Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 041 (Jesus withdraws from the clamor for his crowning; Jesus comes to his disciples in distress)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
B - യേശു ജീവന്റെ അപ്പം (യോഹന്നാന്‍ 6:1-71)

2. യേശുവിനെ രാജാവാക്കാനുള്ള ആരവത്തില്‍നിന്നു യേശു പിന്‍വാങ്ങുന്നു (യോഹന്നാന്‍ 6:14-15)


യോഹന്നാന്‍ 6:14-15
14അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവനാകുന്നു സത്യം എന്നു പറഞ്ഞു. 15അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നുവെന്നു യേശു അറിഞ്ഞിട്ട്, പിന്നെയും തനിച്ചു മലയിലേക്കു മടങ്ങിപ്പോയി.

മനുഷ്യനെ നേടേണ്ടതിനാണു യേശു ലോകത്തില്‍ വന്നത്. അയ്യായിരം പേര്‍ക്കു ഭക്ഷണം കൊടുത്തശേഷം, ആളുകള്‍ ജിജ്ഞാസയോടെ അവനു ചുറ്റും കൂടി. രാജാവിനെ ബഹുമാനിക്കുന്നതുപോലെ അവര്‍ അവനു ചുറ്റും കൈ കൊട്ടി നൃത്തം ചെയ്തു. ഈ ഗലീലക്കാരന്‍ ദൈവമനുഷ്യനാണെന്ന് അവര്‍ ഗ്രഹിച്ചു. ദൈവശബ്ദമാണ് അവനിലൂടെ സംസാരിച്ചത്, അത്യുന്നതന്റെ ശക്തി അവനില്‍ പ്രകടമായി. പ്രകൃതി അവനെ അനുസരിച്ചു. മോശെ മരുഭൂമിയില്‍ ചെയ്തതുപോലെ അവന്‍ അവര്‍ക്ക് അപ്പം നല്‍കി. നിന്ദിത രായ ഒരു വര്‍ഗ്ഗത്തെ സത്യത്തിലേക്കു നയിക്കുന്നതിനുള്ള വാഗ്ദത്തപ്രവാചകനായിരുന്നു അവന്‍ (ആവര്‍ത്തനം 18:15). യേശു അവരുടെ രാജാവായാല്‍, ഭാവിയില്‍ അവര്‍ക്കു കഷ്ടപ്പെട്ടു ജോലി ചെയ്യേണ്ടതില്ലായെന്നും അവര്‍ ധരിച്ചു. "പ്രാര്‍ത്ഥിക്കാനും തിരുവെഴുത്തു പഠിക്കാനും നമുക്കു സമയം കിട്ടും, അവന്‍ നമുക്കു സൌജന്യഭക്ഷണം നല്‍കും. അത്തരമൊരു രാജാവിനു റോമന്‍ സൈന്യത്തെ തോല്പിക്കാന്‍ കഴിയും. ആകാശത്തില്‍നിന്നു തീയിറക്കി അവരെ നശിപ്പിക്കാനും അവനു കഴിഞ്ഞെന്നുവരും. അതുകൊണ്ടു നമുക്കവനെ രാജാവായി അവരോധിക്കാം." എല്ലാവരുംകൂടി അവനെ തോളില്‍ വഹിക്കാനായിട്ട് അവനോടടുത്തു. അവരെ അവന്‍ പാലിക്കുമെന്ന പ്രതീക്ഷയിലാണ് അവനെ അവര്‍ പിന്തുണയ്ക്കുന്നത്.

ഈ ജനമുന്നേറ്റത്തോടുള്ള യേശുവിന്റെ സമീപനം എന്തായിരുന്നു? അവനിലുള്ള വിശ്വാസത്തില്‍ അവന്‍ സന്തോഷിച്ച് അവര്‍ക്ക് നന്ദി പറഞ്ഞോ? ആ പ്രലോഭനത്തില്‍, അവിശ്വാസികളുടെ സഹായത്താല്‍ അവന്റെ രാജ്യം പണിയാന്‍ അവന്‍ തയ്യാറായോ, അതോ അവരുടെ പദ്ധതിയില്‍നിന്ന് അവന്‍ പിന്‍വലിഞ്ഞോ? അവനൊരു വാക്കും പറയാതെ മരുഭൂമിയിലേക്കു പിന്‍വാങ്ങി. മനുഷ്യരുടെ കൈത്താങ്ങലൊന്നും അവനു വേണ്ടായിരുന്നു, ദൈവം അവനെ വഹിക്കുന്നതില്‍ അവന്‍ തൃപ്തനായിരുന്നു. ഈ ഉത്സാഹികളുടെ സ്ഥിതി യേശു അറിഞ്ഞിരുന്നു; അത്യാനന്ദം പൂണ്ട അവര്‍ക്ക് അവന്റെ ഉപദേശം ശ്രദ്ധിക്കാന്‍ കഴിവില്ലായിരുന്നു. ഒരേ ആശയത്തില്‍ രൂപംകൊണ്ട ഒരു രാഷ്ട്രീയസഖ്യമായിരുന്നു ഇത്.

ഒരു ഭൌമികരാജ്യം പണിയാനുള്ള ആഗ്രഹമേ യേശുവിനില്ലായിരുന്നു. അവനാഗ്രഹിച്ചതു ജനത്തെ ഓരോരുത്തരെയായി അനുതാപത്തിലേക്കും വീണ്ടും ജനനത്തിലേക്കും നയിക്കുകയെന്നതായിരുന്നു. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ലക്ഷ്യം ഗ്രഹിക്കുന്നതില്‍ ജനക്കൂട്ടം പരാജയപ്പെട്ടു. അവര്‍ ചിന്തിച്ചതു ഭൌമികാഹാരത്തെപ്പറ്റിയാണ്. ആഴമായ വിശപ്പിനു ശമനം വരുത്തുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ് അവന്‍ സംസാരിച്ചത്. അവര്‍ അര്‍ത്ഥമാക്കിയതു ഭൌമിക ആധിപത്യവും മങ്ങിമറയുന്ന മഹത്വവുമാണ്. അവന്റെ രാജ്യത്തിന്റെ അടിത്തറയായി അവന്‍ ക്രൂശ് തിരഞ്ഞെടുത്തു. മാനസാന്തരവും വീണ്ടും ജനനവും (second birth) കൂടാതെ ക്രിസ്തുവിന്റെ വരവേല്പു നിങ്ങള്‍ക്ക് ആസ്വദിക്കാനാവില്ല.

യേശുവിനു ജനത്തിന്റെ ആദരവ് ആവശ്യമില്ലായിരുന്നു. മനുഷ്യന്റെ മഹത്വം അവന്‍ സ്വീകരിക്കാതെ പിതാവിന്റെ ശബ്ദം ശ്രദ്ധിക്കുകയാണു ചെയ്തത്. സാത്താന്റെ പ്രലോഭനങ്ങള്‍ക്കെതിരെ അവന്‍ തന്റെ ഹൃദയം കൊട്ടിയടച്ചു. പ്രാര്‍ത്ഥിക്കാനും, പിതാവിനോടു നന്ദിയറിയിക്കാനും, ആത്മാവിനാല്‍ അന്ധന്മാരുടെ കണ്ണുകള്‍ തുറക്കണമേയെന്ന് അപേക്ഷിക്കാനും അവന്‍ പിന്‍വാങ്ങി. മനുഷ്യര്‍ കിരീടം ധരിപ്പിക്കുന്നതിനോട് അവനു സമ്മതമില്ലായിരുന്നു. ഒരു ദിവസം അവര്‍ "ഹോശന്നാ"യെന്നു വിളിക്കുകയും പിറ്റേന്ന് "അവനെ ക്രൂശിക്കുക"യെന്ന് അട്ടഹസിക്കുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. ക്രിസ്തുവിനു നമ്മുടെ ഹൃദയം അറിയാം, അവനൊരിക്കലും തെറ്റുപറ്റുകയില്ല.


3. ശിഷ്യന്മാരുടെ ദുരിതത്തില്‍ യേശു അവരുടെ അടുക്കലേക്കു വരുന്നു (യോഹന്നാന്‍ 6:16-21)


യോഹന്നാന്‍ 6:16-21
16സന്ധ്യയായപ്പോള്‍ ശിഷ്യന്മാര്‍ കടല്പുറത്തേക്ക് ഇറങ്ങി 17പടകുകയറി കടലക്കരെ കഫര്‍ന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കല്‍ വന്നിരുന്നില്ല. 18കൊടുങ്കാറ്റ് അടിക്കുകയാല്‍ കടല്‍ കോപിച്ചു. 19അവര്‍ നാലഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല്‍ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. 20അവന്‍ അവരോട്: ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. 21അവര്‍ അവനെ പടകില്‍ കയറ്റുവാന്‍ ഇച്ഛിച്ചു; ഉടനെ പടക് അവര്‍ പോകുന്ന ദേശത്ത് എത്തിപ്പോയി.

ഗോലാന്‍ കുന്നുകളില്‍ യേശു ഏകനായിരിക്കുമ്പോള്‍, അങ്ങകലെയായി കൊടുങ്കാറ്റില്‍ വലയുന്ന ശിഷ്യന്മാരെക്കണ്ടു. രാത്രിയാകുമ്പോള്‍ അവന്‍ തടാകത്തിന്മീതെ അവര്‍ക്കു നേരേ നടന്നു. അപകടത്തെ നേരിടാന്‍ അവനവരെ ഒറ്റയ്ക്കു വിട്ടില്ല, പക്ഷേ അവനൊരു ഭൂതമെന്നു കരുതി അവര്‍ പേടിച്ചു വിറച്ചു. വെള്ളത്തില്‍ ഒരുപാടു നേരം ചെലവഴിക്കുന്ന മുക്കുവര്‍ ഭൂതങ്ങളെ കാണുന്നതായി വിചാരിക്കാറുണ്ട്. യേശു അവരോടു ദയയോടെ പറഞ്ഞു: "ഇതു ഞാനാകുന്നു." ഇത് അപ്പോസ്തലന്മാരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീര്‍ന്നു. പഴയനിയമത്തില്‍, വിശ്വാസികളോടുകൂടെ കര്‍ത്താവിന്റെ സാന്നിദ്ധ്യം കുറിക്കുന്നതിന് ഇതിനു തുല്യമായ "ഞാനാകുന്നു" എന്ന പ്രയോഗം നാം കാണാറുണ്ട്. വസ്തുക്കളുടെമേല്‍ യേശുവിനു പരമാധികാരമുണ്ടെന്നു ശിഷ്യന്മാര്‍ മനസ്സിലാക്കിയിരുന്നു. അവന്റെ കൈകളില്‍ അപ്പം വര്‍ദ്ധിച്ചതാണ്; അവന്റെ പാദങ്ങളെ തിരമാലകള്‍ വഹിച്ചതാണ്, അവന്റെ ശാസനയില്‍ കൊടുങ്കാറ്റു ശാന്തമായി. ഇതു ഗ്രഹിച്ച അവര്‍ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെ, 'പേടിക്കേണ്ടാ'യെന്ന് അവന്‍ അവരോടു പറഞ്ഞു. 'പേടിക്കേണ്ടാ'യെന്ന ഈ കല്പന എല്ലായ്പോഴും അവന്റെ അനുഗാമികള്‍ക്കുള്ളതാണ്. ഇതു 365 തവണ തിരുവെഴുത്തില്‍ കാണുന്നു - ഓരോ ദിവസത്തേക്കും ഒന്നു വീതം. ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തില്‍ ആശ്രയിക്കുമ്പോള്‍ നമുക്കു ഭയത്തെ ജയിക്കാം. നിങ്ങളുടെ അവസ്ഥ എന്തായാലും, നിങ്ങളുടെ പ്രശ്നം എത്ര ഗൌരവമുള്ളതായാലും, യേശു പറയുന്നു: "ഇതു ഞാനാകുന്നു, പേടിക്കേണ്ട."

യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞപ്പോള്‍, അവര്‍ വിസ്മയിച്ചിട്ട് അവനെ വള്ളത്തിലേക്കു ക്ഷണിച്ചു. ഉടനടി അവര്‍ തീരത്തെത്തിച്ചേര്‍ന്നു. ആ ദിവസം നടന്ന മൂന്നാമത്തെ അത്ഭുതമാണിത്. യേശു സ്ഥലത്തിന്റെയും സമയത്തിന്റെയും നാഥനാണ്. കാറ്റിന്റെയും കോളിന്റെയും നടുവി ലൂടെ സഭാനൌകയെ അവനു ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയും. ശിഷ്യന്മാരെ സ്നേഹിക്കുന്ന അവന്‍ അവരുടെ അടുത്തേക്കു വരുന്നു. അവരില്‍നിന്ന് അവന്‍ ആവശ്യപ്പെടുന്നതു തികഞ്ഞ വിശ്വാസമാണ്. അന്ധകാരത്തിന്റെയും പരിശോധനയുടെയും നടുവില്‍ അവനിലുള്ള അവരുടെ വിശ്വാസത്തെ അവന്‍ ഉറപ്പിക്കുകയാണ്. അങ്ങനെ അവരുടെ ഭയം മാറുകയും അവര്‍ സദാ അവനോടു പറ്റിച്ചേരുകയും ചെയ്തു.

ചോദ്യം:

  1. ജനങ്ങള്‍ രാജാവാക്കുന്നതിനെ യേശു നിരസിക്കാനുണ്ടായ കാരണമെന്ത്?

www.Waters-of-Life.net

Page last modified on May 10, 2012, at 11:24 AM | powered by PmWiki (pmwiki-2.3.3)