Previous Lesson -- Next Lesson
യ) പരിച്ഛേദനയാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നില്ല (റോമര്‍ 4:9-12)
റോമര്‍ 4:9-12
9 ഈ ഭാഗ്യവര്‍ണ്ണനം പരിച്ഛേദനയ്ക്കോ? അഗ്രചര്‍മ്മത്തിനു കൂടെയോ? അബ്രഹാമിനു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത്. 10 എങ്ങനെയാണു കണക്കിട്ടത്? പരിച്ഛേദനയിലോ? അഗ്രചര്‍മ്മത്തിലോ? പരിച്ഛേദനയിലല്ല; അഗ്രചര്‍മ്മത്തിലത്രെ. 11 അഗ്രചര്‍മ്മത്തില്‍വെച്ചുണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായി പരിച്ഛേദന എന്ന അടയാളം അവനു ലഭിച്ചത് അഗ്രചര്‍മ്മത്തോടെ വിശ്വസിക്കുന്നവര്‍ക്കുംകൂടെ നീതി കണക്കിടപ്പെടുവാന്‍തക്കവണ്ണം താന്‍ അവര്‍ക്ക് എല്ലാവര്‍ക്കും പിതാവായിരിക്കേണ്ടതിനും 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രഹാമിന് അഗ്രചര്‍മ്മത്തില്‍ വെച്ചുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്‍ക്ക് പിതാവായിരിക്കേണ്ടതിനും തന്നെ.
പൌലോസ് യഹൂദന്മാരെ ആക്രമിച്ച് പരിച്ഛേദന എന്ന അവരുടെ വിശുദ്ധ കര്‍മ്മത്തെ ഖണ്ഡിക്കയുണ്ടായി. പഴയ ഉടമ്പടിയുടെ ഏറ്റവും മഹത്തായ ഒരടയാളമായിട്ടാണ് പരിച്ഛേദനയെ മരുഭൂവാസികളായ ജനം കണ്ടിരുന്നത്. പരിച്ഛേദന ഏറ്റവനെ ദൈവത്തിന്റെ സ്വന്തമായും അല്ലാത്തവനെ ദൈവദൂഷകനുമായിട്ടാണ് കണ്ടുവന്നിരുന്നത്. അതുകൊണ്ട് ഏതു പുതിയ വിശ്വാസിയും യഥാര്‍ത്ഥ ശുദ്ധീകരണത്തിന്റെ അടയാളമായ പരിച്ഛേദനയിലൂടെ ദൈവത്തോടുള്ള ഉടമ്പടിയില്‍ പ്രവേശിക്കുവാന്‍ യഹൂദന്മാര്‍ ഉപദേശിച്ചുപോന്നു.
അബ്രഹാം നീതീകരിക്കപ്പെട്ടത് പരിച്ഛേദനയാലല്ല, വിശ്വാസത്താലത്രെയെന്ന് പൌലോസ് യാഥാസ്ഥിതികരായ യഹൂദന്മാര്‍ക്ക് തെളിയിച്ചുകൊടുത്തു. അബ്രഹാം പരിച്ഛേദന ഏല്ക്കുംമുമ്പെ ദൈവം അവനെ വിളിക്കുകയും അവന്‍ ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തുവല്ലോ. അങ്ങനെ അവന്റെ നീതീകരണത്തിന്റെ അടിസ്ഥാനം അവന്റെ വിശ്വാസമായിരുന്നു. പരിച്ഛേദന ദൈവത്തിങ്കലേക്ക് മടങ്ങിച്ചെല്ലുന്നതിനുള്ള അവകാശമായിട്ടല്ല, അടയാളമായിട്ടത്രെ അവന് നല്കപ്പെട്ടത്. ദൈവത്തോടുള്ള ഉടമ്പടിബന്ധത്തിന് അവനെ സഹായിച്ചത് പരിച്ഛേദനയല്ല, വിശ്വാസമായിരുന്നു.
അബ്രഹാം ഒരു വിജാതീയനായി പരിച്ഛേദന കൂടാതിരിക്കെയാണ് ദൈവം അവനെ നീതീകരിച്ചത്. അതുകൊണ്ട് ജാതികളായ വിശ്വാസികള്‍ക്ക് ഒന്നാമത് അവന്‍ പിതാവായതിനുശേഷമാണ് അവന്‍ പരിച്ഛേദനക്കാര്‍ക്ക് പിതാവായത് എന്നു പറയുവാന്‍ പൌലോസ് ശങ്കിച്ചില്ല. ഈ ന്യായവാദത്താല്‍, ക്രിസ്തുവില്‍ വിശ്വസിക്കാത്ത പരിച്ഛേദനക്കാരേക്കാള്‍ ദൈവത്തോട് അടുത്തുവന്നിരിക്കുന്നത് വിശ്വസിച്ചവരായ ജാതികളാണെന്ന് പൌലോസ് തെളിയിക്കുന്നു. പാരമ്പര്യ ആചാരങ്ങളാലും, ശരീരത്തിലെ അടയാളങ്ങളാലുമല്ല, പ്രത്യുത ആത്മാര്‍ത്ഥമായ വിശ്വാസത്താലും മാനസാന്തരത്താലുമത്രെ ദൈവം മഹത്വപ്പെടുന്നത്.
യഹൂദന്മാരുടെ ആത്മവഞ്ചനയെ ബോധ്യപ്പെടുത്തി, അവരുടെ തെറ്റായ ധാരണയെ അവന്‍ ദുര്‍ബ്ബലപ്പെടുത്തിയാറെ യഹൂദന്മാര്‍ക്ക് പൌലോസിനോടുള്ള കോപം ഏറെ ജ്വലിച്ചു. കൃപയുടെ സുവിശേഷത്തില്‍ വിശ്വസിക്കുമെങ്കില്‍ അബ്രഹാം അവര്‍ക്കും പിതാവാണെന്ന് അവകാശപ്പെടാമെന്ന് താന്‍ മതാനുസാരികളായ യഹൂദന്മാരെ ഉദ്ബോധിപ്പിച്ചു. നമ്മുടെ ജാതീയമായ ഉത്ഭവമോ പരിച്ഛേദനയോ ഇതൊന്നുമല്ല ദൈവത്തിങ്കലേക്കുള്ള വഴി, മരിച്ച് ക്രൂശിക്കപ്പെട്ട ക്രിസ്തുവിലുള്ള വിശ്വാസമത്രെ കാര്യം. നമ്മെ സംബന്ധിച്ചിടത്തോളം പ്രസ്താവിച്ചാല്‍ സ്നാനപ്പെടുന്നവനല്ല നീതീകരിക്കപ്പെടുന്നത്, പ്രത്യുത ക്രിസ്തുവില്‍ വിശ്വസിക്കുന്നവനാണ്. കാരണം, ആചാരങ്ങളാലും അടയാളങ്ങളാലുമല്ല, വിശ്വാസത്താല്‍ മാത്രമത്രെ ഏതു മനുഷ്യനും ദൈവമുമ്പാകെ നീതീകരിക്കപ്പെടുന്നത്.
പ്രാര്‍ത്ഥന: പരിശുദ്ധ പിതാവേ, ഞങ്ങളുടെ പാപവും അശുദ്ധിയും നിമിത്തം തിരുമുമ്പില്‍ വരുവാന്‍ ഞങ്ങള്‍ യോഗ്യരല്ല. എങ്കിലും അവിടുത്തെ പ്രിയപുത്രന്‍ തന്റെ സ്നേഹം ഞങ്ങള്‍ക്കു വെളിപ്പെടുത്തി, ക്രൂശില്‍ ഞങ്ങളെ നീതീകരിച്ചു. ഞങ്ങള്‍ അവന്റെ വചനത്തില്‍ വിശ്വസിക്കുകയും, അവന്റെ പ്രത്യക്ഷതയ്ക്കായി വാഞ്ഛിക്കുകയും, അവന്റെ രക്ഷയില്‍ പണിയപ്പെടുകയും, അവനെ മാതൃകയായി ജീവിക്കയും ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. അവിടുന്നു ലോകത്തിലുള്ള സകല വിശുദ്ധരോടുംകൂടെ ഞങ്ങളെ സൌജന്യമായി നീതീകരിച്ചു വിശുദ്ധീകരിച്ചുവല്ലോ.
ചോദ്യം:
- നീതീകരണം പരിച്ഛേദനയാലല്ല, വിശ്വാസത്താല്‍ മാത്രമായിരിക്കുവാന്‍ കാരണമെന്ത്?