Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 052 (Disparate views on Jesus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
1. കൂടാരപ്പെരുന്നാളിലെ യേശുവിന്റെ വചനങ്ങള്‍ (യോഹന്നാന്‍ 7:1 - 8:59)

b) ജനങ്ങളുടെയും മതവിചാരണക്കോടതിയുടെയും യേശുവിനെ പ്പറ്റിയുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ (യോഹന്നാന്‍ 7:14-53)


യോഹന്നാന്‍ 7:37-38
37ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവനെല്ലാം എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. 38എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.

ഉത്സവസമയത്ത്, യേശു പിന്നെയും ദൈവാലയത്തില്‍വെച്ചു ജനക്കൂട്ടത്തോടു പ്രസംഗിച്ചു. മഹാപുരോഹിതന്‍ ബലിപീഠത്തില്‍ വെള്ളം കോരിയൊഴിക്കുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു. പുരോഹിതന്മാര്‍ സന്തോഷത്തോടെ ദൈവത്തിനു മുമ്പില്‍ ആ വെള്ളമൊഴിക്കാന്‍ വരിവരിയായി വന്നു. അതു നന്ദിയുടെ ഒരു അര്‍പ്പണമായിരുന്നു, സ്രഷ്ടാവില്‍നിന്ന് അടുത്ത വര്‍ഷത്തേക്ക് അവര്‍ തേടുന്ന അനുഗ്രഹങ്ങളുടെ പ്രതീകമാണത്. "അവര്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളില്‍നിന്നു വെള്ളം കോരും" എന്ന യെശയ്യാവിന്റെ വചനങ്ങളാണ് ഈ പ്രവൃത്തിയുടെ അടിസ്ഥാനം.

ആചാരങ്ങളെല്ലാമുണ്ടെങ്കിലും, രക്ഷയെന്തെന്ന് അറിയാത്ത ആത്മാക്കളുടെ ദാഹം യേശു കണ്ടു. പ്രതീക്ഷയോടെ നില്‍ക്കുന്ന ജനക്കൂട്ടത്തോടു യേശു വിളിച്ചുപറഞ്ഞു, "ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൌജന്യമായി വാങ്ങട്ടെ."

ദൈവികജീവനായി കാംക്ഷിക്കാത്തവര്‍ രക്ഷകന്റെ അടുത്തേക്കു വരില്ല. എന്നാല്‍ അവനില്‍ ശരണം പ്രാപിക്കുന്നവരോടു യേശു പറയുകയാണ്, "എന്നില്‍ ആരു വിശ്വസിക്കുന്നുവോ, അവര്‍ അനേകര്‍ക്ക് അനുഗ്രഹത്തിന്റെ ഉറവയായിത്തീരും. എന്നില്‍ വിശ്വസിക്കാന്‍ തിരുവെഴുത്തു നിങ്ങളെ നിര്‍ബ്ബന്ധിക്കുന്നു, എന്റെ അടുക്കല്‍ വന്നു ജീവനും സന്തോഷവും കണ്ടെത്താനും ദൈവം കല്പിക്കുന്നു." ധൈര്യപൂര്‍വ്വം യേശുവിന്റെ അടുക്കല്‍ വന്ന് അവന്റെ വചനങ്ങളില്‍നിന്നു കുടിക്കുകയും അവന്റെ ആത്മാവിനാല്‍ നിറയുകയും ചെയ്യുന്നവരൊക്കെ രൂപാന്തരപ്പെടും. ദാഹിക്കുന്നവര്‍ ഉറവയായിത്തീരുന്നു; ദുഷ്ടരായ അഹംഭാവികള്‍ വിശ്വസ്തദാസന്മാരായി മാറുന്നു.

യേശുവിന്റെ കരുതല്‍ താങ്കള്‍ അനുഭവിച്ചിട്ടുണ്ടോ? ശുദ്ധജലത്തിന്റെ ഒരുറവയായി താങ്കള്‍ മാറണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തില്‍നിന്നു പുറത്തുവരുന്നതു ദുഷ്ടചിന്തകളാണെന്നതിനു സംശയമില്ല, എന്നാല്‍ യേശുവിനു നിങ്ങളുടെ ഹൃദയത്തെയും അധരത്തെയും ശുദ്ധീകരിക്കാന്‍ കഴിയും. അങ്ങനെ അനേകര്‍ക്കു നിങ്ങളൊരു അനുഗ്രഹമായിത്തീരും.

നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും മാത്രമല്ല, നിങ്ങളുടെ ശരീരത്തെയും ശുദ്ധീകരിക്കുകയെന്നതാണു യേശുവിന്റെ ലക്ഷ്യം. അങ്ങനെ നിങ്ങള്‍ ദൈവത്തിനു സ്വീകാര്യമായ ഒരു ജീവനുള്ള യാഗമായിത്തീരും, നഷ്ടപ്പെട്ടുപോയവരെ നിങ്ങള്‍ സേവിക്കും. നിങ്ങളുടെ സമ്പൂര്‍ണ്ണ ശുദ്ധീകരണമാണ് അവനുദ്ദേശിക്കുന്നത്. അങ്ങനെ നിങ്ങള്‍ ഇനിമേല്‍ നിങ്ങള്‍ക്കായിട്ടു ജീവിക്കുകയില്ല, പിന്നെയോ നിങ്ങളുടെ ബലം മറ്റുള്ളവരെ സൌജന്യമായി സേവിക്കുന്നതിനു വിനിയോഗിക്കും. നിരുപാധികമായി യേശുവിനു വഴങ്ങുന്നവര്‍ അനേകര്‍ക്ക് അനുഗ്രഹമായിത്തീരും.

യോഹന്നാന്‍ 7:39
39അവന്‍ ഇതു തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്കു ലഭിക്കാനുള്ള ആത്മാവിനെക്കുറിച്ചാകുന്നു പറഞ്ഞത്; യേശു അന്നു തേജസ്ക്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവു വന്നിട്ടില്ലായിരുന്നു.

യേശുവില്‍ ആരു വിശ്വസിക്കുന്നുവോ അവര്‍ക്കു പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും. ഒരാളില്‍ പരിശുദ്ധാത്മാവ് ഇറങ്ങുന്നതു നമ്മുടെ തലമുറയിലെ അത്ഭുതമാണ്. ഇപ്പോഴും നാം ജീവിക്കുന്നതു പരിശുദ്ധാത്മാവിന്റെ യുഗത്തിലാണല്ലോ. അവന്‍ വെറുമൊരു ദൂതനോ മായാരൂപിയോ അല്ല, അവന്‍ ദൈവം തന്നെയാണ്, വിശുദ്ധിയും സ്നേഹവും നിറഞ്ഞവനാണ്. ആത്മാവ് ഒരു ജ്വാലയും ശക്തിയേറിയ ഒഴുക്കും പോലെയാണ്. അതേ സമയം അവനൊരു ആര്‍ദ്രതയുള്ള ആശ്വാസകനുമാണ്. ഓരോ യഥാര്‍ത്ഥ ക്രിസ്ത്യാനിയും ഈ പരിശുദ്ധാത്മാവിന്റെ മന്ദിരമായിത്തീരുന്നു.

ക്രിസ്തുവിന്റെ നാളുകളില്‍ ആഗോളവ്യാപകമായി ദിവ്യാത്മാവിനെ പകര്‍ന്നിരുന്നില്ല; പാപം മനുഷ്യരാശിയെ ദൈവത്തില്‍നിന്ന് അകറ്റിയതു നിമിത്തമായിരുന്നു അത്. അകൃത്യത്തിന്റെ മലകള്‍ മനുഷ്യരാശിയിലേക്ക് ആത്മാവിനെ അടുപ്പിക്കാതെ തടസ്സമായി നിന്നു. എന്നാല്‍ യേശു അവന്റെ മരണത്താല്‍ നമ്മുടെ പാപവുമായി ഇടപെട്ടതിനും സ്വര്‍ഗ്ഗാരോഹണം ചെയ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നതിനുംശേഷം, അവന്‍ അവന്റെ സ്നേഹത്തിന്റെ ആത്മാവിനെ അയച്ചു. പിതാവുമായി സ്നേഹത്തിലായിരുന്ന ആത്മാവിനെയാണ് എല്ലായിടത്തുമുള്ള വിശ്വാസികളുടെയുംമേല്‍ പകരുന്നതിനായി അയച്ചത്. ദൈവം ആത്മാവാകുന്നു, അവന് എവിടെയും ഏതു സമയത്തും സന്നിഹിതനാകാന്‍ കഴിയും. ക്രിസ്തുവിന്റെ രക്തത്താല്‍ പാപമോചനം പ്രാപിച്ച വിശ്വാസിയില്‍ ഇങ്ങനെ അവന് അധിവസിക്കാന്‍ കഴിയും. സഹോദരാ, സഹോദരീ, ദൈവത്തിന്റെ ആത്മാവിനെ താങ്കള്‍ പ്രാപിച്ചിട്ടുണ്ടോ? ക്രിസ്തുവിന്റെ ശക്തി താങ്കളുടെമേല്‍ വന്നിട്ടുണ്ടോ? ഉണര്‍വ്വിന്റെയും ഔദാര്യത്തിന്റെയും ഉറവിടമായ യേശുവിന്റെ അടുത്തേക്കു വന്നാലും. അവന്‍ നിങ്ങള്‍ക്കു നല്‍കുന്ന ഉറപ്പ് ഇതാ: "എന്റെയടുക്കല്‍ വരുന്നവനു വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല. തിരുവെഴുത്തു പറയുന്നതുപോലെ, 'എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്നു ജീവജലത്തിന്റെ നദികള്‍ ഒഴുകും.'"

യോഹന്നാന്‍ 7:40-44
40പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ട്: ഇവന്‍ സാക്ഷാല്‍ ആ പ്രവാചകന്‍ ആകുന്നു എന്നു പറഞ്ഞു. 41വേറെ ചിലര്‍: ഇവന്‍ ക്രിസ്തു തന്നെ എന്നും, മറ്റു ചിലര്‍: ഗലീലയില്‍നിന്നോ ക്രിസ്തു വരുന്നത്? 42ദാവീദിന്റെ സന്തതിയില്‍നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്ലെഹേമില്‍നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു. 43അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നതയുണ്ടായി. 44അവരില്‍ ചിലര്‍ അവനെ പിടിക്കാന്‍ ഭാവിച്ചുവെങ്കിലും ആരും അവന്റെമേല്‍ കൈവെച്ചില്ല.

ചില കേള്‍വിക്കാര്‍ക്കു യേശുവിന്റെ വചനങ്ങളിലുള്ള സത്യത്തിന്റെ ശക്തി അനുഭവപ്പെട്ടു, അവര്‍ ആ ശക്തിക്കു വിധേയരായി. ദൈവഹിതം അറിയുന്ന, മനുഷ്യന്റെ ഹൃദയരഹസ്യങ്ങള്‍ വിവേചിക്കുന്ന ഒരു പ്രവാചകനാണ് അവനെന്ന് അവര്‍ പരസ്യമായി ഏറ്റുപറഞ്ഞു. മോശെയ്ക്കു വാഗ്ദത്തം ചെയ്ത, വരുവാനുള്ള പ്രവാചകന്‍ അവനാണ്. പഴയനിയമജനതയെ ദൈവവുമായുള്ള കൂട്ടായ്മയില്‍ അവന്‍ വിജയത്തില്‍നിന്നുംവിജയത്തിലേക്കു നയിക്കും. ഈ നിലയില്‍ അവരില്‍ ചിലര്‍, നസറായന്‍യഥാര്‍ത്ഥത്തില്‍ വാഗ്ദത്ത മശീഹ ആണെന്ന് ഏറ്റുപറയാന്‍ ധൈര്യപ്പെട്ടു.

എന്നാലും, ശാസ്ത്രിമാരുടെ യുക്തി അതിനെ എതിര്‍ത്തു, "ഇല്ല! ഇവന്‍ നസറേത്തില്‍നിന്നാണു വരുന്നത്. പക്ഷേ മശീഹ വരുന്നതു ദാവീദിന്റെ പട്ടണത്തില്‍നിന്നും അവന്റെ സന്തതിയില്‍നിന്നുമാണ്." ഈ വേദപുസ്തക സൂചന ശരിയാണ്. യേശു ബേത്ലെഹേമില്‍ ജനിച്ചതാണെന്ന് അവരെ അറിയിക്കാഞ്ഞത് എന്തുകൊണ്ടാണ്? ഇതിനു കാരണങ്ങളുണ്ട്: ഒന്നാമതായി, ഹെരോദാവിന്റെ കുടുംബം അവരുടെ വംശത്തിനു പുറത്തുനിന്നുള്ള ഒരു പുതിയ രാജാവിനെ അനുവദിക്കുകയില്ല. അധികാരത്തില്‍ തുടരുന്നതിന്, പതിനായിരങ്ങളെ കൊന്നൊടുക്കാന്‍ അവര്‍ ഒരുങ്ങിയിരിക്കുകയാണ്. രണ്ടാമതായി, ചരിത്രത്തെളിവുകള്‍ ഉപയോഗിച്ച് ആരെയും വിശ്വസിപ്പിക്കുന്നതിനു യേശുവിന് ആഗ്രഹമില്ലായിരുന്നു. സ്നേഹത്താലും, അവന്റെ പരമാധികാരം ഗ്രഹിക്കുന്നതിനാലും അവരുടെ വിശ്വാസം പണിയുന്നതിനായിരുന്നു അവനു താല്പര്യം. ഇങ്ങനെ കാണാതെ വിശ്വസിച്ചവരെയാണ് അവന്‍ തന്നിലേക്ക് അടുപ്പിച്ചത്.

ജനക്കൂട്ടത്തിനിടയില്‍ ആശയക്കുഴപ്പം വളര്‍ന്ന് അവര്‍ ഭിന്നിച്ചു. ചിലര്‍ അവന്‍ മശീഹയാണെന്നു പറഞ്ഞു, മറ്റുള്ളവര്‍ അതു നിഷേധിച്ചു. ദൈവാലയച്ചേവകര്‍ യേശുവിനെ പിടികൂടാനായി കാത്തുനിന്നു; പക്ഷേ അവന്റെ പരമാധികാരത്തിന്റെ ഗാംഭീര്യം അവരെ തടുത്തു, അവനോടടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

പ്രാര്‍ത്ഥന: ഓ, യേശുവേ, നിന്റെ സ്നേഹത്തിനായും മഹത്വത്തിനായും നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു. നീ ജീവന്റെ ഉറവിടമാണ്, വിശ്വാസത്താല്‍ ഞങ്ങള്‍ നീയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നിന്റെ ആത്മാവിനെ നീ ഞങ്ങളിലേക്കു പകര്‍ന്നു. നിന്റെ ദൈവത്വം വിശ്വാസത്താല്‍ ഞങ്ങളുടേതായിത്തീര്‍ന്നു. എന്നെന്നേക്കും ജീവിക്കേണ്ടതിന് നിന്റെ രക്തത്താല്‍ നീ ഞങ്ങളെ ശുദ്ധീകരിച്ചുവല്ലോ.

ചോദ്യം:

  1. ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെയെന്നു പറയാന്‍ യേശുവിന് എന്തുകൊണ്ടാണ് അര്‍ഹതയുള്ളത്?

www.Waters-of-Life.net

Page last modified on May 10, 2012, at 01:06 PM | powered by PmWiki (pmwiki-2.3.3)