോസ് ന്യായപ്രമാണത്തിന്റെ പ്രശ്നത്തിലേക്ക് പ്രവേശിക്കുകയാണ്. ന്യായപ്രമാണം ലോകത്തിന്റെ രക്ഷയ്ക്ക് സഹായകരമായിരിക്കുന്നില്ല, കാരണം രക്ഷയുടെ ചരിത്രത്തിലേക്കുള്ള അതിന്റെ പ്രവേശനംമൂലം പാപം ഏറെ വെളിവാകുകയും, മനുഷ്യന്റെ സമ്പൂര്‍ണ്ണമായ അനുസരണം അതാവശ്യപ്പെടുകയുമാണു ചെയ്തത്. ന്യായപ്രമാണം മനുഷ്യന്റെ ഹൃദയകാഠിന്യത്തെ പെരുക്കുകയും പാപത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ക്രിസ്തു നമ്മെ കൃപയുടെ ഉറവിങ്കലേക്ക് കൂട്ടിക്കൊണ്ടുവന്നു; കൃപയുടെ ആ നദി ലോകത്തിന്റെ ഏതു മരുഭൂമിയിലേക്കും ഒഴുകുവാന്‍ പര്യാപ്തമായ ശക്തിയുടെ പൂര്‍ണ്ണതയും നിരന്തരമായ നീതിയും അവന്‍ നമുക്ക് വാഗ്ദത്തം ചെയ്യുന്നു. പൌലോസ് സന്തോഷത്തോടും ആഹ്ളാദത്തോടുംകൂടെ വിളിച്ചുപറഞ്ഞു: പാപം മരണത്താല്‍ കഴിഞ്ഞകാലം മുഴുവന്‍ ലോകത്തെ വാണുവെങ്കില്‍, പാപത്തിന്റെ തേര്‍വാഴ്ച ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഇത് കൃപ ഭരണം നടത്തുന്ന കാലമാണ്. അത് യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം മൂലമുള്ള ദൈവത്തിന്റെ നീതിയില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു.

യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനത്താല്‍ ചരിത്രപരമായ ഒരു യുഗത്തിന് ആരംഭം കുറിച്ചിരിക്കയാലും, ആയതില്‍ മരണത്തിന്റെയും പാപത്തിന്റെയും ശക്തിക്ക് നീക്കം ഭവിച്ചിരിക്കയാലും ഏതു മനുഷ്യനും നന്ദിക്കും, ആശ്വാസത്തിനും, സ്തോത്രത്തിനുമുള്ള കാരണമുണ്ടായിട്ടുണ്ട്. കൃപയുടെ അഭിവൃദ്ധി അതിന്റെ ഫലങ്ങളാലും നിത്യജീവനാലും നാം മനസ്സിലാക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന യാതൊരുവനിലൂടെയും സുവിശേഷം മുഖാന്തരമായി ദൈവശക്തിയുടെ പൂര്‍ണ്ണത വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, അവിടുന്നു പാപത്തെയും, മരണത്തെയും, സാത്താനെയും ജയിച്ചതുകൊണ്ട് ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. അവിടുന്നു കൃപയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ ജീവിതത്തിന്റെ അനുഗ്രഹങ്ങളുടെ പങ്കാളികളാക്കിയല്ലോ. കഴിഞ്ഞകാലങ്ങളില്‍ ഞങ്ങള്‍ അതിജീവിപ്പാന്‍ ഇടയായ സാഹചര്യങ്ങളിലേക്ക് മടങ്ങിപ്പോകുവാന്‍ ഇടയാകാതവണ്ണം ഞങ്ങളുടെ വിശ്വാസത്തെ ശക്തീകരിച്ച് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അവിടുത്തെ കൃപ വാസ്തവമായി വാഴുന്നുവെന്നും അത് മരണത്തെക്കാള്‍ ശക്തിയേറിയത് എന്നും അറിയേണ്ടതിന് കൃപയാല്‍ ഞങ്ങളെ ഉറപ്പിക്കുകയും അവിടുത്തെ ആത്മാവിന്റെ ഫലങ്ങളെ ഞങ്ങളില്‍ നല്കുകയും ചെയ്യണമേ. അവിടുത്തെ പൂര്‍ണ്ണതയാല്‍ ഞങ്ങളെ അനുഗ്രഹിച്ചതിനും, അവിടുത്തെ വിശ്വസ്തതയില്‍ ഞങ്ങളെ പരിപാലിക്കുന്നതിനും ഞങ്ങള്‍ അവിടുത്തേക്ക് നന്ദി കരേറ്റട്ടെ.

ചോദ്യം:

  1. ആദാമും ക്രിസ്തുവുമായുള്ള താരതമ്യത്തിലൂടെ നമ്മെ കാണിച്ചുതരുവാന്‍ പൌലോസ് താല്‍പര്യപ്പെടുന്നത് എന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:49 AM | powered by PmWiki (pmwiki-2.3.3)