Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 026 (Abraham’s Faith was Accounted to him)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)
3. വിശ്വാസത്താലുള്ള നീതീകരണത്തിന് അബ്രഹാമും ദാവീദും ഉത്തമദൃഷ്ടാന്തങ്ങളായിരിക്കുന്നു (റോമര്‍ 4:1-24)

മ) അബ്രഹാമിന്റെ വിശ്വാസം അവന് നീതിയായി കണക്കിടപ്പെട്ടു (റോമര്‍ 4:1-8)


റോമര്‍ 4:1-8
1 എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു? 2 അബ്രഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവനു പ്രശംസിപ്പാന്‍ സംഗതിയുണ്ട്; ദൈവസന്നിധിയില്‍ ഇല്ലതാനും. 3 തിരുവെഴുത്ത് എന്തു പറയുന്നു? "അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതവന് നീതിയായി കണക്കിട്ടു'' എന്നുതന്നെ. 4 എന്നാല്‍ പ്രവര്‍ത്തിക്കുന്നവനു കൂലി കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രെ. 5 പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. 6 ദൈവം പ്രവൃത്തികൂടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നത്: 7 "അധര്‍മ്മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍. 8 കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍.

റോമില്‍ യഹൂദന്മാരില്‍നിന്നും ക്രൈസ്തവവിശ്വാസം സ്വീകരിച്ച വിശ്വാസികളെ പുതിയനിയമപ്രകാരമുള്ള യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ പൌലോസ് ശ്രമിക്കയുണ്ടായി. ഇതിനുദാഹരണമായി പിതാവായ അബ്രഹാമിനെയും പ്രവാചകനായ ദാവീദിനെയും താന്‍ ചൂണ്ടിക്കാണിച്ചു. ഇവര്‍ ഇരുവരും നീതീകരിക്കപ്പെട്ടത് വിശ്വാസത്താലാണെന്നും പ്രവര്‍ത്തിയാലല്ലെന്നും പൌലോസ് തെളിയിച്ചു.

മറ്റേതൊരു മനുഷ്യനെയുംപോലെ ജീവിച്ച ആളാണ് അബ്രഹാം. അദ്ദേഹം മെച്ചമായിരുന്നില്ല; മോശവുമായിരുന്നില്ല. അവന്റെ അനേകമായ പാപങ്ങളെയും ഹൃദയത്തിന്റെ അശുദ്ധിയെയും ദൈവത്തിനറിയാമായിരുന്നു; എങ്കിലും ആത്മിക അനുസരണത്തിനുള്ള ഒരു വാഞ്ഛയും ഒരുക്കവും അവനുണ്ടെന്ന് താന്‍ കണ്ടു. ദൈവം നേരിട്ട് അബ്രഹാമിനെ വിളിച്ചു, സംസാരിച്ചു; അവന്‍ അവന്റെ വിളിയെ ചെവിക്കൊണ്ടു. ദൈവത്തിന്റെ വാഗ്ദത്തങ്ങളെ അതിന്റെ എല്ലാ ആഴത്തിലും അര്‍ത്ഥത്തിലും അവന്‍ മനസ്സിലാക്കിയില്ല; എങ്കിലും ദൈവത്തിന്റെ വചനം സത്യമെന്നും, വാഗ്ദത്തങ്ങളെ നിവര്‍ത്തിപ്പാന്‍ അവന്‍ വിശ്വസ്തന്‍ എന്നും കണ്ട് അവന്‍ അവനില്‍ ആശ്രയിച്ചു. ഈ വിശ്വാസത്താല്‍ അബ്രഹാം ദൈവത്തെ ബഹുമാനിച്ച്, കര്‍ത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തി. സ്വന്തശക്തിയെക്കുറിച്ചോ ബലഹീനതകളെക്കുറിച്ചോ ചിന്തിക്കാതെ, ദൈവത്തിലും അവന്റെ അമിതമായ ബലത്തിലും അവന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അവന്റെ വിശ്വാസവും വിശ്വസ്തമായ സമര്‍പ്പണവും അവന്റെ ഹൃദയത്തിന്റെ ദാഹത്തെ ശമിപ്പിച്ചു.

ഉറച്ചതും, സുവിദിതവും, നിര്‍ണ്ണയമുള്ളതുമായ ആ വിശ്വാസമാണ് അവനെ നീതീകരിച്ചത്, അല്ലാതെ ഉപദേശവിഷയങ്ങളിലുള്ള ഗ്രാഹ്യത ആയിരുന്നില്ല. അബ്രഹാം തന്നില്‍ത്തന്നെ നീതിമാന്‍ അല്ലായിരുന്നു; എന്നാല്‍ അവന്റെ വിശ്വാസം അവന് നീതിയായി കണക്കിട്ടു. അവന്‍ നമ്മെപ്പോലൊരു പാപിയായിരുന്നു; എങ്കിലും ദൈവത്തിന്റെ തെരഞ്ഞെടുപ്പിനോടവന്‍ പ്രതികരിച്ച്, അവന്റെ വചനത്തെ സശ്രദ്ധം ശ്രദ്ധിച്ച് അവന്റെ വാഗ്ദത്തെ കൈക്കൊള്ളുകയും അതവന്റെ പ്രത്യാശയുള്ള ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്തു.

ഇങ്ങനെയുള്ള അവന്റെ വിശ്വാസം നീതിയായി കണക്കിടപ്പെട്ടു എന്ന് 4-ാം അദ്ധ്യായത്തില്‍ നിരവധി പ്രാവശ്യം നാം വായിക്കുന്നു. നവീകരണത്തിന്റെ അടയാളമായി ഈ പ്രസ്താവന മാറ്റപ്പെട്ടു. ദൈവത്തെ വിശ്വാസത്താല്‍ ബഹുമാനിച്ച് മുന്‍വിധി കൂടാതെ ക്രൂശിന്റെ സുവിശേഷം അംഗീകരിച്ച് ക്രിസ്തുവില്‍ ജീവിതം പണിയുന്നവന്‍ സ്വപരിശ്രമത്താലും ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലുമല്ലാതെ സമ്പൂര്‍ണ്ണമായി നീതീകരിക്കപ്പെടുന്നു.

നിങ്ങളുടെ ഭോഷ്ക്ക്, അശുദ്ധി, സ്നേഹത്തിന്റെ അപര്യാപ്തത എന്നിവയെപ്പറ്റി ദൈവവചനം പ്രസ്താവിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ന്യായവിധി നിങ്ങളുടെ മേല്‍ വരുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ അതേപ്പറ്റി ദുഃഖിച്ച് മാനസാന്തരപ്പെട്ട് ദൈവത്തോട് ക്ഷമ യാചിച്ചിട്ടുണ്ടോ? നിങ്ങളുടെ അരിഷ്ടതയെപ്പറ്റി നിങ്ങള്‍ക്ക് ഹൃദയത്തകര്‍ച്ച ഉണ്ടെങ്കില്‍, പരിശുദ്ധാത്മാവാം ദൈവം ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ നിങ്ങളുടെ മുമ്പില്‍ കൊണ്ടുവന്ന് തന്റെ കൈകള്‍ നിങ്കലേക്ക് നീട്ടിക്കൊണ്ട് "ഞാന്‍ നിന്റെ പാപങ്ങളെ നിന്നോടു ക്ഷമിച്ചിരിക്കുന്നു" വെന്നു കല്പിക്കും. "നീ നിന്നില്‍ത്തന്നെ നീതിമാനല്ല; എന്നാല്‍ ഞാന്‍ നിന്നെ നീതീകരിക്കുന്നു. നീ വിശുദ്ധനല്ല; എന്നാല്‍ ഞാന്‍ നിന്നെ സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കുന്നു."

ദൈവവചനം നിങ്ങള്‍ ശ്രവിച്ചുവോ? അത് പാറപോലെയുള്ള നിന്റെ മനസ്സിലും, ഹൃദയത്തിലും, ആത്മാവിലും കടന്നുചെന്നുവോ? നിങ്ങളുടെ കര്‍ത്താവിന്റെ വചനം അംഗീകരിക്കുക; രക്ഷയുടെ സുവിശേഷത്തില്‍ വിശ്വസിക്കുക; ദൈവം നിങ്ങളെ നീതീകരിക്കേണ്ടതിന് ക്രൂശിനെ മുറുകെ പിടിക്കുക. ക്രൂശിക്കപ്പെട്ടവനെ വിശ്വാസത്താല്‍ ബഹുമാനിക്കുക; അവനോടുള്ള സഖിത്വത്താല്‍ നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും.

പാപിയെങ്കിലും ആത്മപ്രേരിതനായ സങ്കീര്‍ത്തനക്കാരനും രാജാവുമായ ദാവീദ് ദൈവിക നീതീകരണത്തിന്റെ രഹസ്യം അനുഭവമാക്കിയ വ്യക്തിയായിരുന്നു. അവന്റെ മനോഹരമായ സങ്കീര്‍ത്തനങ്ങളെയോ, ജയാപജയങ്ങളെയോ, പ്രാര്‍ത്ഥനയെയോ, നല്കിയ വലിയ സംഭാവനകളെയോ ഒന്നിനെപ്പറ്റിയും താന്‍ പ്രശംസിച്ചില്ല. എന്നാല്‍ കര്‍ത്താവിന്റെ കൃപയാല്‍ "ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യന്‍ ഭാഗ്യവാന്‍'' എന്നു താന്‍ പ്രസ്താവിച്ചിട്ടുണ്ട്. ദൈവം നമുക്കു നല്കിയ ഏറ്റവും മഹത്തരമായ ദാനമത്രെ ക്രിസ്തുവില്‍ നല്കപ്പെട്ട നീതീകരണം.

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, നിന്റെ പുത്രനിലൂടെ നിന്റെ വചനത്തെ ഞങ്ങള്‍ക്കു നല്കി; ക്രൂശിലെ കൃപയാല്‍ നീ ഞങ്ങളെ നീതീകരിച്ചു. അവിടുത്തെ വാഗ്ദങ്ങളെ ശ്രവിച്ച്, അവ ഗ്രഹിച്ച്, നിന്നില്‍ വിശ്വസിപ്പാന്‍ ഞങ്ങളുടെ കാതുകളെ തുറക്കണമേ. ലോകത്തില്‍ ആരെല്ലാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടുമോ അവരുടെ കൂട്ടത്തില്‍ ഞങ്ങളെയും ആക്കിത്തീര്‍ത്തതിനായി സ്തോത്രം. അവിടുത്തെ പുത്രന്റെ ക്രൂശിലെ ശക്തി മനസ്സിലാക്കി അവിടുത്തെ വിളിച്ചപേക്ഷിപ്പാന്‍ ഞങ്ങളുടെ സ്നേഹിതന്മാരെയും പ്രാപ്തരാക്കണമേ.

ചോദ്യം:

  1. അബ്രഹാമും ദാവീദും നീതീകരിക്കപ്പെട്ടത് എങ്ങനെ?

www.Waters-of-Life.net

Page last modified on January 21, 2013, at 09:37 AM | powered by PmWiki (pmwiki-2.3.3)