Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 028 (We are Justified by Grace)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)
3. വിശ്വാസത്താലുള്ള നീതീകരണത്തിന് അബ്രഹാമും ദാവീദും ഉത്തമദൃഷ്ടാന്തങ്ങളായിരിക്കുന്നു (റോമര്‍ 4:1-24)

ര) നാം നീതീകരിക്കപ്പെട്ടിരിക്കുന്നത് ന്യായപ്രമാണത്താലല്ല, കൃപയാലത്രെയാകുന്നു (റോമര്‍ 4:13-18)


റോമര്‍ 4:13-18
13 ലോകാവകാശിയാകും എന്നുള്ള വാഗ്ദത്തം അബ്രഹാമിനോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല 14വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത്. 14 എന്നാല്‍ ന്യായപ്രമാണമുള്ളവര്‍ അവകാശികള്‍ എങ്കില്‍ വിശ്വാസം വ്യര്‍ത്ഥവും വാഗ്ദത്തം ദുര്‍ബലവും എന്നു വരും. 15 ന്യായപ്രമാണമോ കോപത്തിനു ഹേതുവാകുന്നു; ന്യായപ്രമാണമില്ലാത്തിടത്ത് ലംഘനവുമില്ല. 16 അതുകൊണ്ട് കൃപാദാനം എന്നു വരേണ്ടതിന് വിശ്വാസത്താലത്രെ അവകാശികള്‍ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്ക് മാത്രമല്ല, അബ്രഹാമിന്റെ വിശ്വാസമുള്ളവര്‍ക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ. 17 മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിനു തന്നെ. "ഞാന്‍ നിന്നെ ബഹു ജാതികള്‍ക്ക് പിതാവാക്കിവെച്ചു" എന്ന് എഴുതിയിരിക്കുന്നുവല്ലോ. "18 നിന്റെ സന്തതി ഇവ്വണ്ണം ആകു" മെന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്ക് പിതാവാകും എന്ന് അവന്‍ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു.

യഹൂദന്മാരുടെ പരിച്ഛേദനയിലുള്ള വ്യാജമായ വിശ്വാസത്തെ അപലപിച്ച ശേഷം അവര്‍ രണ്ടാമതായി പിന്തുണയ്ക്കുന്ന ന്യായപ്രമാണത്തിന്റെ ആചരണത്താലുള്ള സാങ്കല്പിക നീതിയെ തള്ളിക്കളയുകയാണ് പൌലോസ്.

ദൈവം കല്പലകയില്‍ എഴുതിയ ഉടമ്പടിമേല്‍ ഇരുന്നുകൊണ്ടു തന്നെത്താന്‍ വെളിപ്പെടുത്തുകയും ലോകത്തെ ഭരിക്കുകയും ചെയ്യുന്നു എന്നാണ് യിസ്രായേല്‍ ജനത വിശ്വസിച്ചുപോന്നത്. ന്യായപ്രമാണത്തിന്റെ കല്പനകളെ അനുസരിക്കുന്നിടത്തോളംകാലം ദൈവം അവരോടൊപ്പമുണ്ടെന്ന് അവര്‍ കരുതി. എങ്കിലും അവരുടെ ഭയാനകമായ പാപത്തെയോ മനുഷ്യവര്‍ഗ്ഗത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തെയോ അവര്‍ ഗ്രഹിച്ചില്ല. അവര്‍ ന്യായപ്രമാണത്തിന്റെ ദാസന്മാരായിത്തീര്‍ന്നു. അവരുടെ ഹൃദയം കല്ലുപോലെ കഠിനപ്പെട്ടിട്ട് അവര്‍ അന്ധമായി പ്രശംസിച്ചു. അവരുടെ മേലുള്ള ദൈവക്രോധത്തെയോ തങ്ങളുടെയിടയില്‍ വസിച്ച ക്രിസ്തുവിനെയോ അവര്‍ തിരിച്ചറിഞ്ഞില്ല.

യേശുക്രിസ്തുവിലുള്ള ലളിതമായ വിശ്വാസത്താലല്ലാതെ, സമ്പ്രദായങ്ങളിലും, വിലക്കുകളിലും, വിധികളിലും താല്‍പര്യപ്പെട്ട് അതില്‍ ആശ്രയിക്കുന്നവര്‍ക്ക് അയ്യോ കഷ്ടം! സ്നേഹിക്കാന്‍ കഴിയാത്ത ഒരു ന്യായവാദിയേക്കാള്‍ ബലഹീനനായ ഒരു വിശ്വാസി ശ്രേഷ്ഠന്‍; ന്യായപ്രമാണത്താല്‍ കോപം, ലംഘനം എന്നിവ ജനിച്ചിട്ട് ശിക്ഷാവിധിയുണ്ടാകുന്നുവെന്നത് ഒരു വലിയ മര്‍മ്മമാണ്. അതുകൊണ്ട് വിവേകമതികളും വിദ്യാസമ്പന്നരുമായവര്‍ തങ്ങളുടെ ഭവനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വളരെ കുറച്ചു നിയമാവലികളും വ്യവസ്ഥകളുമേ ഏര്‍പ്പെടുത്താറുള്ളു. ന്യായപ്രമാണത്തിന്റെ നിയമാവലികളിലുള്ള അടിമത്തത്തിനും, അവയുടെ വ്യാഖ്യാനത്തിനും, ശിക്ഷാവിധികള്‍ക്കുമല്ല, സ്നേഹത്തിനും, വിശ്വാസത്തിനും, സഹിഷ്ണതയ്ക്കും, ക്ഷമയ്ക്കുമത്രെ ക്രിസ്തു നമ്മെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

മോശെക്ക് ന്യായപ്രമാണം നല്കപ്പെടുന്നതിന് എത്രയോ മുമ്പെ അബ്രഹാം വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിരുന്നു എന്ന വസ്തുത പൌലോസ് ന്യായപ്രമാണവാദികളായവരോട് വ്യക്തമാക്കി. അങ്ങനെ ന്യായപ്രമാണം വരുംമുമ്പെ അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു. വിശ്വാസികളെ നയിക്കേണ്ടതിനും അവരുടെ അഹന്തയെ ഹനിക്കേണ്ടതിനും കല്പനകള്‍ പിന്നീട് നല്കപ്പെടുകയായിരുന്നു. ന്യായപ്രമാണം നമ്മെ അടിമപ്പെടുത്തുന്നു; കുറ്റപ്പെടുത്തുന്നു; ശിക്ഷിക്കുകയും കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ ദൈവകരുണയിലുള്ള വിശ്വാസം യഥാര്‍ത്ഥ ശക്തിയാണ്. അത് ആത്മിക ജീവിതത്തെ പുഷ്ടിപ്പെടുത്തുകയും, പ്രോത്സാഹിപ്പിക്കുകയും, ദൈവത്തെ സേവിപ്പാനും സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളവരാകുവാനും വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അബ്രഹാം തന്റെ നടപ്പിനെയോ, ന്യായപ്രമാണ ആചരണത്തെയോ അല്ല, ദൈവിക വാഗ്ദത്തെ മാത്രം നോക്കി കര്‍ത്താവിനെ വിശ്വസിക്കയാണ് ചെയ്തത്. അവന്‍ എല്ലാ വിശ്വാസികളുടെയും ആത്മിക പിതാവും മാതൃകയുമായിത്തീര്‍ന്നു. വാഗ്ദത്തത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനില്‍ സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നു. അപ്പോള്‍ അവനു സന്തതിയില്ലാതിരുന്നിട്ടും, വിശ്വാസത്താല്‍ അനേക ജാതികളെയും ജനങ്ങളെയും അബ്രഹാം നേടുകയുണ്ടായി, അങ്ങനെ "ലോകാവകാശി'' എന്ന് പൌലോസ് അവനെ വിളിച്ചു.

അനുഗ്രഹത്തിന്റെ പദ്ധതിയുടെ ആരംഭം പരിശുദ്ധാത്മാവ് അബ്രഹാമില്‍ തുടങ്ങി; തത്വത്തില്‍ ആ അനുഗ്രഹത്തില്‍ ക്രിസ്തു താന്‍ തന്നെയുണ്ടായിരുന്നു. വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്ന ഏവനും അവന്‍ മുഖാന്തരമുള്ള ഈ അനുഗ്രഹത്തിലേക്ക് ആനയിക്കപ്പെടുകയാണ്.

തന്റെ മഹാവിശ്വാസം നിമിത്തം പഴയനിയമ കഥാപുരുഷന്മാരില്‍ അഗ്രഗണ്യന്‍ അബ്രഹാം തന്നെ. "നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടു" മെന്ന് ദൈവം അവനോട് വാഗ്ദത്തം ചെയ്തു. അവന്റെ സന്തതി ക്രിസ്തു തന്നെയായിരുന്നു എന്നര്‍ത്ഥം. "സന്തതി" എന്നതിന് എബ്രായഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദം ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തിപരമായ പരാമര്‍ശമാണെന്ന് പൌലോസ് സ്ഥിരീകരിക്കുന്നു. അങ്ങനെ ക്രൂശിക്കപ്പെട്ട ക്രിസ്തു മുഖാന്തരം നീതീകരിക്കപ്പെടുന്നവരെല്ലാം സ്വര്‍ഗ്ഗത്തിലെ സകല അനുഗ്രഹങ്ങളോടുംകൂടെ സ്വര്‍ഗ്ഗത്തിനവകാശികളായിത്തീരും; കാരണം യേശുക്രിസ്തുവിങ്കലെ വിശ്വാസത്താല്‍ ദൈവത്തിന്റെ ജീവനും, ശക്തിക്കും, അനുഗ്രഹങ്ങള്‍ക്കും അവര്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നു.

മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പ് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രക്ഷകന്റെയടുക്കലേക്ക് വരിക. അവന്റെ വചനത്തില്‍ നിലനിന്നാല്‍, പരിശുദ്ധാത്മാവ് നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ക്കും ഒരു നവജീവന്‍ പ്രദാനം ചെയ്യും. നിങ്ങളുടെ സഭയ്ക്കോ, സമൂഹത്തിനോ, ദൈവത്തിന്റെ വാഗ്ദത്തത്തില്‍ വിശ്വാസമുണ്ടെങ്കില്‍, ആ വിശ്വാസം പാപത്തെയും മരണത്തെയും അതിജീവിക്കുകയും മുമ്പ് നിങ്ങള്‍ക്ക് അനുഭവമല്ലാതിരുന്നത് നിങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യും. കാരണം, ദൈവം സൃഷ്ടിച്ചതിനാല്‍ അവിടുന്ന് നിങ്ങളുടെ വിശ്വാസത്തിന്റെ അപേക്ഷ കേട്ട്, നിങ്ങളുടെ വിശ്വാസത്തിലൂടെ പ്രവര്‍ത്തി ക്കുന്നു. അവന്റെ വചനത്തെ നിങ്ങള്‍ കൈക്കൊണ്ടാല്‍ നിങ്ങള്‍ക്കും ലോകത്തിനും മാറ്റമുണ്ടാകും.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളുടെ മനസ്സ് ഇടുക്കമുള്ളതും, ന്യായവാദങ്ങള്‍ പറയുന്നതും, മറ്റുള്ളവരെ വിധിക്കുന്നതും കുറ്റപ്പെടുത്തുന്നതുമാണ്. ആത്മവിശ്വാസത്തിനും വിശ്വാസത്തിനും ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇടമുണ്ടാക്കണമേ. സ്നേഹത്തിനും, ഉണര്‍വ്വിനും, ധൈര്യത്തിനുമായി പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ ഓര്‍ക്കണമേ. പാപത്തില്‍ മരിച്ചവര്‍ ഉണര്‍ന്നെഴുന്നേറ്റ് അങ്ങയുടെ സ്തുതി ഞങ്ങളുടെ ദേശങ്ങളില്‍ ഉയരുവാന്‍ ഇടയാക്കണമേ. അവിടുത്തെ രക്ഷയുടെ പ്രവൃത്തി ഞങ്ങളിലൂടെ പ്രാവര്‍ത്തികമാകുവാന്‍ തക്കവണ്ണം നിന്റെ വിശ്വാസം ഞങ്ങളുടെ ഉള്ളില്‍ പുതുക്കണമേ.

ചോദ്യം:

  1. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, ദൈവത്തിന്റെ വാഗ്ദത്തങ്ങളിലുള്ള വിശ്വാസത്താല്‍ നാം അനുഗ്രഹം പ്രാപിക്കുന്നതിനുള്ള കാരണമെന്ത്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:41 AM | powered by PmWiki (pmwiki-2.3.3)