Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 069 (The Son of God in the Father and the Father in him)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
3. യേശു നല്ല ഇടയന്‍ (യോഹന്നാന്‍ 10:1-39)

e) ദൈവപുത്രന്‍ പിതാവിലും പിതാവു പുത്രനിലും (യോഹന്നാന്‍ 10:31-36)


യോഹന്നാന്‍ 10:31-36
31യഹൂദന്മാര്‍ അവനെ എറിയാന്‍ പിന്നെയും കല്ലെടുത്തു. 32യേശു അവരോട്: പിതാവിന്റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. 33യഹൂദന്മാര്‍ അവനോട്: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവമാക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു. 34യേശു അവരോട്: നിങ്ങള്‍ ദേവന്മാര്‍ ആകുന്നുവെന്നു ഞാന്‍ പറഞ്ഞുവെന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? 35ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞുവെങ്കില്‍ (തിരുവെഴുത്തിനു നീക്കംവന്നുകൂടായല്ലോ), 36ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ?

"ഞാനും പിതാവും ഒന്നാകുന്നു"വെന്നു യേശു പറഞ്ഞപ്പോള്‍ യഹൂദന്മാര്‍ യേശുവിനെ വെറുത്തു. അവന്റെ സാക്ഷ്യത്തെ ദൈവദൂഷണമായി അവര്‍ കണക്കാക്കി ന്യായപ്രമാണം നിഷ്ക്കര്‍ഷിക്കുന്ന കല്ലെറിയല്‍ ശിക്ഷ കൊടുക്കാന്‍ അവര്‍ ജാഗ്രത കാട്ടി. അല്ലെങ്കില്‍ യഹോവയുടെ ക്രോധം രാഷ്ട്രത്തിന്മേല്‍ പതിക്കും. അങ്ങനെ പ്രാകാരത്തിലേക്ക് ഓടിയ അവര്‍ അവനെ എറിയാനുള്ള കല്ലുകളുമായി മടങ്ങിയെത്തി.

അവരുടെ മുമ്പില്‍ ശാന്തമായി നിന്ന യേശു ചോദിച്ചു, "എന്തു ദോഷമാണു ഞാന്‍ നിങ്ങള്‍ക്കു ചെയ്തത്? ഞാന്‍ നിങ്ങളെ സേവിച്ചു, നിങ്ങളുടെ രോഗികളെ സൌഖ്യമാക്കി, ഭൂതങ്ങളെ പുറത്താക്കി, നിങ്ങളുടെ കുരുടന്മാരുടെ കണ്ണു തുറന്നു. കുഷ്ഠരോഗികളെ ശുദ്ധമാക്കുകയും ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. ഈ പ്രവൃത്തികളില്‍ ഏതു കാരണത്താലാണു നിങ്ങള്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ക്ക് ഉപകരിക്കുന്നവനെയാണു നിങ്ങള്‍ കൊല്ലാന്‍ ശ്രമിക്കുന്നത്. എന്റെ സേവനത്തിനു മാനമോ പണമോ ഞാനാഗ്രഹിക്കുന്നില്ല. അതിനെ എന്റെ പിതാവിന്റെ പ്രവൃത്തികളെന്നാണു ഞാന്‍ വിളിക്കുന്നത്. നിങ്ങളുടെ ദാസനായിട്ടാണു ഞാനിവിടെ നില്‍ക്കുന്നത്."

യഹൂദന്മാര്‍ അട്ടഹസിച്ചു: "നീ ചെയ്ത പ്രവൃത്തി നിമിത്തമല്ല ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്, നിന്റെ ദൈവദൂഷണം നിമിത്തമാണ്. നീ ദൈവത്തിന്റെ നിലയിലേക്കു നിന്നെത്തന്നെ ഉയര്‍ത്തി - നീ ഞങ്ങളുടെയിടയില്‍ വെറും മനുഷ്യനായിട്ടാണു നില്‍ക്കുന്നത്. നീ മനുഷ്യനാണെന്നു നിന്റെ രക്തം ചൊരിയിച്ചുകൊണ്ടു ഞങ്ങള്‍ കാണിച്ചുതരാം. ദൈവമാണെന്നും, പരിശുദ്ധനായവന്റെ കൂടെയുള്ളവനാണെന്നും പറയാന്‍ നിനക്കെങ്ങനെ ധൈര്യമുണ്ടായി? നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്, ഉടനെ നിന്നെ കൊന്നുകളയണം."

തികഞ്ഞ ആത്മവിശ്വാസത്തോടെ യേശു പറഞ്ഞു, "ദൈവം തിരഞ്ഞെടുത്തവരോട് അവന്‍ വ്യക്തിപരമായി, 'നിങ്ങള്‍ ദേവന്മാരാകുന്നു, അത്യുന്നതന്റെ പുത്രന്മാര്‍ തന്നെ' (സങ്കീര്‍ത്തനം 82:6)യെന്നു പറയുന്നതായി സങ്കീര്‍ത്തനത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അതേസമയം ഒരു പാപത്തില്‍നിന്നു മറ്റൊന്നിലേക്കു വീണു നിങ്ങള്‍ നശിക്കുകയുമാണ്. എല്ലാവരും തെറ്റി അലയുന്ന പാപികളാണെന്നതിനു സംശയമില്ല. എന്നിട്ടും ദൈവത്തിന്റെ ദിവ്യനാമത്തെയോര്‍ത്ത് അവനവരെ 'ദേവന്മാരെ'ന്നും 'പുത്രന്മാരെ'ന്നുമാണു വിളിക്കുന്നത്. നിങ്ങള്‍ നശിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നില്ല, നിങ്ങള്‍ എന്നേക്കും ജീവിക്കണമെന്നാണ് അവന്റെയാഗ്രഹം. ദൈവത്തിലേക്കു തിരിയുക, അവന്‍ വിശുദ്ധനായിരിക്കുന്നതുപോലെ വിശുദ്ധരാകുക."

"എന്തിനാണു നിങ്ങള്‍ എന്നെ കല്ലെറിയാന്‍ തുനിയുന്നത്? ദൈവംതന്നെ നിങ്ങളെ വിളിക്കുന്നതു 'ദേവന്മാര്‍, മക്കള്‍' എന്നാണല്ലോ. നിങ്ങള്‍ ചെയ്തതുപോലെ ഞാന്‍ ഒരു പാപവും ചെയ്തിട്ടില്ല. വാക്കിലും പ്രവൃത്തിയിലും ഞാന്‍ വിശുദ്ധനാണ്. യഥാര്‍ത്ഥ ദൈവപുത്രനെന്ന നിലയില്‍ എന്നേക്കും ജീവിക്കാനുള്ള അവകാശം എനിക്കുണ്ട്. നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു വായിച്ചാല്‍ എന്നെ നിങ്ങള്‍ അറിയും. പക്ഷേ നിങ്ങളുടെ തിരുവെഴുത്തില്‍പ്പോലും നിങ്ങള്‍ വിശ്വസിക്കുകയോ എന്റെ ദൈവത്വം അംഗീകരിക്കുകയോ ചെയ്യുന്നില്ല."

"ഞാന്‍ സ്വയമായി വന്നതല്ല, പരിശുദ്ധ പിതാവ് എന്നെ അയച്ചതാണ്. ഞാന്‍ അവന്റെ പുത്രനും അവന്‍ എന്റെ പിതാവുമാണ്. അവന്റെ പരിശുദ്ധി എന്നില്‍ ആവസിക്കുന്നു. അങ്ങനെ ഞാന്‍ ദൈവത്തില്‍നിന്നുള്ള ദൈവവും വെളിച്ചത്തില്‍നിന്നുള്ള വെളിച്ചവും, സൃഷ്ടിക്കപ്പെടാതെ ജാതനായവനും പിതാവിന്റെ അതേ സാരാംശത്തിന്റേതുമാണ്."

യഹൂദന്മാരുടെ തിരുവെഴുത്തുകൊണ്ടുതന്നെ യേശു അവരെ ജയിക്കുകയും, അവരുടെ ആരോപണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പക്ഷേ അവരുടെ കണ്ണുകളില്‍ മാരകമായ പകയുണ്ടായിരുന്നു. എന്നാല്‍ പൊതുവായ ദൈവികപുത്രത്വവും യേശുവിന്റെ സവിശേഷപുത്രത്വവും പഴയ നിയമത്തില്‍നിന്നു തെളിയിച്ചതിനാല്‍ അവരുടെ കൈകള്‍ താണു.

യോഹന്നാന്‍ 10:37-39
37ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ട; 38ചെയ്യുന്നുവെങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാന്‍ പിതാവിലുമെന്നു നിങ്ങള്‍ ഗ്രഹിച്ച് അറിയേണ്ടതിനു പ്രവൃത്തിയെ വിശ്വസിക്കുവിന്‍. 39അവര്‍ അവനെ പിന്നെയും പിടിക്കാന്‍ നോക്കി; അവനോ അവരുടെ കൈയില്‍നിന്ന് ഒഴിഞ്ഞുപോയി.

"ഇതിനര്‍ത്ഥം നിങ്ങള്‍ എന്നില്‍ വിശ്വസിക്കണമെന്നാണ്. പിതാവു ചെയ്യുന്ന കരുണാപ്രവൃത്തികള്‍തന്നെ ഞാന്‍ ചെയ്യുന്നുവല്ലോ. അവന്റെ അനുകമ്പ എന്നിലില്ലെങ്കില്‍ എനിക്കു പരമാധികാരം ഉണ്ടായിരിക്കുകയില്ല. അവന്റെ സ്നേഹം എന്നില്‍ അവതരിച്ചിരിക്കെ, ദൈവത്തിന്റെ പ്രവൃത്തികള്‍ തികയ്ക്കാനുള്ള അധികാരം എനിക്കുണ്ട്. കാരണം, അവ വാസ്തവമായി പിതാവിന്റെ പ്രവൃത്തിയാണ്."

"മനുഷ്യത്വത്തിലെ ദൈവത്വം നിങ്ങള്‍ക്കു ഗ്രഹിക്കാന്‍ നിങ്ങളുടെ മനസ്സു പരാജയപ്പെട്ടതാകാം. എന്നാലും, എന്റെ പ്രവൃത്തികള്‍ പരിശോധിക്കുക. മരിച്ചവരെ തന്റെ വചനത്താല്‍ ഉയിര്‍പ്പിക്കാനും, കുരുട്ടുകണ്ണുകള്‍ തുറക്കാനും, കൊടുങ്കാറ്റിനെ ശാന്തമാക്കാനും, വിശന്നുവലഞ്ഞ അയ്യായിരം പേരെ അഞ്ചപ്പവും രണ്ടു മീനുംകൊണ്ടു തൃപ്തിപ്പെടുത്താനും ആര്‍ക്കാണു കഴിയുക? നിങ്ങളുടെ മനസ്സിനെ തുറക്കാന്‍വേണ്ടി പരിശുദ്ധാത്മാവിനായി നിങ്ങള്‍ വാഞ്ഛിക്കുന്നുണ്ടോ? അവന്റെ ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ക്കു ദാഹമുണ്ടോ? അങ്ങനെ ദൈവം തന്നെ എന്നിലുണ്ടെന്നു നിങ്ങളറിയുമല്ലോ? പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞുകഴിയുമ്പോള്‍ നിങ്ങള്‍ അവശ്യജ്ഞാനത്തില്‍ അധിവസിക്കുകയും, ദൈവത്വത്തിന്റെ പൂര്‍ണ്ണത ശാരീരികമായി എന്നിലുണ്ടെന്നു ഗ്രഹിക്കുകയും ചെയ്യും."

ഇവിടെയും ജനക്കൂട്ടത്തിനു മുന്നിലും യേശു ശക്തമായ വാക്കുകള്‍ പറഞ്ഞു. അതായത് അവന്‍ പിതാവിലായിരുന്നു, മുന്തിരിവള്ളിയില്‍ വസിക്കുന്ന ശാഖകള്‍ വേരുകളില്‍നിന്നു ബലം പ്രാപിക്കുന്നതുപോലെ, ക്രിസ്തു പിതാവില്‍ വസിക്കുന്നു. ഇവര്‍ രണ്ടുപേരെയും വേര്‍പിരിക്കാനാവില്ല, അവര്‍ തികഞ്ഞ യോജിപ്പിലും ഐക്യതയിലുമാണ്. ഇങ്ങനെ നമുക്കു പറയാം- പിതാവിനെ വെളിപ്പെടുത്താനും മാനിക്കാനുമായി പുത്രന്‍ പിതാവില്‍ മറഞ്ഞിരിക്കുന്നു. അങ്ങനെ പ്രസിദ്ധിയേറിയ പ്രാര്‍ത്ഥന തുടങ്ങുന്നത്, "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ."

യേശുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള സാക്ഷ്യം പ്രാര്‍ത്ഥനയിലും സ്തുതിയിലും ആഴമായി തിരയുന്നവരൊക്കെ ഗ്രഹിക്കുന്ന യാഥാര്‍ത്ഥ്യം,പരിശുദ്ധ ത്രിത്വത്തെ ഉപരിപ്ളവമായി മനസ്സിലാക്കുന്നവര്‍ക്കെതിരായുള്ള നിര്‍ണ്ണായകമായ തെളിവാണ്. ഒന്നില്‍നിന്നു ഭിന്നമായ മൂന്നു ദൈവങ്ങ ളല്ല, മറിച്ചു പരിശുദ്ധ ത്രിത്വത്തിലെ തികഞ്ഞ ഐക്യമാണ്. അങ്ങനെ ദൈവം ഏകനാണെന്നതു സസന്തോഷം നാം സാക്ഷീകരിക്കുന്നു.

പിതാവുമായുള്ള തന്റെ സമ്പൂര്‍ണ്ണ ഐക്യത്തിന്റെ സാക്ഷ്യം യേശു ആവര്‍ത്തിച്ചപ്പോള്‍, അതുകേട്ട യഹൂദന്മാര്‍ അവനെ കല്ലെറിയാതെ പിന്മാറി. എന്നാലും അവനെ പിടികൂടി ഉന്നതാധികാരസമിതിയുടെ മുമ്പില്‍ ഹാജരാക്കി അവന്റെ വീക്ഷണങ്ങളറിയാന്‍ അവരാഗ്രഹിച്ചു. യേശു തെറ്റി യൊഴിഞ്ഞുപോയി. പിതാവിന്റെ ഹിതം സംരക്ഷിക്കുന്ന കാലത്തോളം ഒരു ദൈവപൈതലിന് ഒരു ദോഷവും ചെയ്യാന്‍ ആര്‍ക്കും കഴിയുകയില്ല. യേശു പറഞ്ഞു, "എന്റെ പിതാവിന്റെ കൈയില്‍നിന്ന് അവരെ പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല."

പ്രാര്‍ത്ഥന: പിതാവേ, ദൈവകുഞ്ഞാടേ, നിന്റെ സ്നേഹത്തില്‍ തികഞ്ഞഐക്യം ഞങ്ങള്‍ കാണുന്നു. നിന്റെ മനുഷ്യത്വത്തിലെ ദൈവത്വം ഞങ്ങളുടെ ബുദ്ധിക്കൊതുങ്ങുന്നതല്ല. നിന്റെ മഹാസ്നേഹവും രക്ഷാപ്രവൃത്തികളും ഗ്രഹിക്കുന്നതിനു നിന്റെ ആത്മാവു ഞങ്ങളെ പ്രകാശിപ്പിച്ചു. ഞങ്ങളെ നിന്റെ മക്കളാക്കി. ഞങ്ങളുടെ ഉദ്ദേശ്യങ്ങളിലും വാക്കുകളിലും പ്രവൃത്തികളിലും നിന്റെ നാമം മഹിമപ്പെടുത്തണമേ. നീ വിശുദ്ധനായിരിക്കുന്നതുപോലെ ഞങ്ങളെയും വിശുദ്ധീകരിക്കണമേ.

ചോദ്യം:

  1. യേശു തന്റെ ദൈവത്വം പ്രഖ്യാപിച്ചതെങ്ങനെ?

www.Waters-of-Life.net

Page last modified on May 11, 2012, at 11:16 AM | powered by PmWiki (pmwiki-2.3.3)