Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 129 (Future predictions)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
5. ഗലീല കടല്‍ത്തീരത്തു യേശു പ്രത്യക്ഷപ്പെടുന്നു (യോഹന്നാന്‍ 21:1-25)

c) ഭാവിസംബന്ധമായി യേശു നല്‍കിയ മുന്നറിയിപ്പുകള്‍ (യോഹന്നാന്‍ 21:20-23)


യോഹന്നാന്‍ 21:20-22
20പത്രോസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ട്: കര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര് എന്നു ചോദിച്ചവന്‍ ഇവന്‍ തന്നെ. 21അവനെ പത്രോസ് കണ്ടിട്ട്: കര്‍ത്താവേ, ഇവന് എന്തു ഭവിക്കും എന്നു യേശുവിനോടു ചോദിച്ചു. 22യേശു അവനോട്: ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.

തന്റെ കുഞ്ഞാടുകളെയും ആടുകളെയും പാലിക്കാനുള്ള നാഥന്റെ വിളിക്കു പത്രോസ് ശ്രദ്ധചെലുത്തി. ശിഷ്യന്മാരില്‍വെച്ചു യോഹന്നാന്‍ ഏറ്റവും ചെറുപ്പമായിരിക്കെ, യോഹന്നാനെക്കുറിച്ചുള്ള യേശുവിന്റെ നിലപാട് എന്തെന്നറിയാനുള്ള ആകാംക്ഷ പത്രോസിനുണ്ടായി. ചെറുപ്പക്കാരനായതുകൊണ്ടു യേശു അവനെ വീട്ടിലേക്കു പറഞ്ഞയയ്ക്കുമോ, അതോ സംഘട്ടനത്തില്‍ ഒരു സൈനികനായി അവനെ അവരോധിക്കുമോ?

പത്രോസിന്റെ ആ പറച്ചിലില്‍ അസൂയയുടെ ഒരു ലാഞ്ഛന കാണാനുണ്ട്. കാരണം, യോഹന്നാനു മറ്റുള്ളവരെക്കാള്‍ പ്രാധാന്യം യേശു നല്‍കി സ്നേഹിച്ചതുപോലെ തോന്നി. അന്ത്യ അത്താഴത്തില്‍, അന്തരീക്ഷത്തിലെ സംഘര്‍ഷം ലഘൂകരിക്കാനും, ഒറ്റിക്കൊടുക്കുന്നവന്റെ പേരു ചോദിക്കാനും പത്രോസ് യോഹന്നാനോട് ആംഗ്യം കാട്ടുന്നുണ്ട്.

യേശുവിനോട് അങ്ങേയറ്റം അടുപ്പം കാട്ടിയതിനാലാണു യോഹന്നാന്‍ ക്രൂശിനരികില്‍ നിന്നത്. യേശുവിന്റെ ശത്രുക്കള്‍ക്കു മുമ്പില്‍ ജീവന്‍ പണയപ്പെടുത്തി അവനവിടെ നിന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ആദ്യം വിശ്വസിച്ചതു യോഹന്നാന്‍ ആയിരിക്കുന്നു, മീന്‍പിടിത്തത്തിന്റെ സമയത്തു യേശുവിനെ ആദ്യം തിരിച്ചറിഞ്ഞതും അവനായിരുന്നു. പത്രോസിനെ യേശു വിളിച്ചപ്പോള്‍ത്തന്നെ യോഹന്നാന്‍ യേശുവിന്റെ അനുയായിയായിക്കഴിഞ്ഞിരുന്നു. അവന്റെ ഹൃദയം ക്രിസ്തുവിനോടു യോജിച്ചിരുന്നു. കര്‍ത്താവിനോട് ഏറ്റവും അടുപ്പം കാട്ടിയ ശിഷ്യന്‍ അവനായിരുന്നു.

പത്രോസിനു നല്‍കിയ മുന്നറിയിപ്പായ അതേ കഠിനമായ ഭാവിതന്നെയാണോ യോഹന്നാന്‍ അഭിമുഖീകരിക്കേണ്ടുന്നത്, അതോ അതു പത്രോസിനുവേണ്ടി മാത്രമുള്ളതാണോ എന്നായിരിക്കാം പത്രോസ് യേശുവിനോടു ചോദിച്ചത്. ആ പ്രമുഖനായ അപ്പോസ്തലനോടു കര്‍ത്താവു പറഞ്ഞത്, അവനെ മറ്റുള്ളവരുടെ മേധാവിയൊന്നും ആക്കിവെച്ചിട്ടില്ല, മറ്റുള്ളവരെപ്പോലെ തുല്യമായേ കരുതിയിട്ടുള്ളൂ. യോഹന്നാന്റെ ഗതി എന്താകുമെന്നു വിചാരപ്പെടുന്നതു പത്രോസിന്റെ ജോലിയല്ല, യോഹന്നാനു കര്‍ത്താവുമായിനേരിട്ടുള്ള ബന്ധമുണ്ട്. അതേസമയം പത്രോസ് അപ്പോസ്തലന്മാരുടെ ഒരു വക്താവാണ്. യോഹന്നാന്‍ നിശ്ശബ്ദത പാലിച്ചുകൊണ്ട്, പ്രാര്‍ത്ഥിച്ചും സഹിഷ്ണുത കാട്ടിയും സഭയുടെ ഉപദേശപരമായ വളര്‍ച്ചയില്‍ പിന്തുണ നല്‍കുകയും, പ്രാര്‍ത്ഥനയുടെ ശക്തിയില്‍ അവരെ സ്വാധീനിക്കുകയും ചെയ്തു (പ്രവൃത്തികള്‍ 3:1; 8:14; ഗലാത്യര്‍ 2:9).

യോഹന്നാന്റെ ജോലിക്കായി യേശു നേരത്തെ നിയോഗം നല്‍കിയതു നാം ശ്രദ്ധിക്കുമ്പോള്‍ അതത്ര പ്രാധാന്യമുള്ളതല്ലെന്നു കാണാം. അതായത്, ക്രിസ്തുവിന്റെ വേലയില്‍ നാം ദീര്‍ഘകാലം ജീവിക്കുന്നതോ, അവനുവേണ്ടി നേരത്തെ മരിക്കുന്നതോ വലിയ പ്രാധാന്യമുള്ളതല്ല. തുടര്‍മാനമായി അവനോടുള്ള നമ്മുടെ കൂറും അനുസരണവുമാണ് ഏറെ പ്രധാനപ്പെട്ടത്. ഒരേ അച്ചില്‍ വാര്‍ത്തവരായിട്ടല്ല യേശു തന്റെ അനുയായികളെ കൈകാര്യം ചെയ്യുന്നത്. മറിച്ച്, നാഥനെ മഹിമപ്പെടുത്താന്‍ ഓരോരുത്തര്‍ക്കും പ്രത്യേകമായ പാതയാണ് അവനൊരുക്കുന്നത്. യോഹന്നാന്റെ മരണത്തെക്കുറിച്ചു യാതൊന്നും നാം കേള്‍ക്കുന്നില്ല, അവന്‍ സ്വാഭാവിക മരണം വരിച്ചിരിക്കാം.

യേശു പത്രോസിനോടാവശ്യപ്പെട്ടതു മറ്റു ശിഷ്യന്മാരെ നോക്കാതെ തന്നെ മാത്രം നോക്കാനാണ്. മറ്റു ക്രിസ്ത്യാനികള്‍ ചെയ്യുന്നതു കണ്ടിട്ട് വെറുപ്പ് തോന്നരുത്. നമ്മുടെ ജീവിതത്തിലെ ദൈവഹിതമെന്തെന്നറിയാന്‍ നാം ശ്രമിക്കുക, ദൈവത്തെ നിരുപാധികമായി നാം അനുസരിക്കുക. ഓരോ ക്രിസ്ത്യാനിയുടെയും ലക്ഷ്യം വിശ്വസ്തമായ അനുഗമിക്കലാണ്.

തന്റെ രണ്ടാം വരവിനെക്കുറിച്ചും യേശു ശിഷ്യന്മാരോടു സംസാരിച്ചു. ലോകചരിത്രത്തിന്റെ ലക്ഷ്യം അതാണ്. ഈ ഭാവിസംഭവത്തിലേക്കാണു ശിഷ്യന്മാരുടെയെല്ലാം ചിന്തകള്‍ പോകുന്നത്. മനുഷ്യരുടെയിടയിലെ ദൈവസാന്നിദ്ധ്യത്തോടെ, എല്ലാ തലമുറകളുടെയും ആകാംക്ഷകള്‍ (വാഞ്ഛകള്‍/കാത്തിരിപ്പുകള്‍) സഫലമാകും. യേശു മഹത്വത്തില്‍ വരും. താങ്കള്‍ അവനെ പ്രതീക്ഷിച്ചുകൊണ്ടു പ്രാര്‍ത്ഥന, സേവനം, ഭക്തിഗാനങ്ങള്‍, നിങ്ങളുടെ പവിത്രമായ സാക്ഷ്യം എന്നിവമൂലം ഒരുങ്ങുന്നുണ്ടോ? മറ്റാരെയും അനുഗമിക്കാതെ അവനെ മാത്രം അനുഗമിച്ച വമ്പിച്ച ജനാവലിയെ അവന്റെ സാന്നിദ്ധ്യത്തില്‍ നാം കാണും.

യോഹന്നാന്‍ 21:23
23ആകയാല്‍ ആ ശിഷ്യന്‍ മരിക്കുകയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെയിടയില്‍ പരന്നു. യേശുവോ: അവന്‍ മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം അവന്‍ ഇരിക്കണമെന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്ക് എന്ത് എന്നത്രേ അവനോടു പറഞ്ഞത്.

യോഹന്നാന്‍ വളരെക്കാലം ജീവിച്ചിരുന്നു, മശീഹയുടെ വരവിന്റെ പ്രതീക്ഷയുടെ ഒരു പ്രതീകമായിത്തീര്‍ന്നുവെന്നാണ് അഭിപ്രായം. കര്‍ത്താവു മടങ്ങിവരുന്നതുവരെ അവന്‍ മരിക്കുകയില്ലെന്ന ഒരു വിശ്വാസവും അവനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. കര്‍ത്താവു നേരത്തെ വരുമെന്ന പ്രതീക്ഷ പൌലോസിനുമുണ്ടായിരുന്നു-മരിക്കാതെ രൂപാന്തരപ്പെട്ടു തല്‍ക്ഷണം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുമെന്ന പ്രതീക്ഷ. സ്വര്‍ഗ്ഗം തുറന്ന്, മഹത്വപൂര്‍ണ്ണനായവന്‍ പ്രത്യക്ഷപ്പെടുന്നതുവരെ യോഹന്നാന്‍ മരിക്കുകയില്ലെന്നല്ല കര്‍ത്താവ് അര്‍ത്ഥമാക്കിയതെന്നു യാഥാര്‍ത്ഥ്യബോധമുള്ള യോഹന്നാന്‍ വ്യക്തമാക്കി. പത്രോസിന്റെ ആഗ്രഹങ്ങള്‍ക്കു വിധേയപ്പെട്ട ലക്ഷ്യങ്ങളും തീരുമാനങ്ങളുമല്ല യോഹന്നാന്റേത്. കര്‍ത്താവു നല്ലയിടയനായിത്തുടരുന്നു, ഓരോ ശിഷ്യനെയും അവന്റേതായ പ്രത്യേക പാതയിലൂടെ നയിക്കുന്നു.

പ്രാര്‍ത്ഥന: യേശുനാഥാ, നീ മഹത്വവാനായ രക്ഷകനാണ്, വിശ്വസ്തനായ ഇടയനാണ്. പത്രോസിനെയും യോഹന്നാനെയും അവരവര്‍ക്കു യോജിച്ച വഴിയേ നടത്തി, അവര്‍ ജീവിതത്തിലും മരണത്തിലും നിന്നെ മഹത്വപ്പെടുത്തിയതിനു നന്ദി. നിന്നെ മാത്രം അനുഗമിക്കാനുള്ള പദവി ഞങ്ങള്‍ക്കു ദാനം ചെയ്യണമേ. ഞങ്ങളുടെ ബന്ധുമിത്രാദികളെ നിന്റെ വരവു ലക്ഷ്യമാക്കി നയിക്കണമേ,അങ്ങനെയവര്‍ ആസന്നമായ വരവിനായി സന്തോഷത്തോടെ ഒരുങ്ങട്ടെ.

ചോദ്യം:

  1. ഈ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ അന്തിമവാക്കുകളുടെ അര്‍ത്ഥമെന്ത്?

www.Waters-of-Life.net

Page last modified on May 16, 2012, at 12:17 PM | powered by PmWiki (pmwiki-2.3.3)