Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 092 (Abiding in the Father's fellowship appears in mutual love)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

2. പിതാവിന്റെ കൂട്ടായ്മയിലുള്ള നമ്മുടെ വാസം പരസ്പര സ്നേഹത്തില്‍ വെളിവാകുന്നു (യോഹന്നാന്‍ 15:9-17)


യോഹന്നാന്‍ 15:9
9പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തില്‍ വസിക്കുവിന്‍.

യോര്‍ദ്ദാനില്‍ പുത്രന്‍ സ്നാനമേറ്റ സമയത്ത് ആകാശം വിഭജിക്കുന്നയളവില്‍ പിതാവു പുത്രനെ അങ്ങേയറ്റം സ്നേഹിച്ചു. പരിശുദ്ധാത്മാവു പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരികയും, ഒരു ശബ്ദം കേള്‍ക്കുകയും ചെയ്തു: "ഇവന്‍ എന്റെ പ്രിയ പുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു." യേശു സ്നാനമേറ്റ്, ദൈവകുഞ്ഞാടിന്റെ ബലിയുടെ പാതയിലെ യാത്രയാരംഭിച്ചപ്പോള്‍ പരിശുദ്ധത്രിത്വം വിളിച്ചറിയിച്ചതാണ്. പുത്രന്‍ പിതാവിന്റെ ഹിതം നിറവേറ്റി, നമ്മുടെ വിമോചനത്തിനായി തന്നെത്താന്‍ ശൂന്യനാക്കി. ആ സ്നേഹം പിതാവിനും പുത്രനുമായി പരിമിതപ്പെട്ടതല്ല, മറിച്ച് ഈ ദുഷ്ടലോകത്തിനുവേണ്ടി അവര്‍ സ്നേഹത്തില്‍ ഐക്യപ്പെട്ട വരും, ആ ശ്രേഷ്ഠമായ വിമോചനത്തിനായി ഒരുങ്ങുന്നവരുമായിരുന്നു.

പിതാവിന്റെ സ്നേഹത്തിന്റെ അളവിലാണു യേശു നമ്മെ സ്നേഹിക്കുന്നത്. അവന്‍ അനുസരണമുള്ളവനായിരുന്നു, പക്ഷേ നാം അനുസരിക്കുന്നവരല്ല. നമ്മിലാരും തന്നെ കാലങ്ങള്‍ക്കു മുമ്പെ ജനിച്ചവരല്ല. പാപികളായ നമ്മെ പുത്രന്‍ തിരഞ്ഞെടുത്തു ശുദ്ധീകരിച്ചു. അവന്‍ നമുക്ക് ആത്മാവിന്റെ രണ്ടാം ജനനം നല്‍കി ശുദ്ധീകരിച്ചു. നാം അവന്റെ കയ്യിലെ പാവകളെപ്പോലെ ഇഷ്ടമുള്ളപ്പോള്‍ താഴെ എറിയാനുള്ളവരല്ല. ദിവസം മുഴുവന്‍ അവന്‍ നമ്മെക്കുറിച്ചു ചിന്തിക്കുകയും, ദൈവിക പരിഗണനയില്‍ അവന്‍ നമുക്കായി കരുതുകയും ചെയ്യുന്നു. അവന്‍ നമുക്കുവേണ്ടി മദ്ധ്യസ്ഥതയണയ്ക്കുകയും, സുവിശേഷത്തില്‍ സ്നേഹത്തിന്റെ കത്തുകള്‍ നമുക്കായി എഴുതുകയും ചെയ്യുന്നു. വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവയ്ക്കായുള്ള പ്രബോധനങ്ങള്‍ അവന്‍ നമുക്കു നല്കുന്നു. എല്ലാക്കാലങ്ങളിലുമുള്ള മാതാപിതാക്കളുടെ സ്നേഹം ഒരുമിച്ചു ചേര്‍ത്തിട്ട്, അതിലെ അശുദ്ധിയെല്ലാം നീക്കി ശുദ്ധീകരിച്ചാലും, യേശുവിനു നമ്മോടുള്ള സ്നേഹവു മായി താരതമ്യം ചെയ്യുമ്പോള്‍ അതു ചെറുതായിക്കാണും. ആ സ്നേഹം ഒരിക്കലും ഉതിര്‍ന്നുപോവുകയില്ല.

യോഹന്നാന്‍ 15:10
10ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പ്രമാണിച്ച് അവന്റെ സ്നേഹത്തില്‍ വസിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്റെ സ്നേഹത്തില്‍ വസിക്കും.

യേശു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണ്: "എന്റെ സ്നേഹത്തില്‍നിന്നു വേര്‍പിരിയരുത്. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെന്നതിന്റെ തെളിവു ഞാന്‍ നോക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ എവിടെ? അവ സ്വര്‍ഗ്ഗവുമായുള്ള ഒരു ടെലിഫോണ്‍ ബന്ധംപോലെയാണോ? എന്റെ രക്ഷാവേലയോടു പ്രതികരിക്കുന്ന ആവശ്യക്കാര്‍ക്കുള്ള നിങ്ങളുടെ സംഭാവനകള്‍ എവിടെയാണ്? നല്ലതും പ്രിയമുള്ളതും, ദയയും വിശുദ്ധിയുമുള്ളവ ചെയ്യാന്‍ ഞാന്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. എന്റെ സ്നേഹത്തില്‍ വസിക്കുവിന്‍. ദൈവം നിരന്തരമായി നന്മ ചെയ്യുന്നതുപോലെ നിങ്ങളും നന്മ ചെയ്യാന്‍ പരിശുദ്ധാത്മാവു നിങ്ങളെ പ്രേരിപ്പിക്കും."

ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാത്തതു പാപമാണ്. ദൈവസ്നേഹത്തിന്റെ നിലയിലേക്കു നമ്മെ ഉയര്‍ത്താന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. "ഞാനും പിതാവും ദയയുള്ളവരായിരിക്കുന്നതുപോലെ ദയയുള്ളവരാകുവിന്‍." ഇത് അസാദ്ധ്യമാണെന്നു നിങ്ങള്‍ക്കു തോന്നിയേക്കാം. മനുഷ്യന്റെ ചിന്തയ്ക്കുള്ളിലാണു കാര്യത്തിന്റെ കിടപ്പെങ്കില്‍ അതു ശരിയാണ്. എന്നാല്‍ ക്രിസ്തുവിനു വേണ്ടതെന്തെന്നും അവനു നിങ്ങളില്‍ ചെയ്യാന്‍ കഴിയുന്നതെന്തെന്നും നിങ്ങള്‍ അറിയുന്നില്ല. അവന്റെ ആത്മാവിനെ അവന്‍ നിങ്ങളില്‍ പകരുന്നു. അങ്ങനെ അവന്‍ സ്നേഹിക്കുന്നതുപോലെ നിങ്ങള്‍ക്കു സ്നേഹിക്കാന്‍ കഴിയും. ഈ ആത്മാവില്‍ പൌലോസ് പറയുകയാണ്, "എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും."

പിതാവിന്റെ ഹിതവുമായുള്ള യോജിപ്പിന്റെ അതിരുകള്‍ യേശു ഒരിക്കലും കടന്നിട്ടില്ല എന്ന വസ്തുതയ്ക്കു യേശു സാക്ഷിയാണ്. അവന്‍ സദാ ദൈവസ്നേഹത്തില്‍ വസിച്ചു. ദൈവത്തിന്റെ സമാധാനം, ആത്മാവിലുള്ള പ്രാര്‍ത്ഥന, സ്നേഹമുള്ള സേവനം എന്നിവ ക്രിസ്തു നമ്മില്‍ കൊണ്ടുവരുന്നു.

യോഹന്നാന്‍ 15:11
11എന്റെ സന്തോഷം നിങ്ങളില്‍ ഇരിക്കാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

ദൈവത്തില്‍നിന്ന് അകന്നയാളിന്റെ ഹൃദയത്തിലെ സംഘര്‍ഷം ദാഹംകൊണ്ടറിയാം. പിതാവിന്റെ സ്നേഹത്തില്‍ വസിച്ച ക്രിസ്തു ആനന്ദനിര്‍വൃതിയടഞ്ഞവനായിരുന്നു. അവന്റെ ആന്തരികസത്തയില്‍ നിര്‍ത്താതെ പാട്ടും സ്തുതിയുമായിരുന്നു. അവന്റെ രക്ഷയോടൊപ്പം ആന്തരികസ്നേഹത്തിന്റെ ഒരു സമുദ്രവും നമുക്കു നല്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. ദൈവം സന്തോഷത്തിന്റെ ദൈവമാണ്.

ആത്മാവിന്റെ ഫലങ്ങളില്‍ രണ്ടാമത്തേതായ സന്തോഷം സ്നേഹത്തിനു പിന്നാലെ വരുന്നതാണ്. പാപം നിരോധിക്കപ്പെടുന്നിടത്തു സ്നേഹം വ്യാപിക്കുന്നു. മറ്റുള്ളവരിലേക്കു കവിഞ്ഞൊഴുക്കേണ്ടതിനായി, രക്ഷയുടെ സന്തോഷം നമ്മില്‍ ബലപ്പെടുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. സന്തോഷിക്കുന്നയാള്‍ക്ക് ആ സന്തോഷം തന്നില്‍ത്തന്നെ അടക്കിവെയ്ക്കാന്‍ കഴിയില്ല; മറ്റുള്ളവരെ വിടുവിക്കണമെന്നും, പാപക്ഷമയുടെ നിര്‍വൃതിയും ദൈവത്തിലുള്ള ഉറപ്പിന്റെ സന്തോഷവും അവര്‍ അനുഭവിക്കണമെന്നുമാണ് അങ്ങനെയുള്ളയാള്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ അനേകര്‍ രക്ഷിക്കപ്പെടുകയും നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുകയും ചെയ്യും. "എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിലെത്തണമെന്നും ദൈവം ആഗ്രഹിക്കുന്നു"വെന്ന് അപ്പോസ്തലന്‍ പറഞ്ഞിരിക്കുന്നു. കലഹത്തിന്റെയും കഷ്ടതയുടെയും മദ്ധ്യത്തിലെ സന്തോഷത്തിന്റെ ഉറവയാണു സുവിശേഷീകരണം.

യോഹന്നാന്‍ 15:12-13
12ഞാന്‍ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കണം എന്നതാകുന്നു എന്റെ കല്പന. 13സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കുമില്ല.

യേശു നമ്മെ സ്നേഹിക്കുന്നു, നമ്മുടെ പേരുകളും സ്വഭാവവും ഭൂതകാലവും അവനറിയുന്നു. നമ്മുടെ കഷ്ടപ്പാടുകളും പ്രശ്നങ്ങളും തൊട്ടറിയാന്‍ അവനുണ്ട്. നമ്മുടെ ഭാവിക്കുവേണ്ടി അവനൊരു പദ്ധതിയും സഹായവുമുണ്ട്. പ്രാര്‍ത്ഥനയില്‍ നമ്മളോടു സംസാരിക്കാന്‍ അവന്‍ സദാ സന്നദ്ധനാണ്. നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച്, സത്യത്തിലും വിശുദ്ധിയിലുമുള്ള ഒരു ജീവിതത്തിലേക്ക് അവന്‍ നമ്മെ അടുപ്പിക്കുന്നു.

യേശു നമ്മെ സ്നേഹിക്കുന്നതുപോലെ, നാമും അന്യോന്യം സ്നേഹിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ബന്ധുമിത്രാദികളെക്കുറിച്ചു നാം കൂടുതല്‍ ബോധമുള്ളവരാകുന്നു, അവരുടെ അവസ്ഥകളും കഷ്ടതകളും അടുത്തറിയാന്‍ ആഗ്രഹിക്കുന്നു. അവരുടെ ലക്ഷ്യങ്ങളും വ്യക്തിത്വവും ഗ്രഹിക്കാന്‍ തുടങ്ങുന്നു. അവരുടെ പ്രശ്നങ്ങള്‍ക്കു നാം പരിഹാരം കണ്ടെത്തുന്നു, അവര്‍ക്കു സഹായം നല്‍കുന്നു, അവരോടൊപ്പം സമയം ചെലവഴിക്കുന്നു. അവര്‍ തെറ്റുകള്‍ ചെയ്താല്‍, അവരോടു ക്ഷമിച്ച് അവരെ വഹിക്കുന്നു, അവരുടെ കുറ്റങ്ങളും കുറവുകളുമൊന്നും നാം സൂചിപ്പിക്കുന്നുമില്ല.

സ്നേഹത്തിന്റെ കൊടുമുടിയാണു യേശുവിന്റെ ജീവിതത്തില്‍ ചിത്രീകരിച്ചത്. വെറുതെ സംസാരിക്കുകയും സഹായിക്കുകയും മാത്രമല്ല, പാപികള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയായി അര്‍പ്പിച്ചു. നമുക്കുവേണ്ടി വെറുതെയങ്ങു ജീവിച്ചതല്ല, മറിച്ചു നമുക്കു പകരമായി മരിക്കുകയും ചെയ്തു. സ്നേഹത്തിന്റെ കിരീടമായ ക്രൂശ്, ദൈവസ്നേഹം നമ്മോടു വിശദീകരിക്കുന്നു. ഈ രക്ഷാസന്ദേശം നാം കൈമാറണമെന്നും, സമയവും പണവും യാഗാര്‍പ്പണം ചെയ്യണമെന്നും അവനാഗ്രഹിക്കുന്നു. മറ്റുള്ളവരോടു സുവിശേഷം പറയാനും, നമുക്കായി യേശു ചെയ്ത കാര്യം അവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാനും ദൈവം നമ്മെ വിളിക്കുന്നെങ്കില്‍, നമ്മെയും നമ്മുടെ സമ്പത്തിനെയും നമ്മുടെ ശേഷികളെയും കൊടുക്കണമെന്നാണ് അവന്‍ പ്രതീക്ഷിക്കുന്നത്. തന്നോടു ദോഷം ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരെ സ്നേഹിതരായിക്കാണുകയുമാണ് അവന്‍ ചെയ്യുന്നത്. ശത്രുക്കള്‍ക്കുവേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു: "പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ." സഹോദരന്മാരെന്നോ ദൈവമക്കളെന്നോ അവരെ വിളിക്കാതെ, സ്നേഹിതന്മാരെന്നാണ് അവന്‍ വിളിച്ചത്. അവന്റെ സ്നേഹം അര്‍ഹിക്കാത്തവര്‍ക്കുവേണ്ടി, അങ്ങനെയുള്ളവര്‍ക്കു മറുവില കൊടുക്കാനായി അവന്‍ മരിച്ചു.

യോഹന്നാന്‍ 15:14-15
14ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു ചെയ്താല്‍ നിങ്ങള്‍ എന്റെ സ്നേഹിതന്മാര്‍ തന്നെ. 15യജമാനന്‍ ചെയ്യുന്നതു ദാസന്‍ അറിയാത്തതുകൊണ്ടു ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്ന് ഇനി പറയുന്നില്ല; ഞാന്‍ എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു.

ദൈവം നിങ്ങളെ വിളിക്കുന്നതു "സ്നേഹിതന്മാര്‍" എന്നാണ്. ഓരോരുത്തരോടും അവന്‍ വ്യക്തിപരമായി ഇങ്ങനെയാണു ചെയ്യുന്നത്. ആരും തുണയില്ലാതെ നിങ്ങള്‍ ഒറ്റപ്പെട്ട നിലയിലായിരിക്കാം. നിങ്ങള്‍ക്കുവേണ്ടി മരിക്കുകയും നിങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന യേശുവിനെ നോക്കുക. സഹായിക്കാന്‍ സദാ സന്നദ്ധനായ ഉത്തമസ്നേഹിതനാണു യേശു. നിങ്ങളുടെ ചിന്തകളറിയുന്ന അവന്‍ നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു. അവന്റെ സൌഹൃദത്തില്‍ വസിക്കുന്നതിനുള്ള വ്യവസ്ഥ അവന്‍ അവരെ സ്നേഹിച്ചതുപോലെ നാം എല്ലാവരെയും സ്നേഹിക്കുകയെന്നതാണ്. തങ്ങള്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നവരാണെന്നു പറയുമ്പോള്‍ത്തന്നെ രണ്ടുപേര്‍ക്ക് ഒറ്റയായിത്തുടരാന്‍ കഴിയുകയില്ല. നാം അന്യോന്യം സ്നേഹിക്കണമെന്നാണ് അവന്റെ സൌഹൃദം ആവശ്യപ്പെടുന്നത്. അവന്‍ നമ്മെ സ്നേഹിതന്മാരെന്നാണു വിളിച്ചത്. അവന്‍ നമ്മെ സൃഷ്ടിച്ചതിനാല്‍ നാം അവന്റെ വകയാണ്, നമ്മെ ദാസന്മാരെപ്പോലെ (അടിമകള്‍) കണക്കാക്കാനുള്ള അവകാശം അവനുണ്ട്. അടിമനുകത്തില്‍നിന്ന് അവന്‍ നമ്മെ സ്വതന്ത്രരാക്കി ഉയര്‍ത്തി. അവന്റെ ദൈവിക വേലയെക്കുറിച്ച് അവന്‍ നമുക്ക് അറിവു തരുന്നു. അവന്‍ നമ്മെ അജ്ഞരായി വിട്ടുകളയാതെ, പിതാവിന്റെ നാമവും ക്രൂശിന്റെ ശക്തിയും പരിശുദ്ധാത്മാവിന്റെ സ്നേഹവും അവന്‍ നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം നമുക്കു കാണിച്ചുതരുന്നതിലൂടെ നിത്യതയുടെ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ അവന്‍ നമുക്കു വെളിപ്പെടുത്തി. നമുക്കു വെളിപ്പെടുത്തുന്നതിനായി ഈ കാര്യങ്ങള്‍ പിതാവ് അവനെ ഏല്പിച്ചു. അവന്റെ പ്രവൃത്തി, പ്രീതി, മാനം, ശക്തി, ജീവന്‍ എന്നിവയില്‍ നാം പങ്കാളികളാകത്തക്ക വ്യാപ്തിയാണ് അവന്റെ സൌഹൃദത്തിനുള്ളത്. ദത്തെടുപ്പിന്റെയോ പുത്രത്വത്തിന്റെയോ അവകാശത്തില്‍പ്പോലും പിടിമുറുക്കാതെ, നമ്മെ ദൈവമക്കളാക്കിത്തീര്‍ക്കാന്‍ അവനിലേക്ക് അടുപ്പിക്കുകയാണ്.

യോഹന്നാന്‍ 15:16-17
16നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിനു നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു. നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടുതന്നെ. 17നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണ്ടതിനു ഞാന്‍ ഇതു നിങ്ങളോടു കല്പിക്കുന്നു.

യേശുവുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങളുടെ ഹിതത്തിലോ ആഗ്രഹത്തിലോ അനുഭവത്തിലോ അല്ല, മറിച്ചു നിങ്ങളുടെ സ്നേഹത്തിലും തിരഞ്ഞെടുപ്പിലും വിളിയിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. സാത്താന്റെ പിടിയില്‍പ്പെട്ടു പാപത്തിന്റെ ദാസന്‍/ദാസിയായി മരണത്തിന്റെ അധികാരത്തിനു കീഴിലായിരുന്നു നിങ്ങള്‍. തടവറയില്‍നിന്നു പുറത്തുകടക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല, എന്നാല്‍ നിത്യത മുതല്‍ യേശു നിങ്ങളെ തിരഞ്ഞെടുക്കുകയും അവന്റെ വിലയേറിയ രക്തത്താല്‍ നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്തു. നിങ്ങളെ അവന്‍ സ്നേഹിതരാക്കി, പുത്രത്വത്തിന്റെ അവകാശിയാക്കി. അവന്റെ തിരഞ്ഞെടുപ്പു സമ്പൂര്‍ണ്ണമായും കൃപയാലാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ അവനെ തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാതിരിക്കാം. ക്രൂശില്‍ നിങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം വരുത്തിയപ്പോള്‍ സകലരെയും യേശു തിരഞ്ഞെടുത്തു. എല്ലാവരും അവന്റെ വിളി കേള്‍ക്കുന്നില്ല, അവര്‍ക്കു പാപത്തിന്റെ ചെളിക്കുണ്ടില്‍ കഴിയുന്നതാണു താത്പര്യം. ദൈവമക്കളുടെ സ്വാതന്ത്യ്രം അവര്‍ അറിയുന്നില്ല. പാപത്തില്‍നിന്നുള്ള സ്വാതന്ത്യ്രത്തിലേക്കും ദൈവികകൂട്ടായ്മയിലേക്കും ക്രിസ്തു നിങ്ങളെ വിളിച്ചു. സ്നേഹത്തില്‍ നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക. നിങ്ങളുടെ സ്വാതന്ത്യ്രത്തിന് ഒരുദ്ദേശ്യമാണുള്ളത് - നിങ്ങളുടെ നാഥനെയും മനുഷ്യവര്‍ഗ്ഗത്തെയും മനസ്സോടെ സേവിക്കുക. അടിമകളെപ്പോലെയുള്ള നിര്‍ബന്ധസേവനമില്ല. സ്നേഹം നിമിത്തം യേശു ഒരു സന്നദ്ധസേവകനായിത്തീര്‍ന്നു. അവനാണു നമ്മുടെ മാതൃക, അവനുവേണ്ടി അവന്‍ കരുതുന്നില്ല, അവന്റെ കരുതലെല്ലാം അവന്റെ സ്നേഹിതര്‍ക്കുവേണ്ടിയായിരുന്നു.

ഇടയന്‍ ആടുകളെ കരുതുന്നതുപോലെ, നിങ്ങളുടെ സ്നേഹിതന്മാരെ നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് അവന്‍ നോക്കിയിരിക്കുന്നു. നമ്മുടെ കഴിവുകള്‍ പരിമിതമായതിനാല്‍, ഒരു മനുഷ്യനു മറ്റൊരാളെ പാപത്തിന്റെ അടിമത്തത്തില്‍നിന്നു സ്വതന്ത്രനാക്കാന്‍ കഴിയുകയില്ല. യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ യേശു നമ്മെ പ്രബോധിപ്പിക്കുന്നു. യേശുവിനോടു നാം പ്രാര്‍ത്ഥിച്ചാല്‍, സ്വാതന്ത്യ്രം പ്രാപിച്ചവര്‍ക്ക് അവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി അവരെ ധാര്‍മ്മികമായും ആത്മീയമായും പണിത്, അവരുടെ ശരീരത്തിനും ആത്മാവിനും ദേഹിക്കും ആവശ്യമായതെല്ലാം നല്‍കും. സന്തോഷത്തോടെ നാഥന്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കും. മറുപടി ലഭിച്ച പ്രാര്‍ത്ഥനയുടെ രഹസ്യം സ്നേഹമാണ്. അവന്റെ ആത്മാവില്‍ നിങ്ങളുടെ സ്നേഹിതര്‍ക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍, നിങ്ങളുടെ മനഃപൂര്‍വ്വമല്ലാത്ത പാപങ്ങള്‍ നിങ്ങള്‍ക്കു കാട്ടിത്തന്ന്, ജ്ഞാനവും പ്രയോജനവുമുള്ളതുമായ ഒരു ജീവിതത്തിലേക്കും, തകര്‍ച്ചയിലേക്കും (brokenness) താഴ്മയിലേക്കും അവന്‍ നിങ്ങളെ നയിക്കും. നിങ്ങളുടെ സ്നേഹിതരെ സുവിശേഷവുമായി സമീപിക്കാനായി രക്ഷയ്ക്കും വിശുദ്ധിക്കുംവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ നാഥന്‍ ഉത്തരം നല്‍കും. പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കാന്‍ ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിറം മങ്ങിയ ഫലങ്ങളല്ല, നിലനില്ക്കുന്ന ഫലങ്ങളാണു യേശു നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെയും സാക്ഷ്യത്തിലൂടെയും വിശ്വസിക്കുന്നവര്‍ എന്നേക്കും ജീവിക്കും, അവര്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടക്കുന്നു.

പ്രാര്‍ത്ഥന, വിശ്വാസം, സാക്ഷ്യം എന്നിവയെക്കാളൊക്കെ ഉപരിയായി, നിങ്ങളുടെ സ്നേഹിതരെ ഹൃദ്യവും ശുദ്ധവുമായി സ്നേഹിക്കുവിനെന്ന് യേശു കല്പിക്കുന്നു. അവരുടെ സ്വഭാവം വകവയ്ക്കാതെ അവരെ സഹിഷ്ണുതയോടെ വഹിക്കുക. ദൈവം നിങ്ങളോടു സൌമ്യത കാട്ടിയതുപോലെ അവരോടു സൌമ്യത കാട്ടുക. മോശവും വൃത്തികെട്ടതുമായ ലോകത്തിനു ദൈവസ്നേഹത്തിന്റെ തേജസ്സു പ്രതിഫലിപ്പിക്കുക. സേവനം, ത്യാഗം, ശ്രദ്ധ, പ്രതികരണം എന്നിവയില്‍ നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക. നിങ്ങളില്‍നിന്നു ക്രിസ്തുവിന്റെ സ്നേഹം വിളങ്ങട്ടെ.

പ്രാര്‍ത്ഥന: യേശുനാഥാ, പാപത്തിന്റെ ബന്ധനത്തില്‍നിന്നു ഞങ്ങളെ സ്വതന്ത്രരാക്കി നിന്റെ സ്നേഹിതരാക്കിയതിനായി നന്ദി. നീ ഞങ്ങളെ സ്നേഹിച്ചതുപോലെ എല്ലാവരെയും സ്നേഹിക്കാന്‍ ഞങ്ങള്‍ പഠിക്കട്ടെ. ഞങ്ങള്‍ നിന്നെ ആരാധിക്കുകയും, ഞങ്ങളെ നിനക്കു വിധേയപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളെ അനുസരണം പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങള്‍ സ്നേഹത്തിന്റെ ഫലങ്ങള്‍ സമൃദ്ധിയായി പുറപ്പെടുവിക്കട്ടെ.

ചോദ്യം:

  1. പാപത്തിന്റെ അടിമകളായിരുന്നവരെ യേശു സ്നേഹിതന്മാരാക്കിയത് എങ്ങനെ?

www.Waters-of-Life.net

Page last modified on May 14, 2012, at 10:55 AM | powered by PmWiki (pmwiki-2.3.3)