Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 072 (Jesus meets Martha and Mary)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
4. ലാസറിനെ ഉയിര്‍പ്പിക്കലും പരിണിത ഫലവും (യോഹന്നാന്‍ 10:40 - 11:54)

b) യേശു മാര്‍ത്തയെയും മറിയയെയും കണ്ടുമുട്ടുന്നു (യോഹന്നാന്‍ 11:17-33)


യോഹന്നാന്‍ 11:17-19
17യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍വെച്ചിട്ടു നാലു ദിവസമായി എന്നറിഞ്ഞു. 18ബേഥാന്യ യെരൂശലേമിനരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു. 19മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിനു പല യഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു.

ലാസര്‍ ശവക്കുഴിയിലായിട്ടു നാലു ദിവസം കഴിഞ്ഞു; മരിച്ച ദിവസമാണ് അവനെ അടക്കിയത്, അന്നുതന്നെ ആ വാര്‍ത്ത യേശുവിന്റെ അടുക്കലെത്തി. യേശുവിന്റെ സ്നേഹിതനെ അടക്കിക്കഴിഞ്ഞതിനാല്‍ ഉടനടി യേശു അവിടെച്ചെല്ലേണ്ടതില്ലായിരുന്നു. മരണം സംശയരഹിതമായി സ്ഥിരീകരിച്ചതായിരുന്നു.

ഒലീവുമലയുടെ കിഴക്കായി, യോര്‍ദ്ദാന് അഭിമുഖമായി, 1000 മീറ്റര്‍ താഴെയുള്ള സ്ഥലമാണു ബേഥാന്യ. അതിനപ്പുറം ചാവുകടലാണ്. പടിഞ്ഞാറ്, മൂന്നു കി. മീ. അകലത്തില്‍ കിദ്രോന്‍ താഴ്വരക്കപ്പുറത്തു കുന്നിന്‍മുകളിലാണു യെരൂശലേം സ്ഥിതിചെയ്യുന്നത്.

രോഗിയുടെ നിരവധി സ്നേഹിതര്‍ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു, അവര്‍ കരയുകയും മാറത്തടിക്കുകയും ചെയ്തുപോന്നു. കുടുംബത്തിന്റെ അന്നദാതാവു ലാസറായിരുന്നതിനാല്‍ അവരുടെ ദുഃഖം പ്രത്യേകിച്ചു തെളിവായിരുന്നു. ആ ജനക്കൂട്ടത്തിനുമേല്‍ മരണം നിഴലിട്ടിരുന്നു.

യോഹന്നാന്‍ 11:20-24
20യേശു വരുന്നു എന്നു കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്ക്കാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു. 21മാര്‍ത്ത യേശുവിനോട്: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. 22ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരുമെന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. 23യേശു അവളോട്: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. 24മാര്‍ത്ത അവനോട്: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.

യേശു വന്നുകഴിഞ്ഞുവെന്നു മാര്‍ത്ത കേട്ടപ്പോള്‍, അവള്‍ വിലപിച്ചുകൊണ്ട് അവന്റെയടുത്തേക്ക് ഓടിച്ചെന്നു. സമയത്ത് അവന്‍ വന്നിരുന്നെങ്കില്‍ ഈ വിപത്ത് അവര്‍ക്കുണ്ടാകുകയില്ലെന്ന ചിന്തയായിരുന്നു അവള്‍ക്ക്. അവര്‍ തമ്മില്‍ കണ്ടപ്പോള്‍ അവള്‍ അവളുടെ വിശ്വാസം പ്രകടമാക്കി, അവന്റെ പരിധിയില്ലാത്ത ശക്തിയിലുള്ള വിശ്വാസം. അവളുടെ ദുഃഖം പ്രകടിപ്പിച്ച് അവള്‍ സമയം പാഴാക്കിയില്ല, മറിച്ച് അവന്‍ മരണത്തെ പിടികൂടുമെന്ന വിശ്വാസമാണ് അവള്‍ പറഞ്ഞത്. അത് എങ്ങനെയെന്ന് അവള്‍ക്കറിഞ്ഞുകൂടായിരുന്നു. എന്നാല്‍ അവന്റെ തികഞ്ഞ പരമാധികാരത്തിലും ദൈവവുമായുള്ള അവന്റെ ബന്ധത്തിലും അവള്‍ വിശ്വസിച്ചു- സ്വപുത്രന്റെ പ്രാര്‍ത്ഥനകള്‍ക്ക് അവന്‍ എപ്പോഴും മറുപടി നല്‍കുന്നവനാണല്ലോ.

യേശു അവളുടെ വിശ്വാസത്തോടു തല്‍ക്ഷണം പ്രതികരിച്ചു. "നിന്റെ സഹോദരന്‍ എഴുന്നേല്ക്കു"മെന്ന ശക്തമായ വാഗ്ദത്തമായിരുന്നു അത്. അവന്റെ വാക്കുകളുടെ പ്രാധാന്യം അവള്‍ പൂര്‍ണ്ണമായി ഗ്രഹിച്ചില്ല. ലാസറിന്റെ അന്തിമ ഉയിര്‍ത്തെഴുന്നേല്പിന്റെ വാഗ്ദത്തമെന്നാണ് അവള്‍ അതു കണക്കാക്കിയത്. ഇപ്പോള്‍ അവള്‍ക്കു പ്രത്യാശയുണ്ടായി, മരണം അവസാനമല്ലെന്ന് അവള്‍ മനസ്സിലാക്കി. വിശ്വാസികളുടെ പ്രതീക്ഷ ജീവനിലേക്കുള്ള പുനരുത്ഥാനമാണ്.

യോഹന്നാന്‍ 11:25-27
25യേശു അവളോട്: ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. 26ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോയെന്നു പറഞ്ഞു. 27അവള്‍ അവനോട്: ഉവ്വ്, കര്‍ത്താവേ, ലോകത്തില്‍ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്നു ഞാന്‍ വിശ്വസിച്ചിരിക്കുന്നു...

ശിഷ്യന്മാര്‍ പറയുന്നതുകേട്ട് യേശു ആ പ്രസിദ്ധമായ വാക്യം മാര്‍ത്തയോടു പറഞ്ഞു: "പുനരുത്ഥാനം വരുമെന്നു തീര്‍ച്ചയാണ്, അത് എന്നിലാണുള്ളത്. പുനരുത്ഥാനദിനത്തിലല്ല അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നത്, ഇന്ന് എന്റെ സാന്നിദ്ധ്യത്തില്‍ അവന്‍ എഴുന്നേല്ക്കും. ഞാനാണ് സ്രഷ്ടാവ്, എന്നില്‍നിന്നാണു പരിശുദ്ധാത്മാവു നിങ്ങളിലേക്കു വരുന്നത്. നിങ്ങളുടെ പാപങ്ങള്‍ ചുമന്നൊഴിക്കേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കു പകരമായി മരിക്കും, ദൈവികജീവന്‍ നിങ്ങള്‍ക്കു ദാനം ചെയ്യുന്നതിനാണ് അത്. മരണത്തിനു നിങ്ങളുടെമേല്‍ അധികാരമൊന്നുമില്ല. പെട്ടെന്നുതന്നെ എന്റെ ഉയിര്‍പ്പിനാല്‍ നിങ്ങളുടെ ഉയിര്‍പ്പു ഞാന്‍ ഉറപ്പുതരും. അങ്ങനെ നിങ്ങള്‍ അടക്കപ്പെടുകയും, വിശ്വാസത്താല്‍ എന്നോടുകൂടെ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും. എന്റെ മരണം നിങ്ങളുടേതാണ്, എന്റെ ജീവന്‍ നിങ്ങളുടേതാണ്. ഞാന്‍ നിങ്ങളിലും നിങ്ങള്‍ എന്നിലും ജീവിക്കുന്നു."

ക്രിസ്തുവിന്റെ ജീവന്‍ പ്രാപിക്കുന്നതിനായുള്ള ഏക വ്യവസ്ഥ, യേശുവുമായുള്ള വിശ്വാസത്തിന്റെ ഉടമ്പടിയാണ്. നിങ്ങള്‍ക്ക് അവനുമായി ബന്ധമില്ലെങ്കില്‍, അവനില്‍നിന്നുള്ള ജീവന്റെ ഒഴുക്കു നിങ്ങളിലേക്കു പകരുകയില്ല. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം പിതാവിലേക്കും നിത്യജീവനിലേക്കുമുള്ള നമ്മുടെ വീക്ഷണങ്ങളെ തുറക്കുന്നു. അവന്റെ സ്നേഹം നമ്മില്‍ നടുന്ന സന്തോഷം, സമാധാനം, സ്നേഹം എന്നിവ ഒരിക്കലും കെട്ടുപോകില്ല. ക്രിസ്തുവിന്റെ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്ന വ്യക്തി മരിക്കുകയില്ല; കാരണം, ദൈവത്തിന്റെ ആത്മാവു നിത്യമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഈ ആത്മാവു വസിക്കുന്നു.

ലാസറിനെ ഉയിര്‍പ്പിക്കുന്നതിലൂടെ മരണത്തിന്റെ മേലുള്ള തന്റെ വിജയത്തെ വിളിച്ചറിയിക്കുന്ന ഒരു ഇളക്കപ്രസംഗം യേശു ചെയ്തില്ല. യേശുവിന്റെ ആത്മാവില്‍ ജീവിക്കുന്നവരുടെമേല്‍ മരണത്തിന് ആധിപത്യമില്ലായെന്ന ഉറപ്പാണ് യേശു നല്‍കിയത് - അവര്‍ അവന്റെ പുനരുത്ഥാനത്തില്‍ പങ്കാളികളായിത്തീര്‍ന്നുകഴിഞ്ഞല്ലോ. അവന്‍ നല്‍കിയ ഈ നിരുപാധികമായ വാഗ്ദത്തത്തിന്റെ ശക്തി നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടോ? അവനില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ മരിക്കുകയില്ല. നിങ്ങളെ സമീപിക്കുന്ന മരണത്തെക്കുറിച്ചോ തുറന്ന ശവക്കുഴിയെക്കുറിച്ചോ നിങ്ങള്‍ ചിന്തിക്കേണ്ടതില്ല. പകരം യേശുവിലേക്കു കണ്ണുകളുയര്‍ത്തുക. നിത്യജീവനില്‍ നിങ്ങളെ ഉറപ്പിക്കുമെന്ന അവന്റെ പ്രതിബദ്ധതയ്ക്കായി അവനു നന്ദി കരേറ്റുക.

പ്രിയ സഹോദരാ, സഹോദരീ, ജീവദായകനായ യേശുവില്‍ താങ്കള്‍ വിശ്വസിക്കുന്നുവോ? താങ്കളെ മരണത്തിന്റെ ആധിപത്യത്തില്‍നിന്നു വിടുവിക്കുകയും, പാപത്തിന്റെ താഴ്ചയില്‍നിന്ന് ഉയര്‍ത്തുകയും ചെയ്ത അനുഭവം വ്യക്തിപരമായി താങ്കള്‍ സ്വന്തമാക്കിയിട്ടുണ്ടോ? ഈ ആത്മീയ ഉയിര്‍ത്തെഴുന്നേല്പ് നിങ്ങള്‍ അനുഭവമാക്കിയിട്ടില്ലെങ്കില്‍, ഞങ്ങള്‍ ഉറപ്പുതരട്ടെ - നീട്ടിയ കരങ്ങളുമായി ജീവനായകന്‍ നിങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്നു. അവന്റെ സ്നേഹത്തിലും ശക്തിയിലും വിശ്വസിക്കുക. അവന്റെ കൈകളില്‍ പിടിക്കുക, അവന്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു നിങ്ങള്‍ക്കു നിത്യജീവന്‍ നല്‍കും. നിങ്ങളുടെ ഒരേയൊരു വിശ്വസ്തനായ രക്ഷകന്‍ അവനാണ്.

മാര്‍ത്ത ക്രിസ്തുവിന്റെ വാഗ്ദത്തം അംഗീകരിച്ചു. നിത്യജീവന്‍ മാത്രമല്ല, ജീവദാതാവിനെയും അവള്‍ അനുഭവിച്ചു. മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ ശക്തിയുള്ള വാഗ്ദത്തമശീഹയാണ് യേശുവെന്ന് അവള്‍ വിശ്വസിച്ചു. അന്തിമന്യായവിധി നടപ്പാക്കാനുള്ള അധികാരം അവനാണ്. അവളിലേക്ക് അവന്റെ ശക്തി ഒഴുകി അവളെ ഉണര്‍ത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നത് അവള്‍ക്കനുഭവപ്പെട്ടു. ദൈവപുത്രനെന്നു പ്രഖ്യാപിച്ചതിനു യഹൂദന്മാര്‍ യേശുവിനെ കല്ലെറിയാന്‍ തീരുമാനിച്ചു. എങ്കില്‍പ്പോലും അവളുടെ വിശ്വാസം പ്രഖ്യാപിക്കാന്‍ അവള്‍ ധൈര്യം കാട്ടി. മരണത്തെ ഭയക്കാതെ അവളുടെ രക്ഷകനെ അവള്‍ സ്നേഹിച്ചു. ഒരു സ്ത്രീയുടെ ധീരത പുരുഷന്മാരെ ലജ്ജിപ്പിച്ചു. അവളുടെ സ്നേഹത്തോടൊപ്പം ആത്മവിശ്വാസവും ബലപ്പെട്ടു വളര്‍ന്നു.

പ്രാര്‍ത്ഥന: യേശുനാഥാ, നീ നിത്യമായും വലിയവനാണ്. മരണത്തിനു നിന്റെമേല്‍ അധികാരമില്ല. ഞങ്ങളുടെ മരണം നീ മരിക്കുകയും നിന്റെ ഉയിര്‍ത്തെഴുന്നേല്പിനാല്‍ ഞങ്ങളെ എഴുന്നേല്പിക്കുകയും ചെയ്തു. ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു, നിനക്കു നന്ദി കരേറ്റുന്നു. നിന്റെ ജീവന്‍ നീ ഞങ്ങളുമായി പങ്കുവെച്ചതിനാല്‍ മരണത്തിന് ഞങ്ങളുടെമേല്‍ ഇനി അധികാരമില്ലല്ലോ. കുറ്റബോധത്തില്‍നിന്നും ഭയത്തില്‍നിന്നും മരണത്തില്‍നിന്നുമുള്ള ഞങ്ങളുടെ സ്വാതന്ത്യ്രത്തിനായി ഞങ്ങള്‍ നിന്നെ സ്നേഹിക്കുകയും നിനക്കു നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു.

ചോദ്യം:

  1. മരണത്തില്‍നിന്ന് ഇന്നു നാം ഉയിര്‍ക്കുന്നത് എങ്ങനെയാണ്?

യോഹന്നാന്‍ 11:28-31
28...എന്നു പറഞ്ഞിട്ടു പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു. 29അവള്‍ കേട്ട ഉടനെ എഴുന്നേറ്റ് അവന്റെ അടുക്കല്‍ വന്നു. 30യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തുതന്നെ ആയിരുന്നു. 31വീട്ടില്‍ അവളോടുകൂടെ ഇരുന്ന് അവളെ ആശ്വസിപ്പിക്കുന്ന യഹൂദന്മാര്‍, മറിയ വേഗം എഴുന്നേറ്റുപോകുന്നതു കണ്ടിട്ട് അവള്‍ കല്ലറയ്ക്കല്‍ കരയാന്‍ പോകുന്നു എന്നു വിചാരിച്ചു പിന്‍ചെന്നു.

മറിയയെ കൂട്ടിക്കൊണ്ടുവരാന്‍ മാര്‍ത്തയോടു യേശു ആവശ്യപ്പെട്ടതാകാം. അങ്ങനെ അവള്‍ക്ക്, വിലപിക്കുന്നവരുടെ ഒച്ചയില്‍നിന്നകന്ന് അവനില്‍നിന്നു വിശ്വാസത്തിന്റെയും ആശ്വാസത്തിന്റെയും വാക്കുകള്‍ കേള്‍ക്കാന്‍ കഴിയുമല്ലോ. അതിലൂടെ അവന്റെ സ്നേഹത്താല്‍ അവളുടെ വിശ്വാസം വളര്‍ത്താന്‍ കഴിയും. വിശ്വാസത്തിന്റെ ധൈര്യത്താലാണ് യേശുകീഴടക്കുന്നത്, അശുഭപ്രതീക്ഷയും ദുഃഖവുംകൊണ്ടല്ല. ദുഃഖിക്കുന്ന മറിയയെ ദൈവസ്നേഹത്തിന്റെ പ്രകാശത്തിലേക്കു കൊണ്ടുവരുന്നതിന് അവനാഗ്രഹിച്ചു. അങ്ങനെ അവള്‍ ജീവിക്കുകയും ആത്മീയമായി സജീവമാകുകയും ചെയ്യുമല്ലോ.

ദുഃഖത്തില്‍ മുഴുകിയ മറിയ യേശു വരുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടാകില്ല. എന്നിരുന്നാലും, മാര്‍ത്ത അവളുടെയടുക്കല്‍ച്ചെന്നു യേശു അവളെ വിളിക്കുന്നുവെന്നു പറഞ്ഞപ്പോള്‍, ആകാംക്ഷയോടെ അവള്‍ എഴുന്നേറ്റു കര്‍ത്താവിനെ കാണാന്‍ പോയി. അവളുടെ പെരുമാറ്റം കണ്ടവരെല്ലാം അമ്പരന്നുകൊണ്ട്, അവള്‍ കരയാന്‍ കല്ലറയ്ക്കല്‍ പോകുകയാണോയെന്നു ചോദിച്ചു. അവരെല്ലാവരും എഴുന്നേറ്റ് അവളുടെ പിന്നാലെ കല്ലറയുടെയടുത്തേക്കു പോയി. നാശത്തിലേക്കു നടന്നടുത്ത്, കഷ്ടവും ദുഃഖവും വിഴുങ്ങുന്ന മനുഷ്യജീവിതത്തിന്റെ ഒരു ദൃഷ്ടാന്തമാണത്. ജീവിതത്തിന്റെയോ മരണത്തിന്റെയോ പ്രശ്നത്തെക്കുറിച്ചുള്ള ശരിയായ ഒരുത്തരം തത്വജ്ഞാനത്തിനും മതത്തിനും നല്‍കാന്‍ കഴിയാതിരിക്കെ, ഒരു ക്രിസ്ത്യാനിക്കുള്ള പ്രത്യാശയുടെ സത്യം, മരണത്തില്‍ അവനുള്ള ഉറച്ച ആശ്വാസംപോലെ തെളിഞ്ഞുവരുന്നു.

യോഹന്നാന്‍ 11:32-33
32യേശു ഇരിക്കുന്നിടത്തു മറിയ എത്തി അവനെ കണ്ടിട്ട് അവന്റെ കാല്ക്കല്‍ വീണു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു എന്നു പറഞ്ഞു. 33അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ട് ഉള്ളം നൊന്തു കലങ്ങി:

യേശുവിനെ കണ്ട മറിയ വികാരഭരിതയായി അവന്റെ കാല്ക്കല്‍ വീണു, അവളുടെ മനസ്സു തകര്‍ന്നു. അവന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്നുള്ള അവളുടെ വിശ്വാസം അവള്‍ ഏറ്റുപറഞ്ഞു. നേരത്തെ അവന്‍ വന്നിരുന്നെങ്കില്‍ അവളുടെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. യേശുവില്‍ ദൈവസാന്നിദ്ധ്യമുണ്ടെന്നുള്ള വിശ്വാസം ആ ഭവനാംഗങ്ങളില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണിത്. എന്നാല്‍ മരണം ആ വിശ്വാസത്തെ ഉലച്ച്, ആ സഹോദരിമാരെ ആശയക്കുഴപ്പത്തിലാക്കിക്കളഞ്ഞു.

ജനക്കൂട്ടത്തിന്റെ അജ്ഞതയ്ക്കൊപ്പം, തന്റെ വിശ്വസ്തരായ അനുയായികളുടെ ആകാംക്ഷാഭരിതമായ വിശ്വാസം യേശു കണ്ടപ്പോള്‍, അവന്‍ ആത്മാവില്‍ കലങ്ങി. മരണത്തിന്റെ സ്വാധീനത്തിന് അവരെല്ലാം വഴിപ്പെട്ടതെങ്ങനെയെന്ന് അവന്‍ ശ്രദ്ധിച്ചു. കരച്ചില്‍ കണ്ടു ദുഃഖിതനായ അവന്‍, ദുഷ്ടശക്തിയുടെ സ്വാധീനത്തില്‍ ലോകമായി എന്നു കണ്ടു. ലോകത്തിന്റെ പാപഭാരം തന്റെ ചുമലില്‍ അമരുന്നത് അവനു വീണ്ടും അനുഭവമായി, ക്രൂശിന്റെ അനിവാര്യത ആത്മാവില്‍ അവന്‍ ദര്‍ശിച്ചു, അത്തരം ദുഃഖത്തെ ജയിക്കാന്‍ തുറന്ന കല്ലറയ്ക്കു മാത്രമേ കഴിയൂ എന്നും അവനു മനസ്സിലായി. ആസന്നമായ പുനരുത്ഥാനത്തെക്കുറിച്ച് അവന്‍ ബോധവാനായി. മരണം, അവിശ്വാസം, കഷ്ടത എന്നിവയുടെമേലുള്ള നിര്‍ണ്ണായകമായ ന്യായവിധിയാണത്.

www.Waters-of-Life.net

Page last modified on May 11, 2012, at 11:47 AM | powered by PmWiki (pmwiki-2.3.3)