Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 130 (The witness of John and his gospel)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
5. ഗലീല കടല്‍ത്തീരത്തു യേശു പ്രത്യക്ഷപ്പെടുന്നു (യോഹന്നാന്‍ 21:1-25)

d) യോഹന്നാന്റെയും അവന്റെ സുവിശേഷ ത്തിന്റെയും സാക്ഷ്യം (യോഹന്നാന്‍ 21:24-25)


യോഹന്നാന്‍ 21:24
24ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങള്‍ അറിയുന്നു.

ഇവിടെ പ്രധാനപ്പെട്ട നാലു സത്യങ്ങള്‍ നാം കണ്ടെത്തുന്നു:

ഈ സുവിശേഷം പ്രസിദ്ധീകരിച്ചപ്പോള്‍ സുവിശേഷരചയിതാവു ജീവിച്ചിരിപ്പുണ്ടായിരുന്നു, ഗ്രീക്കുഭാഷ സംസാരിക്കുന്ന സഭകള്‍ക്ക് അവന്‍ സുപരിചിതനായിരുന്നു. യോഹന്നാന്‍ സ്നാപകന്റെ കാലം മുതല്‍ ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണംവരെ അവനൊരു ശിഷ്യനായിത്തുടര്‍ന്നു.

യേശുക്രിസ്തുവിന്റെ ഒരു ദൃക്സാക്ഷിയാണു യോഹന്നാന്‍. യേശുവിന്റെ വാക്കുകള്‍ കേട്ട് അവനതു രേഖപ്പെടുത്തി, അതുപോലെതന്നെ യേശു ചെയ്ത അടയാളങ്ങളും എഴുതിവെച്ചു. സഭയിലെ ഒരംഗമല്ല, മറിച്ചു യേശു സ്നേഹിച്ച ശിഷ്യനായ യോഹന്നാന്‍ തന്നെയാണ് ഇതെഴുതിയത്.

ഗ്രീക്കുഭാഷയില്‍ അവന് അത്രത്തോളം പ്രാവീണ്യമില്ലായിരുന്നിരിക്കാം. അങ്ങനെ, അവന്റെ ഉന്നതമായ ചിന്തകള്‍, ഭാഷാവരമുള്ള ഒരനുയായിക്കു പറഞ്ഞുകൊടുത്തു കാണും. അര്‍ത്ഥം വ്യക്തവും സത്യം മാറ്റമില്ലാത്തതുമാണ്. ഈ സുവിശേഷം പ്രചരിപ്പിച്ചവര്‍ ഏകശബ്ദത്തില്‍ പറഞ്ഞു, യോഹന്നാന്റെ സാക്ഷ്യം മൊത്തത്തില്‍ വിശ്വാസ്യമാണ്. ഈ സമ്മതം ആവശ്യമാണ് - മറ്റു മൂന്നു സുവിശേഷങ്ങളുടെയും വിഷയവിവരത്തില്‍നിന്നു യോഹന്നാന്റെ സുവിശേഷം വ്യത്യസ്തമാണല്ലോ. പ്രിയ ശിഷ്യനായ യോഹന്നാനില്‍നിന്നു കിട്ടിയ ഈ സുവിശേഷം ഒരു നിധിയെന്നപോലെ നാം സസന്തോഷം കരുതുന്നു.

ഈ സുവിശേഷം പ്രചരിപ്പിച്ചവര്‍ തങ്ങളുടെ ജീവിതത്തില്‍ ക്രിസ്തു യാഥാര്‍ത്ഥ്യമാണെന്ന് ഐകകണ്ഠ്യേന പ്രകടമാക്കി. വിശ്വസിച്ച് അവനെ സ്വീകരിച്ചതിനാല്‍ അവര്‍ക്കു ദൈവമക്കളാകാനുള്ള അധികാരം ലഭിച്ചു. പരിശുദ്ധാത്മാവ് അവരുടെമേല്‍ ഇറങ്ങി വസിച്ച്, ദുരാത്മാക്കളെ വേര്‍തിരിച്ചറിയാന്‍ കഴിവു നല്‍കി. വ്യാജങ്ങളില്‍നിന്നും അതിശയോക്തികളില്‍നിന്നും അവര്‍ സത്യം തിരിച്ചറിഞ്ഞു. അവരെ സകലസത്യത്തിലും നയിക്കാന്‍ ആശ്വാസത്തിന്റെ ആത്മാവിനെ അനുഭവിച്ചറിഞ്ഞു.

യോഹന്നാന്‍ 21:25
25യേശു ചെയ്തതു മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു.

നാലു സുവിശേഷങ്ങള്‍ ചിലര്‍ക്ക് ഒരു ഇടര്‍ച്ചക്കല്ലാണ്. അടുത്ത സുവിശേഷമെന്ന നിലയില്‍ പൌലോസിന്റെ ലേഖനങ്ങളെ പരിഗണിച്ചാല്‍ (അവന്‍ പറഞ്ഞതുപോലെ), നമുക്ക് അഞ്ചു സുവിശേഷങ്ങളായി. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ ജീവിതം അതില്‍ത്തന്നെ ഒരു സുവിശേഷമായിരിക്കുന്നതുപോലെ. യോഹന്നാന്റെ സുവിശേഷത്തിന്റെ എഴുത്തുകാരന്‍ സമ്മതിക്കുന്ന ഒരു കാര്യം: യേശു ചെയ്ത ഒരുപാടു കാര്യങ്ങളും പറഞ്ഞ വസ്തുതകളുമൊക്കെ ശിഷ്യന്മാരില്‍നിന്നു കേട്ടെന്നും, അതെല്ലാം കൂടി ഒരുമിച്ചു ചേര്‍ക്കാന്‍ കഴിയില്ലെന്നുമാണ്. ദൈവത്തിന്റെ സമ്പൂര്‍ണ്ണത യേശുവില്‍ വസിക്കുന്നു. ഇന്നും അവന്‍ തന്റെ സഭയില്‍ വസിക്കുകയും, അവന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരുന്ന സഭയെ നയിക്കുകയും ചെയ്യുന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റ സമയം മുതല്‍ ഇന്നുവരെയുള്ള അവന്റെ പ്രവൃത്തികളെല്ലാം നാം എഴുതിവെയ്ക്കാന്‍ തുനിഞ്ഞാല്‍, അതത്ര എളുപ്പമുള്ള കാര്യമല്ല - പുസ്തകങ്ങള്‍ തികയുകയില്ല. ക്രിസ്തുവിന്റെ സ്നേഹം മനുഷ്യചരിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഉയരവും വീതിയും ആഴവും നീളവും ഗ്രഹിക്കുന്നതിനു ക്രിസ്ത്യാനികള്‍ക്കു നിത്യത ആവശ്യമായിവരും.

പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയതുപോലെ, നമ്മുടെ ജീവിക്കുന്ന കര്‍ത്താവ് അവന്റെ വചനത്തിലൂടെ പ്രവര്‍ത്തിക്കുന്നു. നാം നമ്മെ അനുഗൃഹീതരെന്നു കണക്കാക്കുന്നു, അവന്റെ ശബ്ദം നാം കേള്‍ക്കുന്നു, ചിന്ത ഗ്രഹിക്കുന്നു, അവന്റെ വിളി അനുസരിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം യോഹന്നാന്‍ വിശദമാക്കുന്നു, അങ്ങനെ എല്ലാവരും, "നാം അവന്റെ തേജസ്സു പിതാവില്‍നിന്ന് ഏകജാതനായവന്റെ തേജസ്സായിക്കണ്ടു - കൃപയും സത്യവും നിറഞ്ഞവനായി. അവന്റെ നിറവില്‍നിന്നു നമുക്കെല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു."

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു. നിന്റെ സ്നേഹത്തിന്റെ സുവിശേഷമെഴുതാന്‍ നിന്റെ ദാസനായ യോഹന്നാനെ നീ പ്രചോദിപ്പിച്ചല്ലോ. അവന്റെ വാക്കുകളിലൂടെ നീ ഞങ്ങളോടു സംസാരിക്കുന്നു. നിന്റെ അനുകമ്പയ്ക്കായും നിന്റെ മൊഴികള്‍ക്കായും, പ്രവൃത്തികള്‍, ജീവിതം, മരണം, പുനരുത്ഥാനം എന്നിവയ്ക്കായും നന്ദി. നീ പിതാവിനെ ഞങ്ങള്‍ക്കു വെളിപ്പെടുത്തുകയും ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്തുവല്ലോ. നിന്റെ ആത്മാവിലൂടെ നീ ഞങ്ങള്‍ക്കു പുതുജീവന്‍ തന്നു.

ചോദ്യം:

  1. യോഹന്നാന്റെ സുവിശേഷം പുറപ്പെടുവിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നത് എന്തു ചെയ്യണമെന്നാണ്?

ക്വിസ് - 7

പ്രിയ വായനാമിത്രമേ,
താഴെയുള്ള 24 ചോദ്യങ്ങളില്‍ 20 എണ്ണത്തിന്റെ ശരിയുത്തരം ഞങ്ങള്‍ക്ക് അയച്ചുതരിക. ഇതിനുമുമ്പുള്ള ആറു ചോദ്യപരമ്പരകള്‍ക്കും താങ്കള്‍ ഉത്തരമയച്ചിട്ടുണ്ടെങ്കില്‍, യോഹന്നാന്റെ സുവിശേഷം പഠിക്കുന്നതില്‍ നിങ്ങള്‍ കാട്ടിയ ശുഷ്ക്കാന്തിക്കു ഞങ്ങളൊരു സാക്ഷ്യപത്രം നിങ്ങള്‍ക്ക് അയച്ചുതരുന്നതായിരിക്കും.

  1. ഹന്നാവിന്റെ മുന്നിലെ ചോദ്യംചെയ്യല്‍വേളയില്‍ യേശുവും പത്രോസും തമ്മിലുള്ള ബന്ധമെന്തായിരുന്നു?
  2. ഏതര്‍ത്ഥത്തില്‍ എങ്ങനെയാണു യേശു രാജാവാകുന്നത്?
  3. അടിയേറ്റ്, രക്താംബരവും മുള്‍ക്കിരീടവും ധരിച്ച യേശുവിന്റെ ചിത്രത്തില്‍നിന്നു നാം പഠിക്കുന്നതെന്താണ്?
  4. യേശുവിനെ പീലാത്തോസ് ശിക്ഷയ്ക്കു വിധിച്ചത് എന്തുകൊണ്ട്?
  5. ക്രൂശിലെ മേലെഴുത്തിന്റെ അര്‍ത്ഥമെന്ത്?
  6. യേശുവിന്റെ മൂന്നു വാക്കുകള്‍ ഏതെല്ലാം?
  7. യേശുവിന്റെ അസ്ഥികളൊന്നും ഒടിയാത്തതില്‍നിന്നു നാം ഗ്രഹിക്കുന്ന വസ്തുതയെന്ത്?
  8. യേശുവിന്റെ അടക്കം (സംസ്കാരം) എന്താണു നമ്മെ പഠിപ്പിക്കുന്നത്?
  9. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റുവെന്നതിന്റെ മൂന്നു തെളിവുകള്‍ ഏതെല്ലാം?
  10. ഒഴിഞ്ഞ കല്ലറയിലായിരുന്നപ്പോള്‍ യോഹന്നാന്‍ എന്തിലാണു വിശ്വസിച്ചത്?
  11. കര്‍ത്താവായ യേശു മഗ്ദലക്കാരി മറിയയുടെ പേരു വിളിച്ച് അവള്‍ക്കു തന്നെത്താന്‍ വെളിപ്പെടുത്തുന്നതുവരെ, മൃതശരീരം തിരയുന്നത് അവള്‍ നിര്‍ത്താതിരുന്നത് എന്തുകൊണ്ട്?
  12. മഗ്ദലക്കാരി മറിയ എന്തു സന്ദേശമാണു യേശുവിന്റേതായി നമുക്കു നല്‍കുന്നത്?
  13. ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം യേശു ശിഷ്യന്മാരോട് ആദ്യമായി അരുളിച്ചെയ്ത വാക്യത്തിന്റെ അര്‍ത്ഥമെന്ത്?
  14. ശിഷ്യന്മാര്‍ സന്തോഷിച്ചത് എന്തുകൊണ്ട്?
  15. ശിഷ്യന്മാരെ പുറത്തേക്കു പറഞ്ഞയച്ചതിലെ അസാധാരണത്വമെന്ത്?
  16. പരിശുദ്ധാത്മാവ് ആരാണ്? ക്രിസ്തുവിന്റെ സാക്ഷിയായ താങ്കളിലൂടെ അവന്‍ ചെയ്യുന്നതെന്താണ്?
  17. തോമസിന്റെ ഏറ്റുപറച്ചില്‍ നല്‍കുന്ന സൂചനയെന്ത്?
  18. യേശുവിനെ കണ്ടിട്ടില്ലാത്ത വിശ്വാസികളെ "ഭാഗ്യവാന്മാര്‍'' എന്നു യേശു വിളിക്കുന്നത് എന്തുകൊണ്ട്?
  19. സുവിശേഷത്തിന്റെ സമാപനത്തില്‍ യോഹന്നാന്‍ വിശദീകരിക്കുന്നതെന്ത്?
  20. വലിയ മീന്‍പിടിത്തം ശിഷ്യന്മാര്‍ക്കു ലജ്ജാകരമായിത്തീര്‍ന്നത് എന്തുകൊണ്ടായിരുന്നു?
  21. യേശുവും പത്രോസും തമ്മിലുള്ള സംഭാഷണത്തില്‍ നിങ്ങളെ സ്പര്‍ശിച്ചതെന്ത്?
  22. പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തിയതെങ്ങനെ?
  23. ഈ സുവിശേഷത്തില്‍ യേശുവിന്റെ അന്തിമവാക്കുകളുടെ അര്‍ത്ഥമെന്താണ്?
  24. യോഹന്നാന്റെ സുവിശേഷം പുറപ്പെടുവിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നത് എന്തു ചെയ്യണമെന്നാണ്?

കവറിന്മേല്‍ മാത്രമല്ല, ഉത്തരക്കടലാസില്‍ക്കൂടി നിങ്ങളുടെ പേരും മേല്‍വിലാസവുമെഴുതി അയച്ചുതരാന്‍ മറക്കരുത്. വിലാസം ചുവടെ:

Waters of Life
P.O.Box 600 513
70305 Stuttgart
Germany

Internet: www.waters-of-life.net
Internet: www.waters-of-life.org
e-mail: info@waters-of-life.net

www.Waters-of-Life.net

Page last modified on May 16, 2012, at 12:24 PM | powered by PmWiki (pmwiki-2.3.3)